കിരീടവും ദൃശ്യവും ചേർന്നാൽ ‘ആദി’യായി

0

മോഹൻലാൽ അനശ്വരമാക്കിയ കിരീടത്തിലെ സേതുമാധവന്റെ അവസ്ഥ തന്നെയാണ് ആദിയിലെ നായകനും അനുഭവിക്കുന്നത് . യാദൃശ്ചികമായി കുറ്റവാളി ആകേണ്ടി വരികയും പിന്നീട് രക്ഷപ്പെടുവാനുള്ള വഴികൾ തേടിയുള്ള ആദിയുടെ തത്രപ്പാടുകളുമാണ് ചിത്രം പറയുന്നത്. കിരീടത്തിൽ കീരിക്കാടൻ എന്ന കവല ചട്ടമ്പിയാണ് നായകന്റെ ഉറക്കം കെടുത്തുന്നതെങ്കിൽ ആദിയിൽ കർണാടകയിലെ ബിസിനസ് ടൈക്കൂൺ ആയ നാരായണ റെഡിയാണ് നായകനെ നെട്ടോട്ടമോടിക്കുന്നത്.

മകനെ കൊന്ന കുറ്റവാളിയെ ജീവനോടെ വേണമെന്ന പിടിവാശിയിൽ നിന്നും രക്ഷപ്പെടുവാൻ ആദി നടത്തുന്ന പരക്കം പാച്ചിലാണ് ചിത്രത്തിന്റെ പ്രധാന കാതൽ. ഇതിനായി ആധുനീക സാങ്കേതിക വിദ്യകളുടെ സഹായവും പാർകൗർ എന്ന അഭ്യാസ മുറയുമാണ് നായകന് തുണയാകുന്നത് . പ്രണവിന്റെ കഴിവിനെ പരമാവുധി പ്രയോജനപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞു എന്ന് പറയാം. മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ആന്റണി പെരുമ്പാവൂർ ജീത്തു ജോസഫിനെ വിദഗ്ദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ആദി. കിരീടത്തിലെ നായകന്റെ നിസ്സഹായാവസ്ഥവും ദൃശ്യത്തിലെ നായകൻ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ പ്രയോഗിക്കുന്ന സസ്പെൻസ് ത്രില്ലർ നിറഞ്ഞ സാഹചര്യങ്ങളുമാണ് ആദിയിലും പരീക്ഷിച്ചിരിക്കുന്നത്. ഏറെ പരിചിതമായ രണ്ടു വിജയഘടകങ്ങളെ ഹോളിവുഡ് ആക്ഷൻ ചിത്രങ്ങൾ കടം കൊണ്ട് ആധുനീകവത്ക്കരിച്ചു അവതരിപ്പിക്കുകയാണ് ജീത്തു ജോസഫ് ചെയ്തിരിക്കുന്നത്.

ചിത്രം റിലീസ് ആകുമ്പോൾ നീരാളി എന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട മോഹൻലാൽ മുംബൈയിൽ ആയിരുന്നു.
പൊതുവെ ചിത്രങ്ങളുടെ ജയവും പരാജയവും മോഹൻലാലിനെ അലട്ടാറില്ലന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത് . നൂറു കോടി ക്ലബ്ബിൽ കയറിയ പുലിമുരുകന്റെ റിലീസിന് പോലും ഇല്ലാതിരുന്ന പിരിമുറുക്കമായിരുന്നു ലാലേട്ടനെന്നാണ് സുചിത്രയും ആന്റണി പെരുമ്പാവൂരും പറഞ്ഞത്

മുംബൈയിൽ സഹപ്രവർത്തകരും സുഹൃത്തുക്കളുമൊത്താണ് മോഹൻലാൽ ചിത്രം കണ്ടത്. ചിത്രം കണ്ടിറങ്ങിയ ലാൽ അക്ഷരാർഥത്തിൽ വികാരഭരിതനായിരുന്നു. ആനന്ദാശ്രുക്കൾ തുടച്ചാണ്‌ മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത് തന്നെ.

ഇത്രമാത്രം വൈകാരികമായി ലാലേട്ടനെ മുൻപൊരിക്കലും കണ്ടിട്ടില്ലെന്നാണ് കൂടെയുണ്ടായിരുന്ന ഗായകൻ ഹരിഹരൻ പറഞ്ഞത് .

ചിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളും ഹോളിവുഡിനെ വെല്ലുന്ന ചിത്രീകരണ രീതിയും ത്രില്ലർ സ്വഭാവവും തന്നെയാകാം മലയാളി പ്രേക്ഷകരെ ആകർഷിച്ച ഘടകം. പിന്നെ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ മകനെന്ന പരിഗണനയും പ്രണവിന് തുണയായി.

ചിത്രം നിറഞ്ഞ സദസ്സിൽ ഓടുമ്പോൾ ഹിമാലയൻ യാത്രയിലാണ് ആദിയിലെ നായകൻ. മലയാള സിനിമ കാത്തിരുന്ന ആക്ഷൻ ഹീറോയായി പ്രണവ് മോഹൻലാൽ മാറുമോ എന്ന് കണ്ടറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here