ചരിത്രത്തിലേക്ക്… ആഹ്‌ളാദത്തിലേക്ക്… കണ്ണീരിലേക്ക്..  ആരു നേടും ഈ റഷ്യന്‍ വസന്തം!! മണിക്കൂറുകള്‍ ബാക്കി

ഫ്രാന്‍സ് പ്രതിഭാശാലികളാല്‍ സമ്പന്നമാണ്. മെസിയെ തളച്ച് നിഷ്പ്രഭനാക്കിയ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ എംഗോള കാന്റെ ലൂക്കാ മോഡ്രിച്ചിനെ പിടിച്ചു കെട്ടിയാല്‍ ക്രയോഷ്യ തളരും. പ്രമുഖ മാധ്യമ പ്രവർത്തകൻ സിബി സത്യൻ എഴുതുന്നു.

0
മോസ്‌കോ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ ചരിത്രം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വിവിധ വംശീയതകളെ ഒരേ ജേഴ്‌സിയില്‍ ഒരുമിപ്പിക്കുന്ന ഫ്രാന്‍സ് ഒരിക്കല്‍കൂടി കപ്പില്‍ മുത്തമിടുമോ അതോ യുദ്ധത്തിന്റെ മുറിവുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറന്നുയര്‍ന്നിട്ട് അധികം പ്രായമായിട്ടില്ലാത്ത കൊച്ചു രാജ്യമായ ക്രൊയേഷ്യയില്‍ നാല്‍പത്തിയേഴു ലക്ഷം മനുഷ്യര്‍ ആഹ്‌ളാദത്തിന്റെ കൊടുമുടിയിലേക്ക് പറന്നുയരുമോ… ഉത്തരം പറയാന്‍ കളിക്കളത്തിലെ ഒന്നര മണിക്കൂര്‍ ബാക്കിയുണ്ട്. ഫുട്‌ബോളിന്റെ ദൈവം ഡീഗോ മറഡോണ പറഞ്ഞതു പോലെ ഫൈനല്‍ എപ്പോഴും മനക്കരുത്തിന്റേതാണ്. ആഗ്രഹം മറ്റെല്ലാത്തിനെയും മറികടക്കുന്നവര്‍ വിജയിക്കും. ആരായിരിക്കും ആ അടങ്ങാത്ത വിജയ തൃഷ്ണ കളിക്കളത്തില്‍ കാട്ടുന്നത്.
ക്രൊയേഷ്യയ്ക്ക് 1998 ലെ ഒരു മുറിവു ബാക്കിയുണ്ട്. അന്ന് സെമിഫൈനലില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ക്രൊയേഷ്യയെ രണ്ടു ഗോളടിച്ചു പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നതും ഫ്രാന്‍സിന്റെ ആദ്യത്തെ ലോകകപ്പ് സ്വന്തമാക്കിയതും. അന്ന് ഒരു ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകള്‍ ക്രൊയേഷ്യയ്ക്ക് ഉണങ്ങിയിരുന്നില്ല. അന്നത്തെ ഫ്രാന്‍സിന്റെ ക്യാപ്റ്റനായിരുന്ന ദിദിയെ ദെഷാം ആണ് ഇന്ന് ഫ്രാന്‍സിന്റെ കോച്ച്. ആ ലോകകപ്പില്‍ ക്രയോഷ്യയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുകയും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്ത അവരുടെ സൂപ്പര്‍ സ്റ്റാര്‍ ഡേവര്‍ സുകര്‍ ആണ് ഇന്ന് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്ത്. ഇരുവര്‍ക്കുമിടയില്‍ ഉണങ്ങാതെ 20 വര്‍ഷത്തിന്റെ വൈരം ബാക്കി കിടക്കുന്നു. ഇന്ന് അവസാന ചിരി ആരുടേതാകാം….

ഫുട്‌ബോള്‍ ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. മുമ്പ് ലോകകപ്പെടുത്തിട്ടില്ലാത്ത രാജ്യങ്ങള്‍ വളരെ അപൂര്‍വമായേ അതില്‍ മുത്തമിടാറുള്ളൂ

ദെഷാമിന് ഇത് ചരിത്രത്തിലേക്കുള്ള മറ്റൊരു കാല്‍വെയ്പ് കൂടിയാണ്. ജര്‍മ്മനിയുടെ കൈസര്‍ ബോക്കന്‍ബോവറിനു ശേഷം കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരം. അത് നിസാരമായി വിട്ടുകളയാന്‍ ദെഷാമിന് ആവില്ല.
ഫുട്‌ബോള്‍ ലോകകപ്പിന് ഒരു പ്രത്യേകതയുണ്ട്. മുമ്പ് ലോകകപ്പടുത്തിട്ടില്ലാത്ത രാജ്യങ്ങള്‍ വളരെ അപൂര്‍വമായേ അതില്‍ മുത്തമിടാറുള്ളൂ. 1998 ല്‍ ഫ്രാന്‍സ് അത് ചെയ്തു. 2010 ല്‍ സ്‌പെയിനും. ലോകത്തിലെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ച, മെസിയും റൊണാള്‍ഡോയും നെയ്മറുമൊക്കെ വീണുപോയ, ജര്‍മ്മനിയും അര്‍ജന്റീനയും ബ്രസീലും സ്‌പെയിനുമൊക്കെ വീണുടഞ്ഞ, റഷ്യന്‍ പുല്‍മേടുകളില്‍ ക്രൊയേഷ്യ പുതുചരിത്രമെഴുതാനുള്ള പുറപ്പാടിലാണ്. ചരിത്രത്തിന്ും അവര്‍ക്കുമിടയില്‍ മഹാമേരുവായി ദിദിയെ ദെഷാമും ഫ്രഞ്ച് ടീമും നില്‍ക്കുന്നുണ്ട്. കഠിനമായ വഴികളിലൂടെയാണ് ക്രൊയേഷ്യയുടെ വരവ്, നോക്കൗട്ടിലെ മൂന്നു മത്സരങ്ങളിലും 120 മിനിറ്റ് വീതം കളിച്ച്, അടങ്ങാത്ത പോരാട്ട വീര്യം കൊണ്ടു മാത്രം വിജയിച്ച ടീമാണ് ക്രൊയേഷ്യ. ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ചു. അതിന്റെ ക്ഷീണവും പരിക്കും അവരെ അലട്ടുമോ അതോ വിജയതൃഷ്ണ എല്ലാറ്റിനെയും മറികടക്കുമോ.. ഏഴാം റാങ്കില്‍ നില്‍ക്കുന്ന ഫ്രാന്‍സിനെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ വീഴ്ത്തുമോ.. ഇംഗ്‌ളണ്ടിനെതിരെ ഒന്നാം പകുതിയില്‍ കളിച്ച കളിയാണ് ക്രൊയേഷ്യ കളിക്കുന്നതെങ്കില്‍ പ്രതീക്ഷ വേണ്ട. എന്നാല്‍ ര്ണ്ടാം പകുതിയില്‍ അവര്‍ കാട്ടിയ ആവേശം ഇന്നും കളിക്കളത്തില്‍ കാട്ടുകയാണെങ്കില്‍ ലോകത്താര്‍ക്കും ആ അശ്വമേധത്തെ പിടിച്ചുനിര്‍ത്താനാവില്ല.

മെസിയെ തളച്ച് നിഷ്പ്രഭനാക്കിയ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ എംഗോള കാന്റെ ലൂക്കാ മോഡ്രിച്ചിനെ പിടിച്ചു കെട്ടിയാല്‍ ക്രയോഷ്യ തളരും.

ഒരു സമനില ലീഗ് മത്സരങ്ങളില്‍ നേടിയ ഫ്രാന്‍സ് തനിനിറം കാട്ടിയത് അര്‍ജന്റീനയ്‌ക്കെതിരെയാണ്. 4-3 എന്ന സ്‌കോറിന് അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയ ഫ്രാന്‍സ് ഏറ്റവു കരുത്തുറ്റ പ്രതിരോധ നിരയുമായെത്തിയ ഉറുഗ്വായേയും പരാജയപ്പെടുത്തി. എന്നാല്‍ ബെല്‍ജിയത്തിനതിരെ ഒരു ഗോളിനു മുന്നിട്ടു നിന്ന ശേഷം അവര്‍ കളിച്ച നെഗറ്റീവ് ഫുട്‌ബോള്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തേ പ്രതിരോധത്തിന്റെ അമരക്കാരനായിരുന്ന ദെഷാം ആ വിമര്‍ശനത്തില്‍ വീഴാനിടയില്ല. ഒരു ഗോള്‍ തുടക്കത്തിലേ നേടുകയാണെങ്കില്‍ പിന്നെ ഫ്രാന്‍സിന്റെ വല കുലുക്കാന്‍ പ്രയാസമായിരിക്കും. ബെല്‍ജിയം അത് കണ്ടറിഞ്ഞതാണ്.
ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാകിടിച്ചും അടങ്ങുന്ന മധ്യനിരയാണ് ക്രയോഷ്യന്‍ കരുത്ത്. പെരിസിച്ചും മാന്‍സുകിച്ചും റെബിച്ചുമടങ്ങുന്ന മുന്നേറ്റം തങ്ങളുടേതായ ദിവസത്തില്‍ ഏതു പ്രതിരോധവും പിളര്‍ക്കുന്നവരാണ്. എന്നാല്‍ പ്രായത്തിന്റെ കിതപ്പും 120 മിനിറ്റിനെ മൂന്നു കളികളുടെ സമ്മര്‍ദ്ദവും അവര എത്രമാത്രം തളര്‍ത്തിയിട്ടുണ്ടെന്നത് കണ്ടറിയണം.
ഫ്രാന്‍സ് പ്രതിഭാശാലികളാല്‍ സമ്പന്നമാണ്. മെസിയെ തളച്ച് നിഷ്പ്രഭനാക്കിയ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ എംഗോള കാന്റെ ലൂക്കാ മോഡ്രിച്ചിനെ പിടിച്ചു കെട്ടിയാല്‍ ക്രയോഷ്യ തളരും. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളിക്കുന്ന പോഗ്ബയും സെറ്റ് പീസ് വിദ്ഗ്ധന്‍ ഗ്രീസ് മാനും മിന്നലാട്ടങ്ങള്‍ തീര്‍ക്കുമ്പോള്‍ അധ്വാനിച്ചു കളിക്കുന്ന മാറ്റിയുഡിയുണ്ട് ഒപ്പം. ഇനിയും ഗോള്‍ കണ്ടെത്തിയിട്ടില്ലാ്ത ജിരൂഡും ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയുള്ള എംബെപ്പെയും ചേരുമ്പോള്‍ കടലാസില്‍ ഫ്രാന്‍സ് ക്രൊയേഷ്യയ്ക്ക് ഏറെ ഉയരത്തിലാണ്. പക്ഷേ കളിക്കളത്തില്‍ അത് തെളിയുമോ എന്നു കാത്തിരിക്കാം.


സിബി  സത്യൻ ഫൈനൽ കിക്കോഫിന് മുൻപ്
സ്ത്രീ ശാക്തീകരണമാണ് വികസനത്തിന്റെ മുഖമുദ്രയെന്ന് പ്രശസ്ത സംവിധായകൻ ടി ഹരിഹരൻ
മയിൽപ്പീലി ഫൈനൽ മത്സരം ഓഗസ്റ്റ് 12ന്; മുഖ്യാതിഥി ചലച്ചിത്ര താരം ശ്രീധന്യ
സംഗീതത്തെ ജനകീയമാക്കുന്നത് സോഷ്യൽ മീഡിയകളാണെന്ന് പണ്ഡിറ്റ് രമേശ് നാരായണൻ


LEAVE A REPLY

Please enter your comment!
Please enter your name here