കേരളീയ കലയ്‌ക്ക് കൈത്താങ്ങായി കെ എസ് എൻ എ

പ്രളയത്തിൽ മുങ്ങിയ കലയ്ക്ക് മുംബൈയിലെ കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല സഹായധനം കൈമാറി.

0
കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ തകർന്ന് പോയത് കുറെ കലാകാരന്മാരുടെ ജീവിത മാർഗം കൂടിയായിരുന്നു. ജീവിതങ്ങൾ കരുപ്പിടിപ്പിക്കാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായമൊഴുകിയെത്തിയപ്പോഴാണ് കലാകാരന്മാർക്ക് കൈത്താങ്ങായി മുംബൈയിൽ നിന്നും കേരള സംഗീത നാടക അക്കാഡമി പശ്ചിമ മേഖല സാംസ്‌കാരിക സമിതി മുന്നോട്ട് വരുന്നത്. പ്രളയത്തിൽ മുങ്ങിപ്പോയ ഗോതുതുരുത്തിലെയും സമീപ പ്രദേശങ്ങളിലെയും ചവിട്ടു നാടക കലാസമൂഹത്തെ ദത്തെടുത്ത്, അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു നൽകുമെന്ന പ്രഖ്യാപനമാണ് എല്ലാം നഷ്ടപ്പെട്ട ഈ പ്രദേശത്തെ കലാകാരന്മാർക്ക് ആശ്വാസമായത്. വെള്ളത്തിൽ മുങ്ങി ഉപയോഗ ശൂന്യമായ ആടയാഭരണങ്ങളും നാടക ഉപകരണങ്ങളും വസ്ത്രങ്ങളും നിർമ്മിച്ചെടുക്കാൻ നി 10 ലക്ഷം രൂപ പിരിച്ചെടുക്കുമെന്നാണ് കെ.എസ് എൻ എ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉന്നത സാംസ്‌കാരിക കേന്ദ്രമായ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്സ് കെ എസ് എൻ എ പശ്ചിമ മേഖലയുടെ ദൗത്യത്തിൽ പങ്കാളികളായതോടെ കലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗത വർദ്ധിച്ചു. ഉജാല രാമചന്ദ്രനെയും വി.ജി നായരെയും പോലുള്ള നിരവധി മലയാളികളടക്കം ഇതര ഭാഷക്കാരുടെയും കലാ സ്നേഹികളുടെയും പിന്തുണ കൂടി ലഭിച്ചതോടെ കെ എസ് എൻ എ പശ്ചിമ മേഖല സമിതി സമാഹരിച്ച സഹായത്തിന്റെ ആദ്യ ഗഢു ഭാരവാഹികൾ ഗോതുരുത്തിലെയും സമീപ പ്രദേശത്തെയും ആറു ചവിട്ടു നാടക കേന്ദ്രങ്ങൾ സന്ദർശിച്ചു കൈമാറി.
യുവജന ചവിട്ടുനാടക കലാസമിതി ഗോതുരുത്ത്, സബീന റാഫി ഫോക് ലോർ സെന്റർ, യുവകേരള ചവിട്ടു നാടക സമിതി കുറുംമ്പത്തുരുത്ത്, കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത്, നവരത്‌ന കലാ സാംസ്‌കാരിക വേദി തുരുത്തിപ്പുറം, ചവിട്ടുനാടക കലാസമിതി കുറുംമ്പത്തുരുത്ത് എന്നീ കളരികള്‍ക്കാണ് സഹായമെത്തിച്ചത്. മഹാ നഗരത്തോടുള്ള നന്ദിയും കടപ്പാടും നിറഞ്ഞു നിന്ന ചടങ്ങിൽ ചവിട്ടു നാടക ആചാര്യന്മാരായ തമ്പി പയ്യപ്പിള്ളി, എ എന്‍ അനിരുദ്ധന്‍, റോയ് ജോര്‍ജ്ജുകുട്ടി, ജോസഫ് സലിം, റാഫേല്‍ ചിറയത്ത്, ജയ്‌സണ്‍ ജേക്കബ്, കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല ചെയർപേഴ്‌സൺ പ്രിയ എം. വര്‍ഗീസ്, വൈസ് ചെയർമാൻ കേളി രാമചന്ദ്രൻ, ജിജോ ജോൺ പുത്തേഴത്ത്, ജോയ് ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു.
സഹായധനത്തിന്റെ അവസാന ഗഢു ഡിസംബർ അവസാനം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ഗോതുരുത്തിൽ വെച്ച് വിതരണം ചെയ്യും. മുഴുവൻ ആടയാഭരണങ്ങളും നിർമ്മിച്ചെടുത്ത ശേഷം ചവിട്ടു നാടകസംഘങ്ങൾ ആദ്യമായി വേദിയിലേക്ക് തിരിച്ചെത്തുന്ന ഈ ചടങ്ങ് ചവിട്ടു നാടക ഉത്സവമായി ആഘോഷിക്കാൻ വിവിധ ചവിട്ടു നാടക സമിതികളും കെഎസ്എൻഎ പശ്ചിമ മേഖലയും സംയുക്തമായി തീരുമാനിച്ചു.

ഉണർവ് നാടക മത്സരം – മുംബൈയിലെ യുവ പ്രതിഭകൾ അതിശയിപ്പിച്ചുവെന്ന് വിധികർത്താക്കൾ
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here