ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു

കലാ മൂല്യമുള്ള വിനോദ ചിത്രങ്ങളുടെ കൂട്ടത്തിൽ മറ്റൊരു മികച്ച ചിത്രമായിരിക്കും മുംബൈ ആസ്ഥാനമായ ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച ഖലീഫ. വെള്ളിത്തിരയിൽ പച്ചയായ ജീവിതംകോറിയിടുന്ന റിയലിസ്റ്റിക് ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഈ ചിത്രം ഒരു അനുഭവമായിരിക്കും

0

നടൻ നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും ഖലീഫ. നവാഗതനായ മുബിഹഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഖലീഫ” കേരളത്തിലെ പ്രധാന കേന്ദ്രങ്ങളോടൊപ്പം മുംബൈയിലും പ്രദര്‍ശനത്തിനെത്തി.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എ.എം.മനോജ് ആണ് നിർവഹിച്ചത്. മലബാറിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ദൃശ്യ മികവിനോടൊപ്പം പ്രമേയത്തിന്റെ തീവ്രത പകർന്നാടാനും മനോജിന്റെ ക്യാമറാ കണ്ണുകൾക്ക് കഴിഞ്ഞു. റഫീഖ് അഹമ്മദ് രചിച്ച വരികൾക്ക് ദേവീകൃഷ്ണ നൽകിയ സംഗീതം ഇമ്പമുള്ളതായി.

റിയലിസ്റ്റിക് ചിത്രങ്ങൾക്ക് സ്വീകാര്യതയുള്ള കാലഘട്ടത്തിൽ ഈ ശ്രേണിയിലെ ഏറ്റവും പുതിയ പരീക്ഷണമാണ് ഖലീഫ. കൂടുതലായി പ്രേക്ഷകന്റെ മാറിയ അഭിരുചിക്കനുസരിച്ചു ചിട്ടപ്പെടുത്തിയ സാമൂഹിയ പ്രതിബദ്ധതയുള്ള നല്ല ചിത്രം. ആഴവും തീവ്രതയുമുള്ള കഥകൾ കാണാൻ അവർ ഇഷ്ടപ്പെടുകയും അതുപോലെ തന്നെ അവ നന്നായി വന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ആശയത്തിൽ നിന്ന് രൂപപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം. സമുദായത്തിൽ നില നിൽക്കുന്ന ചില ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പൊളിച്ചെഴുത്ത് കൂടിയാണ് ചിത്രം. ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായാണ് ഖലീഫമാർ അ റിയപ്പെടുന്നത്. ഈ ആശയത്തിൽ നിന്നാണ് കഥ വികസിക്കുന്നതും നിർണ്ണായക സംഭവവികാസങ്ങൾ ഉണ്ടാകുന്നതും.

മുബീഹക്ക് എന്ന നവാഗത സംവിധായകന്റെ മികച്ച സിനിമാനുഭവം തന്നെയാണ് ഖലീഫ. സംവിധായകൻ തന്നെയൊരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കാതൽ. ആഴമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്തത് എങ്കിലും കൂടുതൽ സങ്കീർണ്ണമാകാതെ കഥ പറയുന്നതിലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ അവതരിപ്പിക്കുന്നതിലും സംവിധായകൻ മികവ് പുലർത്തി. തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിനു അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കി ജോയ് മാധവൻ മികവ് പുലർത്തി. ചിത്രത്തിന്റെ പ്രമേയത്തെ പ്രേക്ഷക മനസ്സിലേക്ക് പകർന്നാടുവാൻ പശ്ചാത്തല സംഗീതം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ജയചന്ദ്ര കൃഷ്ണയുടെ ചിത്രസംയോജനവും വിരസതയില്ലാതെ കഥ പറയുന്നതിൽ സംവിധായകന് സഹായകമായി.

നെടുമുടിയുടെ അഭിനയ ജീവിതത്തിലെ വളരെ വ്യത്യസ്തമായ വേഷമായിരിക്കും ഖലീഫ എന്ന കേന്ദ്ര കഥാപാത്രം. അഭിനയത്തിന്റെ കൊടുമുടിയിൽ അനായാസമായ വൈകാരിക മുഹൂർത്തങ്ങളിലൂടെ നെടുമുടി വേണു എന്ന മഹാനടൻ ഒരിക്കൽ കൂടി മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അനീഷ് ജി മേനോൻ, ടിനി ടോം, നിർമ്മൽ, നിയാസ് ബക്കർ, മണികണ്ഠൻ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ എന്നിവരും മികവ് പുലർത്തി.

പശ്ചാത്തല സംഗീതം ഒരുക്കിയത് ജോയ് മാധവൻ ആണ്. ചിത്രത്തിന്റെ മൊത്തം മൂഡിനെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പശ്ചാത്തല സംഗീതം നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊന്ന് റഹീം കൊടുങ്ങല്ലൂര്‍ നിർവഹിച്ച മേക്കപ്പും സുരേഷ് ഫിറ്റ്‌ഫെലിന്റെ വസ്ത്രാലങ്കാരവുമാണ്. ഗാന ചിത്രീകരണവും ദൃശ്യാ വിരുന്നൊരുക്കി.

കലാ മൂല്യമുള്ള വിനോദ ചിത്രങ്ങളുടെ കൂട്ടത്തിൽ മറ്റൊരു മികച്ച ചിത്രമായിരിക്കും ഖലീഫ. വെള്ളിത്തിരയിൽ പച്ചയായ ജീവിതംകോറിയിടുന്ന റിയലിസ്റ്റിക് ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഈ ചിത്രം ഒരു അനുഭവമായിരിക്കും

More Reviews
_____________________
കാലമറിഞ്ഞ പാതിരാകാലം
കമലിന്റെ ആമി; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here