മഹാരാഷ്ട്ര മഹോത്സവത്തിന് തുടക്കമായി; ഇക്കുറി ആഘോഷങ്ങളില്ലാതെ മുംബൈ മലയാളികൾ

മഹാരാഷ്ട്ര മഹോത്സവത്തിന് ഡിസംബർ 9 ന് കെ ഡി എം സി ഗ്രൗണ്ടിൽ തുടക്കമായി. ഉൽഘാടന ചടങ്ങിൽ മന്ത്രി രവീന്ദ്ര ചവാൻ, രമേശ് പാട്ടിൽ എം എൽ എ കൂടാതെ നിരവധി പ്രാദേശിക നേതാക്കളും പങ്കെടുത്തു.

0
രാജ്യം കണ്ട ഏറ്റവും വലിയ സാംസ്കാരിക മാമാങ്കമായി മഹാരാഷ്ട്ര കേരള മഹോത്സവം ഇടം നേടിയപ്പോൾ, സാംസ്കാരിക നഗരമായ ഡോംബിവിലി പോയ വർഷം സാക്ഷ്യം വഹിച്ചത് ദേശീയോദ്ഗ്രഥനത്തിന്റെ കേളി കൊട്ടിനായിരുന്നു. ഡോംബിവ്‌ലി കെ ഡി എം സി ഗ്രൗണ്ടിൽ 2017 ഡിസംബർ 9 മുതൽ 17 വരെ നീണ്ടുനിന്ന ഒമ്പതു ദിവസത്തെ കലാ സാംസ്കാരിക മേളയിൽ ആശയത്തിന്റെയും ആവിഷ്കാരത്തിന്റെയും കൂട്ടായ്മയുടെയും കയ്യൊപ്പു പതിഞ്ഞിരുന്നു. ഏകദേശം 11 ലക്ഷത്തോളം പേർ കാണികളായെത്തിയ ഈ സാംസ്കാരിക മാമാങ്കം കലാ കായിക രാഷ്ട്രീയ സാഹിത്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും രണ്ടു ദേശങ്ങളുടെ വൈവിധ്യമായ കലകളുടെ സമന്വയത്താലും സമ്പന്നമായിരുന്നു.
ഈ വർഷത്തെ മഹാരാഷ്ട്ര മഹോത്സവത്തിന് ഡിസംബർ 9 ന് കെ ഡി എം സി ഗ്രൗണ്ടിൽ തുടക്കമായി. ഉൽഘാടന ചടങ്ങിൽ മന്ത്രി രവീന്ദ്ര ചവാൻ, രമേശ് പാട്ടിൽ എം എൽ എ കൂടാതെ നിരവധി പ്രാദേശിക നേതാക്കളും പങ്കെടുത്തു. മഹാരാഷ്ട്ര കേരള കൾച്ചറൽ ഓർഗനൈസേഷനെ പ്രതിനിധീകരിച്ചു ചടങ്ങിൽ സംബന്ധിച്ച ചെയർമാൻ ഡോ ഉമ്മൻ ഡേവിഡ്, പ്രസിഡണ്ട് സുനിൽകുമാർ, സെക്രട്ടറി പ്രേംലാൽ എന്നിവരെ അഗ്രി സമാജം ഭാരവാഹികൾ പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു.
പ്രളയക്കെടുതിയിൽ ദുരിതത്തിലായ ജന്മനാടിനോടൊപ്പം ചേർന്ന് ഇക്കുറി ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര കേരള കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. കേരളീയ കലാ സാംസ്‌കാരിക മേളകളുടെ അഭാവം ആഗ്രി മഹോത്സവത്തിന്റെ നിറം കെടുത്തിയെന്നും കേരളത്തിന് സംഭവിച്ച നാശനഷ്ടങ്ങളിൽ ദുഃഖമുണ്ടെന്നും മലയാളി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആഗ്രി സമാജ് സെക്രട്ടറി ഗുലാബ് വാസേ സംസാരിച്ചു.
കഴിഞ്ഞ 7 വർഷമായി ആഗ്രി മഹോത്സവത്തിന്റെ പ്രധാന സ്പോൺസർമാരായ ഗുഡ് വിൻ ഗ്രൂപ്പ് സ്റ്റാളിന്റെ ഉത്ഘടനവും നടന്നു. രണ്ടു മൂന്ന് വർഷം മുൻപ് ഈ സ്റ്റാളിൽ വച്ചാണ് യാദൃശ്ചികമായി മഹാരാഷ്ട്ര കേരള മഹോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് അഗ്രി സമാജം സെക്രട്ടറി ഗുലാബ് വാസേ പറഞ്ഞു. പിന്നീട് പ്രദേശത്തെ മലയാളി സംഘടനാ ഭാരവാഹികളുടെ ഒരു യോഗം വിളിച്ചു കൂട്ടി സാംസ്‌കാരിക വിനിമയമെന്ന ആശയത്തെ കുറിച്ച് സംവദിക്കുകയും ഇതിനായി മഹാരാഷ്ട്ര കേരളാ കൾച്ചറൽ ഓർഗനൈസേഷൻ എന്നൊരു സംഘടനക്ക് രൂപം നൽകുകയുമായിരുന്നു. വിവിധ സംഘടനകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി പിന്നീട് ആഗ്രി സമാജ് പ്രതിനിധികളുമൊത്ത് സംയുക്തമായി നടത്തിയ ചർച്ചയിൽ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തിന്റെ സാക്ഷാത്കാരമായിരുന്നു പോയ വർഷം വിജയകരമായി നടന്ന മഹാരാഷ്ട്ര കേരള മഹോത്സവം.
ഒമ്പതു ദിവസത്തെ സാംസ്കാരിക മാമാങ്കത്തിൽ കേരളീയ സമാജം, ഡോംബിവലി, നായർ സമാജം, ഡോംബിവലി, കാർഘർ മലയാളി സമാജം, കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ, കല്യാൺ മലയാളി സമാജം, ഹോളി ഏഞ്ചൽസ് സ്‌കൂൾ, സ്റ്റേജ് ഇന്ത്യ അക്കാദമി താനെ, തുടങ്ങി നിരവധി സംഘടനകളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികളായിരുന്നു അരങ്ങേറിയത്. ആഗ്രി മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ലാവണി, കോലി നൃത്തം തുടങ്ങി മാറാത്ത സംസ്കാരത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾക്കും മഹോത്സവം വേദിയായി.

 

ഉദ്ഘാടന സന്ധ്യയിൽ വെള്ളിത്തിരയുടെ നാട്യങ്ങളില്ലാതെ അടൂർ ഗോപാലകൃഷ്ണൻ, മധു , ഷീല , സൂര്യകൃഷ്ണമൂർത്തി, എം.ജി . ശ്രീകുമാർ , സ്വാമി കൃഷ്ണാനന്ദ സരസ്വതി തുടങ്ങിയവരെ കൂടാതെ മലയാളത്തിലെയും മഹാരാഷ്ട്രയിലെയും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്രിക്കറ്റർ വിനോദ് കാംബ്ലി, ബോളിവുഡ് താരങ്ങളായ അഫ്താബ് ശിവദാസാനി, ഗുൽഷൻ ഗ്രോവർ, മിലിന്ദ് ഗുനാജി തുടങ്ങിയ പ്രശസ്തരും രണ്ടു സംസ്കാരങ്ങൾ കൈകോർത്ത മഹോത്സവത്തിൽ വിശിഷ്ടാതിഥികളായെത്തി. കേരളീയ ശൈലിയിൽ മുണ്ടുടുത്ത് കാംബ്ലിയും മഹാരാഷ്ട്രയുടെ പരമ്പരാഗത വേഷത്തിലെത്തിയ സംഘാടകരും പൂരനഗരിയിൽ കൗതുക കാഴ്ചകളായിരുന്നു.

 


എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here