യുവ നേതൃത്വത്തിന് ലഭിച്ച അംഗീകാരമെന്ന് കോൺഗ്രസ് നേതാവ് കുമാരൻ നായർ

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതോടെ മുംബൈയിൽ ഓഹരി വിപണിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്.

0
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തിരിച്ചടിയോട് പ്രതികരിക്കുകയായിരുന്നു മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുമാരൻ നായർ. പലരും നിസ്സാരവത്കരിച്ചു കണ്ടിരുന്ന രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിനുള്ള അംഗീകാരം കൂടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ ജനദ്രോഹ നടപടികളാണ് ബി ജെ പി നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും കുമാരൻ നായർ പറഞ്ഞു. നോട്ടു നിർത്തലാക്കിയും പെട്രോൾ വില വർധിപ്പിച്ചും ജനജീവിതം ദുസ്സഹമാക്കിയതിലുള്ള പ്രതിഷേധം കൂടിയാണ് ജനവിധി സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്നും കുമാരൻ നായർ പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ ബി ജെ പി നേരിട്ട പരാജയത്തിന് കാരണം പ്രാദേശിക പ്രശ്നങ്ങൾ ആണെന്നാണ് പുണെ സിറ്റി പ്രസിഡണ്ട് രാജീവ് കുറ്റിയാറ്റൂർ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ നയങ്ങളുമായി തിരഞ്ഞെടുപ്പ് ഫലത്തിന് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ പ്രാദേശിക വിജയം സ്വാധീനിക്കില്ലെന്നാണ് ജനവിധിയെ സ്വാഗതം ചെയ്തു കൊണ്ട് രാജീവ് പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ വലിയ പരാജയമായി കാണാനാകില്ലെന്നാണ് ബി ജെ പി വസായ് മണ്ഡലം അദ്ധക്ഷൻ ഉത്തംകുമാർ പറഞ്ഞത്. പ്രാദേശിക ഭരണ വിരുദ്ധ വിധിയെഴുത്തായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും ഉത്തംകുമാർ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതോടെ മുംബൈയിൽ ഓഹരി വിപണിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളുടെ ചുവടുപിടിച്ച് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റ് ആണ് ഇടിഞ്ഞത്. ഇത് ഓഹരി വിപണിയെ ആശങ്കയിലാക്കിയിരിക്കയാണ്. എന്നാൽ വിപണിയുടെ പെട്ടെന്നുള്ള തിരിച്ചടിയിൽ ആകുലപ്പെടേണ്ടതില്ലെന്നും ഇതൊരു താൽക്കാലിക പ്രതിഭാസമാണെന്നും സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകി. ബാങ്ക്, ഐടി ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.


എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു
കണ്ണൂരിൽ പറന്നിറങ്ങാൻ ആദ്യം മോഹിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റൻ കൃഷ്ണൻ നായർ

LEAVE A REPLY

Please enter your comment!
Please enter your name here