രണ്ടും കൽപ്പിച്ചു ശിവസേന

0

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേയെ ദേശീയ കൗണ്‍സില്‍ അംഗമാക്കാനും തീരുമാനിച്ചു. കൂടാതെ മന്ത്രി ഏക്നാഥ് ഷിൻഡെ, എം പി മാരായ ചന്ദ്രകാന്ത് കൈരേ, ആനന്ദ് ഗീരെ, ആനന്ദ് റാവു അദ്സൂൽ എന്നിവരെയും ദേശീയ നേതൃത്വത്തിലേക്ക് എടുത്തിട്ടുണ്ട്.

2019 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പാർട്ടി കൈകൊണ്ട ഇന്നത്തെ തീരുമാനമെന്നും പറയാം

രണ്ടായിരത്തി പതിനാലിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സീറ്റ് പങ്കിടുന്ന യോഗത്തിൽ സജീവമായിരുന്നു യുവ സേനാ നേതാവ് ആദിത്യ താക്കറെ. ബി എം സി തിരഞ്ഞെടുപ്പിൽ ആദിത്യയുടെ നേതൃത്വ പാടവം ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ശിവ സേന പ്രസിഡന്റ് ഉദ്ദവ് താക്കറെ കഴിഞ്ഞാൽ പാർട്ടിയിൽ സ്വാധീനമുള്ള പോസ്റ്റിലേക്കാണ് യുവ നേതാവിന്റെ ആഗമനം .

ഉദ്ധവ് താക്കറെയും, രാജ് താക്കറെയും പരാജയപ്പെട്ട മണ്ണിന്റെ മക്കൾ വാദത്തിൽ നിന്നും വ്യതിചലിച്ചു നൂതന ആശയങ്ങളുമായി യുവാക്കളുടെ ശബ്ദമായി മാറുവാനാണ് ആദിത്യ ശ്രമിക്കുന്നത് .

മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യം ഒരു വർഷത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ആദിത്യ താക്കറെ ഒരു മാസം മുൻപ് നൽകിയ താക്കീത് ബി ജെ പി വൃത്തങ്ങളിൽ അലോസരമുണ്ടാക്കിയിരുന്നു. ബിജെപിയുടെ നോട്ട് നിരോധന നടപടിയിലും ശിവസേന ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.

നിർവാഹ സമിതി യോഗത്തിൽ ബി ജെ പിക്കെതിരെ രൂക്ഷമായ വിമർശനമാണ് പാർട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ നടത്തിയത്. ഹിന്ദുത്വമെന്ന വികാരമായിരുന്നു ബി ജെ പിയുമായി സഖ്യം ഉണ്ടാക്കാൻ ശിവസേനയെ പ്രേരിപ്പിച്ച ഘടകമെന്നും എന്നാൽ ശിവസേനയെ തളർത്തുവാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു മുതലെടുപ്പ് രാഷ്ട്രീയമാണ് ബി ജെ പി കളിച്ചു കൊണ്ടിരിക്കുന്നതെന്നും ഇനി അത് വില പോവില്ലെന്നും ഉദ്ധവ് താക്കറെ താക്കീത് നൽകി. ധീരതയില്ലെന്ന് പറഞ്ഞാണ് ശിവസേനാ നേതാവ് നരേന്ദ്ര മോദിയെ പരിഹസിച്ചത്. 56 ഇഞ്ച് നെഞ്ചളവ് ഉണ്ടായിട്ട് കാര്യമില്ലെന്നും രാജ്യത്തിന് വേണ്ടത് ധീരനായ പ്രധാനമന്ത്രിയെയാണെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രിയുമൊത്ത് അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയ നരേന്ദ്ര മോദി ജമ്മു ആൻഡ് കശ്മീരിൽ ദേശീയ പതാക ഉയർത്തുവാനുള്ള ചങ്കൂറ്റമാണ് രാജ്യത്തിന് കാണിക്കേണ്ടതെന്നും ഉദ്ധവ് തുറന്നടിച്ചു.

വരും കാലങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയം നിർണയമായിരിക്കും. ബി ജെ പി മന്ത്രിസഭകളിൽ തൽക്കാലം തുടരാനാണ് ശിവസേനയുടെ തീരുമാനമെങ്കിലും സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കാൻ ബി ജെ പി നടത്തുന്ന ശ്രമങ്ങൾക്കിടയിൽ കോൺഗ്രസ് – എൻ സി പി സഖ്യം പുനഃസ്ഥാപിക്കുവാനുള്ള നീക്കങ്ങളും മഹാരാഷ്ട്രയിൽ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here