ഗുപ്തൻ സാറിന്റെ ബഹിഷ്കരണം

0
“ഐ  ബോയ്‌കോട്ട്  മാതൃഭൂമി , ഞാൻ  ബഹിഷ്കരിച്ചിരിക്കുന്നു “. അയലത്തെ  വീട്ടിലെ ഗുപ്‌തൻ സാർ രാവിലെ മുതൽ ബഹളം  കൂട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.  ഒരു ഞായറാഴ്ചയുടെ ആലസ്യത്തിൽ  പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ഊർന്നിറങ്ങുമ്പോൾ ഭാര്യയുടെ ശബ്ദം ,
“പുറത്തിത്ര വലിയ സംസാരം നടക്കുമ്പോൾ എങ്ങനെ നിങ്ങൾക്ക് ഇങ്ങിനെ കിടന്നുറങ്ങാൻ കഴിയുന്നു”.
“ഇതൊക്കെ എന്ത് ബഹളം”, 24  മണിക്കൂർ സോഷ്യൽ മീഡിയയിലെ  ബഹളങ്ങൾ കണ്ടും കേട്ടും തളർന്നു ഒന്ന് നടു നിവർത്താൻ വീട്ടിലേക്കു വരുന്ന എന്നോടാണ് പുറത്തെ ബഹളത്തെ കുറിച്ച് അവൾ പറയുന്നത് .  നിറപറയുടെയും ഡബിൾ ഹോഴ്‌സിന്റെയും ജൈവശാസ്ത്രം മാത്രമറിയുന്ന അവൾക്കതൊക്കെ എങ്ങനെ മനസ്സിലാകും . അതിനാൽ മനസ്സില്ലാ മനസ്സോടെ പുതപ്പിനുള്ളിൽ നിന്നും ഇറങ്ങി മുണ്ടും  വാരിചുറ്റി പീപ് ഹോളിലൂടെ ഓട്ടക്കണ്ണിട്ടു നോക്കി .

മീശ സത്യത്തിൽ ഒരു വീക്നെസ്  ആണ് ഗുപ്തൻ സാറിന് .  പൊതുവെ പുരോഗമന വാദിയും സഹിഷ്ണുവും  സർവോപരി  ശാന്തശീലനും ഒക്കെ ആയ  ഒരു വ്യക്തിയായിട്ടാണ് പുറം ലോകം ഗുപ്തൻ സാറിനെ കാണുന്നത്

പീപ് ഹോൾ ഫ്‌ളാറ്റ് വാസികളുടെ ഒരു സംരക്ഷണ കവചം ആണ് .  പിരിവുകാരെയും അസമയത്തെ അതിഥികളെയും സുരക്ഷിത അകലത്തിൽ നിർത്താൻ ഉതകുന്ന ഈ സാധനം കണ്ടു പിടിച്ചത് ഒരു മലയാളി തന്നെ ആകണം .   പത്രക്കാരൻ പയ്യനോടാണ് ഗുപ്തൻ സാർ കയർക്കുന്നത് . ഗുപ്തൻ സാർ പഴയ മിലിറ്ററി  ആണ് , അതിന്റെ കുറച്ച്  അഹംഭാവവും എപ്പോഴും തന്റെ കൊമ്പൻ മീശയിൽ തടവി നടക്കുന്ന അദ്ദേഹത്തിനുണ്ട് . മീശ സത്യത്തിൽ ഒരു വീക്നെസ്  ആണ് ഗുപ്തൻ സാറിന് .  പൊതുവെ പുരോഗമന വാദിയും സഹിഷ്ണുവും  സർവോപരി  ശാന്തശീലനും ഒക്കെ ആയ  ഒരു വ്യക്തിയായിട്ടാണ് പുറം ലോകം ഗുപ്തൻ സാറിനെ കാണുന്നത് .  അങ്ങിനെയുള്ള അദ്ദേഹം ഇപ്പോൾ ഈ അതിരാവിലെ എന്തിനാണ് ഇങ്ങനെ ഒച്ചയെടുക്കുന്നത് എന്നൊരു പിടിയും കിട്ടിയില്ല . എനിക്കും ഗുപ്തനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് പീപ് ഹോൾ . പക്ഷെ അവ്യക്തതയിലും മനസ്സിലായി പത്രക്കാരൻ പയ്യനോടാണ് ഗുപ്തൻ സാറിന്റെ   ആക്രോശം മുഴുവനും .  മറാത്തി അല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത പത്രക്കാരൻ പയ്യനോട് ഇംഗ്ലീഷിലും മലയാളത്തിലും വച്ച് കാച്ചുകയാണ് ഗുപ്തൻ സാർ .
“നിങ്ങളൊന്നു വാതിൽ തുറന്നു  പുറത്തുപോയി നോക്കാതെ ഇവിടെ   നിന്ന് ഒളിഞ്ഞു നോക്കുവാണോ , കഷ്ടം ,”  തിരിഞ്ഞു നോക്കുമ്പോൾ ദോശച്ചട്ടുകവുമായി പിന്നിൽ ഭാര്യ .
ഇനി ഇവിടെ നിന്നാൽ പന്തിയല്ലെന്ന് തോന്നി അടിമുടി വിറച്ച് നിൽക്കുന്ന പഴയ മിലിട്ടറിയുടെ മുന്നിലേക്ക് ഞാൻ മനമില്ലാ മനസോടെ വാതിൽ തുറന്നു ചാടി .  ഗുപ്തൻ സാറിന്റെ ശരീരത്തെക്കാൾ ദ്വേഷ്യം കൊണ്ട് ആ കൊമ്പൻ മീശ വിറക്കുന്നുണ്ട് .
പേടിച്ചു ചൂളി നിൽക്കുന്ന പത്രക്കാരൻ പയ്യന്റെ തോളത്തൊന്നു മെല്ലെ തട്ടി ഞാൻ ഗുപ്തൻ സാറിനോട് ചോദിച്ചു ,  “എന്താ സാറേ പ്രശ്നം” .
“പ്രശ്നം വേറൊന്നുമല്ല , ഞാൻ മാതൃഭൂമി പത്രം ബഹിഷ്കരിച്ചു , നാളെ മുതൽ പത്രം വേണ്ടെന്നു പറയുകയായിരുന്നു “
ഇത് പറയാനാണോ ഇത്ര വലിയ ബഹളം .  “ഗുപ്തൻ സാറിന് പത്രം വേണ്ടെങ്കിൽ വേണ്ട “ ഞാൻ പത്രക്കാരൻ പയ്യനെ പറഞ്ഞു മനസ്സിലാക്കി .
“വേണ്ടെങ്കിൽ വേണ്ട , പക്ഷെ കഴിഞ്ഞ മാസത്തെ പത്രത്തിന്റെ പൈസ തരാൻ സാർ കൂട്ടാക്കുന്നില്ല , പൈസ കൊടുത്തില്ലെങ്കിൽ മുതലാളി എന്റെ ശമ്പളത്തിൽ  നിന്നും പിടിക്കും , പയ്യൻ അവന്റെ നിസ്സഹായത വെളിപ്പെടുത്തി .
ഞാൻ ഒരു വിധം പയ്യനെ പറഞ്ഞു മനസ്സിലാക്കി ഗുപ്തൻ സാറിനോട് സൗമ്യനായി ചോദിച്ചു “എന്താ സാറേ ശരിക്കും പ്രശ്നം”
“എടോ , മാതൃഭൂമി ഞാൻ ജനിച്ച മുതൽ കാണുന്ന പത്രമാ … കോട്ടയം വാരികകളൊന്നും ഞാൻ വായിക്കാറില്ല .. എല്ലാ ആഴ്ചയും പക്ഷെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്താറുണ്ട് . “
“അതിനിപ്പം എന്തുണ്ടായി ഗുപ്തൻ സാറേ”, ഞാൻ സംഭവത്തിന്റെ ഗുട്ടൻസ് കുറച്ചൊക്കെ പിടികിട്ടിയെങ്കിലും അജ്ഞത നടിച്ചു ചോദിച്ചു .
“തനിക്കറിയാലോ , മീശ എന്റെ ഒരു വീക്നെസ്  ആണെന്ന് .  അപ്പോഴാണ് ഹരീഷിന്റെ മീശ മാതൃഭൂമി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് .  മീശ എന്ന പേര് കണ്ടപ്പോൾ  കുറച്ചൊരു അഹങ്കാരത്തോടെയും അഭിമാനത്തോടയെയും ആണ് ഞാനത് വായിക്കാൻ തുടങ്ങിയത് .  പക്ഷെ മാതൃഭൂമിയെ കുറിച്ച് ഇങ്ങനെ കരുതിയില്ല . അതും പുണ്യമാസമായ ഈ കർക്കിടക മാസത്തിൽ . “
വലിയ തീവ്ര ഹിന്ദുത്വം ഒന്നും ഇല്ലാത്ത ഗുപ്‌തൻ സാറിന്റെ പ്രതികരണം എന്നെ അതിശയിപ്പിച്ചു . എങ്കിലും സമചിത്തത കൈവിടാതെ പറഞ്ഞു .
“സാരമില്ല ഗുപ്തൻ സാറേ , ഇതിനിപ്പം മാതൃഭൂമിയെ കുറ്റം പറഞ്ഞിട്ടെന്താ , ഇനിയിപ്പം അവരുടെ ശ്രദ്ധക്കുറവാണെങ്കിൽ തന്നെ അവരതു പിൻവലിച്ചല്ലോ .”  ഞാൻ സാറിന്റെ ശാന്തനാക്കാൻ ശ്രമിച്ചു
“അത് തന്നെയാടോ എന്റെ പ്രശ്നം , ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ വരുമ്പോൾ ആഴ്ചയിൽ 20   രൂപ കൊടുത്താൽ മതിയായിരുന്നു . ഇതിപ്പം പത്തു മുന്നൂറു രൂപയാ ഒറ്റയടിക്ക് പോയത് ഡിസി യിൽ നിന്നും പുസ്തകം വാങ്ങാൻ .   വേണ്ടാ . മാതൃഭൂമിയോട് ഇനിയൊരു ബന്ധവും വേണ്ടാ . ഞാൻ ബഹിഷ്കരിക്കാൻ പോകുകയാണ് .  അതും പറഞ്ഞുകൊണ്ട്  ഗുപ്തൻ സാർ റൂമിലോട്ടു നടന്നു …   ചിരിച്ചുകൊണ്ട് ഞാൻ എന്നെ കാത്ത് കട്ടിലിന്മേൽ   അലങ്കോല പ്പെട്ടു കിടക്കുന്ന പുതപ്പിനുള്ളിലേക്കും .
ഞാൻ തിരിഞ്ഞു നടക്കുമ്പോൾ ഗുപ്തൻ സാർ അകത്തു ഭാര്യയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു , എടീ നീയാ മാതൃഭൂമി പഞ്ചാംഗം ഒന്നെടുത്തെ ,   ഇന്ന് രോഹിണി നാൾ എത്ര നാഴിക ഉണ്ടെന്നു നോക്കട്ടെ .

രാജൻ കിണറ്റിങ്കര


മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here