തലമുറകളുടെ സംഗമ വേദിയായി ഗോൾഡൻ വോയ്‌സ് സീസൺ 2

0
ഗോൾഡൻ വോയ്‌സ് അവതാരക നീതി നായരാണ് തനിക്ക് ലഭിച്ച അപൂർവ ഭാഗ്യത്തിന് സന്തുഷ്ടി പ്രകടിപ്പിച്ചത്. നീതിയുടെ നാല് വയസ്സുകാരൻ മകൻ വിഖ്യാത് നായർ ചെണ്ടയിൽ വിസ്മയം തീർക്കുന്ന കുരുന്നു പ്രതിഭയാണ്. അത് പോലെ തന്നെ ഇക്കുറി മത്സരത്തിന് നീതിയുടെ അച്ഛൻ രവികുമാറും മത്സരാർഥിയായെത്തിയത് തികച്ചും യാദൃശ്ചികം. അച്ഛൻ പാടുന്ന വേദിയിൽ മകൾ അവതാരകയായെത്തുന്ന കൗതുകത്തിന് തിളക്കം കൂട്ടുവാനാണ് കൊച്ചു മകൻ വിഖ്യാതിന്റെ സ്പെഷ്യൽ പെർഫോമൻസ് കൂടി ആകാമെന്ന് ആംചി മുംബൈ തീരുമാനിക്കുന്നത്. ഇതോടെ ആംചി മുംബൈ ഗോൾഡൻ വോയ്‌സ് മത്സരവേദി തലമുറകളുടെ അപൂർവ സംഗമ വേദിയായി മാറുകയായിരുന്നു.
സംഗീത വേദികളിൽ സജീവമല്ലെങ്കിലും രവികുമാർ നായർ നല്ലൊരു സംഗീത പ്രിയനാണ്. പാലക്കാടുള്ള ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചിട്ടുള്ള രവികുമാർ എലൈറ്റ് ഓർക്കസ്ട്രയിലെ ഗായകനായിരുന്നു. പിന്നീട് ജോലിത്തിരക്കുകൾക്കിടയിൽ മാറ്റി വച്ച പ്രതിഭയെ പൊടിതട്ടിയെടുക്കുകയായിരുന്നു ഗോൾഡൻ വോയ്‌സ് മത്സരവേദിയിൽ. ബറോഡ ഹൈടെക്കിൽ ഡെപ്യൂട്ടി ജനറൽ മാനേജരാണ് രവികുമാർ നായർ.
വിവാഹ ശേഷം പുണെയിൽ സ്ഥിരതാമസമാക്കിയ നീതിയുടെ മകൻ വിഖ്യാത് നഴ്‌സറി വിദ്യാർത്ഥിയാണ്. വിഖ്യാത് നന്നേ ചെറുപ്പത്തിൽ തന്നെ വാദ്യകലയോട് ആഭിമുഖ്യം കാണിച്ചിരുന്നുവെന്ന് നീതി പറയുന്നു. വാദ്യരംഗത്തെ കുലപതിയായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാറുടെ ആശിർവാദം വാങ്ങിയാണ് ഈ കൊച്ചു മിടുക്കൻ ചെണ്ടയിൽ ആദ്യ താളം കുറിക്കുന്നത്. മുംബൈയിലെ അറിയപ്പെടുന്ന വാദ്യകലാകാരനായ അനിൽ പൊതുവാളിന്റെ ശിക്ഷണത്തിൽ വാദ്യകലയിലെ ആദ്യ പാഠങ്ങൾ ഇളം പ്രായത്തിൽ തന്നെ സ്വായത്തമാക്കി. ഇപ്പോൾ പൂനെയിൽ ഗുരു ഹരിഹരൻ മാരാറുടെ കീഴിൽ ചെണ്ട അഭ്യസിച്ചു കൊണ്ടിരിക്കുന്നു.
വിഖ്യാതിന്റെ ചെണ്ട മേളവും രവി കുമാറിന്റെ ഗാനാലാപനവും നീതിയുടെ അവതരണവും ഒരു വേദിയിൽ നിറഞ്ഞാടിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമാകുകയായിരുന്നു.
ആംചി മുംബൈ സംഘടിപ്പിച്ച ഗുഡ് വിൻ ഗോൾഡൻ വോയ്സിലൂടെയാണ് നീതി നായർ ടെലിവിഷൻ അവതരണ രംഗത്തു ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്ന നീതി നിരവധി സ്റ്റേജുകൾ പിന്നിട്ട ഗായികയും നർത്തകിയുമാണ്.
നീതിയുടെ നേതൃത്വത്തിൽ അന്നപൂർണ നൃത്യോദയ എന്ന ഡാൻസ് ക്ലാസും പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. അന്നപൂർണ നൃത്യോദയയിൽ നാനാ ജാതി മതസ്ഥരായ കുട്ടികൾ നൃത്തം അഭ്യസിച്ചു വരുന്നു. ഭാരത നാട്യത്തിലും, മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയ നീതി നായർ ഗുരു ഉദ്യോഗ മണ്ഡൽ വിക്രമൻ പിള്ളയുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ലാസ്യ മോഹിനി, കലാശ്രീ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നീതി കുടുംബ സമേതം പൂനെയിൽ താമസിക്കുന്നു.

മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർ
എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here