മനുഷ്യ സ്നേഹത്തിന്റെ ഉണർത്തുപാട്ടായി ഇപ്റ്റയുടെ സ്നേഹോത്സവം

ഒക്ടോബർ 14 ന് നവി മുംബൈയിലെ ബേലാപ്പൂരിലുള്ള അർബൻ ഹാറ്റിൽ കൊടികയറും.

0
മുംബൈ ഇതു വരെ കാണാത്ത സ്നേഹത്തിന്റെ ഉത്സവത്തിന് ഒക്ടോബർ 14 ന് നവി മുംബൈയിലെ ബേലാപ്പൂരിലുള്ള അർബൻ ഹാറ്റിൽ കൊടികയറും.
വെറുപ്പ് പരത്തുകയും അപര നിർമ്മാണം കലയാക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സ്നേഹത്തെപ്പറ്റി പറഞ്ഞു കൊണ്ടേയിരിക്കുക എന്ന സാംസ്കാരിക ദൗത്യമേറ്റെടുത്ത്, ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ് ഈ വരുന്ന ഞായറാഴ്ച്ച സ്നേഹോത്സവം ഒരുക്കുന്നത്.
സത്യാനന്തര കാലഘട്ടം, സ്നേഹരാഹിത്യത്തിന്റെതു കുടിയാണ്. കരുതുന്നു. മലയാളിയുടെ നവോത്ഥാനത്തെ ഉരുവപ്പെടുത്തിയെടുക്കുന്നതിൽ ജാതി മതാതീതമായ മനുഷ്യസ്നേഹത്തിന്റെ തുയിലുണർത്തുപാട്ടുകൾക്ക് വലിയ പങ്കുണ്ട്.

സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പരിശ്രമങ്ങളുമായാണ് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം വരുന്നത്.

വെറുപ്പിന്റെ വ്യാപനത്തിൽ മാത്രമല്ല, ദുരന്തത്തിന്റെ മൂർദ്ധന്യത്തിലും സ്നേഹം പ്രതിരോധമാണെന്നത് അനുഭവമായ സാഹചര്യത്തിൽ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പരിശ്രമങ്ങളുമായാണ് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം വരുന്നത്.
സ്നേഹോത്സവത്തിന്റെ ഭാഗമായി വിശ്വമലയാളികൾക്കായി പ്രേമലേഖന മത്സരം ഇപ്റ്റ സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികളെ ഞായറാഴ്ച്ചയിലെ ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ തിരഞ്ഞെടുത്ത കത്തുകളും വായിക്കും. സ്നേഹോത്സവത്തിന്റെ ഭാഗമായി ഇപ്റ്റ നടത്തിയ ഫോട്ടോഗ്രഫി മത്സര വിജയികളേയും അന്ന് പ്രഖ്യാപിക്കും.
കൃത്യം മൂന്നു മണിക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരങ്ങൾ അരങ്ങേറും. സമാന്തരമായി ഫോട്ടോ ക്യാപ്ഷൻ എഴുത്ത് മത്സരവും നടക്കും.
മത്സരത്തോടൊപ്പം പ്രണയഗീതങ്ങൾ കോർത്തിണക്കിയ ഗാനമേള മൂന്നു മണിക്ക് തന്നെ അരങ്ങേറും. ജനപ്രിയ ഗാനങ്ങളും കവിതകളും ആലപിക്കപ്പെടുന്ന ഗാനമേളയിൽ ഇപ്റ്റ കേരള മുംബൈ ചാപ്റ്ററിന്റെ താനെ യൂണിറ്റ് അവതരിപ്പിക്കുന്ന പ്രത്യേക പ്രണയഗീതോപഹാരവുമുണ്ടാകും.
പശ്ചാലത്തലത്തിൽ സ്നേഹത്തെ പ്രകീർത്തിക്കുന്ന ഗ്രാഫിറ്റി വാൾ കലാകാരന്മാരും സന്ദർശകരും ഒരുക്കും. സന്ദർശകർക്കും സ്നേഹ വരകൾ തീർക്കാൻ പാകത്തിലാണ് ഗ്രാഫിറ്റി വാൾ അർബൻ ഹാറ്റിലെ ആംഫി തിയറ്ററിൽ ഇപ്റ്റ ഒരുക്കുക.
അഞ്ചു മുതൽ അഞ്ചേമുക്കാൽ വരെ കേരള നവോത്ഥാനവും മാറി വരുന്ന പ്രണയ സങ്കൽപ്പങ്ങളും എന്ന വിഷയത്തെ അധികരിച്ച് പാനൽ ചർച്ചയും നടക്കും. ആശാന്റെ കവിതകളിലൂടെ പ്രകാശനം കണ്ടെത്തിയ, ജാതി മതാതീതമായ പ്രണയം, കേരളത്തിന്റെ സാമൂഹിക ജീവിതത്തെത്തന്നെയും ത്രസിപ്പിച്ചു. ഇത്, പ്രണയത്തിൽ മാത്രമല്ല, സ്നേഹത്തിന്റെ വിവിധങ്ങളായ ഭാവങ്ങളെയും പുതുക്കിപ്പണിയുകയും  സാമൂഹിക പരിണാമങ്ങളെ സ്വാധീനിക്കുകയും ചെയ്തതാണ് കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം.
ഈ സ്നേഹസങ്കല്പങ്ങൾ പുതിയ കാലത്ത് കാലാനുസൃതമായി വളരുകയാണോ? അതോ തിരിച്ചടികൾ നേരിടുന്നുവൊ? ഇത്തരം ആകുലതകൾ, തലമുറകളുടെ അന്തരം കൊണ്ട് തോന്നുന്നത് മാത്രമോ എന്ന ചർച്ചയ്ക്ക് തിരികൊടുക്കുകയാണ് ചെറു സെമിനാറിലൂടെ ഇപ്റ്റ ചെയ്യുന്നത്.
പ്രണയലേഖനം, ഫോട്ടോഗ്രഫി, ഫോട്ടോ ക്യാപ്ഷൻ എഴുത്ത് മത്സരം, ചിത്രരചന മത്സരം എന്നിവയുടെ സമ്മാനദാനത്തിന് ശേഷം ആറരയ്ക്ക് വൈക്കം മുഹമദ് ബഷീറിന്റെ വിശ്വവിഖ്യാതമായ പ്രേമലേഖനമെന്ന നോവലിന്റെ നാടക രൂപാന്തരം അരങ്ങേറും. കേരളത്തിൽ ആയിരത്തിൽപ്പരം വേദികൾ പിന്നിട്ട സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം ഇത് ആദ്യമായാണ് മുംബൈയിൽ എത്തുന്നത്. പാസ്സ് മൂലമാണ് പ്രേമലേഖനം നാടകത്തിന് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.
സ്നേഹോത്സവത്തിന്റെ വേദിയുടെ അരികിൽ ചായപ്പീടികയുമുണ്ടാകും. നാട്ടിലെ ചായക്കടകളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരനുഭവമാണ് ചായപ്പീടികയിലൂടെ പുനസൃഷ്ടിക്കാൻ സംഘാടകർ ശ്രമിക്കുന്നത്.
നാടകപാസ്സുകളിലൂടെ നേടുന്ന മിച്ച വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനാണ് സംഘാടകരുടെ തീരുമാനം.

Venue : URBAN HAAT, CBD Belapur
Date : Friday October 14, 2018

 പ്രണയ ലേഖനം എങ്ങിനെ എഴുതണം ; ഇഷ്ടങ്ങൾക്കൊരു ഇടമൊരുക്കി ഇപ്റ്റ
സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി

LEAVE A REPLY

Please enter your comment!
Please enter your name here