നവ കേരളത്തിനായി മഹാനഗരത്തിൽ ദൈവത്തിന്റെ സ്വന്തം മക്കളൊരുക്കിയ സംഗീത സന്ധ്യ വിസ്മയമായി

മാട്ടുംഗ ഷണ്മുഖാനന്ദ ഹാളിൽ ഡിസംബർ 30ന് നിറഞ്ഞ സദസ്സിൽ അരങ്ങേറിയ REBUILDING KERALA; One Song at a time എന്ന പരിപാടി നവകേരളത്തിന്റെ വാടാത്ത സ്വപ്നങ്ങളിലേക്ക് ഒരുമയുടെ സംഗീതത്തിന്റെ നിറം ചാർത്തുകയായിരുന്നു.

0

പ്രളയം കശക്കിയെറിഞ്ഞ കേരളത്തിന്റെ നവ നിർമ്മിതിക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം സയണിലെ ഷൺമുഖാനന്ദ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗീത സന്ധ്യ വ്യത്യസ്തമായ കലാവിരുന്നായി.

എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ മുഖ്യാതിഥിയായചടങ്ങിൽ മുംബൈ മുൻ ഷെരിഫ് ഡോ അശോക് മേത്ത, സ്വാമി കൃഷ്ണാനന്ദ സരസ്വതി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. എയ്മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമാ മേനോൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഡോ.പി ജെ അപ്രേം സംഘടനയുടെ പ്രതിബദ്ധതയും ചടങ്ങിന്റെ പ്രത്യേകതയും സദസ്സിന് പരിചയപ്പെടുത്തി. എയ്മ നാഷനൽ ചെയർമാൻ ബാബു പണിക്കർ, നാഷണൽ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സദസ്സിനെ അഭിസംബോധന ചെയ്തു.

ചടങ്ങിൽ വിദ്യാഭ്യാസ രംഗത്ത് ഇൻറർനാഷനൽ അവാർഡ് ജേതാക്കളായ ഡോ. ഉമ്മൻ ഡേവിഡ്, ലീലാ ഉമ്മൻ ഡേവിഡ് എന്നിവരെ ആദരിച്ചു. തുടർന്ന് ഷേർളി പിള്ള, ഡോ വത്സല ത്രിവേദി എന്നിവരെയും പുരസ്‌കാരം നൽകി ആദരിച്ചു. മുംബൈ മലയാളിയായ സന്തോഷ് നായർ നിർമ്മിച്ചതും 2019 ജനുവരി 18ന് റിലീസ് ചെയ്യുന്നതുമായ വള്ളിക്കെട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന പുതുമുഖ ജോഡികളായ അഷ്‌കർ സൗദാൻ, സാന്ദ്ര നായർ എന്നിവരെ പ്രത്യേകം അനുമോദിച്ചു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രനാണ് അഷ്‌കർ സൗദാൻ.

പരിപാടിയുടെ വിജയത്തിനായി കൈകോർത്ത പ്രേം അപ്രേം, രവികിരൺ ദേശ്മുഖ്, പ്രാചി സാരംഗ്, മഹേഷ് ഭാണ്ഡകർ, ആർ ജി നെനെ, ലയൺ നിതിൻ ഷെട്ടി, പ്രേംലാൽ, സുഗുണ രാജൻ, സി വി നടേശൻ തുടങ്ങിയവരെയും, ലയൺകുമാരൻ നായർ, തോമസ് ഓലിക്കൽ എന്നീ വിശിഷ്ടാതിഥികളെയും അയ്മ ഭാരവാഹികളായ ജി. കോമളൻ, അഡ്വ. ജി.എ.കെ നായർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ,കെ ടി നായർ, എ എൻ ഷാജി, സുമ മുകുന്ദൻ, പി എൻ മുരളീധരൻ, കവിയൂർ ബാബു, ജോൺ മാത്യു, മാധവൻ, കെ പി കോശി, ജോഷി ജോസഫ്,രാഖി സുനിൽ, രഞ്ജിത് നായർ, സുനിൽ തങ്കപ്പൻ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. സോവനീറിന്റെ പ്രകാശനം മുഖ്യാതിഥിക്ക് നൽകി ഉപേന്ദ്ര മേനോൻ നിർവഹിച്ചു.

Click on FB icon below or like/comment to explore glimpses of the event >>>

Udaan entertainment ന്റെ നേതൃത്വത്തിൽ 55 ഓളം അന്ധരായ കലാകാരന്മാർ ഒരുക്കിയ ഗാനപ്രപഞ്ചം സദസ്സിനെ അക്ഷരാർത്ഥത്തിൽ വിസ്മയലോകത്തെത്തിച്ചു. മാട്ടുംഗ ഷണ്മുഖാനന്ദ ഹാളിൽ ഡിസംബർ 30ന് അരങ്ങേറിയ REBUILDING KERALA; One Song at a time എന്ന പരിപാടി നവകേരളത്തിന്റെ വാടാത്ത സ്വപ്നങ്ങളിലേക്ക് ഒരുമയുടെ സംഗീതത്തിന്റെ നിറം ചാർത്തുകയായിരുന്നു.

ഫിലോസഫി ബിരുദധാരിയായ കേവൽ ഹാരിയായും ഹിന്ദി വിദ്വാൻ ദീപക് ബെഡ്‌സായും അകക്കണ്ണു കൊണ്ട് ജീവിതം കെട്ടിപ്പടുക്കാൻ പാട് പെടുന്ന ചെറുപ്പക്കാരാണ്. ഗായകരായ ഇവർ 2005 ൽ തുടങ്ങി വച്ച സ്ഥാപനമാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പരസ്പരം തിരിച്ചറിയാനും അടുത്തറിയാനുമുള്ള വേദിയൊരുക്കിയാണ് ഉഡാൻ ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിരവധി പ്രതിഭകളാണ് പാട്ടും നൃത്തവുമായി ഗ്രൂപ്പിനെ സജീവമാക്കുന്നത്. കാഴ്ച ശക്തി കുറഞ്ഞവരും തീരെ കാഴ്ചശക്തിയില്ലാത്തവരുമാണ് പരേൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിലെ കലാകാരന്മാരിൽ അധികവും.

കാലം രൗദ്രഭാവത്തിൽ ഉറഞ്ഞു തുള്ളിയ 2018 ന്റെ അപരാഹ്നത്തിൽ തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ അതിജീവനത്തിന്റെ ശംഖൊലിയായി ഈ അന്ധഗായകരുടെ ഗാനവീചികൾ ചരിത്രം വീണുറങ്ങുന്ന ഷണ്മുഖാനന്ദയുടെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. വെളിച്ചം മങ്ങിയ ഗായകരുടെ കണ്ണുകളിൽ സ്ഫുരിച്ചത് തോളോട് തോൾ ചേർന്ന് ദൈവത്തിന്റെ സ്വന്തം നാട് ലോകത്തിനു പകർന്നാടിയ സഹനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും കാരുണ്യ സ്പർശമായിരുന്നു. നിറഞ്ഞ സദസ്സിനെ ആവേശത്തിലാക്കി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ ജന്മനാടിനായി പാടിയപ്പോൾ പ്രവാസത്തിന്റെ ഗൃഹാതുരുത്വങ്ങളായിരുന്നു ഉയിർത്തെഴുന്നേറ്റത്. കാഴ്ചയില്ലാത്ത കലാകാരന്മാർ തീർത്ത ഈണവും താളവുമെല്ലാം കണ്ണിമ വെട്ടാതെ ആസ്വദിച്ചിരുന്ന സദസ്സ് തന്നെയായിരുന്നു ഇരുട്ടിന്റെ ലോകത്തും ഇവർക്കായി കിട്ടിയ കാഴ്ചകൾ.

തുടർന്ന് മുംബൈയിലെ അറിയപ്പെടുന്ന ഗായകരായ ശ്രീരഞ്ജ് മേനോൻ, ആശ നായർ എന്നിവരെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പ്രേം കുമാർ സദസ്സിന് പരിചയപ്പെടുത്തി. ശ്രീരഞ്ജ് മേനോൻ, ആശ നായർ, മഹേഷ്, വിരാജ് എന്നിവർ ചേർന്നവതരിപ്പിച്ച മലയാളം തമിഴ് ഫ്യൂഷൻ ഗാനങ്ങൾ പ്രേക്ഷക പ്രീതി നേടി.

പ്രോഗ്രാം കൺവീനർ എ എൻ ഷാജി നന്ദി പ്രകാശിപ്പിച്ചു. സപ്ന രാജ്‌മോഹൻ ചടങ്ങുകൾ നിയന്ത്രിച്ചു.

Tune in AMCHI MUMBAI for the highlights of the event
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here