ദീപ നിഷാന്ത് കവിത മോഷണ വിവാദം; മുംബൈ സാഹിത്യ ലോകം പ്രതികരിക്കുന്നു. UPDATE

0
കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് കവിത മോഷ്ടിച്ചതായി പ്രചരിക്കുന്ന പരാതികളാണ് കേരളം പോയ പോയ വാരം കൂടുതൽ ചർച്ച ചെയ്തത്. കവി എസ് കലേഷിന്‍റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണമുയര്‍ന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ദീപയെ പൊങ്കാലയിട്ട് നിരവധി പേർ രംഗത്തു വന്നു.
ഏഴു വർഷം മുൻപ് കലേഷ് എഴുതിയ കവിതയാണ് ദീപ നിശാന്തിന്‍റെ ചിത്രം സഹിതം എകെപിസിറ്റിഎ മാഗസിനിൽ പ്രസിദ്ധീകരിച്ചത്. കവിത സുഹൃത്തുക്കള്‍ അയച്ചു നൽകിയപ്പോഴാണ് കവിത മോഷ്ടിച്ചതായി ശ്രദ്ധയിൽപ്പെട്ടതെന്ന് കലേഷ് ആരോപിച്ചു. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചിരിച്ച കവിതയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് കലേഷ് ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വിവാദം കത്തി പടർന്നതോടെ കവിതാ മോഷണ വിവാദത്തിൽ ദിപാ നിശാന്തും കവിത ദീപക്ക് നൽകിയ ശ്രീചിത്രനും മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പ്രതികരണവുമായി യുവ കവി കലേഷ് വീണ്ടും രംഗത്തെത്തി. മാപ്പ് അല്ല, മറുപടിയാണ് തനിക്ക് വേണ്ടതെന്ന് കലേഷ് ഫേസ്ബുക്കിൽ കുറിച്ചു. ‘ആരാണ് എന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു’ ഇങ്ങനെയാണ് കലേഷ് കുറിച്ചത്.
കണാകുണാ പറയാതെ കാര്യം തെളിച്ചു പറ ടീച്ചറെ എന്നും കവിത നൽകിയ ആളുടെ വിവരങ്ങൾ പുറത്തു വിട്ടാൽ കുടുംബം തകരുന്നതെങ്ങിനെ എന്നെല്ലാമാണ് സോഷ്യൽ മീഡിയകളിൽ ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങൾ
കേരളത്തിന് പുറത്തു ഏറ്റവും കൂടുതൽ സാഹിത്യ ഇടപെടലുകൾ നടക്കുന്ന മുംബൈ നഗരത്തിലെ പ്രമുഖ എഴുത്തുകാർ ഈ വിഷയത്തോട് പ്രതികരിക്കുന്നു.

::::::


മേഘനാദൻ, കഥാകാരൻ

കലേഷ് പറയുന്നതിൽ ശരിയുണ്ട്. അദ്ദേഹത്തിന്റെ കവിത മറ്റൊരാൾ മോഷ്ടിച്ചെടുത്തുവെന്ന് തെളിഞ്ഞിരിക്കുന്നു. മോഷ്ടാവ് എത്ര വലിയ പദവിയിലിരിക്കുന്ന ആളായാലും ആ തെറ്റ് സമ്മതിച്ച് ഉരുണ്ടുകളിക്കാതെ കൃത്യമായ മറുപടി നൽകുകയാണു വേണ്ടത്. മോഷ്ടിക്കാമെന്നുണ്ടെങ്കിൽ മറുപടി പറയാനെന്തിനു മടിക്കുന്നു? വലിയ കവികളെപ്പോലും സംശയിക്കേണ്ട സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

::::::

പി കെ മുരളീകൃഷ്ണൻ, കവി, നാടക പ്രവർത്തകൻ 

ഞാൻ പൂർണ്ണമനസ്സോടെ പ്രിയ കവി, എസ് കലേഷിനോടൊപ്പമാണ്. കലേഷ്, കേസ് കൊടുക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
“അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ” എന്ന കവിത വളരെ മുൻപ്, കലേഷിന്റെ ബ്ലോഗിലും പിന്നീട് മുഖപുസ്തകത്തിൽ കവിത ആരോ പരിചയപ്പെടുത്തിയപ്പോഴും വായിച്ചതോർക്കുന്നു.
“കവിതമലയാള “ത്തിന്റെ വഴിയിൽ വളരെ മുന്നിലേക്കുള്ള ഒരേറുപോലെ വ്യത്യസ്ഥമായൊരു കവിതയാണിതെന്ന്, അന്നേ തോന്നിയിരുന്നു. കലേഷിന്റെ “ശബ്ദമഹാസമുദ്രം” എന്ന കവിതാ സമാഹാരത്തിലും പിന്നീട് അതിന്റെ ആംഗല പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറിലും വന്നെന്നു കേട്ടിട്ടുണ്ട്. മറ്റൊരാളുടെ കവിത സ്വന്തം പേരിൽ ചിത്രസഹിതം അച്ചടിച്ചു വന്നതിനു ശേഷം, അഭ്യസ്തവിദ്യരെന്നു വിളിക്കപ്പെടുന്നവർ, അതിനെ, ഉളുപ്പില്ലാതെ, യാതൊരു അടിസ്ഥാനവുമില്ലാതെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ സുഹൃത്തും പൊന്നാനി എം ഇ എസിൽ കോളേജ്മേറ്റുമായിരുന്ന പ്രൊഫ. വിജു നായരങ്ങാടി, സാഹിത്യ മോഷണത്തിന്റെ പൂർവ്വകാല പാലക്കാടൻ കോളേജ് അനുഭവങ്ങളിലേക്ക് പരസ്യമായി വെളിച്ചം വീശിയതിൽ നിന്ന്, ഇത് ഇന്നലെ നടന്ന ഒരബദ്ധമല്ല, വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന “കൂട്ടുകൃഷി” തന്നെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ, അതിൽ തെറ്റു പറയാനാവില്ല.

 

കലാ സാഹിത്യ രംഗത്തെ ഇത്തരം പ്രവണത യാതൊരു വിധത്തിലും വെച്ചുപൊറുപ്പിക്കുവാൻ അനുവദിക്കരുത്.  മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ മാത്രമല്ല, അച്ചടി മലയാളം തന്നെ ഒരു കാലത്ത് പുത്തനെഴുത്തിനെ നാടുകടത്തിയപ്പോൾ, ബ്ലോഗിലൂടെയും, നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും എഴുതിത്തെളിഞ്ഞ് മലയാള കവിതയിൽ അടയാളം വെച്ച ഒരു തലമുറയുടെ കണ്ണികളിലൊന്നാണ് കലേഷ്. ഭാഷയിൽ അസാധ്യമായ ഇടപെടലുകളും പുതുക്കിപ്പണിയലും കൊണ്ട് സ്വന്തമായ ഒരിടം കണ്ടെത്തിയവൻ. നല്ല കവിയാണ് കലേഷ്.  സാഹിത്യ രംഗത്ത് ഊതി വീർപ്പിക്കപ്പെട്ടവരുടെ ഗണത്തിൽ അവനെ ഉൾപ്പെടുത്താനും കഴിയില്ല.  ജാതി മത രാഷ്ട്രീയ ഭേദമന്യേ, മലയാളം കലേഷിനൊപ്പം നിൽക്കണം. കലേഷിന് നീതി ലഭിക്കണം.

::::::


ഗിരിജാവല്ലഭൻ, എഴുത്തുകാരൻ

കഥകളിലും കവിതകളിലുമൊക്കെ ഇതിവൃത്തത്തില്‍ സാദൃശ്യമുണ്ടാകുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. പക്ഷേ മുമ്പ് പ്രസിദ്ധീകരിച്ച ഒരു രചന മറ്റൊരാളുടെ പേര് വച്ച് പ്രസിദ്ധീകരിക്കുന്നത് മാപ്പ് അര്‍ഹിക്കാത്ത അപരാധമാണ്. ദീപ നിശാന്തിന്റെ പേര് വച്ച് ഈയിടെ പ്രസിദ്ധീകരിച്ച കവിതയില്‍ എസ.കലേഷിന്റെ 2011 ല്‍ പ്രസിദ്ധീകരിച്ച കവിതയിലെ അതേ വരികള്‍; ചില വരികളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മാത്രം. ദീപ നിശാന്ത് ക്ഷമ ചോദിച്ചെങ്കിലും, എന്തൊക്കെയോ മറച്ചു വക്കാന്‍ അവര്‍ ശ്രമിക്കുന്നില്ലേ? മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട്, ആ പ്രതിസന്ധികൾ കാലം തെളിയിക്കും എന്നൊക്കെയല്ലേ ദീപ പറയുന്നത്. എന്താണ് ഇനിയും ഇതിലുള്ള രഹസ്യങ്ങള്‍?

::::::


വടശ്ശേരി സോമൻ, പത്രപ്രവർത്തകൻ

ഒരു മാപ്പു പറച്ചിലിൽ ചെയ്ത തെറ്റ് കഴുകിയുണക്കാൻ പറ്റിയേക്കാം…
പക്ഷേ… ആ സാഹിത്യ സൃഷ്ടിയുടെ യഥാർത്ഥ സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് അയാളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയാണാവശ്യം… അത് നൽകാൻ ശ്രീമതി ദീപ നിശാന്ത് ബാദ്ധ്യസ്ഥയാണ്…,
::::::


രാജൻ കിണറ്റിങ്കര, സാഹിത്യകാരൻ

ഒരേ വിഷയത്തിൽ രണ്ടു പേർ രണ്ടു കാലഘട്ടങ്ങളിൽ എഴുതുമ്പോൾ ചില സാദൃശ്യങ്ങളും സമാനതകളും കണ്ടേയ്ക്കാം പക്ഷെ ഇവിടെ സംഭവിച്ചത് സമാനതകൾ ഇല്ലാത്ത വരികൾ കുറവാണെന്നാണ്. കവിതയുടെ ടൈറ്റിലിനെ പോലും വെറുതെ വിട്ടില്ല. സോഷ്യൽ മീഡിയകളിൽ ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും തെറ്റ് എങ്ങിനെ സംഭവിച്ചു എന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രചയിതാവെന്ന് പറയുന്ന ആൾക്ക് ഒഴിഞു മാറാനാകില്ല. വിശദീകരണങ്ങൾ വിഫലമാകുന്ന ചില സന്ദർഭങ്ങളുണ്ട് പ്രത്യേകിച്ചും സാഹിത്യലോകത്ത് . ജാഗരൂകരാകേണ്ടിയിരിക്കുന്നു എഴുത്തുകാർ. ഇത് യഥാർത്ഥ രചയിതാവിന് ഉണ്ടാക്കുന്ന വിഷമം ചെറുതല്ല.

:::::::


ഡിംപിൾ ഗിരീഷ്, എഴുത്തുകാരി, നർത്തകി

കലേഷിന്റെ കവിത മോഷ്ടിച്ചതും ശ്രീ ചിത്രൻ അത് ദീപ നിഷാന്തിന് കൊടുത്തതും അവരുടെ പേരിൽ സർവീസ് മാഗസിനിൽ അച്ചടിച്ചു വന്നതും തെറ്റ് തന്നെയാണ്, ശ്രീ ചിത്രൻ മുൻപും അത് ചെയ്തിട്ടുണ്ട് എന്നത് തെളിവ് സഹിതം പലരും നിരത്തുന്നു. മാപ്പ് അല്ല കലേഷിന് മറുപടിയാണ് കൊടുക്കേണ്ടത് എന്ന പക്ഷത്തു തന്നെയാണ് ഞാനും… (ദളിത്‌ സ്ത്രീ സവർണ്ണൻ എന്നതൊന്നും ഇവിടെ വിഷയമേ ആക്കേണ്ടതില്ല ) എങ്കിലും വേറെ ചിലത് കൂടി പറയാനുണ്ട്.
കവിത മോഷ്ടിക്കുന്നതും അച്ചടിക്കുന്നതുമൊക്കെ ലോകത്ത് ആദ്യമായി സംഭവിക്കുന്ന കാര്യമാണോ? അതിത്രയും ചർച്ചയാക്കേണ്ട വിഷയമാണോ?
പണ്ട് മുതലേ ദീപയിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിട്ടുണ്ട്. സെൽഫ് മാർക്കറ്റിംഗ് നന്നായറിയാവുന്ന കച്ചവടക്കാരി എന്നതിനപ്പുറം ഒരു ബഹുമാനവും അവരോട് തോന്നിയിട്ടുമില്ല… ദീപ ഒളിച്ചു വെക്കുന്നുണ്ട് പലതും ഇപ്പോഴും… ഇനിയെന്തെങ്കിലും അവർ തുറന്ന് പറയുമോ എന്നത് കണ്ടറിയണം.
കേരളത്തിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്നു വന്ന നവോത്ഥാന പ്രസംഗങ്ങളിലെ സ്ഥിര സാന്നിധ്യമായ ശ്രീചിത്രനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തുക എന്നത് പലരുടെയും നിലനില്പിന്റെ തന്നെ പ്രശ്നമായി മാറിയിട്ടുണ്ട് എന്നത് ചേർത്ത് വായിക്കുമ്പോൾ മോഷ്ടിക്കപ്പെട്ട കവിതക്കുമപ്പുറം ആരൊക്കെയോ ചേർന്ന് മറ്റെന്തൊക്കെയോ കൂടി സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചതിന്റെ അനന്തര ഫലം മാത്രമാണ് ഈ വിവാദം എന്ന് കണ്ണടച്ച് ഇരുട്ടാക്കാത്ത ആർക്കും മനസിലാവുന്ന ഒന്ന് തന്നെയാണ്. ടാർഗറ്റ് ശ്രീചിത്രനിലേക്ക് തന്നെയാണ് ഉറ്റു നോക്കുന്നത്.
:::::

LEAVE A REPLY

Please enter your comment!
Please enter your name here