അരങ്ങിനെ വിസ്മയിപ്പിക്കാൻ വേടനൃത്തവുമായി മുംബൈ മലയാളി

0

ശ്രുതിലയ ചാരിറ്റബിൾ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ഉണർവ് എന്ന നൃത്ത നാടക സംഗീത സായാഹ്നത്തിലാണ് ഡോ സജീവ് നായരുടെ വേടനൃത്തത്തിനായി അരങ്ങൊരുങ്ങുന്നത്. കേരളത്തിൽ നിരവധി വേദികളിലൂടെ പ്രശംസ പിടിച്ചു പറ്റിയ ഈ നൃത്താവിഷ്കാരം ഇതാദ്യമായാണ് മുംബൈയിൽ അരങ്ങേറുന്നത്. ഇന്ന് (13th January 2019) വൈകീട്ട് 6 മണിക്ക് കല്യാൺ മോഡൽ ഇംഗ്ലീഷ് ഹൈ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ശ്രുതിലയയുടെ വാർഷിക പരിപാടിയിലായിരിക്കും പ്രശസ്ത ക്ലാസ്സിക് ഡാൻസറും ഗുരു ഗോപിനാഥിന്റെ ശിഷ്യനുമായ സജീവ് നായരുടെ വ്യത്യസ്തങ്ങളായ നൃത്ത രൂപങ്ങൾ അരങ്ങേറുക. വേടനൃത്തം കൂടാതെ സീതാപഹരണവും അംഗുലീയ ചൂഢാമണിയും, ശിലയും ശില്പിയും തുടങ്ങിയ നൃത്താവിഷ്കാരങ്ങളും വേദിയെ വിസ്മയിപ്പിക്കും.

അരങ്ങിൽ മുദ്രകൾ കൊണ്ട് സംവദിച്ചും നൃത്ത ചലനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചുമാണ് ഡോ സജീവ് നായർ കലാ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. നൃത്ത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഗുരു ഗോപിനാഥിന്റെ കീഴിൽ പത്തു വർഷത്തോളം നൃത്തം അഭ്യസിച്ചിട്ടുള്ള പ്രതിഭയാണ് സജീവ് നായർ. പോയ വാരം കൈരളി ടി വി യിൽ പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈയിലെ ‘അല്ല പിന്നെ’ എന്ന സമകാലിക ആക്ഷേപ ഹാസ്യ പരിപാടിയിലും അനായാസമായ അഭിനയ ചാതുര്യത്തോടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കലാകാരനാണ് ഡോ സജീവ് നായർ.

രണ്ടു പതിറ്റാണ്ടായി നിരവധി അന്താരാഷ്ട്ര കമ്പനികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സജീവ് ഇപ്പോൾ മുംബൈയിൽ റിലയൻസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്നു. തിരക്ക് പിടിച്ച ഔദ്യോദിക ജീവിത ശൈലിയോടൊപ്പം കലയെയും സാംസ്‌കാരിക പ്രവർത്തനങ്ങളെയും കൂടെ കൊണ്ട് നടക്കുന്ന ഡോ സജീവ് കുടുംബ സമേതം നവി മുംബൈയിൽ താമസിക്കുന്നു.

ഈയിടെ പൂനെയിൽ അവതരിപ്പിച്ച വേട്ടക്കാരൻ എന്ന ഹൃസ്വ നാടകത്തിലെ പ്രകടനത്തിന് നല്ല നടനുള്ള വാക് ദേവതാ പുരസ്കാരവും ഡോ സജീവ് നായർ നേടിയിരുന്നു. ആംചി മുംബൈ ഓൺലൈൻ പോർട്ടൽ സംഘടിപ്പിച്ച ഡബ്സ്മാഷ് മത്സരത്തിലും മികച്ച അവതരണമായി തിരഞ്ഞെടുത്തത് ഡോ സജീവിന്റെ മോഹൻലാൽ പ്രകടനമായിരുന്നു. അഭിനയത്തിലും, നൃത്തത്തിലും ഒരു പോലെ ശോഭിക്കുന്ന ഡോ സജീവ് നായർ മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here