മലയാള സിനിമയിൽ മങ്ങാതെ ജ്വലിച്ചുയർന്ന മാളക്കാരൻ

കുഴൂർ ശ്രീമുരുകൻ ടാക്കീസിലും മാള ജോസ് ടാക്കീസിലും സിനിമകൾ കണ്ടു വളർന്ന കുട്ടിക്കാലം മുതലേ ജോജുവിന്റെ മനസ്സിൽ സിനിമ എന്ന മായിക ലോകത്തിന്റെ വിത്തുകൾ പാകിയിരുന്നു.

0

ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയുടെ ഇടനാഴികളിൽ വര്ഷങ്ങളോളം കഴിഞ്ഞ നാളുകൾ ഇനി വെറും ഓർമ്മ. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഈ മാളക്കാരന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. കച്ചവട സിനിമകളുടെ കൊട്ടിഘോഷങ്ങളില്ലാതെ നിശബ്ദമായി തീയേറ്ററുകളിൽ എത്തി ജന പിന്തുണ കൊണ്ട് മാത്രം വിജയിച്ച സിനിമയാണ് ജോസഫ്. വേണ്ടത്ര മാധ്യമ ശ്രദ്ധ പോലും ലഭിക്കാതിരുന്ന ചിത്രം മുംബൈയിൽ പോലും വന്നു പോയത് പലരും അറിഞ്ഞില്ലെന്ന് വേണം കരുതാൻ.

ജോജു ജോര്‍ജ് എന്ന ബഹുമുഖ പ്രതിഭയെ മലയാളികള്‍ മുമ്പേ അംഗീകരിച്ചിട്ടുള്ളതാണ്. എങ്കിലും ജോസഫിന്റെ നട്ടെല്ല് ജോജുവിന്റെ പ്രകടനമാണെന്ന് പറയാതിരിക്കാന്‍ വയ്യ. അത്ര മികച്ചതായിരുന്നു ജോജുവിന്റ പ്രകടനം. ജോസഫിന്റെ ഓരോ മാനറിസങ്ങളും ആദ്യം മുതല്‍ അവസാനം വരെ പിന്തുടരാന്‍ ജോജുവിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കഥാപാത്രം ജോസഫ് ആണെന്ന് പടം കണ്ടിറങ്ങിയ ആരും പറയും. അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും അധികം പോലീസ് വേഷം ചെയ്തിട്ടുള്ള നടൻ കൂടിയാണ് ജോജു .

കുഴൂർ ശ്രീമുരുകൻ ടാക്കീസിലും മാള ജോസ് ടാക്കീസിലും സിനിമകൾ കണ്ടു വളർന്ന കുട്ടിക്കാലം മുതലേ ജോജുവിന്റെ മനസ്സിൽ സിനിമ എന്ന മായിക ലോകത്തിന്റെ വിത്തുകൾ പാകിയിരുന്നു. പിന്നീട് അഭിനയ മോഹവുമായി ലൊക്കേഷനുകളിൽ കയറി ഇറങ്ങിയ നാളുകളും മമ്മൂട്ടിയുടെ കാറിന് പുറകെ ഓടി ചാൻസ് ചോദിച്ച സംഭവങ്ങളും ഇന്ന് മധുരമുള്ള ഓർമകളാണ് ജോജുവിന്. ബിജു മേനോനുമായുള്ള സാദൃശ്യമാണ് ജോജുവിനെ സിനിമാ വൃത്തങ്ങൾ ശ്രദ്ധിക്കാൻ കാരണമായത്. ജോജു അതിൽ പിടിച്ചു കയറുകയായിരുന്നു. ആദ്യം ബിജുവിന്റെ മനസ്സ് കീഴടക്കിയ ജോജു സഹോദരിയുടെ വിവാഹത്തിന് വരെ ബിജു മേനോന്റെ സാന്നിധ്യം ഉറപ്പാക്കി മാളയിലെ താരമായി.

ബിജു മേനോന്റെ ഇടപെടൽ ജോജുവിന് ചെറിയ റോളുകൾ സ്വായത്തമാക്കാൻ സഹായിച്ചു. അറിയപ്പെടുന്ന ജൂനിയർ ആർട്ടിസ്റ്റ് ആയി മാറിയ ജോജുവിന് ചില ഡയലോഗുകളും ലഭിക്കാൻ തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി. പട്ടാളമായിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം ലഭിച്ച ചിത്രം. പിന്നീട് 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര തുടങ്ങിയ ചിത്രങ്ങൾ പുറത്തു വന്നതോടെ ജോജു അറിയപ്പെടുന്ന സിനിമാ നടനായി. ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരനായി ചെറിയ സീനുകളിൽ എത്തി പോലും ശക്തമായ സാന്നിധ്യമറിയിച്ച നടനാണ് ജോജു. ഏകദേശം 16 വർഷത്തോളം പ്രതീക്ഷ കൈവിടാതെ മലയാള സിനിമയെ പിന്തുടർന്ന നടന് ലഭിച്ച വര ദാനമാണ് ജോസഫ് എന്ന ശക്തമായ ചിത്രം. സൂപ്പർ താര ചിത്രങ്ങളെ പോലും മറി കടന്ന് ഗംഭീര വിജയവുമായി ഈ കൊച്ചു ചിത്രം മുന്നേറുമ്പോൾ അത് ജോജു ജോർജ്ജ് എന്ന ചെറുപ്പക്കാരന്റെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ്. ഇന്ന് അഭിനയം കൂടാതെ മലയാള സിനിമയിലെ നിർമ്മാതാവ് കൂടിയാണ് ജോജു ജോർജ്. ദുൽഖറിന്റെ ‘ചാർളി’ മഞ്ജു വാരിയർ അഭിനയിച്ച ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചും മലയാള ചലച്ചിത്ര മേഖലക്ക് വിജയ കഥകൾ നേടി കൊടുത്ത കലാകാരൻ കൂടിയാണ് ജോജു.

LEAVE A REPLY

Please enter your comment!
Please enter your name here