വെറും വട്ടപ്പൂജ്യം !! സീറോ (Movie Review)

സമയത്തിന് പൊന്നു വിലയുള്ള കാലത്ത് ഇത്തരം തട്ടിക്കൂട്ട് ചിത്രങ്ങൾക്കായി ശരാശരി പ്രേക്ഷകർ മിനക്കെടില്ല.

0

ഇത്രയേറെ ആകാംക്ഷ ജനിപ്പിച്ച ബോളിവുഡ് ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. മലയാളത്തിൽ മോഹൻലാലിൻറെ ഒടിയന് പറ്റിയ അബദ്ധം തന്നെയാണ് കിംഗ് ഖാന്റെ സീറോവിനും സംഭവിച്ചിരിക്കുന്നത്. അമിതമായ പ്രതീക്ഷയും ഹൈപ്പുമാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്.

നാലടി ആറു ഇഞ്ച് മാത്രം ഉയരമുള്ള ഒരു കുള്ളൻ കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിന് ഇത്രയേറെ ജിജ്ഞാസ ജനിപ്പിക്കാൻ കാരണമായത്. അപ്പു രാജയിൽ കമല ഹാസൻ കൈയ്യൊപ്പിട്ട കുള്ളൻ കഥാപാത്രം ഇക്കുറി ഷാരൂഖ് പകർന്നാടുന്നത് തന്മയത്തമുള്ള VFX സാങ്കേതിക മേന്മയോടു കൂടിയാണ്. എന്നാൽ ചിത്രത്തിൽ ഉയര കുറവൊഴിച്ചാൽ SRK നമ്മൾ കണ്ടു മറന്ന പഴയ SRK തന്നെയാണെന്നതാണ് കഥാപാത്രത്തിന് പോരായ്മയായി അനുഭവപ്പെടുന്നത്. വാക്കിലും പ്രവർത്തിയിലും ഹെയർ സ്റ്റൈലിലും എന്തിനേറെ ഡയലോഗ് ഡെലിവറിയിൽ വരെ നമുക്ക് കിംഗ് ഖാനെ ഒപ്പിയെടുക്കാം. കുള്ളനായെത്തുന്ന ഷാരൂഖ് ഖാൻ ടെക്നോളജിയുടെ സഹായത്താൽ വിസ്മയം തീർക്കുന്ന രംഗങ്ങൾ നിരവധിയുണ്ട്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക തികവ് തന്നെയാണ് ചിത്രത്തിലെ ഏക ആശ്വാസം.

പരസ്പര ബന്ധമില്ലാതെ വന്നു പോകുന്ന കഥാപാത്രങ്ങൾ പലപ്പോഴും പ്രേക്ഷകന് അരോചകമായും അനുഭവപ്പെടും

വെറുമൊരു മുടന്തൻ ചിത്രത്തിൽ കുള്ളൻ നായകനായി ഉയരങ്ങൾ താണ്ടാനാകാതെ കഷ്ടപ്പെടുന്ന കിങ് ഖാനെയാണ് കാണുവാൻ കഴിയുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് ഷാരൂഖ് ഖാൻ പറഞ്ഞത് കാര്യമായിട്ടാണെങ്കിൽ ആരാധകർക്ക് ആശ്വാസത്തിന് വകയില്ലെങ്കിലും ഗൗരിക്കും കുട്ടികൾക്കും സന്തോഷിക്കാം. ഈ ചിത്രം പരാജയപ്പെട്ടാൽ ആറു മാസക്കാലം വീട്ടിലിരിക്കേണ്ടി വരുമെന്നാണ് കിംഗ് ഖാൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നത്. തട്ടിക്കൂട്ട് തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ശാപം. സൽമാൻ ഖാൻ മുതൽ കത്രീന കൈഫും അനുഷ്‌ക്ക ശർമ്മയും അഭയ് ഡിയോളും വരെ ചിത്രത്തിലുണ്ടെങ്കിലും ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാത്ത സംവിധായകന്റെ നിസ്സഹായാവസ്ഥയാണ് ചിത്രത്തെ ധർമ്മസങ്കടത്തിലാക്കുന്നത്. പരസ്പര ബന്ധമില്ലാതെ കഥാപാത്രങ്ങൾ ചിത്രത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വന്നു പോകുന്നത് പലപ്പോഴും പ്രേക്ഷകന് അരോചകമായും അനുഭവപ്പെടുന്നു.

ഷാറൂഖിന്റെ തന്നെ റെഡ്ചീല്ലീസ് എന്റര്‍ടെയിന്‍മെന്റ്സും കളര്‍ യെലെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മ്മയാണ്. സമയത്തിന് പൊന്നു വിലയുള്ള കാലത്ത് ഇത്തരം തട്ടിക്കൂട്ട് ചിത്രങ്ങൾക്കായി മിനക്കെടാൻ ശരാശരി പ്രേക്ഷകർ തയ്യാറായേക്കില്ല.

Zero
Sharukh Khan, Salman Khan, Katreena Kaif

LEAVE A REPLY

Please enter your comment!
Please enter your name here