ശബരിമല തീർഥാടനം കഴിഞ്ഞു തിരിച്ചെത്തിയ മുംബൈ മലയാളികൾ അനുഭവം പങ്കു വയ്ക്കുന്നു.

ശബരിമല തീർഥാടനം കഴിഞ്ഞു തിരിച്ചെത്തിയ മുംബൈ മലയാളികൾ അനുഭവം പങ്കു വയ്ക്കുന്നു.

0
ശബരിമല വിഷയത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അതിശയോക്തി ജനിപ്പിക്കുന്ന നുണകളാണെന്നും പല വാർത്തകളും സത്യത്തിന് നിരക്കാത്തതും ശുദ്ധ അസംബന്ധമാണെന്നും മുംബൈയിൽ നിന്നും ശബരിമല യാത്ര കഴിഞ്ഞെത്തിയ അയ്യപ്പന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സത്യസന്ധമല്ലാത്ത വാർത്തകൾ ടെലിവിഷൻ കൂടാതെ നിരന്തരം സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നത് കൊണ്ട് പല അയ്യപ്പന്മാരും പാതി വഴിയിൽ ആശങ്കയോടെ തിരിച്ചു പോകുകയോ, കാത്ത് കിടക്കുകയോ ചെയ്യുന്നതെന്നാണ് ഘാട്കോപ്പർ ഗരോഡിയ നഗറിൽ താമസിക്കുന്ന പ്രതാപ ചന്ദ്രൻ പറയുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ശബരിമലയാത്ര കഴിഞ്ഞു മുംബൈയിൽ തിരിച്ചെത്തിയത്. പമ്പയിലോ സന്നിധാനത്തോ ഭക്തന്മാർക്ക് ഒരു വിധത്തിലുള്ള അസൗകര്യങ്ങളും ഇല്ലെന്നാണ് ഇന്ന് മുംബൈയിൽ മടങ്ങിയെത്തിയ ഡോംബിവ്‌ലിയിൽ താമസിക്കുന്ന അനിൽ രാമനും പറയുന്നത്. പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടു പോലും പമ്പയിലും പ്രാഥമിക സൗകര്യങ്ങൾക്ക് കുറവൊന്നുമില്ലയെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനിൽ രാമൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശബരിമല ദർശനം നടത്തി വരുന്ന അനിൽ ഇപ്പോൾ ശബരിമലയിൽ നടക്കുന്ന പ്രശ്നങ്ങൾ വെറും വോട്ടു രാഷ്ട്രീയമാണെന്നും ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടു. അത് പോലെ തന്നെയാണ് ടി ആർ പി റേറ്റിംഗിനായി ചില ചാനലുകൾ നടത്തുന്ന പേക്കൂത്തുകളെന്നും അനിൽ ആരോപിക്കുന്നു. ഇത്തരക്കാരെ ശബരിമലയിൽ നിന്നും അകറ്റി നിർത്തിയാൽ അവിടുത്തെ പകുതി പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് അനിൽ രാമന്റെ അഭിപ്രായം.
കഴിഞ്ഞ വർഷത്തേക്കാൾ നല്ല ദർശനമാണ് ഇക്കുറി തനിക്ക് ലഭിച്ചതെന്നാണ് ബോറിവിലിയിൽ നിന്നും സുഹൃത്തുക്കളുമൊരുമിച്ചു ശബരിമല ദർശനം കഴിഞ്ഞെത്തിയ രാജീവ് മേനോൻ പങ്കു വച്ചത്. സ്ത്രീ പ്രവേശന വിഷയത്തോട് യോജിക്കുന്നില്ലായെന്ന പറഞ്ഞ രാജീവ് ഇക്കാര്യത്തിൽ സർക്കാരിന് മുൻപേ തന്നെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞു.
അന്ധേരിയിൽ താമസിക്കുന്ന രവീന്ദ്രനും മകനും രാവിലത്തെ ഫ്ലൈറ്റ് പിടിച്ചു കൊച്ചിയിലെത്തി. അവിടെ നിന്നും കാറിന് പോയി വൈകുന്നേരം നട അടയ്ക്കുന്നതിന് മുൻപ് തന്നെ ദർശനം കഴിഞ്ഞു മലയിറങ്ങാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലത്തെ ഫ്ലൈറ്റ് പിടിച്ചു മുംബൈയിലെത്തി. ചാനലുകളിലെ വാർത്തകൾ കണ്ടു രണ്ടു മനസിലായിരുന്നുവെന്നും യാഥാർഥ്യം പലർക്കും അറിയില്ലെന്നുമാണ് രവീന്ദ്രൻ പറയുന്നത്. റിപ്പോർട്ടർമാർ ചാനലുകളുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചു മനോധർമ്മമനുസരിച്ചു വാർത്തകൾ പടച്ചു വിടുകയാണെന്നും തിരക്കഥയെഴുതി ഭക്തന്മാരെ കൊണ്ട് അഭിനയിപ്പിക്കുന്ന വിരുതന്മാരെയും കാണാനായെന്ന് മുംബൈയിൽ റിലയൻസ് ഗ്രൂപ്പിൽ ജോലി നോക്കുന്ന ഇദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം ശബരിമലക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലായെന്നാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പറഞ്ഞത്. ശബരിമലയെ കുറിച്ച് കേൾക്കുന്ന വാർത്തകളിൽ ദുഃഖമുണ്ടെന്നും വിവേക് പറഞ്ഞു. ഭാണ്ഡൂപിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഇടവേള സമയത്താണ് വിവേക് ശബരിമല യാത്രകളെ കുറിച്ച് മനസ്സ് തുറന്നത്. ശബരിമല മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന പുണ്യ സ്ഥലമാണെന്ന് വിവേക് പറഞ്ഞു
ഇന്ന് ശബരിമലയിൽ മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു സ്ഥിതിഗതികൾ പരിശോധിച്ച ശേഷം നൽകിയ റിപ്പോർട്ടും ഇവരുടെയെല്ലാം അഭിപ്രായങ്ങൾ ശരി വയ്ക്കുന്നതാണ്.

താക്കുർളി ശ്രീ അയ്യപ്പ സമിതി രജത ജൂബിലി ആഘോഷവും അയ്യപ്പൻ വിളക്കും; ഒരുക്കങ്ങൾ ആരംഭിച്ചു
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here