നിരോധനങ്ങളുടെ കാലം

0

സ്ഥലപ്പേരുകൾ മാറ്റിയെഴുതി ചുളുവിൽ കൈയ്യടി നേടിയിരുന്ന രാഷ്ട്രീയക്കാരുടെ നഗരമാണ് മുംബൈ. രാഷ്ട്രീയ നേട്ടങ്ങൾക്കായി കൈ നനയാതെ മീൻ പിടിക്കുന്ന ഇത്തരം ചെപ്പടി വിദ്യകൾ പ്രയോഗിച്ചു ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്ന നേതാക്കൾ പതുക്കെ ചുവടൊന്നു മാറ്റി പിടിച്ചിരിക്കയാണ്‌. നിരോധനങ്ങൾ ആണ് പുതിയ ട്രെൻഡ്. പണ്ട് റെയിൽവേ സ്റ്റേഷനും, എയർപോർട്ടും എന്തിനേറെ പല റോഡുകൾ വരെ പുനർ നാമകരണം ചെയ്തു സായൂജ്യമടഞ്ഞ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെ വികസനങ്ങൾ പോകട്ടെ പ്രാഥമിക സൌകര്യങ്ങളെ കുറിച്ച് പോലും വേവലാതിപ്പെടാറില്ല. പറഞ്ഞു ശീലിച്ച പേരുകൾ പെട്ടെന്ന് മാറുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ പൊതുവെ നിരുപദ്രവമായിരുന്നു ഇത്തരം രാഷ്ടീയ തീരുമാനങ്ങൾ. പേര് മാറി മറിയുന്നതിലൂടെ എന്ത് നേട്ടങ്ങളാണ് ഉണ്ടായതെന്ന് ചോദിച്ചാൽ വൈകാരികമായ ഈ തീരുമാനങ്ങൾ എടുത്തവർക്ക് പോലും ഉത്തരം കാണില്ല.

കാലം മാറിയതോടെ നയങ്ങളും മാറി. നിരോധനങ്ങളാണ് പുതിയ ട്രെൻഡ് . സിനിമകളും സംഗീതങ്ങളും, ക്രിക്കറ്റ് മാച്ചുമായിരുന്നു ആദ്യകാല ഇരകളെങ്കിൽ ഇന്നത്‌ ഭക്ഷണങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു കഴിഞ്ഞു. നാം എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ ഏറ്റെടുക്കുമ്പോൾ ഈ ദരിദ്ര രാഷ്ട്രത്തിലെ വലിയൊരു വിഭാഗം എന്തെങ്കിലും കഴിച്ചോ എന്ന് അവലാതിപ്പെടാൻ മാത്രം ഇവിടെ ആരുമില്ലാതെ പോയി

ഇന്ത്യ നിരോധനത്തിന്റെ രാജ്യമാണെന്നാണെന്ന് പറഞ്ഞാണ് ഈയിടെ ബിബിസി പരിഹസിച്ചത്. സിനിമകൾ, പുസ്തകങ്ങള്‍, സംഗീതം, പെയിന്റിംഗ്, ആചാരങ്ങൾ, ആഘോഷങ്ങൾ, കന്നുകാലി മാംസം, ഇത്തരത്തില്‍ നിരോധനങ്ങളുടെ പട്ടിക നീളുകയാണ്. വർദ്ധിച്ചു വരുന്ന ജനദ്രോഹ നടപടികൾക്കും, അഴിമതികൾക്കും, സ്ത്രീ പീഡനങ്ങൾക്കുമെതിരെ മുറവിളി കൂട്ടാൻ മാത്രം ജനസേവകരില്ല.

നിരോധനങ്ങളിലൂടെയും തിരസ്കരങ്ങളിലൂടെയും വളർന്ന സൂപ്പർ താരമാണ് അമിതാബ് ബച്ചൻ. ആദ്യ കാലങ്ങളിലെ അപമാനങ്ങളിൽ അടി പതറാതെ തന്‍റെ ഊഴവും കാത്തിരുന്ന നടനാണ്‌ ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാർ. കുതിരയുടെ കഥ പറയുന്ന സിനിമ പിടിക്കുമ്പോള്‍ ഹീറോ ആയി വിളിക്കാമെന്ന് ആക്ഷേപിച്ച നിര്‍മ്മാതാവ് പിന്നീട് കാൾ ഷീറ്റിനായി കാത്തു കിടന്നതും, നായികയായി നടിക്കാന്‍ വിമുഖത കാട്ടിയ നടിമാര്‍ നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചതും അമിതാഭിന്റെ അഭിനയ ജീവിതത്തിലെ നിറം പിടിപ്പിച്ച കഥകളാണ്. ആകാശ വാണി തിരസ്കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ പ്രതീകമായി മാറിയപ്പോഴേക്കും ഭാരതം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍സ്റ്റാര്‍ ആയി ബിഗ്‌ ബി വളര്‍ന്നു കഴിഞ്ഞിരുന്നു

എണ്‍പതുകളില്‍ സിനിമാ മാധ്യമ രംഗത്തെ അക്ഷരാർത്ഥത്തിൽ നിയന്ത്രിച്ചിരുന്ന ദേവയാനി ചൌബാല്‍, നിഷി പ്രേം, തുടങ്ങിയ ഫിലിം ജേർണലിസ്റ്റുകൾ പൂര്‍ണമായി ബ്ലാക്ക്‌ ലിസ്റ്റ് ചെയ്തിട്ടും അതിനെയെല്ലാം അതിജീവിച്ച താരമായിരുന്നു അമിതാഭ് ബച്ചന്‍.

രാഷ്ട്രീയത്തിലും സിനിമയിലും മാത്രമല്ല, സാഹിത്യ രംഗത്തും സാമൂഹിക രംഗങ്ങളിലും ഇത്തരം നിരോധനങ്ങളും വേർ തിരിവുകളും സജീവമായി കഴിഞ്ഞു. വ്യക്തികളെ രാഷ്ട്രീയത്തിന്റെയും ജാതിയുടെയും, ഗ്രൂപ്പുകളുടെയും വിശ്വാസങ്ങളുടെയും പേരിൽ വേർ തിരിച്ചു കാണുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. സ്മാർട്ട് ഫോണിൽ വാട്ട്സപ്പ് ഗ്രൂപ്പുകൾ പ്രചാരത്തിലായതോടെ വിഭാഗീയത വർദ്ധിച്ചുവെന്ന് മാത്രമല്ല പരസ്പര ബഹുമാനവും സഹവർത്തിത്വവും പേരിനു പോലും ഇല്ലാതായി. ആർക്കും എന്തും ആരെ കുറിച്ചും പറയാനുള്ള ലൈസൻസ് ഇല്ലാത്ത വേദികളായി മാറി ഇത്തരം ഗ്രൂപ്പുകൾ.

പരസ്പരം നിരോധിക്കാന്‍ മത്സരിക്കുകയാണ് ആധുനീക മനുഷ്യൻ. നീ നിന്നെയും ഞാന്‍ എന്നെയും നിരോധിച്ച് ‘നമ്മള്‍’ ആയിത്തീരാൻ ഇനിയുള്ള കാലം കഴിയുമെന്നും തോന്നുന്നില്ല

  • പ്രേംലാൽ

സ്ത്രീകളെ അപമാനിക്കുന്ന സംസ്കാരശൂന്യതയ്‌ക്കെതിരെ മുംബൈയിലെ മലയാളി പ്രസ്ഥാനങ്ങളും രംഗത്ത്
അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

LEAVE A REPLY

Please enter your comment!
Please enter your name here