കാത്തിരിപ്പ് വെറുതെയായി; ഒടിയൻ ബോറടി (Movie Review)

കാണികൾക്ക് ഒടി വച്ചത് ആന്റണിയോ ശ്രീകുമാറോ ?. നവി മുംബൈയിലെ ഇനോക്‌സിൽ ആദ്യ പ്രദർശനം കാണാനെത്തിയ പ്രേക്ഷകർ നിരാശയാണ് പങ്കു വച്ചത്.

0
ഏറെ കൊട്ടിഘോഷങ്ങൾക്കൊടുവിൽ ഒടിയൻ വിദ്യകളുമായെത്തിയ മോഹൻലാൽ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നതിനേക്കാൾ ബോറടിപ്പിക്കുകയായിരുന്നുവെന്നാണ് മുംബൈയുടെ ആദ്യ പ്രതികരണം. നവി മുംബൈയിലെ ഇനോക്‌സിൽ ആദ്യ പ്രദർശനം കാണാനെത്തിയ പ്രേക്ഷകർ നിരാശയാണ് പങ്കു വച്ചത്. പ്രവർത്തി ദിവസം ആയിരുന്നതിനാൽ കാണികളിൽ ഭൂരിഭാഗവും യുവതലമുറയായിരുന്നു.
ഇന്ത്യൻ സിനിമ ഇന്നുവരെ കാണാത്ത പ്രമോഷൻ തന്ത്രങ്ങൾ തന്നെയാണ് ഈ മോഹൻലാൽ ചിത്രത്തിന് ഇത്രയേറെ പ്രതീക്ഷകൾ ഉണ്ടാക്കുവാൻ കാരണമായത്. ഒരു പക്ഷെ പ്രചാരണ തന്ത്രങ്ങളുടെ അതി പ്രസരം തന്നെയാകും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ പ്രതിഫലിച്ച നിരാശ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലുമെല്ലാം പരസ്പരം കൗണ്ടർ അടിച്ചാണ് മുംബൈയിലെ യുവാക്കൾ ചിത്രത്തെ ഉടനീളം ട്രോളി കൊണ്ടിരുന്നത്. കാണികളെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയാതെ പോയതിന്റെ സൂചനയാണ് ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ നടത്തുന്ന ട്രോളുകൾ. ഒരു പക്ഷെ സിനിമയേക്കാൾ അടുത്തിരുന്ന കാണികൾ കൂടുതൽ ആസ്വദിച്ചതും പിള്ളേരുടെ കൗണ്ടറുകളായിരുന്നു.

ചുമ്മാ പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ലാലേട്ടന്റെ മാനറിസങ്ങൾ കണ്ടിരിക്കാനാണെങ്കിൽ മാത്രം ഒടിയനെ സഹിക്കാം.

ചിത്രത്തിന് വേണ്ടി ആന്റണിയുടെ അനാവശ്യമായ ഇടപെടലുകൾ ശ്രീകുമാറിനെ പലപ്പോഴും ചൊടിപ്പിച്ചിരുന്നതായി വാർത്തകൾ പരന്നിരുന്നു. അര മണിക്കൂർ കൊണ്ട് പറയാവുന്ന കഥ 2 മണിക്കൂർ 45 മിനുട്ടിൽ വലിച്ചു നീട്ടി പീറ്റർ ഹെയ്‌നും സൗണ്ട് എഞ്ചിനീയർ സാമും, അനിമേറ്റർ അസീസ് ഗിരിയും ചേർന്ന് ഒരു ഗ്രാമീണ കഥയെ വികൃതമാക്കിയതിന്റെ ഉത്തരവാദിത്വം ശ്രീകുമാറിനാണോ ആന്റണിക്കാണോ എന്നാണ് ഇനി അറിയേണ്ടത്. സ്റ്റോറി ബോർഡില്ലാതെ മോഹൻലാൽ എന്നൊരു മോഡലിനെ വച്ച് ചെയ്‌ത പരസ്യ ചിത്രങ്ങൾ കൂട്ടി യോജിപ്പിച്ച പ്രതീതിയാണ് ഒടിയൻ നൽകുന്നത്. പുലിമുരുകനെ ഓർമ്മപ്പെടുത്തുന്ന ബീജിയും കാതടപ്പിക്കുന്ന അവതരണ സംഗീതവും മോഹൻലാൽ എന്ന നടന് അമാനുഷിക പ്രതിഛായ നൽകാൻ മനഃപൂർവം കുത്തി തിരുകിയതായി അനുഭവപ്പെടും. പുലിമുരുകനിലെ സ്വാഭാവികത ഒടിയനിൽ കാണാനായില്ല. കരിമ്പടം രജനി സ്റ്റൈലിൽ ചുഴറ്റി എറിഞ്ഞു കൊണ്ട് സ്ലോ മോഷനിൽ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ നടന്നകലുന്ന ഓടിയന്റെ ആവർത്തന രംഗങ്ങളും ആന്റണിയുടെ ഇടപെടലായിരിക്കണം. ദൃശ്യത്തിനും പശ്ചാത്തല സംഗീതത്തിനുമെല്ലാം ശ്രദ്ധ പതിപ്പിച്ച സംവിധായകന് തിരക്കഥയുടെ ആത്മാവ് അഭ്രപാളിയിലേക്ക് പകർന്നാടാൻ കഴിയാതെ പോയതാണ് ഒടിയൻ ലാഗ് ചെയ്യാൻ കാരണം. ചുമ്മാ പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ലാലേട്ടന്റെ മാനറിസങ്ങൾ കണ്ടിരിക്കാനാണെങ്കിൽ മാത്രം ഒടിയനെ സഹിക്കാം.
.

 

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വന്ന പാളിച്ചയാണ് ഓടിയനെ വിരസമാക്കിയതിൽ പ്രധാന പങ്കു വഹിച്ചിരുന്നത്. മോഹൻലാൽ എന്ന നടന് മലയാളികൾ കൽപ്പിച്ചു നൽകിയ ഒരു ഇമേജ് ഉണ്ട്. അതിനോട് നീതി പുലർത്താത്ത കഥാപാത്രമാണ് ഒടിയനായെത്തുന്ന മോഹൻലാൽ. സിദ്ദിഖിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. പ്രകാശ് രാജ്, മഞ്ജു വാരിയർ എന്നിവർ മാത്രമാണ് കഥാപാത്രങ്ങളോട് നീതി പുലർത്തിയ രണ്ടു അഭിനേതാക്കൾ.

ക്ലൈമാക്സ് രംഗത്ത് അരങ്ങേറിയ 20 മിനുട്ട് നീണ്ടു നിന്ന സംഘട്ടന രംഗം രജനികാന്ത് ചിത്രങ്ങളെ പോലും നാണിപ്പിക്കും.

ചിത്രത്തിന് വേണ്ടി മോഹന്‍ലാൽ മെലിയുന്നുവെന്ന വാർത്തകളും തുടർന്ന് ലാലിൻറെ മീശയില്ലാത്ത ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. യുവാവായ ഓടിയന്റെ കട്ട് ഔട്ടുകളാണ് പ്രചാരണ വേദികളിലെയും മുഖ്യ ആകർഷണം. എന്നാൽ ഫോട്ടോ ഷോപ്പിൽ നടത്തിയ വിസ്മയം വെള്ളിത്തിരയിലേക്ക് ആവാഹിക്കാൻ എന്ത് കൊണ്ടോ കഴിഞ്ഞിട്ടില്ല. മോഹൻലാൽ ചിത്രങ്ങളിലെ ആചാരമായി ഒന്ന് രണ്ടു സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ആന്റണി പെരുമ്പാവൂരിന് കിട്ടിയ കൈയ്യടി പോലും പിള്ളേർ ലാലേട്ടന് മുംബൈയിൽ നൽകി കണ്ടില്ല.
നല്ലൊരു കഥാ പശ്ചാത്തലവും ഒരു കാലഘട്ടത്തിന്റെ കഥ പറയാവുന്ന സാഹചര്യങ്ങളും ആവിഷ്കരിക്കാൻ കഴിയാതെ പോയതാണ് ചിത്രത്തിന്റെ പോരായ്മയായി ചൂണ്ടികാണിക്കാവുന്നത്. വളരെ ലളിതമായി പറയാവുന്ന സിനിമയെ ബിഗ് ബജറ്റിന്റെ മേലങ്കി അണിയിച്ചു മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ സാധ്യതകളെ മാത്രം ചൂഷണം ചെയ്യുന്ന രീതിയിലേക്ക് ചിത്രത്തെ പരുവപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ് പാളി പോയത്. ക്ലൈമാക്സ് രംഗത്ത് അരങ്ങേറിയ 20 മിനുട്ട് നീണ്ടു നിന്ന സംഘട്ടന രംഗം രജനികാന്ത് ചിത്രങ്ങളെ പോലും നാണിപ്പിക്കും.
മാർക്കറ്റിംഗ് തന്ത്രങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങിനെ മുതൽ മുടക്ക് തിരിച്ചു പിടിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഒടിയൻ.  100 കോടി രൂപ പ്രീ റിലീസ് ബിസിനസാണ് ഒടിയൻ നേടിയെന്നാണ് സംവിധായകന്റെ അവകാശവാദം. സാറ്റലൈറ് റൈറ്റ് വരെ വിറ്റു പോയ സ്ഥിതിക്ക് ആന്റണിക്കും ശ്രീകുമാറിനും സമാധാനത്തോടെ കിടന്നുറങ്ങാം.
ചിത്രത്തിലെ ഏക ആശ്വാസം ‘കൊണ്ടൊരാം കൊണ്ടോരാം’ എന്ന ഗാനം മാത്രമാണ്. ചിത്രീകരണത്തിൽ പോലും മികവ് പുലർത്താൻ പരസ്യ സംവിധായകന് കഴിയാതെ പോയെങ്കിലും കേട്ടാസ്വദിക്കാവുന്ന മനോഹര ഗാനമായാണ് ജയചന്ദ്രൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുധീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും ആലാപനവും മികച്ചു നിൽക്കുന്നു. ചിത്രത്തിന്റെ അവസാനത്തിൽ വരുന്ന മോഹൻലാലിൻറെ ഗാനം കേൾക്കാൻ പോലും ക്ഷമയില്ലാതെ കാണികൾ പുറത്തേക്ക് ഓടുകയായിരുന്നു.
ഒരേ ദിവസം ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഒടിയൻ. 3500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മുംബൈയിൽ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒടിയൻ എത്തിയിരിക്കുന്നത്. മോഹൻലാലിൻറെ സന്തത സഹചാരി ആന്റണി പെരുമ്പാവൂ‍ര്‍ നി‍ര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാ‍ര്‍ മേനോനാണ്. ഇവർ തമ്മിലുള്ള പൊരുത്തക്കേട് ചിത്രത്തിനും ബാധിച്ചതോടെ പ്രേക്ഷർക്കും ചിത്രവുമായി പൊരുത്തപ്പെടാൻ കഴിയാതെ പോയെന്ന് പറയാം .

കാത്തിരിപ്പിന് വിരാമം; ഒടിയൻ മാണിക്യൻ നാളെ മുംബൈയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here