വിട പറഞ്ഞത് മുംബൈയിലെ മൂന്ന് ഇടതു സഹയാത്രികർ

നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനപ്രിയരായിരുന്ന മൂന്ന് മലയാളികളുടെ ആകസ്മിക വേർപാടിൽ മനം നൊന്തു സാംസ്‌കാരിക ലോകം .

0
സാമൂഹിക സാംസ്‌കാരിക രംഗത്തു മാതൃകാപരമായ സേവനങ്ങളിലൂടെ നിറ സാന്നിധ്യമായിരുന്ന മൂന്ന് പേരുടെ വേർപാടിന്റെ ദുഖത്തിലാണ് മുംബൈ മലയാളികൾ. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തന മികവു പുലർത്തിയിരുന്ന മൂവരും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായിരുന്നു. ഘാട്കോപ്പറിൽ താമസിച്ചിരുന്ന ബാബുരാജൻ, കല്യാൺ ലോട്ടസ് കോംപ്ലക്സിൽ വസിച്ചിരുന്ന കെ കെ രാധാകൃഷ്ണൻ, സി ബി ഡി ബേലാപ്പൂരിലെ സി ആർ തമ്പി എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി മണ്മറഞ്ഞത്.

കെ കെ രാധാകൃഷ്ണൻ (64) – 3.9.2018
എഴുപതുകളുടെ അവസാനത്തിൽ ജോലി തേടി മുംബൈയിലെത്തുകയും 1983 മുതൽ കല്യാണിൽ സ്ഥിരതാമസമാക്കുകയും ചെയ്ത രാധാകൃഷ്ണൻ ഡോംബിവിലിയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നു. കെ.കെ.ആർ.എന്ന പേരിൽ കല്യാണിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രിയങ്കരനായിരുന്നു.
സി.പി.എം. കല്യാൺ യൂണിറ്റ് അംഗം, കല്യാൺ ജനശക്തി ആർട്‌സ് വൈസ് പ്രസിഡന്റ്, ഈസ്റ്റ് കല്യാൺ കേരളസമാജം കൗൺസിൽ അംഗം, മാട്ടുംഗ കേരളീയ സമാജം അംഗം, കല്യാൺ സൗത്ത് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതരായ കോട്ടയം രാമപുരം കിഴകോൽ കൃഷ്ണൻ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: ദിവ്യ വിജയൻ, ദീപു ബാബു.
ഡി.വൈ.എഫ്.ഐ. കല്യാൺ യൂണിറ്റ് സെക്രട്ടറി, സി.പി.എം.കല്യാൺ യൂണിറ്റ് സെക്രട്ടറി, കല്യാൺ ജനശക്തി ആർട്‌സ് സെക്രട്ടറി, രണ്ടു തവണ ഈസ്റ്റ് കല്യാൺ കേരളസമാജം സെക്രട്ടറി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം, കേരളീയ കേന്ദ്ര സംഘടനാ കൗൺസിൽ അംഗം എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ടി കെ ബാബുരാജൻ (83) – 3.9.2018
മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ ടി.കെ. ബാബുരാജനും എഴുപതുകളുടെ അവസാനത്തിലാണ് നഗരത്തിലെത്തുന്നത്. ഘാട്‌കോപ്പർ പന്ത് നഗറിലെ നാർക്കർ റോഡിലെ സ്വപ്നലോകിൽ താമസിച്ചിരുന്ന ബാബുരാജ് ബഹുമുഖ പ്രതിഭയായിരുന്നു. ശ്രീനാരായണ മന്ദിര സമിതി, എസ് എൻ ഡി പി യോഗം, ശ്രീനാരായണ ബാങ്ക്, മലയാള ഭാഷാ പ്രചാരണ സംഘം കൂടാതെ സിനിമാ നിർമ്മാതാവായും നാടക പ്രവർത്തകനായും നഗരത്തിൽ ബാബുരാജിന്റെ പ്രവർത്തന മേഖലകൾ വിപുലമായിരുന്നു.
ശ്രീനാരായണ ഗുരു ബാങ്ക് സ്ഥാപകൻ, ചെയർമാൻ, ഡയറക്ടർ കൂടാതെ മന്ദിര സമിതിയുടെ മുൻ ജോയിന്റ് സെക്രട്ടറി, പാട്രൺ, മുംബയ് താനെ എസ്സ് എൻ ഡി പി യോഗം മുൻ വൈസ് പ്രസിഡന്റ്, തുടങ്ങി ബാബുരാജിന്റെ നിസ്വാർഥമായ സാന്നിധ്യം സമസ്ത മേഖലകളിലും പ്രകടമായിരുന്നു.
ഇടതു സഹയാത്രികനായിരുന്ന ബാബുരാജ് മുംബയ് നാടകവേദിയുടെ ആദ്യകാല സംഘാടകൻ മാത്രമല്ല സിനിമാ മേഖലയിലിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള കലാസ്നേഹിയാണ്. ഭ്രഷ്ട്, ഒട്ടകം, ദർബോളി തുടങ്ങിയ ചിത്രങ്ങളാണ് ബാബുരാജ് നിർമ്മിച്ചിരിക്കുന്നത്. നഗരത്തിലെ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ പ്രവർത്തന മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം മലയാള ഭാഷ പ്രചാരണ സംഘത്തിലും ശ്രദ്ധേയമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.

സി ആർ തമ്പി (66) – 6.9.2018
സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന തമ്പി അവസാന നിമിഷം വരെ ജനങ്ങൾക്കിടയിൽ നിന്നും പ്രവർത്തിച്ച ഇടതു സഹയാത്രികനായിരുന്നു. ബേലാപ്പൂർ സി പി എം യൂണിറ്റ് മെമ്പറും മുതിർന്ന സാമൂഹിക പ്രവർത്തകനുമായ സഖാവ് തമ്പി കഴിഞ്ഞ ഒരു മാസക്കാലമായി കേരളാ ഹൌസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അകാലത്തിൽ വിട്ടു പിരിഞ്ഞു പോയ തമ്പി കോട്ടയം വൈക്കം സ്വദേശിയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ – സംസ്ഥാന നേതാക്കളുമായി വളരെയടുത്ത ബന്ധമുള്ളയാളായ തമ്പി മിതഭാഷിയും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനുമായിരുന്നു.

 

 മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ഇന്ധനവിലയിൽ നട്ടം തിരിഞ്ഞു മുംബൈ
മഹാനഗരം മലയാള നാടിനോടൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here