സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ

0
സോഷ്യൽ  മീഡിയ ഒരു സമാന്തര ജുഡീഷ്യറി ആയി പ്രവർത്തിക്കുന്നഒരു ഭീകര അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . നിമിഷ നേരം കൊണ്ട് നിരപരാധിയെ അപരാധിയാക്കുന്നതും അപരാധിയെ കുറ്റവിമുക്തനാക്കുന്നതും ഒക്കെ സോഷ്യൽ മീഡിയകളാണ് . നമ്മുടെ കോടതികൽ ഒരുകേസിൽ തീർപ്പു കൽപ്പിക്കാൻ വർഷങ്ങൾ എടുക്കുമ്പോൾ ആകാര്യം സോഷ്യൽ മീഡിയാ ജീവികൾ വെറും മിനിറ്റുകൾക്കുള്ളിൽ ചെയ്തു  തീർക്കും,  വക്കീലോ കോടതിയോ തെളിവുകളോ അന്വേഷണമോ ഒന്നും ഇല്ലാതെ തന്നെ.  സോഷ്യൽ മീഡിയകളുടെ പരസ്യ വിചാരണകളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം അക്കൗണ്ട്  പോലും ഡിലീറ്റ് ചെയ്ത്   പോകുന്നത് ആളും മാളും പദവിയും ഉള്ള  സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികളാണ് , അപ്പോൾ ഈ  അലങ്കാരങ്ങളുടെ  തണൽ  ഒന്നും ഇല്ലാത്ത  ഒരു സാധാരണക്കാരന്റെ ഗതിയെന്തായിരിക്കും ?

ആൾക്കൂട്ട ആക്രമണങ്ങളെക്കാൾ ഒട്ടും വ്യത്യസ്തമല്ല സൈബർ ആക്രമണവും . ഇവിടെ ആക്രമി കാണാമറയത്താണ്,  വേട്ടക്കാരൻ ഇരയ്ക്ക്ക്  അപ്രാപ്യമാണ്

സൽപ്രവർത്തികളോ നന്മകളോ കാരുണ്യമോ ഒന്നും ഇവരുടെ മനസ്സിനെ ഏശാത്ത വികാരങ്ങളാണ്.  ചോര  വീഴ്ത്താതെ  കീറിമുറിച്ചു കളയും ഇക്കൂട്ടർ . ആക്രമിക്കപ്പെടുന്ന വ്യക്തി ഇത്വായിക്കുന്നുണ്ടോ എന്നൊന്നും ഇവരെ സംബന്ധിച്ചു പ്രശ്‌നമേയല്ല ,തന്റെ കണ്ടു പിടുത്തങ്ങളെ ഷെയർ ചെയ്തും ഗ്രൂപ്പായ ഗ്രൂപ്പുകളിലൊക്കെ വിന്യസിപ്പിച്ചും ആത്മ സുഖം കണ്ടെത്തുക , അത്രമാത്രമേയുള്ളൂ ഇത്തരം മനോരോഗത്തിന് അടിമപ്പെട്ടവരുടെ  ഉദ്ദേശ്യലക്ഷ്യം.  ഈ രോഗം പടർന്നിട്ടുള്ളവർ അതിനെ റീപോസ്റ്റ്  ചെയ്തും ഫോർവേഡ് ചെയ്തും ഈ പകർച്ച വ്യാധിയിൽ മറ്റുള്ളവരെക്കൂടി ഭാഗമാക്കുന്നു . അങ്ങിനെ ആരോഗ്യശീലം പാലിച്ചു നല്ല ജീവിതം നയിക്കുന്നവരും ഈ രോഗത്തിന്റെ പിടിയിൽ അമർന്നുപോകുന്നു .
ആൾക്കൂട്ട ആക്രമണങ്ങളെക്കാൾ ഒട്ടും വ്യത്യസ്തമല്ല സൈബർ ആക്രമണവും . ഇവിടെ ആക്രമി കാണാമറയത്താണ്,  വേട്ടക്കാരൻ ഇരയ്ക്ക്ക്  അപ്രാപ്യമാണ് . അത് അയാളായിരിക്കാംഅവളായിരിക്കാം ,   അയൽ വാസിയായിരിക്കാം   , അല്ലെങ്കിൽപരദേശിയായിരിക്കാം .  ഇരയ്ക്ക് എല്ലാം ഊഹങ്ങൾ മാത്രമാണ് ,പക്ഷെ വേട്ടക്കാരന് ഇരയെക്കുറിച്ച്   വ്യക്തമായ ധാരണ ഉണ്ട് ,ഇരയുടെ ബലവും ബലഹീനതകളും ഒക്കെ അറിഞ്ഞാണ് അയാൾ വേട്ടക്കിറങ്ങുന്നത് . സ്വന്തം വീടിന്റെ സുരക്ഷിതമായ നാല്ചുവരുകൾക്കുള്ളിൽ ഇരുന്നു അയാൾ തന്റെ കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ ഇരയ്ക്കു പിന്നാലെ പായുകയാണ് , ഇര തളർന്നു വീഴും  വരെ ഈഓട്ടം തുടരുന്നു .
ഇവിടെ വേട്ടക്കാരന് ഇരയെ മാനസികമായി തളർത്തി വീഴ്ത്തുകഎന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ, ഒരു ഇര വീണു കഴിഞ്ഞാൽ അയാൾഅടുത്ത ഇരയെ കാത്തിരിക്കും , ഒരിക്കലും വിശപ്പടങ്ങാത്ത ഒരുമനോ രോഗമാണ് ഈ സൈബർ വേട്ടക്കാരുടേത്  .
മൃഗങ്ങളെക്കാൾ കഷ്ടമാണ് ഇവരുടെ മാനസിക നില.  അനിമൽപ്ലാനെറ്റിലൊക്കെ കണ്ടിട്ടുണ്ട് , വേട്ടക്കിറങ്ങുന്ന ക്രൂര മൃഗങ്ങളെ .പക്ഷെ അവയുടെ ക്രൂര ഭാവം ഇരയ്ക്കു മേൽ ചാടി വീണ് അതിനെകീഴടക്കും വരെയേ ഉള്ളൂ .  പിന്നെ ശാന്തമായാണ് ഇരയെ  ഭക്ഷിക്കുന്നത്. വിശപ്പടങ്ങിയാൽ   ഒരു മാനോ മുയലോ അടുത്തു കൂടെ പോയാൽ പോലും അവയെ ഈ മൃഗങ്ങൾദ്രോഹിക്കാറില്ല . വിശപ്പിനു മാത്രമുള്ള വേട്ടയാടലാണ് മൃഗങ്ങളുടെ , പക്ഷെ  മൃഷ്ടാന്നം ഭുജിച്ചാണ് സൈബർ വേട്ടക്കാർ ഇരയെതേടിയിറങ്ങുന്നത് .

സൈബർ  വേട്ടക്കാർക്കിപ്പോൾ  കേരളത്തിൽ  ചാകരയാണ് . ഇരയെ  തേടി  പോകേണ്ടതില്ല , വെറുതെ  വല  വിരിച്ചിരുന്നാൽ   മതി,  ഇര  മുന്നിൽ  വന്നു  ചാടി തരും

ലോകം തന്നെ  തന്നെ നോക്കിയിരിക്കുകയാണ് എന്നാണ് ഇവരുടെവിശ്വാസം . തന്റെ ചലനങ്ങളും   മനോ വികാരങ്ങളും നോക്കിയിരിക്കുകയാണ് പൊതുജനം . താൻ പറയുന്നതിന് അനുസരിച്ച് അല്ലെങ്കിൽ തന്റെ അഭിപ്രായത്തിനു അനുസരിച്ചാണ് മറ്റുള്ളവർ അവരുടെ അഭിപ്രായ രൂപീകരണം നടത്തുന്നത് എന്നുംഇവർ ധരിച്ച് വശായിരിക്കുന്നു .  അതിനാൽ ചുറ്റിലും സംഭവിക്കുന്നഎന്തിനെ കുറിച്ചും  തന്റെ അഭിപ്രായം ലോകരിൽ എത്രയും പെട്ടെന്ന് എത്തിക്കേണ്ടത് അവശ്യമാണെന്ന് ഈ സൈബർ പ്രമാണിമാർ സ്വയം ഉൽബോധനം നടത്തുന്നു .
പ്രശസ്തനായ ഒരു വ്യക്തിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌താൽ മതി അദ്ദേഹം മരിച്ചെന്ന് റിപ്പോർട്ട് വരും , സാഡിസം ആണെന്ന് തോന്നും ഈ പ്രവർത്തികൾ കണ്ടാൽ. പക്ഷെ സാഡിസത്തിനപ്പുറം ഈ വ്യക്തി മരിച്ചെന്ന വിവരം ആദ്യം ലോകത്തെ അറിയിക്കാനുള്ള സ്വാർത്ഥ മനസ്സിന്റെ അപക്വമായ വാഞ്ച്ഛയാണ് ഇതിനു പുറകിൽ. സ്വന്തമെന്നു പറയാൻ ഒരു കഴിവുകളും ഇല്ലാത്തവരാണ് ഇത്തരം സോഷ്യൽ മീഡിയാ ആക്രമണങ്ങളുടെ പുറകിൽ , കഴിവുകൾ കൊണ്ട് ആളാകാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെയെങ്കിലും ആളുകളുടെ ശ്രദ്ധാപാത്രമാകുക എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രം . അത് തെറ്റോ ശരിയോ എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്, കഴിയുന്നിടത്തോളം ലൈക്കുകളും ഷെയറുകളും സമ്പാദിക്കുക , ഒരു പെരുവിരൽ ഉയർത്തലിൽ ലോകം കീഴടക്കിയെന്ന മൂഢ വിശ്വാസത്തിൽ ചില്ലുകൊട്ടാരങ്ങളിൽ രമിക്കുന്ന പാഴ് ജന്മങ്ങൾ .
നിർഭാഗ്യവശാൽ സൈബർ  വേട്ടക്കാർക്കിപ്പോൾ  കേരളത്തിൽ  ചാകരയാണ് . ഇരയെ  തേടി  പോകേണ്ടതില്ല , വെറുതെ  വല  വിരിച്ചിരുന്നാൽ   മതി,  ഇര  മുന്നിൽ  വന്നു  ചാടി തരും .  ഈ സൈബർചർച്ചകളിൽ മുങ്ങി പോകുന്നത്  ശ്രദ്ധ പതിക്കേണ്ടുന്ന പല പ്രധാനസംഭവങ്ങളുമാണ് .   കേരളത്തിലെ പ്രളയക്കെടുതികളെക്കാൾ അവർ വേവലാതി കൊള്ളുന്നത് , അവർക്ക്സഹായ ഹസ്തം നീട്ടുന്നവരെക്കുറിച്ചാണ് .  ഹനാന്റെ   ജീവിതസാഹചര്യങ്ങളോട് സഹതാപമല്ല ,  ആ കുട്ടിയുടെ യൂണിഫോമിനോട്  അസഹിഷ്ണുതയാണ് .  ചലച്ചിത്ര സന്ധ്യയിൽ    അവാർഡ്സ്വീകരിക്കുന്ന വരെ  കുറിച്ചുള്ള അഭിമാനമല്ല  അത്ബഹിഷ്കരിക്കുന്നത് ആരൊക്കെ എന്നറിയാനുള്ളഉൽക്കണ്ഠയാണ്… ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നത് ഇവരെ ആകുലപ്പെടുത്തുന്നില്ല  , ഈ സംഭവത്തിൽ  സർക്കാരിന്റെ വീഴ്ചകളെന്താണ്  എന്നതാണിവർ ചികയുന്നത് .
സൈബർ ലോകം ഇല്ലാ കഥകളിലും നെഗറ്റിവിറ്റിയിലും  മുങ്ങി താഴുമ്പോൾ സഹജീവിയുടെ ദുരന്തത്തിൽ അൽപം പോലും സങ്കോചമോ ദുഖമോ ഇല്ലാതെ സെൽഫികൾ ഓരോ  മണിക്കൂറിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ  മനുഷ്യത്വത്തിന്റെ അവസാന കണികയും നമ്മിൽ നിന്ന് അകന്നു പോകുകയാണ് .

രാജൻ കിണറ്റിങ്കര
kinattinkara.rajan@gmail.com


മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here