മാതൃഭാഷയുടെ മാഹാത്മ്യം ഓർമ്മപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ ലോക മലയാള ദിനം ആഘോഷിച്ചു

0
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ലോക മലയാള ദിനം ശ്രദ്ധേയമായി. ഭാഷ ഇല്ലാതായാൽ ഒരു സംസ്കാരമാണ് നഷ്ടപ്പെടുന്നതെന്നും ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് പകർന്നാടുന്നതും നമ്മുടെ കടമയാണെന്നും ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു കേരള പിറവി ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ നവി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങ്. അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ റോയ് ജെ കൊട്ടാരം, കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല വൈസ് ചെയർമാൻ കേളി രാമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

മാതൃഭാഷയെ കൈവിട്ടാൽ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവുമാണ് ശിഥിലമാകുന്നതെന്ന് റോയ് ജെ കൊട്ടാരം

മാതൃഭാഷയെ കൈവിട്ടാൽ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവുമാണ് ശിഥിലമാകുന്നതെന്ന് മുഖ്യാതിഥിയായെത്തിയ അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായ റോയ് ജെ കൊട്ടാരം പറഞ്ഞു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതിൽ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ടെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.
നഗരത്തിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിൽ വിവിധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ റോയ് ശ്ലാഘിച്ചു. യുവ കലാകാരന്മാരെ പങ്കെടുപ്പിച്ചു നടത്തിയ നാടക മത്സരത്തിലെ അഭിനേതാക്കളുടെ ഉച്ചാരണ ശുദ്ധിയും ശബ്ദ നിയന്ത്രണവുമെല്ലാം അഭിനന്ദനീയമായിരുന്നുവെന്ന് റോയ് കൊട്ടാരം പറഞ്ഞു. അത് പോലെ മുംബൈ പ്രതിഭകൾക്കായി കൈരളി ടി വി യിൽ ആംചി മുംബൈ സംപ്രേക്ഷണം ചെയ്യുന്ന മയിൽപ്പീലി എന്ന കാവ്യാലാപന റിയാലിറ്റി ഷോയുമെല്ലാം നഗരത്തിൽ ഭാഷയും സംസ്കാരവും നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്കിനെ കുറിച്ചും റോയ് പ്രത്യേകം പരാമർശിച്ചു. മലയാളം കേട്ട് പഠിച്ച മുംബൈയിലെ കുട്ടികളുടെ കവിതാലാപന മികവിനെ കുറിച്ച് പ്രഗത്ഭരായ കവികളുടെ വിലയിരുത്തൽ മുംബൈ മലയാളികൾക്ക് അഭിമാനിക്കാൻ വക തരുന്നതാണെന്നും റോയ് കൊട്ടാരം വ്യക്തമാക്കി.

ഭാഷയും സംസ്ക്കാരവും പരിപോഷിപ്പിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കേളി രാമചന്ദ്രൻ

വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ കെ നമ്പ്യാർ, ചെയർമാൻ ഗോകുൽദാസ് മാധവൻ, മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് എന്നിവർ വേദി പങ്കിട്ടു. ടി എൻ ഹരിഹരൻ അധ്യക്ഷനായിരുന്നു. സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ റോയ് കൊട്ടാരം, കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല പ്രതിനിധി കേളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഭാഷയുടെ ഉല്പത്തിയെക്കുറിച്ചും പുതു തലമുറയിലേക്ക് പകർന്ന് നൽകേണ്ട അവശ്യകതയെ കുറിച്ചും കേളി രാമചന്ദ്രൻ തന്റെ പ്രഭാഷണത്തിലൂടെ സുചിപ്പിച്ചു. ഭാഷയും സംസ്ക്കാരവും പരിപോഷിപ്പിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും  അദ്ദേഹം പറഞ്ഞു
WMC പ്രസിഡന്റ് കെ കെ നമ്പ്യാർ, ലോക കേരള സഭാംഗം പി ഡി ജയപ്രകാശ്, കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല ജോയിന്റ് സെക്രട്ടറി വത്സൻ മൂർക്കോത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രളയത്തിന്റെ സമയത്ത് ഉയർന്ന് വന്ന പരസ്പര സ്നേഹവും കരുതലുമാണ് മലയാളിയുടെ സംസ്കാരമെന്നും പ്രളയത്തിന് ശേഷം നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ഇതിനെ തകർക്കുവാനുള്ള ആസൂത്രിതമായ നീക്കങ്ങളാണെന്നും പി ഡി ജയപ്രകാശ് ആശങ്ക പ്രകടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ കമ്മിറ്റി അംഗങ്ങളായ എസ് ജി നായർ, സതീഷ് നായർ, കുര്യൻ സക്കറിയ, അജയ് ജോസഫ്, ടോമി മാത്യു, സണ്ണി മാത്യു, എൻ മോഹൻദാസ്, എന്നിവരെ കൂടാതെ അനിൽ പ്രകാശ്, പ്രേംലാൽ, ദീപക് പച്ച, മനോജ് മാളവിക, റെജി വർഗീസ്, രഞ്ജു തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ആശിഷ് എബ്രഹാം ചൊല്ലിക്കൊടുത്ത മലയാളം മിഷന്റെ ഭൂമി മലയാളം ഭാഷാ പ്രതിജ്ഞാ വാചകങ്ങൾ സദസ്സ് ഏറ്റു പറഞ്ഞു.

::::::

Watch AMCHI MUMBAI for the highlights of the event

for regular Mumbai update subscribe and enable bell icon
www.amchimumbaionline.com


മികച്ച വിജയം നേടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിച്ചു
കേരളത്തിൽ സംരംഭകരെ കാത്തിരിക്കുന്നത് പുത്തനവസരങ്ങൾ. – ധനമന്ത്രി തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here