സ്ത്രീകൾക്കായി അയ്യപ്പക്ഷേത്രം പണിയും; പദ്ധതിയുമായി സുരേഷ് ഗോപി മുംബൈയിൽ

0
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കേയാണ് പൂങ്കാവനത്തോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി ശബരിമലക്ക് സമാനമായ അയ്യപ്പക്ഷേത്രം സ്ഥാപിക്കുവാനുള്ള പുതിയ പദ്ധതിയുടെ തയ്യാറെടുപ്പുകളോടെ സുരേഷ് ഗോപി മുംബൈയിൽ എത്തിയത്. ഇതിന്റെ മുന്നോടിയായി നടക്കുന്ന അഖില ഭാരത അയ്യപ്പധർമ്മ പ്രചാരയാത്രയുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി നിലപാടുകൾ വ്യക്തമാക്കിയത്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഈ നീക്കമെന്നും  അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പിന്തുണ  ലഭിച്ചില്ലെങ്കില്‍ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം

ഭക്തന്മാർക്ക് പ്രയോജനമില്ലാത്ത കാണിക്ക വഞ്ചികളിൽ കാണിക്ക നിക്ഷേപിക്കരുതെന്നും മുംബൈയിൽ ചേർന്ന യോഗത്തിൽ സുരേഷ് ഗോപി ആഹ്വാനം ചെയ്തു. സംയമനത്തോടെ സന്ദർശനോദ്ദേശം വിശദീകരിച്ചിരിച്ചു കൊണ്ടിരുന്ന സുരേഷ് ഗോപി ശബരിമല വിഷയവുമായുള്ള പരാമർശങ്ങളിലും ചോദ്യോത്തര വേളയിലും തിരശീലയിലെ ക്ഷുഭിത നായകനെ ഓർമിപ്പിച്ചു കൊണ്ട് പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു.
കാണിക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണ് തന്റെ മനസിലുള്ളതെന്നും, അതിന്റെ പൂര്‍ണ്ണരൂപം ആയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച വിളംബരം ഉടനുണ്ടാകുമെന്നും സുരേഷ് ഗോപി അവർത്തിക്കുകയുണ്ടായി. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ ചുട്ടെരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് മുൻപ് പല വേദികളിലും കാണിക്ക വഞ്ചിയെ കുറിച്ച് സുരേഷ് ഗോപി നടത്തിയ പ്രസ്താവനകൾ ഏറ്റെടുക്കാൻ ബി ജെ പി കേരള ഘടകം തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കാണിക്ക വഞ്ചിയുടെ കാര്യത്തിൽ ബിജെപി അത്തരമൊരു ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വിശദീകരണം നൽകിയിരുന്നതെങ്കിലും സുരേഷ് ഗോപി നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ മുംബൈയിൽ പ്രസ്താവന ആവർത്തിക്കുകയായിരുന്നു.
പുതിയ ക്ഷേത്രത്തിന്റെ വിഗ്രഹവുമായി നടത്തുവാനിരിക്കുന്ന ഭാരത പ്രദിക്ഷണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പങ്കു വച്ചു. മാട്ടുംഗ ശ്രീ കന്യക പരമേശ്വരി ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ ബദ്‌ലാപ്പൂർ ശ്രീരാമദാസാശ്രമ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി, ബി ജെ പി നേതാവ് ദാമോദരൻ പിള്ള, അയ്യപ്പധർമ്മ പ്രചാരയാത്ര നാഷണൽ കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല തുടങ്ങിയവർ വേദി പങ്കിട്ടു.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനും പത്ത് വയസിനും അൻപത് വയസിനും ഇടയിലുള്ള യുവതികൾക്ക് ശബരിമല ദർശനം നിഷേധിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് രാജ്യാന്തര തലത്തിൽ നടക്കുന്ന ബോധവത്ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുംബൈയിലും യോഗം സംഘടിപ്പിച്ചതെന്ന് ഗോപൻ ചെന്നിത്തല പറഞ്ഞു. പുനഃ പരിശോധന ഹർജികൾ വിശദമായി പഠിച്ചു കോടാനു കോടി ഭക്ത ജനങ്ങളുടെ വികാരം കണക്കിലെടുത്തു ഉചിതമായ തീരുമാനം സുപ്രീം കോടതി എടുക്കണമെന്ന് സ്വാമി കൃഷ്ണനന്ദ സരസ്വതി പറഞ്ഞു. അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ ഗ്ലോബൽ അയ്യപ്പ യൂണിറ്റി ഫോർ റെവറന്റ് ഡിവോഷൻ അഥവാ ഗാർഡിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. മാവേലിക്കര ശ്രീകുമാർ ചടങ്ങ് നിയന്ത്രിച്ചു.

:::::


താക്കുർളി ശ്രീ അയ്യപ്പ സമിതി രജത ജൂബിലി ആഘോഷവും അയ്യപ്പൻ വിളക്കും; ഒരുക്കങ്ങൾ ആരംഭിച്ചു
നവി മുംബൈയുടെ വികസനത്തിന് കുതിപ്പേകി നെരൂൾ-ബേലാപുർ-ഖാർകോപ്പർ റെയിൽ പാതക്ക് തുടക്കമായി
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചു മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here