അത് യേശുദാസല്ല ! അവകാശവാദവുമായി മുംബൈ മലയാളി

0
മുംബൈ : സമൂഹ മാധ്യമങ്ങളിലും ഓൺലൈനിലും യേശുദാസിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ നൃത്തം ചെയ്യുന്നത് തന്റെ അച്ഛനാണെന്ന അവകാശവാദവുമായാണ് മുംബൈ മലയാളിയായ കളത്തൂർ വിനയൻ രംഗത്തെത്തിയിരിക്കുന്നത്. സത്യനും ഷീലയും നായികാ നായകന്മാരായ ഡോക്ടർ എന്ന ചിത്രത്തിൽ ‘വരണുണ്ട് വരണുണ്ട് മണവാളന്‍, നല്ല വാകപ്പൂ കുലയ്‌ക്കൊത്ത മണവാട്ടി” എന്ന ഗാനത്തിനൊത്താണ് നൃത്ത സംവിധായകൻ കൂടിയായ ശിവശങ്കരൻ ചുവടുകൾ വയ്ക്കുന്നത്.
നടന തിലകമായിരുന്ന ശിവശങ്കരൻ നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യനാണെന്നും വിനയൻ പറഞ്ഞു. നിരവധി സ്റ്റേജുകളിൽ ഗോപിനാഥനോടൊപ്പം നൃത്തം അവതരിപ്പിച്ചിട്ടുള്ള ശിവശങ്കരൻ നായർ നിരവധി സിനിമകളിലും നൃത്ത രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

ശിവശങ്കരൻ നായരും കുടുംബവും

മലയാളം കൂടാതെ തെലുഗു, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാ ചിത്രങ്ങൾക്ക് വേണ്ടിയും നൃത്ത സംവിധാനം ചെയ്തിട്ടുള്ള ശിവശങ്കരൻ നായർ തൃശൂർ സ്വദേശിയാണ്. അമല ഹോസ്പിറ്റലിന് സമീപമുള്ള അടാട്ടിൽ കളത്തൂർ തറവാട്ടിലെ ശിവശങ്കരൻ നായർ തൊണ്ണൂറാം വയസ്സിന്റെ നിറവിലേക്ക് കടക്കുകയാണ്. പ്രായാധിക്യം മൂലം ഓർമ ശക്തി കുറവാണെങ്കിലും സിനിമാ വിശേഷങ്ങൾ അക്കമിട്ട് പറയുവാൻ ഇപ്പോഴും നല്ല ആവേശമാണെന്ന് മകൻ വിനയൻ പറയുന്നു.
ഡോക്ടർ കൂടാതെ രണ്ടിടങ്ങഴി, കളക്ടർ മാലതി, മുടിയനായ പുത്രൻ, ഉള്ളത് മതി, ആന വളർത്തിയ വാനമ്പാടി, നാടോടി മന്നൻ, ഭക്ത കുചേല, തുടങ്ങി നിരവധി ചിത്രങ്ങൾക്ക് വേണ്ടി നൃത്ത സംവിധാനം ചെയ്തിട്ടുണ്ടെന്ന് ശിവശങ്കരൻ നായർ ഓർമ്മിച്ചെടുക്കുന്നു. ഭാര്യ വിശാലാക്ഷി റിട്ടയേർഡ് അധ്യാപികയാണ്.

 

മൂന്ന് പതിറ്റാണ്ടായി മുംബൈയിൽ താമസിക്കുന്ന വിനയനും നഗരത്തിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റും സീരിയൽ നടനുമാണ്.മുംബൈയിൽ നാല്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനയൻ ‘ഹലോ ഇൻസ്‌പെക്ടർ’ കൂടാതെ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ‘സംവിധാൻ’ തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജയ് ഹനുമാൻ, ഓം നമഃ ശിവായ തുടങ്ങിയ സീരിയലുകൾക്ക് വേണ്ടി ശബ്ദം നൽകിയിട്ടുള്ള വിനയൻ നല്ലൊരു നാടൻ പാട്ട് കലാകാരൻ കൂടിയാണ്. നെരോലാക് പെയിന്റ് പരസ്യ ചിത്രത്തിൽ മോഹൻലാലിനോടൊപ്പവും വിനയൻ അഭിനയിച്ചിട്ടുണ്ട്.

മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ

LEAVE A REPLY

Please enter your comment!
Please enter your name here