പരസ്പര ബഹുമാനമില്ലാത്തവരാണ് മുംബൈയിലെ എഴുത്തുകാരെന്ന് കെ ഡി ചന്ദ്രൻ

മലാഡ് ബച്ചാനി നഗറിലെ ചിൽഡ്രൻസ് അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥി രോഹൻ ഭട്ട് ആദ്യ പ്രതി സ്വീകരിച്ചു 'പടിയൂരിന്റെ സ്നേഹദീപം' പ്രകാശനം ചെയ്തു.

0
മുംബൈയിലെ അറിയപ്പെടുന്ന നടനും എഴുത്തുകാരനുമായ രാജേന്ദ്രൻ പടിയൂരിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചലച്ചിത്ര നടൻ കെ ഡി ചന്ദ്രൻ. എഴുത്തുകാർ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കണമെന്നും മറ്റൊരാളുടെ സൃഷ്ടിയെ അംഗീകരിക്കുവാനുള്ള മനസ്സും വളർത്തിയെടുക്കണമെന്ന് കെ ഡി ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു എഴുത്തുകാരന്റെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ സാഹിത്യ സദസ്സിനെ കാണുവാൻ കഴിയാത്തതിന്റെ പരിഭവം പങ്കു വയ്ക്കുകയായിരുന്നു സാമൂഹിക പ്രവർത്തകൻ കൂടിയായ കെ ഡി ചന്ദ്രൻ.
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു കാലത്ത് മുംബൈ കലാ സാംസ്‌കാരിക വേദിയിലെ നിറ സാന്നിധ്യമായിരുന്ന കെ ഡി ചന്ദ്രൻ ഒരു പൊതു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നത്. ചൈന ഗേറ്റ്, പുക്കാർ, ഹം ഹേ റഹി പ്യാർ കെ, തേരെ മേരെ സപ്നേ, തീസാര കോൻ, കോയി മിൽ ഗയ, തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മുൻ നിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള ഏക മലയാളി കൂടിയാണ് കെ ഡി ചന്ദ്രൻ. പ്രശസ്ത നർത്തകിയും സിനിമാ-ടെലിവിഷൻ താരവുമായ സുധ ചന്ദ്രൻ മകളാണ്.
രാജേന്ദ്രൻ പടിയൂർ പലപ്പോഴായി എഴുതി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും അച്ചടിച്ച് വന്ന കവിതകളടക്കമുള്ള 65 കൊച്ചു കൊച്ചു കവിതകൾ കോർത്തിണക്കിയാണ് ‘സ്നേഹദീപം’ പുറത്തിറക്കിയിരിക്കുന്നത്. നാടക രചയിതാവ്, നടൻ, സംവിധായകൻ കൂടാതെ സിനിമാ സീരിയൽ രംഗത്തും പ്രതിഭ തെളിയിച്ചിട്ടുള്ള പടിയൂരിന്റെ ആദ്യ പുസ്തകം കൂടിയാണ് സ്നേഹദീപം. മലാഡ് ബച്ചാനി നഗറിലെ ചിൽഡ്രൻസ് അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥി രോഹൻ ഭട്ട് ആദ്യ പ്രതി സ്വീകരിച്ചു ‘സ്നേഹദീപം’ പ്രകാശനം ചെയ്തു.
പ്രൊഫ പറമ്പിൽ ജയകുമാർ ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. സമകാലിക ജീവിതാനുഭവങ്ങളിൽ നിന്നും വിഷയങ്ങൾ കണ്ടെത്തി, ഭാരതീയ ചിന്താധാരയിൽ മാറ്റുരച്ച് തനിക്ക് മാത്രം വശമുള്ള കരവിരുതോടെ രൂപ ഭാവ ശില്പങ്ങൾ നിർമ്മിക്കുന്ന അനുഗ്രഹീതനാണ് രാജേന്ദ്രൻ പടിയൂർ എന്നാണ് പറമ്പിൽ തന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
നാടകാന്തം കവിത്വം എന്ന ചൊല്ല് അക്ഷരാർഥത്തിൽ സംഗതമാക്കിയി രിക്കയാണ് സ്നേഹദീപം എന്ന കവിതാ സമാഹാരത്തിലൂടെ എന്നാണ് പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് എഴുത്തുകാരനും ചിന്തകനുമായ കെ രാജൻ അഭിപ്രായപ്പെട്ടത്. വൈവിധ്യപൂർണവും തീവ്രവും തീഷ്ണവുമായ ജീവിതാനുഭവങ്ങളും നിരീക്ഷണവും വായനയും സഹൃദയലോകത്തോട് അർഥപൂർണമായി സംവദിക്കാൻ കവിതകളിലൂടെ പ്രാപ്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ, അഡ്വക്കേറ്റ് പദ്മാ ദിവാകരൻ, ഇ.പി വാസു, വിജയകുമാർ (കേരള ഇൻ മുംബൈ) പ്രേംലാൽ, യൂ എൻ ഗോപി നായർ, വി. മുകുന്ദൻ തുടങ്ങിയ പ്രമുഖർ വേദി പങ്കിട്ടു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സുമാ മുകുന്ദൻ, വിജയ മേനോൻ, രാഖി സുനിൽ, സത്യനാഥ് ,എൻ ടി പിള്ള, സുരേഷ് കുമാർ തുടങ്ങി നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. അഡ്വക്കേറ്റ് പി ആർ രാജ്‌കുമാർ ചടങ്ങ് നിയന്ത്രിച്ചു.
പത്താമത്തെ വയസ്സിൽ 1959ൽ ആണ് മാതാപിതാക്കളോടൊപ്പം രാജേന്ദ്രൻ പടിയൂർ ബോംബെ എന്ന മഹാനഗരത്തിലെത്തുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇന്റീരിയർ ഡെക്കറേഷനിൽ ഡിപ്ലോമയെടുത്തു. 23 വർഷം ഒരു ബ്രിട്ടീഷ് പബ്ലിഷിംഗ് കമ്പനിയിൽ ജോലി നോക്കി. സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ അഭിനയത്തിൽ താല്പര്യം കാണിച്ച രാജേന്ദ്രൻ മലയാളം കൂടാതെ തമിഴ് കന്നഡ, തുളു, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റി അറുപതിലേറെ നാടകങ്ങളിൽ അഞ്ഞൂറോളം വേദികൾ പൂർത്തിയാക്കിയിട്ടുണ്ട്. പരസ്യ ചിത്രങ്ങൾ, ടെലി സീരിയലുകൾ, കൂടാതെ അഭ്രപാളികളിലും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 5 പ്രൊഫഷണൽ നാടകങ്ങൾ കൂടാതെ മുംബൈയിലെ മലയാളി സംഘടനകൾക്ക് വേണ്ടിയും നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാജേന്ദ്രൻ പടിയൂർ ഈ മേഖലയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

എയ്മ മെഗാ ഷോയ്ക്ക് തിളക്കമേകാൻ ബിഗ് ബിയും
ശരീരത്തെ പാട്ടിലാക്കുന്ന സംഗീത വിദ്യയുമായി അലക്സ് പോൾ മുംബൈയിൽ

LEAVE A REPLY

Please enter your comment!
Please enter your name here