വനിതാ മതിലിന് മുംബൈ എഴുത്തുകാരുടെ പിന്തുണ

0

പുതുവർഷ ദിനത്തിൽ കേരളത്തിൽ നടക്കുന്ന വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുംബൈയിൽ നടക്കുന്ന വനിതാ ചങ്ങല വിജയിപ്പിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ പ്രമുഖ എഴുത്തുകാർ രംഗത്തെത്തി.

നോവലിസ്റ്റ് ബാലകൃഷ്ണൻ . : വനിതാമതിലിൻറെ രാഷ്ട്രീയ നിറമൊന്നും എന്നെ ബാധിക്കുന്നില്ല. അതിൻറെ പുറകിലെ ഉദ്ദേശ ശുദ്ധിയെ ഞാൻ മാനിക്കുന്നു. കേരളം പുറകോട്ട് നടക്കുന്നത് ഏത് അന്ധനും തിരിച്ചറിയാവുന്നതാണ്. നാം എല്ലാ അർത്ഥത്തിലും പുതിയ ആശയും ആവേശവും ഉൾക്കൊണ്ട് മുന്നേറേണ്ടതും കൂട്ടായി നിൽക്കേണ്ടതും പ്രളയദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്കും പരിത്യക്തർക്കും സ്ത്രീസമൂഹത്തിനും നിരാധാരരായവർക്കും വേണ്ടി വിഭാഗീയ ചിന്തകൾ വെടിഞ്ഞ് ഒന്നായി നിൽക്കേണ്ട സമയമാണിത്. മതിൽ ആരേയും വേർതിരിക്കാനും വിഭജിക്കാനും വേണ്ടിയായിരിക്കില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആദ്യമായി നാം കാലാകാലങ്ങളായി മനസ്സിൽ കെട്ടി നിർത്തിയിരുന്ന മതിലുകൾ പൊളിച്ചു കളഞ്ഞ് ഒരു പ്രളയത്തിനും തകർക്കാനാവാത്ത ഒരു സുരക്ഷാമതിലിൻ്റെ പ്രാരംഭമാവട്ടെ ഈ സംരംഭം എന്ന് പ്രത്യാശിക്കുന്നു
*********

മാനസി . : നവോത്ഥാന മൂല്യങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ആശയമാണ് വിവേചനങ്ങളില്ലാത്ത നീതി . അതിനാൽ ലിംഗനീതി ആമൂല്യങ്ങളുടെ അനിഷേധ്യ ഭാഗമാകാതെ വയ്യ . കാലാകാലങ്ങളായി സ്ത്രീകൾക്ക് നിരന്തരം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലിംഗനീതിയെ പൊതുബോധത്തിലേക്കു വീണ്ടും വീണ്ടും കൊണ്ടുവരിക എന്നത് അതിനാൽ തന്നെ നീതിയിൽ വിശ്വസിക്കുന്ന ഓരോരുത്തരുടയും ഉത്തരവാദിത്തവും കടമയുമാണ് .

അതിന്റെ ബാഹ്യ പ്രകടന മായി രൂപകൽപന ചെയ്യപ്പെട്ട വനിതാമതിൽ , സ്ത്രീയോടുള്ള വിവേചനത്തിനെതിരെ പൊതു മണ്ഡലത്തിൽ തിളയ്ക്കുന്ന പ്രതിഷേധത്തിന്റെ iപ്രതീകമായാണ് ഞാൻ കണക്കാക്കുന്നത് .അതിനാൽ ,പോരായ്മകളു ണ്ടാ കാമെങ്കിലും ഈ ആശയത്തോട് ഐക്യദാർഢ്യവും പിന്തുണയും ഇത്തരുണത്തിൽ ഞാൻ പ്രഖ്യാപിക്കുന്നു .
*********

ഭവ്യ, ഗവേഷക, TISS, മുംബൈ – ശബരിമല വിഷയം കേരളത്തിൽ ഉയർത്തിയ കോലാഹലങ്ങളുടെ പശ്ചാത്തലമാണ് വനിതാ മതിൽ എന്ന ആശയത്തിലേക്ക് നയിച്ചതെങ്കിലും അതിനുമപ്പുറത്തേക്ക് വലിയ രാഷ്ട്രീയം ജനുവരി ഒന്നിലെ വനിതാ മതിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശം ഒരു നിമിത്തം മാത്രമാണ്. സ്ത്രീ അവൾ അശുദ്ധയാണ്, രണ്ടാം തരം പൗരയാണ് എന്ന പുരുഷാധിപത്യ ഫ്യൂഡാൽ പൊതുബോധം മറനീക്കി പുറത്തു വരാൻ വഴിയൊരുക്കിയ നിമിത്തം.

സ്ത്രീകളെ മാറ്റി നിർത്താൻ പറയുന്ന കാരണം അവളുടെ ആർത്തവമാണ്. തികച്ചും ജൈവപരമായ ഒരു പ്രക്രിയയുടെ പുറത്ത് ഇത്തരം വിവേചനങ്ങൾ ഇക്കാലത്തും തീർക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ആരാധനയുടെ ഇടങ്ങളിൽ മാത്രമല്ല, തൊഴിലിടങ്ങളിൽ, പൊതു മണ്ഡലത്തിൽ, കുടുംബങ്ങളിൽ എല്ലാം സ്ത്രീ നേരിടുമെന്ന അതിരില്ലാത്ത വുവേചനത്തിനെതിരെ പോരടിക്കാനുള്ള ചരിത്ര സന്ദർഭമായി വേണം ഇതിനെക്കാണാൻ. ഈ സമരം കേരളത്തിന്‌ വേണ്ടി മാത്രമല്ല തുല്യത ആഗ്രഹിക്കുന്ന ഓരോ ഇന്ത്യൻ വനിതയ്ക്കും വേണ്ടി കൂടിയാണ്. സാവിത്രി ഭായ് ഫുലെയുടെയും താരഭായ് ഷിൻഡെയുടെയുമെല്ലാം ചരിത്രം പേറുന്ന മഹാരാഷ്ട്രയിൽ കേരളത്തിന്റെ സമരത്തോട് ഐക്യപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങൾ വലിയ ആവേശമാണ് നൽകുന്നത്. കേരളം കാലങ്ങളായി മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ ആശയ മണ്ഡലത്തെ കാക്കുക എന്നത് കേരളിയരുടെ മാത്രമല്ല തുല്യതയുടെ റിപ്പബ്ലിക്കിനെ സ്വപനം കാണുന്ന ഓരോ ഇന്ത്യക്കാരന്റെയും ചുമതലയാണെ ന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത് . മുംബൈയിലെ Women Wall Solidarity Forum ത്തിനു എല്ലാ വിധ പിന്തുണയും.
*********

ഡിംപിൾ ഗിരീഷ് : വനിതാ മതിൽ ഒരു പ്രകാശനമാണ്, സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടിത പ്രകാശനം. സ്ത്രീകൾക്ക് വേണ്ടിയുള്ളതെന്ന് പറയുമ്പോഴും ഭാവിയിൽ വരാനിരിക്കുന്ന പുരോഗമന പ്രക്ഷോഭങ്ങളുടെ ഒരു വാതിലാവും വനിതാ മതിലെന്ന് പ്രതീക്ഷയുണ്ട്.

നവോത്ഥാനം എന്നത് അവസാനമില്ലാത്ത തുടർച്ചയാണ്, അതാത് കാലങ്ങളിൽ ജീവിക്കുന്നവർ പങ്കാളികളാവേണ്ടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രക്രിയ. ജാതിയും മതവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ മനുഷ്യന് ശേഷം വരേണ്ടുന്ന കാര്യങ്ങളാണ്, അതാണ് പുരോഗമന പ്രസ്ഥാനം മുന്നോട്ട് വെച്ച ആശയവും.

ഇതൊരു ശബരിമല വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെയും ഗോത്രങ്ങളിലെയും സ്ത്രീകളുടെ ഉടൽ, മനസ്, അവകാശങ്ങൾ ഇവയൊക്കെയും ഹനിക്കപ്പെടുന്നുണ്ട്, പല രീതിയിൽ. വനിതാ മതിൽ എന്നത് ഒന്നിനെയും തടയാനുള്ള സമരമായി കാണേണ്ടതില്ല മറിച്ച് പാരമ്പര്യങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെയുള്ള ഒരു ഒത്തു ചേരൽ മാത്രം.

ഒറ്റയൊറ്റയായി പല സ്ത്രീകൾ പല കാലങ്ങളിൽ അത്തരം സ്ത്രീ വിരുദ്ധ പാരമ്പര്യങ്ങളോട് പ്രതിഷേധിച്ചിട്ടുണ്ട് തീവ്രമായി തന്നെ. കേരളത്തിലുമുണ്ടായി പല സന്ദർഭങ്ങളിൽ. അവയ്ക്ക് പോലും അധികം താമസിക്കാതെ പൂർണമായല്ലെങ്കിലും ഫലം കണ്ടിട്ടുണ്ട്. അപ്പോൾ ഈ കൂട്ടായ്മ ആ പ്രതിഷേധങ്ങളുടെ തുടർച്ച പല അടരുകളായി ഉണ്ടാവുന്നതിൽ ഒന്നായി കാണാവുന്നതാണ്. വനിതാ മതിൽ ആ തുടർച്ചയിലെ ഒരു കണ്ണി മാത്രം . പല കണ്ണികൾ ഇനിയും വിളക്കി ചേർക്കപ്പെടും എന്ന പ്രത്യാശ തന്നെ ഈ വിഷയത്തോടുള്ള എന്റെ ആദ്യ പ്രതികരണം.

ഇങ്ങനൊന്നുണ്ടാവുമ്പോൾ അതിനെ ഭയക്കുന്നവരും എതിർക്കുന്നവരും പാരമ്പര്യ വാദികൾ എന്ന് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ വീട്ടിടങ്ങളിലെ സ്ത്രീകൾ പോലും ഒരു രാഷ്ട്രീയ സമരത്തെപ്പറ്റി തുടരെ ചിന്തിക്കുന്ന ആദ്യ സന്ദർഭമായാണ് എനിക്ക് തോന്നുന്നത്. അത് തന്നെ ഈ സമരത്തിന്റെ ആദ്യ വിജയം. കാരണം ചിന്തിച്ചു തുടങ്ങുമ്പോഴേ ചിന്ത മാറുകയുള്ളൂ.
*********

ബിന്ദു ജയൻ : നവോത്ഥാന കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനല്ല മതിൽ നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിക്കുക എന്ന ലക്ഷ്യമാണ് . സമാനതകൾ വാക്കുകളിലൊതുക്കാതെ പ്രവർത്തിപഥത്തിലെത്തിക്കാൻ പണിയുന്ന ഈ വനിതാ മതിലിനോട് ഞാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു .
*********

സന്തോഷ് പല്ലശ്ശന – ഇന്ത്യ കണ്ടിട്ടുള്ള വലിയ-വലിയ ദളിത് മുന്നേറ്റങ്ങളുടെയും കര്‍ഷക സമരങ്ങളുടേയും മണ്ണാണ് മഹാരാഷ്ട്ര. വിദ്യാഭ്യാസംകൊണ്ട് സാമൂഹിക വിപ്ലവമുണ്ടാക്കാന്‍ പ്രയത്‌നിച്ച മഹാത്മാ ജ്യോതിബ ഫുലെയുടെയും സാവിത്രിബായ് ഫുലെയുടെയും മണ്ണ്. ദളിതനെ തന്റെ സ്വത്വബോധംകൊണ്ട് സാമൂഹിക നീതിക്കായി നിതാന്ത യുദ്ധംകുറിക്കാന്‍ പ്രാപ്തനാക്കിയ ബാബാ അംബേദ്ക്കറിന്റെ നാട്…. ഓരവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പേനകൊണ്ട് പടവെട്ടിയ അന്നാബാഹു സാത്തെയുടെയും ഗോപാല്‍ ഹരി ദേശ്മുഖിന്റെയും മണ്ണ്. ദളിതനെ മനുഷ്യനായിപ്പോലും കാണാന്‍ വിസ്സമ്മതിച്ച യാഥാസ്ഥിതിക ബ്രാഹ്മണ മേധാവിത്വത്തോട് പടവെട്ടിയ, ദളതിനും മനുഷ്യനാണെന്ന് ലോകത്തെ പഠിപ്പിക്കാന്‍ യത്‌നിച്ച ഷാഹു മഹാരാജാവിന്റെ മണ്ണ്. പന്താര്‍പൂര്‍ വിത്തല്‍ മന്ദിരത്തില്‍ അവര്‍ണ്ണരെ പ്രവേശിപ്പിക്കാനായി സമരം നയിച്ച് ചരിത്രത്തില്‍ കയറിയ സാനെ ഗുരുജിയുടെ മണ്ണ്….. ആ മണ്ണിലാണ് നമ്മളിന്ന് വേരുപിടിച്ചിരിക്കുന്നത്….!!!

അതോ…. അധോലകവും രാഷ്ട്രീയ ഗുണ്ടാഗിരിയും പരസ്യമായി കൈകോര്‍ത്തുനില്‍ക്കുന്ന, ജാതി രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടായി മാറിയ ഇന്നത്തെ മാറാത്താ മണ്ണിലോ……

ഹിന്ദുത്വ രാഷ്ട്രീയം തലയ്ക്കു പിടിച്ച അഭിനവ ഗോഡ്‌സെമാരെക്കൊണ്ട് നിറയുകയാണ് ഇവിടത്തെ രാഷ്ട്രീയം. മറാത്തയുടെ ബോധമനസ്സിനെ കാര്‍ന്നുതിന്നുന്ന അന്തവിശ്വാസങ്ങളെ പിഴുതുകളയാന്‍ വേണ്ടി പടവെട്ടിയ നരേന്ദ്ര ധാബോല്‍ക്കറിന്റെയും ഗോവിന്ദ് ഫന്‍സാരെയുടേയും കൊന്നുതള്ളിക്കൊണ്ട് മറാത്താ രാഷ്ട്രീയം അതിന്റേ ഏറ്റവും ഭീകരമായ അവസ്ഥയിലേയ്ക്ക് മാറിയിരിക്കുന്നു. 2017-18 ല്‍ മാത്രം പത്തിലധികം ആര്‍.ടി.ഐ. ആക്ടിവിസ്റ്റുകളാണ് കൊലചെയ്യപ്പെട്ടത്.

വായിക്കുന്നവനേയും ചിന്തിക്കുന്നവനേയും വിപ്ലവം പറയുന്നവനേയും ഒരു തത്വദീക്ഷയുമില്ലാതെ കൊന്നുതള്ളുന്ന രാക്ഷസപുരിയായി ഇവിടം മാറിയിരിക്കുന്നു. പക്ഷെ പ്രതീക്ഷ കൈവിടാറായിട്ടില്ല. തനതായ സംഗീതവും നാടകവും സാഹിത്യവും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന – ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അവരെ ഒരുമിപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയുടെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജ്ഞാനത്തിന്റെ അന്തകാരത്തില്‍ നിന്ന് സമൂഹ മനസ്സിനെ മോചിപ്പിക്കുന്ന, പുരോഗമന രാഷ്ട്രീയ ചിന്തയുടെ വെള്ളിവെളിച്ചം ഇവിടെ പ്രസരിപ്പിക്കേക്കാന്‍ പോവുകയാണ് നമ്മള്‍….

അതെ… നമ്മുക്ക് ഇനിയും കാത്തിരിക്കാനാവില്ല…. ഈ നാടിനെ മതഭ്രാന്തന്മാരുടെ കൈയ്യിലേയ്ക്ക് എറിഞ്ഞുകൊടുക്കാനാവില്ല…. ലിംഗ വിവേചനവും മത-സാമൂദായിക അസമത്വങ്ങളും അവസാനിപ്പിക്കുക, നവോത്ഥാന മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുക….. മഹത്തായ ജനാധിപത്യം തിരിച്ചു പിടിച്ചേ മതിയാകൂ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ 2019 ജനുവരി 1 ന് മുംബൈ മഹാനഗരം നവോത്ഥാന സന്ദേശത്തിന്റെ വനിതാ മതില്‍ തീര്‍ക്കുകയാണ്…..

സാമൂഹ്യബോധമുള്ള ഓരോ മഹാരാഷ്ട്രീയനും മലയാളിയും എന്നുവേണ്ടാ ജാതി-മത-ഭാഷാ-ദേശ ഭേദമെന്യെ വനിതാ മതിലിനായി ഒത്തുകൂടുകയാണ്…. നഗരം വലിയൊരു ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ പോകുകയാണ്…. ഈ ചരിത്രത്തിന്റെ ഭാഗമാകാന്‍ എല്ലാവരെയും ക്ഷണിക്കുന്നു… മുംബൈ വനിതാ മതിലിനായി നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്.
*********

പി കെ മുരളീകൃഷ്ണൻ – കാലഘട്ടമേറ്റെടുത്ത കടമകളിൽ ഇന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്നവയാണ് “ഫാസിസത്തെ ചെറുത്തു തോൽപ്പിക്കുക, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, വർഗീയ വിഭാഗീയ ശിഥിലീകരണ ശക്തികളെ ഒറ്റപ്പെടുത്തുക, ലിംഗസമത്വം പുന:സ്ഥാപിക്കുക ” എന്നിവയൊക്കെ.

ശബരിമല വിഷയത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും, അടിസ്ഥാനപരമായി മാനവ സ്വാതന്ത്ര്യത്തിനു തന്നെ ഭീഷണിയുയർത്തുന്ന അത്യന്തം അപകടകരമായ കാലമാണ് നമുക്ക് മുന്നിലുള്ളതെന്ന് ഭീതിയോടെ ഓരോ മനുഷ്യ സ്നേഹിയും തിരിച്ചറിയുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാക്കുകളിൽ മാത്രം “പ്രബുദ്ധ “വും പ്രവൃത്തിയിൽ “അസംബന്ധ”വുമായ കേരള വർത്തമാനം.

പ്രതികരണത്തിൽ നിന്ന് പ്രതിഷേധത്തിലേക്കും, തുടർന്ന്, പ്രതിരോധത്തിലേക്കും വളരുന്ന സാമൂഹ്യ മുന്നേറ്റങ്ങൾ, അതു കൊണ്ടു തന്നെ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു.

കീഴ്ത്തട്ടിലുണ്ടായ നവോത്ഥാനത്തിന്റെ പ്രതിഫലനങ്ങളാണ് മേൽത്തട്ടിലുണ്ടായതെന്ന ചരിത്രപാഠം ഉൾക്കൊണ്ടു കൊണ്ട് ഗതകാല നവോത്ഥാന മുന്നേറ്റങ്ങൾ പകർന്നു തന്ന ഊർജ്ജവുമായി ഒരു വനിതാ മതിൽ ഉയരട്ടെ.

കേരളത്തിലുയരുന്ന വനിതാമതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്, Women Wall Solidarity Forum ത്തിന്റെ ആഭിമുഖ്യത്തിൽ മുംബയിൽ സംഘടിപ്പിക്കുന്ന “വനിതാ ചങ്ങല”ക്ക് എന്റെ പരിപൂർണ്ണ പിന്തുണ അറിയിക്കുന്നു. അഭിവാദ്യങ്ങൾ !
*********

ജി .വിശ്വനാഥൻ – വനിതാ മതിലിനെപ്പറ്റി, പ്രാതിനിധ്യപരമായതും ലക്ഷ്യസംബന്ധമായതുമായ ആകുലതകൾ പങ്കിടുമ്പോഴും, ലിംഗസമത്വം ഉന്നയിച്ചു കൊണ്ട് മുംബയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന വനിതാ ചങ്ങലയെ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

ലിംഗസമത്വത്തിനായും സാമൂഹിക അനാചാരങ്ങൾക്കെതിരായുമുള്ള ജാതി മതാതീതമായ പ്രവർത്തനങ്ങളുടെ കൂടുതൽ അർത്ഥപൂർണമായ ശ്രമങ്ങളിലേക്ക് ഇതു വളരുമെന്നും പ്രത്യാശിക്കുന്നു.
*********

ആശിഷ് ഏബ്രാഹം – ഭരണഘടന നിലവില്‍ വന്ന് പന്ത്രണ്ടര വ്യാഴവട്ടം കഴിഞ്ഞിട്ടും സ്ത്രീ ശാക്തീകരണം പൂര്‍ത്തിയായിട്ടില്ല. ആരോഗ്യകരമായ ചിന്താഗതിയോടെ സ്ത്രീ പ്രവര്‍ത്തിക്കണം നല്ല സമൂഹം കെട്ടിപ്പടുക്കാന്‍ സ്ത്രീപുരുഷ സമത്വം വേണം തുല്യതയും സ്വാതന്ത്ര്യവും ആരുടെയെങ്കിലും പക്കല്‍ നിന്ന് ചോദിച്ചു വാങ്ങേണ്ടതല്ല അത് അവനവനില്‍ അന്തര്‍ലീനമാണ് എന്ന തിരിച്ചറിവിനായും ഉദ്‌ഘോഷണത്തിനായും തീര്‍ക്കുന്ന വനിതാ മതിൽ ഏറെ ഊര്‍ജ്ജവും ഉണര്‍വും സ്ത്രീകളിലും, സമൂഹത്തിലാകെതന്നെയും ഉണ്ടാക്കും എന്ന വിശ്വാസമുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ പരിപാലിക്കുന്നവരായി നില്‍ക്കുമ്പോഴാണ് നാം പൗരന്മാരാകുന്നത് ദേശസ്‌നേഹികളാകുന്നത്. എല്ലാത്തരം മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുറുകെ മതില്‍ പണിയാം പ്രതിരോധിക്കാം നമുക്കൊന്നിച്ച് പണിയാം തുല്യതയുടെ, ലിംഗസമത്വത്തിന്റെ മതിൽ, മുംബൈയിൽ നടക്കുന്ന വനിതാ ചങ്ങലക്ക് പിന്തുണയും ഐക്യദാർഢ്യവും
*********

LEAVE A REPLY

Please enter your comment!
Please enter your name here