വർണങ്ങൾ ഒഴിവാക്കി നിറം മങ്ങിയ ഹോളിയുമായി ബോളിവുഡ്

0

മുംബൈ – ബോളിവുഡും ഹോളി ആഘോഷവും തമ്മിൽ വളരെ പഴക്കം ചെന്നതാണ്. ഹിന്ദി ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകം തന്നെയാണ് ഹോളി ആഘോഷങ്ങൾ. ഷോലെ, ഭാഗ്ബാൻ, കട്ടി പതങ്, സിൽസില, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ കഥയിൽ ഹോളി ആഘോഷങ്ങളുടെ പങ്കു ഏറെ വലുതാണ്. ബോളിവുഡിലെ മുൻ നിര നായകന്മാരെല്ലാം തന്നെ ഹോളി ആഘോഷ നൃത്തങ്ങൾക്കായി ചുവടുകൾ വച്ചവരാണ്. സൂപ്പർസ്റ്റാർ അമിതാഭ് ബച്ഛൻ പാടി അഭിനയിച്ച സിൽസിലയിലെ ‘രംഗ് ഭരിസെ; എന്ന ഗാനവും നടന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റാണ്.

വർഷങ്ങൾക്ക് മുൻപ് ബോളിവുഡ് ഇതിഹാസം രാജ് കപൂർ തുടങ്ങി വച്ച ഹോളി ആഘോഷം പിന്നീട് അമിതാഭ്‌ ബച്ചൻ, സുഭാഷ് ഘായ്, ശബാന ആഷ്മി തുടങ്ങി പുതിയ തലമുറയിലെ പ്രിയങ്ക ചോപ്ര, സോനം കപൂർ വരെ നിറങ്ങളുടെ ഉത്സവത്തെ ആഘോഷമാക്കിയവരാണ്. ഇതിനായി ഇവരെല്ലാം സംഘടിപ്പിച്ചിരുന്ന സ്വകാര്യ പാർട്ടികൾ ബോളിവുഡിലെ 'ആചാര'മായി മാറി കഴിഞ്ഞിരുന്നു.

വർഷത്തിലൊരിക്കൽ ഇഷ്ടപ്പെട്ടവരുമായി അടിച്ചു പൊളിക്കാനൊരു അവസരം കൂടിയാണ് താരങ്ങൾക്ക് വർണങ്ങൾ വിതറിയുള്ള ഈ ആഘോഷം. എന്നാൽ ഈ വർഷം ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ ആകസ്മിക വേർപാടിന്റെ ദുഖത്തിലാണ് ഇന്ത്യൻ സിനിമാ ലോകം. അതുകൊണ്ടു തന്നെ നിരവധി താരങ്ങൾ തങ്ങളുടെ ഈ വർഷത്തെ ഹോളി ആഘോഷം റദ്ദാക്കിയ വിവരം ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പങ്കു വച്ചു. താരങ്ങൾ കൂടാതെ നിരവധി പ്രമുഖർ താമസിക്കുന്ന ശ്രീദേവി വസിച്ചിരുന്ന ഗ്രീൻ ഏക്രെസ് കോംപ്ലക്സിലും ഇക്കൊല്ലം ഹോളി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല.

പതിവിനു വിപരീതമായി പല താരങ്ങളുടെയും ഇൻസ്റ്റാഗ്രാം, ട്വിറ്റെർ തുടങ്ങിയ മാധ്യമങ്ങളിൽ പങ്കു വച്ചത് നിറങ്ങൾ ഇല്ലാത്ത ഹോളി ആഘോഷമായിരുന്നു. ഹോളിയുടെ ആഘോഷത്തിന്റെ തലേന്നുള്ള പരമ്പരാഗതമായ കോലം കത്തിക്കലിന്റെയും കുടുബ പ്രാർത്ഥനയുടെയും ചിത്രങ്ങളാണ് അമിതാഭ് ബച്ചൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here