ഏകാന്തം അവസാനിക്കുമ്പോൾ

കേരളത്തിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഏകാന്തം മുംബൈയിലും പ്രദർശിപ്പിച്ചു. മുംബൈ നാടക ലോകത്തിനു പുത്തൻ പരീക്ഷണത്തിന്റെ സാധ്യതകൾ തുറന്നു വിട്ടാണ് ഏകാന്തം വിട പറയുന്നത് . രാജൻ കിണറ്റിങ്കര എഴുതുന്നു.

0

കേരളത്തിലും പുറത്തും വളരെയധികം നിരൂപക പ്രശംസ ഏറ്റു വാങ്ങിയ “ഏകാന്തം ” നാടകം വാശിയിലെ (നവി മുംബൈ ) സിഡ്കോ ഹാളിൽ ഏപ്രിൽ 08, ഞായറാഴ്ച അരങ്ങേറി. വൈകീട്ട് 5 നും 7.45 നും നടന്ന രണ്ടു ഷോകൾക്കും അഭൂത പൂർവമായ പ്രതികരണം ആയിരുന്നു നാടക പ്രേമികളിൽ നിന്നും ലഭിച്ചത് .

വധശിക്ഷ പ്രാകൃതമോ അല്ലയോ എന്ന ഒരു ബാറിൽ വച്ച് നടക്കുന്ന ബാങ്കറും വക്കീലും തമ്മിലുള്ള വാഗ്വാദങ്ങളിലൂടെ തുടങ്ങുന്ന നാടകം അതുവരെ അനുഭവിച്ചറിയാത്ത പുത്തൻ നാടകാനുഭവം നൽകി . കർട്ടനുകൾ വീഴാത്ത ഇടവേളകൾ ഇല്ലാത്ത ഒരു തുടർകഥയായി നാടകം ഒഴുകി. പക്ഷെ, ജിജ്ഞാസക്കൊപ്പം ഇടക്കൊക്കെ വിരസതയുടെ നിമിഷങ്ങളും അറിയാതെ കടന്നു വന്നിരുന്നു എന്ന് പറയാതെ വയ്യ . സ്വാതന്ത്ര്യത്തിനും ഏകാന്തതയ്ക്കും പുതിയ വേഷപ്പകർച്ചകൾ തീർത്ത ഏകാന്തം പ്രേക്ഷകർക്ക് പകർന്നു നൽകിയത് പുത്തൻ നാടക സങ്കൽപ്പങ്ങൾ കൂടിയാണ് . തനിക്ക് അനുവദിച്ച് കിട്ടിയ സ്വാതന്ത്ര്യത്തെ നിസ്സാരവൽകരിച്ച് ചൂതാട്ടം നടത്തി സ്വയം ഏകാന്തതയിൽ ബന്ധിതനാകുന്ന മനുഷ്യന്റെ പ്രതീകമായി നാടകത്തിലെ കേന്ദ്രകഥാപാത്രം വക്കീൽ മാറുന്നു . ഇരുട്ടുമുറിയിലെ ജയിൽ വാസം എന്നത് മരണതുല്യമായ ഒരു അനുഭവമാണെന്നും അതിനാൽ മരണശിക്ഷതന്നെയാണ് കുറ്റവാളിക്ക് വിധിക്കേണ്ടത് എന്ന് പറയുന്ന ബാങ്കറുടെ വാദങ്ങളെ ഖണ്ഡിക്കുകയാണ് ഒരു ഏകാന്തവാസത്തിന്റെ പന്തയം ഏറ്റെടുത്തുകൊണ്ട് കഥയിലെ നായകനായ വക്കീൽ . അഞ്ചു കോടി രൂപയ്ക്കുള്ള പന്തയത്തിൽ പതിനഞ്ചു വർഷം ഏകാന്തവാസം അനുഭവിക്കാൻ സ്വയം തയ്യാറായ ഒരു മനുഷ്യന്റെ മാനസിക വിക്ഷോഭങ്ങളാണ് കഥയിലെ ഇതിവൃത്തം.

പ്രേക്ഷക മനസ്സിൽ ബാക്കി വയ്ക്കുന്ന  ചില ചോദ്യങ്ങൾ ആരോടാണെന്നുള്ള ശൂന്യത ബാക്കിയാക്കിയാണ് നാടകം അവസാനിക്കുന്നത് .

പതിനഞ്ചു വർഷത്തെ ഒറ്റ മുറിയിലെ ഏകാന്ത ജീവിതം ഒരു മനുഷ്യനിൽ വരുത്തുന്ന മാനസികവും ശാരീരികവുമായ പരിവർത്തനങ്ങളെ നാടകം വരച്ചു കാട്ടുന്നു . പക്ഷെ അപ്പോഴും ഏകാന്തതയിൽ വർഷങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ രൂപഭാവങ്ങളിൽ വന്നു ചേരുന്ന മാറ്റം പ്രതിഫലിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചോ എന്ന് സംശയമുണ്ട് . അവിടെ അവനു കൂട്ടായി പുസ്തകങ്ങളും ചിലന്തികളും പല്ലിയും പഴുതാരയും മാത്രം . അവൻ വായിച്ച് കൂട്ടിയ പുസ്തകങ്ങളിൽ മഹാഭാരതവും രാമായണവും ബൈബിളും ഖുർആനും മാർക്‌സും എംഗൽസും ഒക്കെ ഉണ്ടായിരുന്നു . പക്ഷെ ജീവിതത്തിന്റെ അർത്ഥം തേടിയുള്ള അവന്റെ അന്വേഷണത്തെ തൃപ്തിപ്പെടുത്താൻ ഈ വായനകളൊന്നും മതിയാവുന്നില്ല എന്ന സത്യവും അവൻ മനസ്സിലാക്കുന്നു .

മോചനത്തിന്റെ അവസാന മണിക്കൂറിൽ പന്തയത്തിന്റെ നിബന്ധനകളെ സ്വയം ലംഘിച്ച് പരാജയം ഏറ്റുവാങ്ങി തനിക്ക് കിട്ടാൻ പോകുന്ന കോടികൾ പുഛിച്ചു തളളിയ മനുഷ്യൻ പ്രേക്ഷക മനസ്സിൽ ബാക്കി വയ്ക്കുന്നത് ഒരു നൂറു ചോദ്യങ്ങളാണ് , പക്ഷെ ആ ചോദ്യങ്ങൾ ആരോടാണെന്നുള്ള ശൂന്യത ബാക്കിയാക്കിയാണ് നാടകം അവസാനിക്കുന്നത് . ഒരു മണിക്കൂറിന്റെ ഏകാന്തതയുടെ അലോസരങ്ങളിൽ നാം അലയുമ്പോൾ പതിനഞ്ചു വർഷങ്ങൾ ഒരു മനുഷ്യന്റെ മനസ്സിനെ എത്രമാത്രം ഉലയ്ക്കും എന്ന നാടകാന്തം പക്ഷെ വധശിക്ഷയാണോ ജീവപര്യന്തമാണോ കുറ്റവാളിക്ക് നൽകേണ്ടതെന്ന് ചോദ്യം പ്രേക്ഷകനിലേക്ക് കൈമാറുകയാണ് . എന്നിരുന്നാലും ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും മറ്റു രംഗ സജ്ജീകരണങ്ങളിലും ഉള്ള പ്രൊഫഷണലിസം എടുത്ത് പറയാതെ വയ്യ . ദൃശ്യയുടെ അമരക്കാർക്ക് ഏകാന്തം പോലുള്ള ഒരു നാടകം ഒരേ വേദിയിൽ ഒരേ ദിവസം രണ്ടു ഷോകൾ നടത്തി വിജയിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തതിൽ അഭിമാനിക്കാം . മുംബൈ നാടക ലോകത്തിനു പുത്തൻ പരീക്ഷണത്തിന്റെ സാധ്യതകൾ തുറന്നു വിട്ടാണ് ഏകാന്തം വിട പറയുന്നത് .

  • രാജൻ കിണറ്റിങ്കര

മലയാളിയുടെ ഏകത്വത്തിലെ നാനാത്വം
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്

LEAVE A REPLY

Please enter your comment!
Please enter your name here