കലാക്ഷേത്രം ഡോംബിവ്‌ലിയുടെ വാർഷികം ഡിസംബർ 25, 26, 27 തീയതികളിൽ

ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കലാക്ഷേത്രം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറും.

0

ഡോംബിവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാക്ഷേത്രം 34 വർഷം പിന്നിടുമ്പോൾ 3 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് അരങ്ങൊരുങ്ങുന്നത്. ഡിസംബർ 25, 26, 27 തീയതികളിലായി ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കലാക്ഷേത്രം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറും. വിദ്വാൻ ബെംഗളൂരു ടി എൻ അശോക് മുഖ്യാതിഥിയായിരിക്കും.

ഡിസംബർ 25 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കമ്പൽപ്പാട അയ്യപ്പ ക്ഷേത്രത്തിൽ വച്ച് പ്രശസ്ത വാദ്യ കലാകാരൻ അനിൽ പൊതുവാളിന്റെ ശിഷ്യന്മാർ അവതരിപ്പിക്കുന്ന ചെണ്ട മേളത്തോടു കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകീട്ട് 6.30 ന് ആര്യ നമ്പൂതിരിയുടെ ശിഷ്യർ കാഴ്ച വയ്ക്കുന്ന ഭാരത നാട്യവും 8 മണിക്ക് ഡോ ഓമനക്കുട്ടൻ നായരും ശിഷ്യരും ചേർന്നവതരിപ്പിക്കുന്ന ശിവോഹം അരങ്ങേറും. പരമ ശിവനെ ധ്യാനിച്ച് കൊണ്ടുള്ള മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ച ഭൂത കൃതികൾ ഉൾപ്പെട്ട കർണാടക സംഗീത പരിപാടിയാണ് ശിവോഹം.

ഡിസംബർ 26 ബുധനാഴ്ച വൈകീട്ട് 6.30 ന് ഗുരു കലാശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ ശിഷ്യർ മോഹിനിയാട്ടം അവതരിപ്പിക്കും.

ഡിസംബർ 27 വ്യാഴാഴ്ച വൈകീട്ട് 6.30 ന് കഥകളിയിൽ അരങ്ങേറ്റം കുറിച്ച് കൊണ്ടുള്ള പുറപ്പാടിൽ മാസ്റ്റർ അശ്വിൻ നന്ദഗോപൻ, ഡോ നിഖിൽ ശാസനെ, ബാബു നായർ എന്നിവർ അരങ്ങിലെത്തും. തുടർന്ന് നടക്കുന്ന കഥകളിയിൽ നളചരിതം ഒന്നാം ദിവസം, ബക വധം എന്നീ ഖണ്ഡങ്ങൾ അരങ്ങേറും. കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളും ഗുരു കലാമണ്ഡലം ഗോപാലകൃഷ്ണനും കേരളത്തിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here