പുരസ്‌കാര നിറവിൽ അക്ഷരങ്ങളുടെ അമ്മ –  തുളസി ബുക്‌സിന്റെ  പുരസ്‌കാരം  തേടിയെത്തിയത് മുംബൈയിലേക്ക്

3
സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘തുളസി ബുക്‌സി’ന്റെ ‘സ്വാമി നിര്‍മലാനന്ദ പുരസ്‌കാരം ഇക്കുറി തേടിയെത്തിയത് മുംബൈ മലയാളിയായ ശാരദ ദാമോദരന്‍ നായരെയാണ്. മലയാളത്തിന്റെ മഹാനിഘണ്ടു ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകന്‍ പി. ദാമോദരന്‍ നായരുടെ പത്‌നിയാണ് ശാരദാനായര്‍. പത്മനാഭപിള്ളയുടെ മരണശേഷം ദാമോദരന്‍ നായരാണ് ശബ്ദതാരാവലി പരിഷ്‌കരിച്ചു പ്രസിദ്ധപ്പെടുത്തിവന്നിരുന്നത്. അതില്‍ ശാരദാനായരും സജീവ പങ്കാളിയായി. ‘ശബ്ദതാരാവലി’യുടെ പരിഷ്‌കരണ പ്രക്രിയയില്‍ ഭര്‍ത്താവ് ദാമോദരന്‍ നായരെ സഹായിച്ച ശാരദാനായരെ കേരള സാഹിത്യ അക്കാദമി 2013-ല്‍ അവരുടെ വസതിയിലെത്തി ആദരിക്കുകയുണ്ടായി. ശാരദാനായര്‍ മകന്‍ ഡി.ആര്‍. നായരുമൊത്ത് ഡോംബിവ്‌ലിയിലാണ് താമസം.

ശബ്ദതാരാവലി മുഴുവന്‍ സ്വന്തം കൈ കൊണ്ട് എഴുതാന്‍ ഭാഗ്യം ലഭിച്ച പുണ്യവതിയാണ് ഡോംബിവ്‌ലിയിൽ താമസിക്കുന്ന ശാരദാ നായർ

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ശബ്ദതാരാവലി ക്രോഡീകരിച്ച് മൂന്നിലൊന്നു വലിപ്പത്തില്‍ ‘ലഘുശബ്ദതാരാവലി’യും ദാമോദരന്‍ നായര്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യപതിപ്പ് എന്‍ബിഎസ് 1986ല്‍ പ്രസിദ്ധീകരിച്ചു. അതിന്റെ രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് അദ്ദേഹം നിര്യാതനായത്. പിന്നീട് ആ പുസ്തകം ചില വ്യത്യാസങ്ങള്‍ വരുത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 1999ല്‍ പുറത്തിറക്കിയ ‘സംഗൃഹീത ശബ്ദതാരാവലി’യുടെ പ്രകാശന ചടങ്ങില്‍ ശാരദാനായര്‍ ആദരിക്കപ്പെടുകയുണ്ടായി. ശബ്ദതാരാവലി മുഴുവന്‍ സ്വന്തം കൈ കൊണ്ട് എഴുതാന്‍ ഭാഗ്യം ലഭിച്ച പുണ്യവതി എന്നാണ് ആ ചടങ്ങില്‍ ശാരദാനായര്‍ വിശേഷിപ്പിക്കപ്പെട്ടത്. ദശാബ്ദങ്ങളുടെ പ്രയത്നഫലമായ ശബ്ദസാഗരത്തിന്റെ ഓർമത്തീരത്തിരുന്ന് വിശ്രമജീവിതം നയിക്കുന്ന പുണ്യജന്മം.
‘സ്വാമി നിര്‍മലാനന്ദ അവാര്‍ഡ്’ ലഭിച്ചവരില്‍ ഡോ. പി അച്യുതന്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനും വേദാന്താധ്യാപകനും), ജയപ്രകാശ് ലഖാനി – ലണ്ടന്‍ (ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനും, ബ്രിട്ടീഷ് രാജ്ഞിയുടെ ഹിന്ദുമതോപദേശകനും), ഡോ. പി.എം. സുബ്രഹ്മണ്യന്‍ (പ്ലാസ്റ്റിക് രസായന ശാസ്ത്രത്തില്‍ നൂറിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കിയ ശാസ്ത്രജ്ഞന്‍) എന്നിവര്‍ ഉള്‍പ്പെടുന്നു.


മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.
മയിൽ‌പ്പീലി അടുത്ത ഘട്ട മത്സരം ഓഗസ്റ്റ് 12ന്
ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here