കൊടിയുടെ കളർ നോക്കി നിറം മാറുന്ന നേതാക്കളാണ് മുംബൈയുടെ ശാപമെന്ന് സാബു ഡാനിയൽ

  ഹാളിന്റെ വാടക പോലെ തന്നെ ഭക്ഷണത്തിന്റെയും നിരക്കിൽ ഇളവ് വേണമെന്ന് സാബു ഡാനിയൽ - സർക്കാരിനെതിരെയുള്ള സമരമല്ലെന്ന് 'അമ്മ പ്രസിഡന്റ് ജോജോ തോമസ് - ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ചെയ്യുമെന്ന് ജ്യോതീന്ദ്രൻ

  0
  Kerala house

  കേരളത്തിൽ നിന്നും മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ മുംബൈയിലെത്തുമ്പോൾ അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ വ്യക്താവായി സ്വയം നേതാവ് ചമയുന്ന നിലപാടില്ലാത്ത സാമൂഹിക പ്രവർത്തകരാണ് മുംബൈയുടെ ശാപമെന്നും ഇതിനുപരിയായി ഒരു യുവ നേതൃ നിര ഉയർന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും മുൻ കോർപറേറ്റർ സാബു ഡാനിയൽ പറഞ്ഞു. രമേശ് ചെന്നിത്തല വരുമ്പോൾ കോൺഗ്രസ്കാരനായും കോടിയേരി എത്തുമ്പോൾ കമ്മ്യൂണിസ്റ്കാരനായും ഓ രാജഗോപാലാണ് വരുന്നതെങ്കിൽ ബി ജെ പി ക്കാരനായും ഇവർ വേഷം കെട്ടുകയും മുംബൈ മലയാളികളുടെ മൊത്തം പ്രതിനിധി താനെന്നാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത മാറേണ്ട സമയമായെന്നും നഗരത്തിലെ മലയാളികളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ പ്രാപ്തിയുള്ള യുവാക്കൾ മുന്നോട്ട് വരണമെന്നും സാബു ഡാനിയൽ പറഞ്ഞു. കേരള ഹൌസിന് മുന്നിൽ നടന്ന സ്തംഭന സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്തംഭന കൗൺസിൽ ചെയർമാൻ കൂടിയായ സാബു ഡാനിയൽ.

  കേരള ഹൌസ് പ്രശ്നത്തിൽ സർക്കാർ അനുകൂലമായ നടപടി സ്വീകരിച്ച നിലക്ക് ഇന്ന് നടന്ന സമരം അനാവശ്യമായിരുന്നുവെന്ന് പൻവേൽ മലയാളി സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ പറഞ്ഞു. സ്തംഭന സമരം രാഷ്ട്രിയ പ്രേരിതമായിരുന്നുവെന്നും വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുവാൻ നടത്തുന്ന ഇത്തരം പ്രഹസനങ്ങളെ മുംബൈ മലയാളികൾ തിരസ്കരിക്കുകയായിരുന്നുവെന്നും ബി ജെ പി റായ്ഗഡ് ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി പ്രതികരിച്ചു. ബി ജെ പി പ്രവർത്തകനായ രാജേഷ് മേനോനും ഇന്ന് കേരളാ ഹൌസിനു മുന്നിൽ നടന്ന സമരത്തെ അപലപിച്ചു. സ്തംഭന സമരം നടന്ന കേരള ഹൌസിലെ നോർക്ക ഓഫീസ് , ഹാൻഡിക്രാഫ്റ്റ് കൂടാതെ ആര്യ വൈദ്യശാല എന്നീ മൂന്നു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചുവെന്നും ഇന്നത്തെ സമരം അനാവശ്യമായിരുന്നുവെന്നും ലോക കേരള സഭാംഗം പി ഡി ജയപ്രകാശ് വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികരിച്ചു. കേരള ഹൌസ് ഹാളിന്റെ വാടക ഉയർത്തിയതിൽ പ്രതിഷേധിച്ചു നൂറ്റി ഒന്ന് അംഗ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിലെ ശുഷ്ക്കിച്ച പങ്കാളിത്തം മുംബൈ മലയാളികൾ ഇത്തരം പ്രഹസനങ്ങളെ തിരസ്കരിച്ചതിന്റെ തെളിവാണെന്ന് ഫോമ ചെയർമാൻ യു എൻ ഗോപി നായർ പറഞ്ഞു.

  സാംസ്‌കാരിക കേന്ദ്രത്തെ സമരഭൂമിയാക്കി സ്തംഭന സമിതി

  മുംബൈ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമെന്ന് അറിയപ്പെടുന്ന കേരള ഹൗസിലെ ഹാളിന്റെ വർധിപ്പിച്ച വാടകയിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പ്രതിഷേധ സമരം. ഒരു കൂട്ടം മുംബൈ മലയാളികള്‍ ഇന്ന് രാവിലെ കേരളഹൗസിന് മുന്നില്‍ സ്തംഭന സമരവുമായി കേരളാ ഹൌസ് ഉപരോധിച്ചു.

  വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സാബു ഡാനിയൽ, ജോജോ തോമസ്, ജ്യോതീന്ദ്രൻ, ഗിരിജ പണിക്കർ, എൻ ടി പിള്ള, മുദ്ര സന്തോഷ്, വേണുഗോപാൽ, മുരളീധരൻ, മോഹൻ കണ്ടത്തിൽ, മനോജ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

  സർക്കാരിനെതിരെയുള്ള സമരമല്ലെന്ന്
  ജോജോ തോമസ്

  കേരളഹൗസിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനം സമാധാനപരമായ പ്രതിഷേധത്തിലൂടെ സ്തംഭിപ്പിച്ചു കൊണ്ടായിരിക്കും സമരമെന്ന്  സ്തംഭന സമരത്തിന് ഏകോപനം നിർവ്വഹിച്ച ജോജോ തോമസ് പറഞ്ഞു. സർക്കാരിനെതിരെയുള്ള സമരമല്ലെന്നും അമ്മ പ്രസിഡന്റ് ജോജോ തോമസ് സമരക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് വ്യക്തമാക്കി. ഹാളിന്റെ വാടക പോലെ തന്നെ ഭക്ഷണത്തിന്റെയും നിരക്കിൽ ഇളവ് വേണമെന്ന് സ്തംഭന സമര കൗൺസിൽ ചെയർമാൻ സാബു ഡാനിയലും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ചെയ്യുമെന്ന് ജനറൽ കൺവീനർ ജ്യോതീന്ദ്രനും പ്രസംഗിച്ചു.

  ഹാൾ വാടക പോലെ ഭക്ഷണ നിരക്കും കുറയ്ക്കണമെന്ന് സാബു ഡാനിയൽ

  രാവിലെ പത്തുമണിക്ക് ആരംഭിച്ച പ്രതിഷേധ സമരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി  ഏകദേശം അമ്പതോളം പേരാണ്  ഉച്ച വരെ പങ്കെടുത്തത്.  സമരപ്പന്തലില്‍ ഒരുക്കിയിരുന്ന കാൻവാസിൽ പങ്കെടുത്തവർ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ ഒപ്പു ശേഖരണവും സംഘാടകർ നടത്തി. ഉപരോധം നടക്കുന്ന കേരള ഹൌസിൽ എത്തിച്ചേരുവാൻ മുംബൈയുടെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

  വിയോജിപ്പോടെ ബി.ജെ.പി

  നവി മുംബൈ ബി.ജെ.പി മലയാളി വിഭാഗത്തിന്റെ സജീവ പ്രവർത്തന മേഖലയായിരുന്നിട്ടും കേരളാ ഹൗസുമായി ബന്ധപ്പെട്ട ഇന്ന് നടക്കുന്ന പ്രതിഷേധ സമരത്തിൽ നിന്നും വിട്ടു നിന്നു. ഇക്കാര്യത്തിൽ വിവിധ സംഘടനകളുടെ പേരിൽ ചില രാഷ്ട്രിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച മത്സരിച്ചുള്ള സമര നടപടികളോട് യോജിപ്പില്ലന്ന് ബി ജെ പി റായ്ഗഡ് ജില്ലാ സെക്രെട്ടറി രമേശ് കലമ്പൊലി വാട്ട്സപ് ഗ്രൂപ്പുകളിലൂടെ പ്രതികരിച്ചു. മലയാളികൾ രാഷ്ട്രിയ താൽപ്പര്യങ്ങൾ വെടിഞ്ഞു ഒരുമിച്ച്‌ പോരാടണമായിരുന്നുവെന്നും ലക്ഷ്യം വാടകയല്ല വ്യക്തി താല്പര്യങ്ങളാണെന്നും രമേശ് തുറന്നടിച്ചു.


  കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ
  മലയാളം മിഷന് കേരളാ ഹൌസിൽ ഓഫീസ്; ഉത്തരവ് ഉടൻ
  നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
  പുതിയ സമയവുമായി ‘ആംചി മുംബൈ’
  ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
  വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി
  വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

  LEAVE A REPLY

  Please enter your comment!
  Please enter your name here