ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട; മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു.

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്കെതിരെയാണ് മുരുകൻ കാട്ടാക്കട പ്രതികരിച്ചത്. മുംബൈയിലെ പ്രമുഖ എഴുത്തുകാരും വിഷയത്തിൽ പ്രതികരിക്കുന്നു.

2

പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആവശ്യം ശുദ്ധ അസംബന്ധമാണെന്നും എഴുത്തുകാരന്റെ ധാർഷ്ട്യമാണ് പ്രകടമായതെന്നുമാണ് കവി മുരുകൻ കാട്ടാക്കട വിമർശിച്ചിരിക്കുന്നത്. ടാൻസാനിയായിലെ മലയാളി കൂട്ടായ്മയായ കലാമണ്ഡലം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുരുകൻ കാട്ടാക്കടയുമായി രാജേഷ് കാഞ്ഞിരക്കാടൻ നടത്തിയ സംവാദത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബാലചന്ദ്രന്റെ നിലപാടിനെ നിശിതമായി വിമർശിക്കുന്ന സംവാദത്തിൽ ഒരു സൃഷ്ടി എഴുതിക്കഴിഞ്ഞാൽ അത് എഴുത്തുകാരന് സ്വന്തമല്ലെന്നും പിന്നീടത് അനുവാചകന്റെ അഭിരുചിക്ക് വിട്ടുകൊടുക്കണമെന്നും കാട്ടാക്കട വാദിക്കുന്നു.

 

വിദ്യാഭ്യാസമേഖല തെറ്റായ പ്രവണതയാണ് അനുവർത്തിക്കുന്നതെന്നു പറഞ്ഞായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കടുത്ത തീരുമാനം. സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതികളില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് പോയ വാരം ചുള്ളിക്കാട് ആവശ്യപ്പെട്ടത്.

ഈ വിഷയത്തിൽ മുംബൈയിലെ പ്രമുഖ എഴുത്തുകാരും പ്രതികരിക്കുന്നു.

 • സന്തോഷ് പല്ലശ്ശന – യുവ കവി

തന്‍റെ കൃതികള്‍ സമൂഹം എങ്ങിനെയൊക്കെ കൈകര്യം ചെയ്യപ്പെടണം എന്നതിനെക്കുറിച്ചുള്ള എഴുത്തുകാരന്‍റെ നിര്‍ബന്ധങ്ങളെ അങ്ങേയറ്റത്തെ ധാര്‍ഷ്ട്യം എന്നേ പറയാന്‍ കഴിയൂ. പെയ്യുന്ന മഴ മുഴുവന്‍ കുടിക്കാന്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഒരു മഴ നമ്മോട് നിഷ്ക്കര്‍ഷിക്കാറില്ല. അതാണ് എഴുത്തുകാരന് കിട്ടുന്ന പ്രകൃതിപാഠം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചുള്ളിക്കാട് എടുത്ത നിലപാടിന്‍റെ അങ്ങേയറ്റം ദൗര്‍ഭാഗ്യകരം എന്നെ വിശേഷിപ്പിക്കാന്‍ തോന്നുന്നുള്ളു.

 • രാജൻ കിണറ്റിങ്കര, സാഹിത്യകാരൻ, കാർട്ടൂണിസ്റ്റ്

ചുള്ളിക്കാടിന്റെ ഇത്തരം ഒരു നിലപാടിന്റെ പിന്നിലെ വികാരം എന്താണെന്ന് വ്യക്തമല്ല . കവിത എന്ന് പറയുന്നത് മനസ്സിലെ കെട്ടുപിണഞ്ഞ വികാരങ്ങളുടെ ഒരു കുത്തൊലിപ്പാണ് , അത് സന്തോഷത്തിന്റേതാകാം , സന്താപത്തിന്റെയാകാം , അല്ലെങ്കിൽ ചില നിർവചിക്കാനാകാത്ത വിങ്ങലുകളുടെയാകാം . ആ വികാരങ്ങളെ എഴുത്തിലൂടെ ഒഴുക്കി കളയുമ്പോൾ കവി മോചിതനാകുന്നു . കവി മോചിതനാകുമ്പോൾ കവിതയും സ്വതന്ത്രമാകുന്നു . സ്വതന്ത്രമായ കവിതയ്ക്ക് നിബന്ധനകളുടെ വേലിക്കെട്ടുകൾ തീർക്കാൻ കവിയ്ക്ക് അധികാരമില്ല. വിചാരണ കഴിഞ്ഞു നിർദോഷിയെന്നു കോടതി വിധിക്കപ്പെട്ട ഒരാൾ എങ്ങനെ നടക്കണം , എങ്ങനെ പെരുമാറണം എന്നൊന്നും കോടതി നിഷ്കർഷിക്കാത്ത പോലെ താൻ തുറന്നു വിട്ട കവിത എന്ന ഒഴുക്കു വെള്ളത്തെ അനുവാചകൻ അവനിഷ്ടമുള്ള പോലെ ഉപയോഗിക്കട്ടെ , ചിലർക്ക് കുടിക്കാം , ചിലർക്ക് ചെടി നനയ്ക്കാം, തുണിയലക്കാം , അല്ലെങ്കിൽ മറ്റു ചിലർക്ക് കുളിക്കാനായിരിക്കും താൽപര്യം . അതിനു നിബന്ധനകൾ വയ്ക്കുന്നത് ബാലിശമല്ലേ .

 • നാണപ്പൻ മഞ്ഞപ്ര – കവി, നാടക പ്രവർത്തകൻ, പത്ര പ്രവർത്തകൻ

ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പൂർണമായും യോജിക്കുന്നു. അക്ഷരജ്ഞാനം ഇല്ലാത്തവർ സൃഷ്ടിയെ വികലമാക്കുന്നതിനോടാണ് ബാലചന്ദ്രൻ പ്രതികരിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ചുള്ളിക്കാടിന്റെ പോലെ ഒരു എഴുത്തുകാരന് പ്രതികരിക്കേണ്ടി വന്നത്.

 • ഡിംപിൾ ഗിരീഷ് , നർത്തകി, എഴുത്തുകാരി

ചുള്ളിക്കാടിന്റെ കവിതകളുടെ കോപ്പി റൈറ്റ് അങ്ങോർക്കാണെങ്കിൽ പറയാല്ലോ പഠിപ്പിക്കേണ്ടെന്നു… പണ്ടും പറഞ്ഞിട്ടുണ്ട് ചുള്ളിക്കാട് ഇത്. BA ക്ലാസ്സിൽ സ്വന്തം കവിത പഠിക്കേണ്ട ദുര്യോഗം ഉണ്ടായപ്പോൾ, ക്ലാസ്സ്‌ റൂമിൽ കവിത കവിതയായി വായിക്കപ്പെടുന്നത് കുറവാണ്… പേരുകേട്ടവരുടെ നല്ല രചനകൾ വളരെ കുറച്ചേ വന്നിട്ടുളളൂ അക്കാഡമികളിൽ. വെളിയിൽ വായിക്കപ്പെടാത്തവരുടെ എഴുത്തുകൾ കൂടുതൽ വരും ടീച്ചിങ് ഏരിയ ആണ് ചുള്ളിക്കാട് വിമർശിച്ചത്…. അങ്ങോർക്ക് അങ്ങോരുടെ കവിതകൾ പിൻവലിക്കണ മെന്നല്ലേ പറയാൻ പറ്റൂ ഒരു തലമുറയെ എന്റെ എഴുത്ത് വഴിതെറ്റിച്ചെന്നല്ലേ അങ്ങോര് പറഞ്ഞത്… കാട്ടാക്കടയെ പോലെ കാസറ്റ് കവി എന്ന ഇമേജിൽ കഴിയുന്ന ഒരാൾക്ക് അയാളുടെ കവിതകൾ പഠന വിഷയം ആവണമെന്നൊക്കെ ഉണ്ടാവും… ഇങ്ങനൊക്കെ പറഞ്ഞാലെങ്കിലും ആ ഇമേജ് ഒന്ന് മാറ്റേണ്ടേ

 • ഗിരിജാ മേനോൻ, എഴുത്തുകാരി

നല്ല കുറച്ചു കവിതകൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ബഹുമാനം തന്നെ. എന്നാൽ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ കവിതയും സാഹിത്യവും പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും പഠിക്കുന്ന വിദ്യാർഥികളും അക്ഷരജ്ഞാനമില്ലാത്തവല്ല. കവിതയും സാഹിത്യവും എഴുതുന്നവർ മാത്രമല്ല അത് വായിക്കുന്നവരും ബഹുമാനിക്കപെടേണ്ടവരാണ്.ഇത്തരം പ്രസ്താവനകൾ ഇറക്കി ജനശ്രദ്ധ ആകർഷിക്കാനുള്ള പരിപാടിയാവാം അദ്ദേഹത്തിന്റേത് എന്നാണ് എന്റെ അഭിപ്രായം. അവാർഡുകൾ നിരസിക്കുന്നത് ഇതിനൊരു ഉദാഹരണം മാത്രം. അക്ഷരജ്ഞാനമില്ലാത്തവരാണ് ഇന്നത്തെ അധ്യാപകർ എന്ന് പറയുന്നതിൽ കഴമ്പില്ല.

 • ഇ ഹരീന്ദ്രനാഥ്, ഡോംബിവ്‌ലി – കവി

ബാലചന്ദ്രൻ ചുള്ളിക്കാടിനെ കവിയെന്ന നിലയിൽ അദ്ദേഹത്തോട് എനിക്ക് എന്നെന്നും ബഹുമാനമുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ ഇത്തരം കടുംപിടുത്തം സീരിയലി ലെഡയലോഗു പോലെ കേട്ടു തള്ളിക്കളയണം.

 • ഗോപിനാഥൻ മാരാർ, 

സ്വന്തം കൃതിയെക്കുറിച്ചു ഒരു കവി പറയുന്നു പാഠ്യവിഷയമാക്കരുതെ എന്നു. അതിൽ ആർക്കും അദ്ദേഹത്തെ തെറ്റു പറയാൻ അവകാശമില്ല. എന്നാൽ ഒരു മഹത്തായ സൃഷ്ടി പാഠ്യവിഷയം ആക്കുവാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതും ഒരു തെറ്റല്ല. തെറ്റും ശരിയും നിറഞ്ഞ ഈ ജീവിതത്തിൽ ആരാണ് ശരി ആരാണ് തെറ്റുകാർ? കാത്തിരുന്നു കാണാം കാഴ്ചകൾ..കാലമാം വേദിയിൽ…..

___________________________________________________________
പകർപ്പവകാശത്തെ ചോദ്യം ചെയ്ത് അമിതാഭ് ബച്ചൻ
Come back Specialist ശ്വേത
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
അതിരുകള്‍ ഇല്ലാത്ത മലയാണ്മ

2 COMMENTS

 1. ഹരിഃ ഓം.
  ശ്രീ. ബാലചന്ദ്രന്റെ സൃഷ്ടി എങ്ങനെ ഇരിക്കണം, എങ്ങനെ ഒരുങ്ങണം എന്ന് – അഭിപ്രായം പറയാൻ സൃഷ്ടാവിനു ആവാം, അതിന് അനുവാചകൻ സൃഷ്ടാവിനു നേരെ പ്രകോപനം ഉതിർക്കുന്നുവെങ്കിൽ ആ അനുവാചകനിൽ സ്വാർത്ഥപരമായ ഏതെങ്കിലും ( പ്രശസ്തി, etc)സങ്കൽപ്പം ഉണ്ടാവും.

 2. ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ അദ്ദേഹം അദ്ദേഹത്തിൻെറ കവിതകളെ പാഠൃവിഷയമാക്കി അവഹേളിക്കരുത് എന്ന അർത്ഥം വരുന്ന വിധത്തിൽ എടുത്ത നിലപാടുകൾ ഒരു വിവാദമാക്കി ചർച്ചകൾ മുന്നേറുകയാണ്..എക്കിലും എനിക്ക് പറയാനുള്ളത് ചുള്ളിക്കാടിനെ പോലെയുള്ള ഒരു ജനകീയ കവി എന്ത് കൊണ്ട് ഇങിനെയുള്ള ഒരു നിലപാടെടുത്തു എന്നതിനെ കുറിച്ച് ചർച്ചകളോ വിലയിരുത്തലുകളോ നടത്താതെ അതിവിശാലതകൾ പുലമ്പുന്ന രീതിയിലേക്ക് ചർച്ചകളെ കൊണ്ട് പോകുവാൻ ശ്രമങൾ തുടരുകയാണ് വിദ്യാഭ്യാസം കച്ചവടവത്ക്കരിക്ക പ്പെടുകയും പഠിപ്പിക്കലുദോഗം പണം കൊടുത്ത് വാങാവുന്ന നിലയിലേക്ക് അധ:പതി ക്കുകയും ചെയ്തതോടെ പഠനമൂലൃങൾ പൂർണമായും ജീർണ്ണാവസ്തയിലെത്തി നില്ക്കുന്ന അവസ്ഥയിൽ യഥാർത്ഥ കവിതകളെ അതിൻെറ യഥാർത്ഥ ലക്ഷ്യങളിലേക്കും,അർത്ഥങളിലേക്കും എത്തിക്കാൻ ഇന്നത്തെ വിദ്യാഭ്യാസ കച്ചവടക്കാർക്ക് ആകില്ലായെന്ന വിലയിരുത്തൽ പൂർണമായും ശരിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്..അത് തന്നെയാണ് ചുള്ളിക്കാട് തൻെറ രീതിയിലൂടെ വൃക്തമാക്കാൻ ശ്രമിച്ചതും.യഥാർത്ഥ കവിതകളും അതുപൊലെ തന്നെ മറ്റു സാഹിതൃ സ്രഷ്ടികളും പഠിപ്പിക്കാനായി പഠിപ്പിക്കുന്ന യാന്ത്രികതയെ തൻെറതായ രീതിയിൽ പ്രതികരിക്കുക എന്നതാണ് അദ്ദേഹം ചെയ്തത്…ചുള്ളിക്കാടിൻെറ ഈ നിലപാടിനോട് അനുബന്ധിച്ച് മൂലൃചുതിസംഭവിച്ച വിദ്യാഭ്യാസത്തേയും വിദ്യാഭ്യാസ മൂലൃത്തെ കുറിച്ചും ചർച്ചകൾ ഉയർന്നു വരേണ്ടതായിരുന്നു, അതിന് പകരം അഹന്കാര വീരവാകൃങൾ മുഴക്കി ഒരു ജനകീയ കവിയെ താറടിച്ചു കാട്ടാനുള്ള ശ്രമങൾ തുടരുകയാണ്.. ഈ അവസ്ഥയെ തന്നെയാണ് ചുള്ളിക്കാട് ലക്ഷ്യമിട്ടതും,അത് പ്രകടമായി സാഹിതൃ രംഗത്തും ശക്തിയാർചിച്ചിരിക്കുന്ന അർത്ഥശൂനൃത പുറത്ത് വരുകയാണ്..

LEAVE A REPLY

Please enter your comment!
Please enter your name here