ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

0

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം ഒന്നര പതിറ്റാണ്ടിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുമ്പോൾ സ്വാഭാവികമായി ഈ ചിത്രം ആരാധകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്നു. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന് കൊട്ടിഘോഷിച്ചെത്തിയ ഒടിയൻ കണ്ട ക്ഷീണമായിരുന്നു ഞാൻ പ്രകാശൻ കാണുവാൻ അൽപ്പം വൈകുവാൻ കാരണമായതും. റിലീസിന് മുൻപ് 100 കോടി, ആദ്യ ദിവസത്തെ കളക്ഷൻ 5 കോടി, ഒരാഴ്ച പിന്നിടുമ്പോൾ 200 കോടി ക്ലബ്ബിൽ തുടങ്ങി തള്ളലുകൾ കൊണ്ട് മലയാളികളെ പൊരുതി മുട്ടിച്ച ചിത്രമായിരുന്നു ഇരുട്ടിന്റെ അല്ലെങ്കിൽ രാത്രിയുടെ രാജാവിന്റെ കഥയുമായെത്തിയ ഒടിയൻ. എന്നാൽ നിശബ്ദമായി തീയേറ്ററുകളിലെത്തി പ്രേക്ഷക പ്രീതി നേടിയ രണ്ടു ചിത്രങ്ങളായിരുന്നു ഈ ക്രിസ്മസിനെ ആഘോഷമാക്കിയത്. പദ്മകുമാർ അണിയിച്ചൊരുക്കിയ ജോസഫും, സത്യൻ-ശ്രീനി കൂട്ടുകെട്ടിൽ വിരിഞ്ഞ ഞാൻ പ്രകാശനും നേടിയത് തള്ളുകളിലാത്ത സ്വാഭാവിക വിജയങ്ങളായിരുന്നു.

ശ്രീനിവാസന്റെ നർമ്മങ്ങളിൽ ചിലത് മനഃപ്പൂര്‍വ്വമായി എഴുതിച്ചേര്‍ത്തതായി പ്രേക്ഷകന് അനുഭവപ്പെടുന്ന സന്ദർഭങ്ങളും ചിത്രത്തിലുണ്ട്.

ഒരു ശരാശരി മലയാളി യുവത്വത്തിന്റെ പ്രതീകമാണ് ഞാന്‍ പ്രകാശനിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് കോറിയിടുന്നത്. സ്വന്തം നാടിനോടും ഇവിടുത്തെ തൊഴിൽ സംസ്കാരത്തോടും പുച്ഛവുമായി നടക്കുന്ന പ്രകാശനെ ഒരു തരികിടയായാണ് പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസൻ തന്നെയാണ് തന്റെ ശബ്ദത്തിലൂടെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും തുടക്കത്തിൽ വിവരിക്കുന്നത്.

വിദേശത്ത് പോയി പെട്ടെന്ന് പണക്കാരനാകുകയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന പ്രകാശന്റെ അതിയായ മോഹം. ഇതിനായി കുറുക്കുവഴികൾ തിരയുന്ന ഇയാൾ ചെന്ന് പെടുന്ന പൊല്ലാപ്പുകളിലൂടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്. അസൂയയും കുശുമ്പും സ്വാര്‍ത്ഥതയുമെല്ലാം മുഖമുദ്രയായ ഒരു സാദാ മലയാളി. ബന്ധങ്ങള്‍ക്കോ സൗഹൃദങ്ങൾക്കോ വില കൽപ്പിക്കാത്ത സ്വാർത്ഥനായ പ്രകാശൻ ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികളും തിരിച്ചറിവുമാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രം.

ശ്രീനിവാസന്റെ നർമ്മങ്ങളിൽ ചിലത് മനഃപ്പൂര്‍വ്വമായി എഴുതിച്ചേര്‍ത്തതായി പ്രേക്ഷകന് അനുഭവപ്പെടുന്ന സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. ഉദാഹരണത്തിന് സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ എന്ന ഫഹദിന്റെ ചോദ്യവും മോഹൻലാലിനെതിരെ ഒളിയമ്പെയ്തു കൊണ്ടുള്ള ശ്രീനിവാസന്റെ മറുപടിയും തീയേറ്ററിൽ ഉയർത്തിയത് ചിരിയായിരുന്നില്ല. പലരും ഇത് മോഹൻലാലിനിട്ട് താങ്ങിയതാണെന്ന് പരസ്പരം പറയുന്നത് കേൾക്കാമായിരുന്നു. എന്നാൽ തിയറ്ററില്‍ ചിരി നിറയ്ക്കുന്ന രംഗങ്ങളിലധികവും ചിത്രത്തിലെ ഏറ്റവും ഗൗരവമുള്ളവയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതില്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ അനായാസതയും സ്വാഭാവികമായ അഭിനയവും പ്രശംസ അർഹിക്കുന്നു. ശ്രീനിവാസന്‍ ചിത്രങ്ങളിൽ പ്രേക്ഷകരെ ഏറ്റവും അധികം ആകർഷിക്കുന്ന ഘടകമാണ് കഥാപാത്രങ്ങൾ തമ്മിലുള്ള കൗണ്ടറുകൾ. ഈ ചിത്രത്തിലും നിഷ്‌കളങ്കമായ കൗണ്ടറുകളിലൂടെ തിയറ്ററില്‍ ചിരിയും ചിന്തയുമുണർത്താൻ ശ്രീനിക്ക് കഴിഞ്ഞുവെന്ന് പറയാം.

സത്യൻ അന്തിക്കാടിനു സന്തോഷിക്കാം ജന്മനാടിന്റെ ഹൃദയം പേറുന്ന കഥകൾക്കായി ഇനി സൂപ്പർ താരങ്ങളുടെ ഡേറ്റിനായി കാത്തിരിക്കേണ്ട

അയാൾ പക്കത്തെ പയ്യനായോ, എവിടെയോ പരിചയപ്പെട്ട സുഹൃത്തായോ പ്രകാശൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു. മനസ് തുറന്ന് രസിക്കുമ്പോഴും കണ്ണിനെ ഈറനണിയിക്കുന്ന നിമിഷങ്ങളും ഞാന്‍ പ്രകാശനെ പ്രേക്ഷകനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാക്കുന്നു. കാലഘട്ടത്തിന്റെ മാറ്റമായിരിക്കാം സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണ സിനിമകളുടെ നിഷ്കളങ്കത പക്ഷെ പ്രകാശനിൽ അനുഭവിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും നാട്ടിൻ പുറത്തിന്റെ സൗന്ദര്യം തനിമ ചോരാതെ ഒപ്പിയെടുത്തു ചിത്രത്തെ ദൃശ്യാനുഭവമാക്കി മാറ്റുവാൻ എസ് കുമാറിന് കഴിഞ്ഞു. സാധാരണ സത്യൻ – ശ്രീനിവാസൻ ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള കഥയിലെ ഒഴുക്കും സ്വാഭാവികതയും ഞാൻ പ്രകാശന്റെ രചനയിൽ കാണാനായില്ല. പല രംഗങ്ങളും തമാശക്കായി ഏച്ചു കെട്ടിയതായി പ്രേക്ഷകന് അനുഭവപ്പെടും.

മെട്രോ ബോയ് ഇമേജുമായി മലയാള സിനിമയിൽ തിളങ്ങി നിന്ന ഫഹദ് ഫാസിൽ ഒരു ഗ്രാമീണ യുവാവായി ഞാൻ പ്രകാശനിൽ എത്തി നിൽകുമ്പോൾ ഈ നടനിലെ പ്രതിഭ കൈയെത്തും ദൂരത്തായിരുന്നുവെന്ന് അച്ഛൻ ഫാസിലിനു പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലന്ന് വേണം കരുതാൻ. എന്തായാലും സത്യൻ അന്തിക്കാടിനു സന്തോഷിക്കാം ജന്മനാടിന്റെ ഹൃദയം പേറുന്ന കഥകൾക്കായി ഇനി സൂപ്പർ താരങ്ങളുടെ ഡേറ്റിനായി കാത്തിരിക്കേണ്ട. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രങ്ങളിലെ മോഹന്‍ലാലിനെയും ജയറാമിനെയുമെല്ലാം ഓർമ്മയിൽ വരും ഈ ചിത്രത്തിലെ ഫഹദിനെ പ്രകടനം കാണുമ്പോൾ.

ബംഗാളി ജോലിക്കാരെ സപ്ലൈ ചെയ്യുന്ന ഗോപാൽജിയായെത്തുന്ന ശ്രീനിവാസൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ശ്രദ്ധ നേടുന്നുവെങ്കിലും പഴയ ശ്രീനി മാജിക് വർക്ക് ഔട്ട് ആയില്ല. നിഖില വിമലും അഞ്ജു കുര്യനുമാണ് ചിത്രത്തിലെ നായികമാര്‍. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലെ പതിവ് മുഖങ്ങളിൽ കെപിഎസി ലളിത മാത്രമാണ് ചിത്രത്തിലുള്ളത്. മാമുക്കോയ തുടങ്ങിയരെ ഞാൻ പ്രകാശനിൽ കാണാനായില്ല. പിന്നെയുള്ളത് അധികം സുപരിചതമല്ലാത്ത മലയാള സിനിമക്ക് പ്രതീക്ഷ നൽകുന്ന കുറെ അഭിനേതാക്കളാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനങ്ങള്‍ ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നുവെങ്കിലും പതിവ് സത്യൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബ്ദ മുഖരിതമായിരുന്നു ഗാനങ്ങളും, പശ്ചാത്തല സംഗീതവും.

LEAVE A REPLY

Please enter your comment!
Please enter your name here