ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന 11 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.

0

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം ജനുവരി 13 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന 11 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച കലാമാമാങ്കത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനൊന്നു മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി,  പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 11 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട്  ആറു വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ ഡോംബിവലി നിവാസിയായ എഴുപത്തേഴ് വയസു കഴിഞ്ഞ ലക്ഷ്മി കുറുപ്പ് വരെയുള്ള  ആയിരത്തിലേറെ ഭാഷാ-കലാപ്രേമികളാണ് കേരള സംസ്കാരത്തെ നെഞ്ചിലേറ്റിക്കൊണ്ട്  24 ഇനം  മത്സരങ്ങളില്‍ മാറ്റുരച്ചത്. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായി  നടന്ന ആവേശകരമായ ഈ  മത്സരങ്ങള്‍ക്ക് രണ്ടായിരത്തിലേറെ  പേര്‍ സാക്ഷ്യം വഹിച്ചു.

കേന്ദ്രകലോത്സവത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍.ഹരിഹരന്‍ അധ്യക്ഷം വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം ജന. സെക്രട്ടറി ജീവരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ എല്‍. ഐ. സി മാനേജര്‍ ശില്പ ബാഗുള്‍ മുഖ്യാതിഥിയായിരുന്നു. ജന്മനാട്ടില്‍ നിന്ന് വളരെ ദൂരെ ഈ മഹാനഗരത്തില്‍ കേരളകലാരൂപങ്ങളെ പുതിയ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” എന്ന ത്രൈമാസികയുടെ എഴാം മലയാളോത്സവം വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനവും ശില്പ ബാഗുള്‍ നിര്‍വ്വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡണ്ട് റീന സന്തോഷ്‌ കൃതജ്ഞത രേഖപ്പെടുത്തി.

ഏഴാം മലയാളോത്സവത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരങ്ങളില്‍ ഇവരൊക്കെയാണ് വിജയികളായത്. ചെറുകഥ ഒന്നാം സമ്മാനം സുനില്‍കുമാഎസ്.കെ (കഥ: തീ ചാമുണ്ഡി), രണ്ടാം സമ്മാനം രാജന്‍ കിണറ്റിങ്കര (കഥ: ഒന്നും പറയാതെ), കവിത ഒന്നാം സമ്മാനം സരിത ടി. വി (കവിത: ആനുകാലികം), രണ്ടാം സമ്മാനം സുവര്‍ണ്ണ സുശീല്‍ (കവിത: ചെകുത്താന്റെ ചിരി), ലേഖനം (വിഷയം: മറുനാടന്‍ മലയാളികളും മാതൃഭാഷാ സംരക്ഷണവും) ഒന്നാം സമ്മാനം: സത്യനാഥ് കെ.വി, രണ്ടാം സമ്മാനം: ബിന്ദു സന്ദീപ്‌. രാത്രി ഒമ്പത് മണി വരെ നീണ്ടു നിന്ന മത്സരങ്ങളുടെ ഫല പ്രഖ്യാപനം കൺവീനർ അനിൽ പ്രകാശ് നിർവഹിച്ചു. 218 പോയിന്റ്‌ നേടിയ കല്യാണ്‍-ഡോംബിവലി മേഖല ടീം ചാമ്പ്യന്‍ ഷിപ്‌ നേടിയപ്പോള്‍ 196 പോയിന്റോടെ നവി മുംബൈ മേഖല രണ്ടാം സ്ഥാനത്തെത്തി.

2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമായി മാറി മലയാളോത്സവം. മലയാളനാടിന്‍റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ സ്ക്കൂള്‍ കോളേജ് കലോത്സവങ്ങള്‍ക്ക് സദൃശമായാണ് മുംബൈ മലയാളികള്‍ മലയാളോത്സവത്തെ ആഘോഷമാക്കുന്നത്.

യുവ തലമുറയുടെ സക്രിയ സാന്നിദ്ധ്യം വളരെ പ്രോത്സാഹജനകവും ശുഭോദര്‍ക്കവുമാണ്. കേന്ദ്രകമ്മിറ്റിയുടെയും മേഖലകമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങളില്‍ മുംബൈ മലയാളികളുടെ യുവതലമുറ ആവേശപൂര്‍വ്വം ഭാഗഭാക്കുമ്പോൾ മഹാനഗരത്തിൽ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയാണ് കോറിയിടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here