മുംബൈയിലെ ആദ്യ മലയാളി യുവ സമ്മേളനത്തിന് ചെമ്പൂർ വേദിയായി

യുവ പങ്കാളിത്തത്തോടെ അരങ്ങേറിയ വാർഷികാഘോഷ പരിപാടി മുംബൈ മലയാളികളുടെ സംഘടനാ പ്രവർത്തന മേഖലകളിൽ ആശാവഹമായ തുടക്കത്തിനാണ് നിമിത്തമാകുന്നത്.

0

ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘യുവ’ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പൂർണമായും മലയാളി യുവത്വത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മുംബൈയിലെ ആദ്യ സമ്മേളനം കൂടിയാകും ചെമ്പുർ മന്ദിര സമിതി ആസ്ഥാനത്ത് അരങ്ങേറിയ ആഘോഷ പരിപാടികൾ. ടെലിവിഷൻ സീരിയൽ താരം ഐശ്വര്യ മിഥുൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സമിതി ഭാരവാഹികളായ എൻ ശശിധരൻ, എൻ എസ് സലിംകുമാർ, കെ നടരാജൻ തുടങ്ങിവർ വേദി പങ്കിട്ടു . യുവ കൺവീനർ സുമേഷ് സി എസ്, ജോയിന്റ് കൺവീനർ സുമിൻ സോമൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് യുവ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി. ഗോൾഡൻ വോയ്‌സ് ഗായികയും യുവയിലെ സജീവ പ്രവർത്തകയുമായ രാജലക്ഷ്മി സോമരാജൻ നയിച്ച സംഗീത പരിപാടിയും ശ്രദ്ധേയമായി. മുംബൈയിലെ അറിയപ്പെടുന്ന ഗായകനും കൈരളി ടി വി പ്രക്ഷേപണം ചെയ്യുന്ന ഗോൾഡൻ വോയ്‌സ് സീസൺ 2 വിധികർത്താവായ ബാബുരാജ് മേനോൻ, നിഷ രാജൻ, ശ്രുതി സുനിൽ തുടങ്ങിയ പ്രതിഭകൾ സംഗീത പരിപാടിക്ക് തിളക്കമേകി. ആശിഷ് എബ്രഹാം കലാ പരിപാടികൾ നിയന്ത്രിച്ചു.

യുവ ചരിത്രത്താളുകളിലേക്ക്

മുംബൈയിലെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിര സമിതിയാണ് ഈ സംരംഭത്തിന് 8 വർഷം മുൻപ് തുടക്കമിടുന്നത്. സമിതിയിലെ അംഗങ്ങളായവരുടെ പുതിയ തലമുറയിൽപ്പെട്ടവരെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്‌ഷ്യം തന്നെയായിരുന്നു ‘യുവ’ കൂട്ടായ്മക്ക് തുടക്കം കുറിക്കാൻ സമിതി ഭാരവാഹികളെ പ്രേരിപ്പിച്ച ഘടകവും. യുവാക്കൾക്കിടയിലെ സംഘടനാ പാടവമുള്ളവരെ മുന്നോട്ട് കൊണ്ട് വന്നതോടെ യൂണിറ്റ് അടിസ്ഥാനത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചു ഘട്ടം ഘട്ടമായി കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു മന്ദിര സമിതി. തുടർന്ന് കാര്യങ്ങൾ വേഗത്തിൽ നീങ്ങുകയായിരുന്നു.

ശ്രീനാരായണ മന്ദിര സമിതിയുടെ യുവ വിഭാഗത്തിൽ ഇന്ന് ഇരുനൂറിലധികം മെമ്പർമാരാണുള്ളത്. സംഘടനാ പാടവമുള്ള കുറെ പേർ ചേർന്ന് ചുക്കാൻ പിടിച്ചതോടെ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി യുവ ഗ്രൂപ്പുകൾ ആരംഭിക്കുകയും ആശയവിനിമയങ്ങൾ കൈമാറാൻ തുടങ്ങുകയും ചെയ്തു. പ്രവർത്തന മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളും സെമിനാറുകളും കലാ മത്സരങ്ങളും സംഘടിപ്പിക്കുവാൻ തുടങ്ങി. ‘എന്ത് മലയാളി സമാജം’ എന്ന് പറഞ്ഞു മുഖം ചുളിപ്പിച്ചിരുന്ന ടെക്കികൾ വരെ ഒരു കൈ നോക്കാനായി സമയം കണ്ടെത്താൻ തുടങ്ങി. യുവാക്കളുടെ അഭിരുചിക്കനുസരിച്ചു പ്രവർത്തന മേഖലയിൽ മാറ്റങ്ങൾ വന്നതോടെ അംഗങ്ങളുടെ എണ്ണവും വർദ്ധിച്ചു. വാട്ട്സപ്പ് ഗ്രൂപ്പുകൾ മേഖലാടിസ്ഥാനത്തിൽ രൂപം കൊടുത്തതോടെ ദൈനംദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും പദ്ധതികൾ ആവിഷ്കരിക്കുവാനും കുറെ കൂടി എളുപ്പമായി. ജോലിത്തിരക്കിൽ സമ്മർദ്ദത്തിനിടയിലും ഇവരെല്ലാം ഗ്രൂപ്പുകളിൽ ഒത്തു കൂടി മന്ദിര സമിതിയുടെ ഭാഗമാകാൻ താല്പര്യം കാണിച്ചു തുടങ്ങിയതോടെ പ്രവർത്തന മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടായി. പുതിയ തലമുറയിലെ നിരവധി പ്രതിഭകൾക്ക് കലാ കായിക മേഖലകളിൽ തിളങ്ങുവാൻ അവസരങ്ങൾ ഒരുക്കുവാനും ‘യുവ’ ചുക്കാൻ പിടിച്ചു.

സംഗതി സീരിയസാണെന്ന് മനസിലായതോടെ സമിതി ഭാരവാഹികൾ ഇവർക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കുവാനും തുടങ്ങി. ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാനും സംഘടനാ പാടവം തെളിയിക്കാനുള്ള അവസരങ്ങളും നൽകി യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും കൂടുതൽ ശ്രദ്ധ ചെലുത്തി. സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടാതെ വിദ്യാഭ്യാസ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾ സുഗമമാക്കുവാനായി യുവ നിരയെ സജ്ജരാക്കുവാനുള്ള ശ്രമത്തിനാണ് ഫലം കണ്ടത്.
അഭിമാനകരമായ നിമിഷങ്ങളെന്ന് പറഞ്ഞാണ് പ്രസിഡന്റ് എൻ ശശിധരൻ ആശംസാ പ്രസംഗത്തിന് തുടക്കമിട്ടത്.

ചടങ്ങിൽ ദൈവദശകം ചൊല്ലുന്ന ബാലവേദിയിലെ കുട്ടികൾ

സംഘടനയുടെ കെട്ടുറപ്പും യൂണിറ്റ് അടിസ്ഥാനത്തിലുള്ള പ്രവർത്തന മികവുമാണ് ലക്‌ഷ്യം കാണുവാൻ സഹായിച്ച ഘടകങ്ങളെന്ന് സമിതിയുടെ ജനറൽ സെക്രട്ടറി എൻ എസ് സലിംകുമാർ പറഞ്ഞു. പലപ്പോഴും യുവ തലമുറയുടെ തിരക്ക് പിടിച്ച ജീവിത ശൈലി ഇത്തരം കൂട്ടായ്മകളെ വിപരീതമായി ബാധിക്കാറുണ്ടെന്നും സലിംകുമാർ പറഞ്ഞു. ഔദ്യോദിക ചുമതലകൾ, ജോലി മാറ്റങ്ങൾ, വിദേശ യാത്ര, വിവാഹം തുടങ്ങി നിരവധി ഘടകങ്ങളാണ് യുവാക്കളുടെ അവിരാമമായ ഇടപെടലുകൾക്ക് തടസ്സമാകാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിതിയുടെ കീഴിൽ ഒരു ബാലവേദി കൂടി രൂപികരിച്ചു ജന്മനാടിന്റെ സംസ്കാരവും പൈതൃകവും പകർന്നാടുകയും സംഘടനയുടെ പ്രവർത്തന മേഖലയുടെ ഭാഗമാക്കി ഇവരെയെല്ലാം വളർത്തിയെടുക്കാനുമുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞുവെന്ന് സലിംകുമാർ പറഞ്ഞു. സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ വിഭാഗവും സജീവമായ പ്രവർത്തന ശൈലിയാണ് കാഴ്ച വയ്ക്കുന്നത്. സമിതിയുടെ യുവ വിഭാഗം 8 വർഷം പൂർത്തിയാകുന്നതോടെ കൈവരിച്ച ആത്മ വിശ്വാസത്തിന്റെയും സംഘടനാ മികവിന്റെയും പരിണാമമായിരുന്നു ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ. ഇതാദ്യമായാണ് യുവയുടെ നേതൃത്വത്തിൽ വാർഷിക പരിപാടികൾ ഒറ്റക്ക് ചെയ്യുവാനുള്ള തീരുമാനമെടുക്കുന്നത് . എസ് എൻ എം എസ് ഭരണ സമിതിയുടെ ആശിർവാദം കൂടി കിട്ടിയതോടെ കാര്യങ്ങൾ ധൃതഗതിയിലായി. പ്രത്യേക കമ്മിറ്റികൾ, യോഗങ്ങൾ, പരിശീലനങ്ങൾ പിന്നെ വിരൽത്തുമ്പിലൂടെ സംവാദങ്ങളും ആശയങ്ങൾ പങ്കു വയ്ക്കലുമെല്ലാം കഴിഞ്ഞു വാരാന്ത്യത്തിൽ കൂടുന്ന യോഗങ്ങളിൽ തീരുമാനങ്ങൾക്ക് വേഗത കൂടി. അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് ഏകദേശം ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് യുവ പങ്കാളിത്തത്തോടെ അരങ്ങേറിയ വാർഷികാഘോഷ പരിപാടി മുംബൈ മലയാളികളുടെ സംഘടനാ പ്രവർത്തന മേഖലകളിൽ ആശാവഹമായ തുടക്കത്തിനാണ് നിമിത്തമാകുന്നത്.

Watch highlights of the event
Subscribe & enable Bell icon
for regular update
www.amchimumbaionline.com
Like facebook www.facebook.com/amchimumbaikairaliv
LEAVE A REPLY

Please enter your comment!
Please enter your name here