മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്

മഹാനഗരത്തിലെ മലയാളം ഇനി കവിതയുടെ മയിൽ‌പ്പീലികൾ വിടർത്തിയാടും. പ്രവാസ ലോകത്ത് ആദ്യമായി കവിതക്കായി ഒരുക്കിയ റിയാലിറ്റി ഷോക്ക് തിരശീല ഉയരുന്നു .

0

മുംബൈ മലയാളി പ്രതിഭകൾക്കായി വിഭാവനം ചെയ്ത ആദ്യ കാവ്യാലാപന മത്സരത്തിന്റെ പ്രഥമ റൌണ്ട് പൻവേൽ ബൽവന്ത് ഫഡ്കെ ഹാളിൽ വച്ച് ഏപ്രിൽ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെയും, 2 മണി മുതൽ 3 വരെയും പിന്നീട് 3 മണി മുതൽ 3 .30 വരെ മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ റൗണ്ടിൽ മത്സരിച്ച 18 പേരിൽ നിന്നും 10 പേരെയായിരിക്കും അടുത്ത ഘട്ട മത്സരത്തിനായി തിരഞ്ഞെടുക്കുക.

കേരളത്തിൽ നിന്നെത്തുന്ന പ്രഗത്ഭരായ കവികളായിരിക്കും വിധികർത്താക്കൾ. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഫെബ്രുവരിയിൽ നടന്ന 49 പേർ പങ്കെടുത്ത ശബ്ദപരിശോധനയിൽ നിന്ന് തിരഞ്ഞെടുത്ത 18 പേരായിരിക്കും പങ്കെടുക്കുക. ആദ്യഘട്ട മത്സരത്തിൽ വിജയികളാകുന്ന 10 പേരായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ മാറ്റുരക്കുക. മാർച്ച് 31 ന് നെരൂൾ ഗുരുദേവഗിരിയിൽ വച്ച് മത്സരാർത്ഥികൾക്ക് പ്രഗത്ഭരുടെ കീഴിൽ പ്രത്യേക പരിശീലനം നൽകും.

ആദ്യ റൗണ്ടിൽ ആശാൻ ഉള്ളൂർ വള്ളത്തോൾ എന്നീ മൂന്ന് കവിത്രയങ്ങളുടെ കവിതയാണ് അവതരിപ്പിക്കേണ്ടത് . അഞ്ചു മിനിറ്റ് ദൈർഘ്യം വരുന്ന കവിതയാണ് അവതരിപ്പിക്കേണ്ടത്. ആലാപനത്തിന് ഇടക്ക, കീബോർഡ് എന്നീ വാദ്യോപകരണങ്ങളായിരിക്കും പശ്ചാത്തലത്തിൽ.
അഞ്ഞൂറ് എപ്പിസോഡുകൾ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്ന ആംചി മുംബൈയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ മുന്നോടിയായിരിക്കും മയിൽപ്പീലി. കൂടുതൽ വിവരങ്ങൾക്ക് : ആശിഷ് 986 740 5132 പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട് 9821 863 145

LEAVE A REPLY

Please enter your comment!
Please enter your name here