ഉത്സവ പ്രതീതിയിൽ ആടിയും പാടിയും മലയാളം മിഷൻ പരീക്ഷകൾ

0
പഠന പ്രവർത്തനങ്ങൾക്കൊപ്പം പഠിതാക്കൾക്ക് മനോരഞ്ജകമായ വിനോദോപാധികളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന പൊതു പരീക്ഷകൾ . ഇത് വരെ നടത്തിയ പൊതു പരീക്ഷകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ പഠനോത്സവങ്ങൾ. കുഞ്ഞുങ്ങളുടെ മാനസിക താല്പര്യങ്ങളെ കണക്കിലെടുത്തു കൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയുമുള്ള അഭ്യാസ മുറകളും പരീക്ഷയുടെ മാനസിക സമ്മർദ്ദത്തിൽ നിന്നും പഠിതാക്കളെ തികച്ചും സ്വതന്ത്രരാക്കി അവരുടെ അന്ത:കരണത്തിലുള്ള യഥാർഥ അറിവുകളെ വെളിപ്പെടുത്തുന്ന മൂല്യനിർണയവുമാണ് ഈ പരീക്ഷകളുടെ പ്രത്യേകതകൾ. മുംബൈ ചാപ്റ്ററിലുള്ള എട്ടു മേഖലകളിലെ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ പഠനോത്സവം സെപ്റ്റംബർ 23 ന് നടന്നു. ഹാർബർ മദ്ധ്യ റെയിൽവേ പഠിതാക്കൾ പ്രദേശങ്ങളിലെ 36 പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾ ചെംബൂർ ആദർശ് വിദ്യാലയത്തിലും താരാപ്പൂർ മുതൽ മാട്ടുംഗ വരെയുള്ള 15 പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾ ഗോരേഗാവിലെ വിവേക് വിദ്യാലയയിലും പഠനോത്സവത്തിൽ പങ്കെടുത്തു.
രണ്ടു കേന്ദ്രങ്ങളും മനോഹരമായി അലങ്കരിച്ചിരുന്നതിനാൽ ഉത്സവത്തിന്റെ പ്രതീതിയും ഉത്സാഹവുമാണ് എങ്ങും കാണാൻ കഴിഞ്ഞത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള പഠിതാക്കളും, രക്ഷകർത്താക്കളും അദ്ധ്യാപകരും പോലും വളരെ നേരത്തേ തന്നെ പ്രത്യേക വാഹനങ്ങളിൽ എത്തിച്ചേർന്നു. കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ പഠനോത്സവത്തിൽ പങ്കെടുക്കാനുള്ള ആവേശം പ്രത്യക്ഷമായിരുന്നു.

നൃത്തവും പാട്ടും കവിതകളും കുസൃതി ചോദ്യങ്ങളും പ്രശ്നോത്തരികളും ഒക്കെയായി ആഘോഷ വേദിയായി പഠനോത്സവം

വിവേക് വിദ്യാലയ ഹാളിൽ മലയാളം മിഷൻ മുംബൈ ചാപ്റ്റർ അദ്ധ്യക്ഷൻ നോവലിസ്റ്റ് ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് സ്വാഗതമാശംസിച്ചു. മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ മുഖ്യാതിഥിയായിരുന്നു. കുഞ്ഞുങ്ങളുടെ ഭാഷയിൽ അവരോടു സംവദിച്ച സേതുമാധവൻ പരിഷ്ക്കരിച്ച പഠനരീതികളെക്കുറിച്ചും പഠനോത്സവത്തെക്കുറിച്ചും സദസിന് അവബോധമുണ്ടാക്കി. അദ്ദേഹം കുഞ്ഞുങ്ങളോടൊത്ത് സംഘഗാനമാലപിച്ചുകൊണ്ട് അവരിലൊരാളായി മാറി പഠനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്വഹിച്ചപ്പോൾ സദസ് ആവേശ ത്തിമിർപ്പിലായിരുന്നു. വിവേക് വിദ്യാലയ പ്രിൻസിപ്പാൾ ഡോ. സുരേഷ് നായർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ആർ ഡി ഹരികുമാർ നന്ദി പ്രകാശിപ്പിച്ചു. ബിന്ദു ജയൻ , റീന സന്തോഷ്, ഷീല പ്രതാപൻ , അനിത സുധാകരൻ , ഗീത ബാലകൃഷ്ണൻ , ശ്രീധരൻ എന്നിവരും മറ്റ് അദ്ധ്യാപകരും കുഞ്ഞുങ്ങളും ഒത്തുചേർന്ന് സംഘഗാനങ്ങൾ ആലപിച്ചു കൊണ്ട് പൊതുപരീക്ഷക്ക് ആരംഭം കുറിച്ചു. അതിനുശേഷം ചോദ്യപേപ്പറിലേക്ക് കടക്കാനായി പഠിതാക്കളെ ക്ലാസ്സുമുറികളിലേക്ക് ആനയിച്ചു. ഓരോ ക്ലാസ്സ് മുറികളിലും പരമാവധി ഇരുപതു പഠിതാക്കളും നിരീക്ഷകരായി രണ്ട് അദ്ധ്യാപകരുമുണ്ടായിരുന്നു.

ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ച് നടന്ന പഠനോത്സവത്തിൽ രാവിലെ റജിസ്ട്രേഷൻ കഴിഞ്ഞ കുട്ടികൾ, രക്ഷിതാക്കളോടൊപ്പം സ്കൂളിന്റെ നടുമുറ്റത്ത് ഒത്തുചേർന്നു. മാൻഖുർദ്ദ് – കൊളാബ മേഖലയുടെ നേതൃത്വത്തിൽ പഠനോത്സവത്തിനായി എത്തിച്ചേർന്നവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും നൽകി.  രാജലക്ഷ്മി ഹരിദാസ് ടീച്ചർ ഉത്സവത്തിന് നാന്ദി കുറിച്ചു കൊണ്ട് കളിയും പാട്ടുമൊ ക്കെയായി ഏകദേശം 45 മിനിട്ട് കുട്ടികളെ ഉത്സവലഹരിയിൽ ആറാടിച്ചു. അതിനു ശേഷമാണ് കുട്ടികളെ ക്ലാസു മുറികളിലേക്ക് നയിച്ചത്. ഉത്സവാന്തരീക്ഷം നിലനിർത്താൻ ക്ലാസ്സുകളിൽ സംഘഗാനങ്ങളും മറ്റുമായി അനൗപചാരികമായി ചോദ്യപേപ്പറിലേക്ക് പ്രവേശിച്ചു.
പരീക്ഷകൾ നടക്കുന്ന സമയത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി രണ്ടു കേന്ദ്രങ്ങളിലും കലാപരിപാടികളും മറ്റും സംഘടിപ്പിച്ചു. നൃത്തവും പാട്ടും കവിതകളും കുസൃതി ചോദ്യങ്ങളും പ്രശ്നോത്തരികളും ഒക്കെയായി ആഘോഷങ്ങൾ അരങ്ങേറി.
വിവേക് വിദ്യാലയയിലെ പഠനോത്സവം പഠിതാക്കളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളോടെയാണ് സമാപിച്ചത്. ആദർശ് വിദ്യാലയയിലെ സമാപന സമ്മേളനത്തിൽ മലയാളം മിഷൻ മുംബൈ ചാപ്റ്റർ അദ്ധ്യക്ഷൻ നോവലിസ്റ്റ് ബാലകൃഷ്ണൻ, മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ, കേരളത്തിൽ നിന്നുള്ള മലയാള ഭാഷാ അദ്ധ്യാപകൻ എം.ടി. ശശി എന്നിവർ സംസാരിച്ചു. കെ. പി. സേവ്യർ നന്ദി പറഞ്ഞു. രണ്ടു കേന്ദ്രങ്ങളിലും പഠനോത്സവം സമാപിച്ചപ്പോൾ വർണ്ണ ശബളമായ ഒരു ഉത്സവത്തിന്റെ ഓർമ്മകളും പേറിയ മനസ്സോടെയാണ് പഠിതാക്കളും രക്ഷകർത്താക്കളും പിരിഞ്ഞു പോയത്.

കാല്പന്തുകളിയിൽ മത്സരമൊരുക്കി മലയാളഭാഷാ പ്രചാരണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here