ഒരു ബാച്ചിലർ യാത്ര

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

6

ഒരു ബാച്ചിലർ യാത്രയുടെ കഥയാണിത് . അന്നൊക്കെ മുംബൈയിൽ നിന്നും നാട്ടിലേക്കുള്ള ഒരേ ഒരു വണ്ടി ജയന്തി ജനത മാത്രമാണ് . അതിൽ ഒരു ടിക്കറ്റ് തരപ്പെടുത്താൻ വി .ടി . സ്റ്റേഷനിൽ തലേന്നു രാത്രി ചെന്ന് കിടക്കണം . എന്നാലും വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ല ഗേറ്റ് തുറന്നാൽ കൗണ്ടറിലേക്ക് ഒരു ഓട്ടമാണ് , അപ്പോൾ ചിലപ്പോൾ ഏറ്റവും പുറകിൽ നിന്നിരുന്നവൻ ആയിരിക്കും മുന്നിൽ എത്തുന്നത് . രണ്ടു മാസം മുന്നേ ടിക്കറ്റ് ബുക്ക്‌ ചെയ്തു വയ്ക്കണം , ഒറ്റക്കൊന്നും അല്ല യാത്ര, ഒരു പത്തു പതിനഞ്ചു പേരെങ്കിലും ഉണ്ടാവും സഹയാത്രികരായി .

ടിക്കറ്റ് കയ്യിൽ കിട്ടിയാൽ പിന്നെ നാട്ടിൽ എത്തിയ പ്രതീതിയാണ് , യാത്രയുടെ ദിവസം അടുക്കുന്തോറും മനസ്സിൽ പൊഴിഞ്ഞ ഓർമ്മകളുടെ പുത്തൻ നാമ്പുകൾ പൂക്കും . ഹൃദയ മിടിപ്പിന്റെ നഗര താളങ്ങൾ കോണ്ക്രീറ്റ് കാടുകൾ വിട്ട് ഗ്രാമീണതയുടെ ചെമ്മണ്‍ പാതകളിൽ നഗരത്തിന്റെ മേലാപ്പ് അഴിച്ചിടും . യാത്രയുടെ രണ്ടു ദിവസം മുന്നേ , പെട്ടികൾ റെഡിയായിരിക്കും . ബാച്ചലർ ആണെങ്കിലും ചുരുങ്ങിയത് ഒരു അഞ്ചു പെട്ടിയെങ്കിലും ഒരാളുടെ കയ്യിൽ ഉണ്ടായിരിക്കും , ആ പെട്ടികൾ നിറയെ അവർ ഹൃദയത്തിൽ ചാലിച്ച ഉറ്റവർക്കുള്ള സ്നേഹ സമ്മാനങ്ങൾ ആണ് .

അന്ന് ട്രെയിനിൽ പാൻട്രി സൌകര്യങ്ങൾ ഒന്നും ഇല്ല , വല്ലതും കഴിക്കണമെങ്കിൽ വണ്ടി ഏതെങ്കിലും സ്റ്റേഷനിൽ നിർത്തണം . വണ്ടി വൈകിയാണ് ഓടുന്നതെങ്കിൽ ഭക്ഷണം തണുത്ത് മരവിച്ച് മോർച്ചറിയിൽ നിന്നും എടുത്ത പോലെയിരിക്കും . . അതിനാൽ എല്ലാവരും ബാഗിൽ രണ്ടു ദിവസത്തേക്കുള്ള പൊതിച്ചോറോ ഇഡ്ഡലിയോ ഒക്കെ കരുതിയുട്ടുണ്ടായിരുക്കും. പക്ഷെ , അന്നും ഇന്നും ജയന്തി ജനത ആവുന്നതും സമയ നിഷ്ഠ പാലിക്കാറുണ്ട് .

ടിക്കറ്റ് കയ്യിൽ കിട്ടിയാൽ പിന്നെ നാട്ടിൽ എത്തിയ പ്രതീതിയാണ് , യാത്രയുടെ ദിവസം അടുക്കുന്തോറും മനസ്സിൽ പൊഴിഞ്ഞ ഓർമ്മകളുടെ പുത്തൻ നാമ്പുകൾ പൂക്കും

നാട്ടിലേക്കുള്ള പർച്ചേയ്സ് തന്നെ ഒരു ആഘോഷമാണ്, ഒരു ഞായറാഴ്ച എല്ലാ ബാച്ചിലേഴ്സും ഒന്നിച്ചാണ് മാർക്കറ്റിലേക്കുള്ള യാത്ര. അന്നൊക്കെ മുംബൈയിൽ ബാച്ചിലേഴ്സിന്റെ ചാകര ആയിരുന്നു, ഇന്ന് ഒരു ബാച്ചിലറെ കണി കാണാൻ കൂടി മുംബൈയിൽ കിട്ടാതായിരിക്കുന്നു , നഗരത്തിന്റെ ജീവിത സാധ്യതകൾ കേരളത്തിലും ലഭ്യമാകുന്നതിന്റെ ലക്ഷണമാകാം. അതോ കാപട്യം മനസ്സിൽ ഒളിപ്പിച്ച നഗരത്തിന്റെ പടിപ്പുര വാതിൽക്കൽ ഒരു ഭിക്ഷാം ദേഹിയായി നിന്ന് കേഴാൻ ഇന്നത്തെ തലമുറയ്ക്ക് മനസ്സില്ലാത്തതു കൊണ്ടോ?

കല്യാണ്‍ സ്റ്റേഷനിൽ യാത്രയാക്കാൻ ഒരു പ്ലാറ്റ് ഫോം നിറയെ ആളുകൾ ഉണ്ടാവും, അത് പോലെ തന്നെയാണ് തിരിച്ചു വരുമ്പോൾ സ്വീകരിക്കാനും , നമ്മൾ ഒന്നും അറിയേണ്ട , ലഗ്ഗേജുകൾ കയറ്റലും ഇറക്കലും ഒന്നും നമുക്ക് അറിയേണ്ടതില്ല , കയ്യും വീശി രാജകീയമായി നടക്കാം. സാധനങ്ങൾ എല്ലാം സീറ്റിനടിയിൽ ഭദ്രമായി വച്ചിട്ടേ യാത്രയാക്കാൻ വന്നവർ വണ്ടിയിൽ നിന്നിറങ്ങൂ . ബാച്ചിലർ ആയതു കൊണ്ട് “അയ്യോ വണ്ടി പോകും , നിങ്ങൾ ഇങ്ങോട്ട് ഇറങ്ങിയേ” എന്ന് പറയാൻ ആരും ഇല്ലാത്തതു കൊണ്ടാകും .

വണ്ടി കല്യാണ്‍ സ്റ്റേഷൻ വിട്ടാൽ പിന്നെ രണ്ടു രാത്രിയും ഒന്നര പകലും

പാട്ടും കൂത്തും തമാശയും ഒക്കെയായി കൂകി പായുന്ന ജയന്തി ജനതയുടെ താളത്തിനൊത്ത് ഒരു പൊങ്ങു തടിയായി അതിൽ ഒഴുകും. ബാച്ചിലർ ജീവിതം വളരെ സാഹസികം ആയിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്നു , സൂര്യകാന്തി തോട്ടങ്ങളും മാന്തോപ്പുകളും നിറഞ്ഞ വിജനമായ ആന്ധ്രയുടെ യും കർണ്ണാടക യുടെയും മൊട്ട കുന്നുകളുടെ താഴ്വാരങ്ങളിലൂടെ ഒരു യാത്രയുണ്ട്. ഒരു മനുഷ്യ ജീവിയെപ്പോലും ആ ചുറ്റുവട്ടത്ത് ഒന്നും ദർശിക്കാൻ കഴിയില്ല , പിന്നെ ആര് എപ്പോഴാണ് ഈ സൂര്യകാന്തി പൂക്കൾ നട്ടു വളർത്തുന്നതും അവയെ സംരക്ഷിക്കുന്നതും എന്ന് ഇപ്പോഴും ഒരു പിടിയില്ല .

പലപ്പോഴും ഈ വിജനതയിൽ ട്രെയിൻ മണിക്കൂറുകളോളം സിഗ്നലിനു വേണ്ടി കാത്തു കിടക്കും . ഒരിക്കൽ ഒരു മണിക്കൂറോളം സിഗ്നൽ കിട്ടാതെ ജയന്തി ജനത വഴിയിൽ കിടന്നു. ക്രോസിംഗിനു വേണ്ടിയാണെങ്കിൽ കൂടി ഇത്രയും സമയം പിടിച്ചിടാൻ സാധ്യതയില്ല , ഒന്നല്ല ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും സിഗ്നൽ ചുകപ്പു തന്നെ , അപ്പോഴാണു ഞങ്ങളിൽ ഒരാൾ , വെറുതെ ചെന്ന് സിഗ്നൽ പോസ്റ്റ്‌ ഒന്ന് കുലുക്കി നോക്കിയത് , അപ്പോഴതാ അതിൽ നിന്നും രണ്ടു കിളികൾ പറന്നു പോകുന്നു , ഒപ്പം സിഗ്നലും പച്ചയായി .

രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

സിഗ്നൽ കാത്തു വണ്ടി കിടക്കുമ്പോൾ ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ദൂരെ സൂര്യ കാന്തി തോട്ടങ്ങളിൽ പോയി സൂര്യകാന്തി പൂക്കൾ പൊട്ടിച്ചു വരുമായിരുന്നു, വണ്ടി എങ്ങാനും പോയാൽ ആ വിജനതയിൽ പിന്നെ കൂടണയാൻ ഒരു മാർഗവും ഇല്ല , ഭാഷയും അറിയില്ല , പക്ഷെ അതൊരു വിശ്വാസമായിരുന്നു, വണ്ടി പോകില്ല എന്ന വിശ്വാസം, ആ വിശ്വാസത്തിൽ നിന്നും ജനിച്ച ധൈര്യം . ഇന്നെന്റെ അത്തരം ധൈര്യങ്ങളിൽ നിന്നും കിട്ടിയ സാഹസികത എന്റെ ബുദ്ധി ശൂന്യതയായി വാഴ്ത്ത പ്പെടുന്നു . ഇന്ന് ഞാൻ എന്റെ പെട്ടികൾ അഞ്ചും ആറും ചങ്ങല ഇട്ടു പൂട്ടി ഒരാളെ കാവലും ഇരുത്തി ബാത്ത് റൂമിലേക്ക്‌ പോലും പോകുമ്പോൾ അന്നൊക്കെ വണ്ടിയിൽ നിന്നും ഇറങ്ങി കണ്ണെത്താ ദൂരത്തെ പൂക്കളും മാങ്ങയും പറിക്കാൻ പോകുമായിരുന്ന എന്റെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച പെട്ടികളെ ആരായിരുന്നു കാത്തിരുന്നത് ? ജീവിതം വിശ്വാസമാണ് ആ വിശ്വാസം തരുന്നത് സുരക്ഷിതബോധവും എന്ന് ഞാൻ ഇപ്പോൾ അറിയുന്നു .

അങ്ങിനെ പാട്ടും സംഗീതവും അക്ഷര ശ്ലോകവുമായി കമ്പാർട്ടുമെന്റിൽ നിന്നും കമ്പാർട്ടുമെന്റിലേക്ക് നടക്കുമ്പോഴാണ് ഒരിക്കൽ ഞങ്ങൾ നാട്ടുകാരനായ ഒരു പഴയ സുഹൃത്തിനെ കണ്ടു മുട്ടുന്നത് . വിശേഷങ്ങൾ ചോദിച്ച അവസരത്തിൽ അദ്ദേഹം പറഞ്ഞു “കല്യാണ നിശ്ചയം ആണ്, അതിനു നാട്ടിൽ പോവുകയാണെന്ന്” കല്യാണ നിശ്ചയം എന്ന് കേട്ടതും തങ്ങൾക്ക് ഇല്ലാതെ പോയ ഭാഗ്യം അദ്ദേഹത്തിന് കിട്ടാൻ പോകുന്നതു കാരണം ആകാം എല്ലാവർക്കും ” ആരാ പെണ്ണ് “ എന്നറിയണം . പുള്ളി അൽപം നാണത്തോടെ ബാഗിൽ നിന്നും പുഞ്ചിരിച്ചു നിൽക്കുന്ന ഭാവി വധുവിന്റെ ഫോട്ടോ എടുത്തു കാണിച്ചു . ഫോട്ടോ കണ്ടതും എല്ലാവരും ഒരേ സ്വരത്തിൽ “ഇത് നമ്മുടെ ഓമനക്കുട്ടി അല്ലേ” . (ഈ കുട്ടി ഞങ്ങളുടെ കൂടെ കുറച്ചു കാലം ടൈപ്പ് റൈറ്റിങ്ങ് പഠിക്കാൻ വന്നിരുന്നു , അതിനാൽ ഞങ്ങൾക്ക് ഈ കുട്ടിയെ പരിചയം ഉണ്ടായിരുന്നു) . കളിചിരിക്കിടയിൽ സുഹൃത്തിന് അഡ്വാൻസ് ആശംസകളും നേർന്നു ഞങ്ങളുടെ സീറ്റിലേക്കു തന്നെ തിരിച്ചു

ഞാനും ‘ആമി’ കണ്ടു

ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും , ഞങ്ങൾ ഞങ്ങളുടെ പഴയ കലാപരിപാടികളിൽ മുഴുകി ഇരിക്കുകയാണ് അപ്പോഴുണ്ട് നേരത്തെ കണ്ട കല്യാണ പയ്യൻ പതുങ്ങി പതുങ്ങി ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നു . അദ്ദേഹം പതുക്കെ എന്റെ സുഹൃത്തിനെ ഒന്ന് തോണ്ടി , എന്നിട്ടു ചെവിയിൽ ചോദിച്ചു , “എന്താ പ്രശ്നം “. എന്ത് പ്രശ്നം?, സുഹൃത്ത് തിരിച്ചു ചോദിച്ചു, അല്ല , നിങ്ങൾ ആ പെണ്‍കുട്ടിയെ അറിയുമോ ? അറിയും , ഞങ്ങളുടെ മറുപടി , അല്ലാ, വല്ല പ്രശ്നവും? പുള്ളി പറയാൻ വിമ്മിഷ്ടപ്പെടുകയാണ് . പ്രശ്നം ഉണ്ടോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല , അത്രയൊന്നും ഞങ്ങൾ അടുത്തിട്ടില്ല , ഞങ്ങൾ ചിരിക്കാൻ തുടങ്ങി . അതല്ല ഞാൻ ഫോട്ടോ കാട്ടിയപ്പോൾ നിങ്ങൾ എല്ലാവരും കൂടി ഇത് നമ്മുടെ ഓമന കുട്ടിയല്ലേ എന്ന് പറഞ്ഞില്ലേ, അതെന്താണ്? അതെന്താന്നു വച്ചാൽ അത് ഓമന കുട്ടി ആയതു കൊണ്ട് , എന്താ ആ കുട്ടിയുടെ പേർ ഓമന കുട്ടി എന്നല്ലേ , ഞങ്ങൾ വീണ്ടും ചിരിച്ചു . അതല്ല , നമ്മുടെ ഓമന കുട്ടി യല്ലേ എന്ന് പറഞ്ഞപ്പോൾ എനിക്കൊരു സംശയം , വല്ല കുഴപ്പം കേസ് ആണോന്ന് , അസ്ഥാനത്തെ ഒരു ചിരിപോലും ചില മനുഷ്യരിൽ ചില സമയങ്ങളിൽ സംശയങ്ങ ളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ കാരണമാകും എന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഒരു കാലത്ത് യാത്രയാക്കുവാനും സ്വീകരിക്കാനും വരുന്ന ബന്ധു ജനങ്ങളെ കൊണ്ട് ജനനിബിഡമായിരുന്ന പ്ലാറ്റ്ഫോമുകൾ ശൂന്യം…

ആന്ധ്രയുടെ ചുടുകാറ്റും തമിഴ് നാടിന്റെ പൂക്കളുടെ സുഗന്ധവും പേറി ജയന്തി ജനത വാളയാർ അതിർത്തി കടക്കുമ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചു കിട്ടിയ ഒരു പ്രതീതി . നേരം പര പരാ വെളുക്കുന്നതേ ഉള്ളൂ , പാട വരമ്പിലൂടെ ഒറ്റ മുണ്ടും ചുറ്റി പുഴയിലേക്ക് കുളിക്കാൻ പോകുന്ന ഗ്രാമീണർ , മഞ്ഞു വീഴുന്ന പാടത്ത് നെല്ലോലകളെ തഴുകിയെത്തുന്ന തെക്കൻ കാറ്റ്. അങ്ങിങ്ങായി ചില വീടുകൾക്ക് മുന്നിൽ കൊളുത്തി വച്ച നിലവിളക്കുകൾ . ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്നും നിന്നും ഒഴുകിയെത്തുന്ന സുബ്ബ ലക്ഷ്മിയുടെ സുപ്രഭാതം. ഒരു ഗ്രാമത്തെ മുഴുവൻ ശുദ്ധീകരിക്കുന്ന പ്രഭാത കീർത്തനം . വണ്ടിയുടെ വാതിലിൽ ചാരി ജനിച്ച മണ്ണിന്റെ ഗന്ധം ആവോളം നുകരണം . ഈ കുളിർ കാറ്റിൽ മുങ്ങി കുളിക്കണം. സുഹൃത്തുക്കൾ ഓരോരുത്തരായി ഒരോ സ്റ്റേഷനുകളിൽ ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. സ്റ്റേഷനിൽ സ്വീകരിക്കാൻ വന്ന ബന്ധുക്കളുടെ തിരക്ക്. ഓരോരുത്തരുടെയും സുഖവിവരങ്ങൾ സ്വന്തം മക്കളോടെന്ന പോലെ കുശലം ചോദിച്ച് അവർ വിട പറയുന്നു . അവരെ സ്റ്റേഷനു പുറത്ത് കടത്തി കാറിൽ ഇരുത്തി വീണ്ടും വണ്ടി പിടിക്കാൻ തിരിഞ്ഞോട്ടം . സാഹസികത ഒരു ലഹരിയായിരുന്ന കാലം .

നാടിന്റെ സ്പന്ദനങ്ങളിൽ അസ്ഥിത്വത്തിന്റെ, അതി ജീവനതിന്റെ വരണ്ട സംഗീതം മാത്രം

സൗഹൃദങ്ങളെ , കളി ചിരികളെ , നിഷ്കളങ്ക മായ തമാശകളെ ഒരോ സ്റ്റേഷനിലും ഉപേക്ഷിച്ച് ഒടുവിൽ മന്ദം മന്ദം ഓരോരുത്തരും മണ്ണപ്പം ചുട്ടു കളിച്ച സ്വന്തം വീട്ടു മുറ്റത്ത് . ഇനി ഒരു മാസക്കാലം ഈ ഗ്രാമത്തിലെ ശ്വാസ നിശ്വാസങ്ങളിൽ ഞങ്ങളുടെ ഓർമ്മകൾ അലിഞ്ഞു ചേരും . ഒരോ ദിവസവും ഒരോ മണിക്കൂറെന്ന പോലെ ഒഴുകി പോകുന്ന പ്രതീതി .

ആന്ധ്രയുടെ വരണ്ട മാറുപോലെ ശൂന്യമായ മനസ്സുമായി ഞാൻ വീണ്ടും അതിർത്തി കടക്കുന്നു , വാളയാറിന് പകരം ഇപ്പോൾ മംഗലാപുരം അതിർത്തിയാണെന്നു മാത്രം. ഒരു കാലത്ത് യാത്രയാക്കുവാനും സ്വീകരിക്കാനും വരുന്ന ബന്ധു ജനങ്ങളെ കൊണ്ട് ജനനിബിഡമായിരുന്ന പ്ലാറ്റ്ഫോമുകൾ ശൂന്യം . പത്രങ്ങളിൽ ദൈവദത്ത ഭൂമിയുടെ ഹൃദയത്തിൽ ചിന്തിയ രക്തത്തിന്റെ കഥകൾ . സ്വാർത്ഥ മോഹങ്ങളുടെ അഗ്നി നാളങ്ങളിൽ എരിഞ്ഞടങ്ങിയ കടപ്പാടുകളുടെ, ബന്ധങ്ങളുടെ, സ്നേഹ സത്യങ്ങളുടെ ചിതാ ഭസ്മങ്ങൾ . വീടെത്തും മുന്നേ തിരിച്ചു പോക്കിന്റെ ആത്മ നൊമ്പരങ്ങൾ . പൊടിഞ്ഞു വീഴുന്ന കണ്ണുനീർ തുള്ളികളിൽ തളർന്നു മയങ്ങുന്ന പുൽ നാമ്പുകൾ .

നാടിന്റെ സ്പന്ദനങ്ങളിൽ അസ്ഥിത്വത്തിന്റെ, അതി ജീവനതിന്റെ വരണ്ട സംഗീതം മാത്രം.

  • രാജൻ കിണറ്റിങ്കര

അതിരുകള്‍ ഇല്ലാത്ത മലയാണ്മ
കോമഡി ഉത്സവത്തിൽ മാറ്റുരച്ചു ആശിഷ് എബ്രഹാം

6 COMMENTS

  1. അന്ന് ജയന്തി സമയനിഷ്ഠ പാലിച്ചിരുന്നു…..” അതു മാത്രം അങ്ങട്ട് ദഹിച്ചില്ല!

  2. അന്നെല്ലാം അടുത്തിരിക്കുന്നവരുമായി വലിയൊരു സൗഹൃദം തന്നെ ഉരുത്തിരിയുക പതിവാണ്. രണ്ടു രാത്രിയും ഒരു പകലും മൊബൈൽ ഫോണോ, ലാപ് ടോപ്പോ, ടാബോ കൂട്ടിനില്ലാതെ പരസ്പരം സൊറ പറഞ്ഞും തമാശകൾ കൈമാറിയും യാത്രയുടെ വിരസത അകറ്റിയിരുന്ന നാളുകൾ. ഇന്ന് തൊട്ടടുത്തിരിക്കുന്ന ആളോട് ഒന്ന് പുഞ്ചിരിക്കാൻ പോലും പലരും മിനക്കെടാറില്ല. കയറിയ ഉടനെ തന്റെ സീറ്റും ബെർത്തും കൈവശമാക്കി സ്വന്തം ലോകത്ത് മൊബൈൽ ഫോണിൽ കുത്തി പെറുക്കിയും, ലാപ്‌ടോപ്പിൽ സിനിമകൾ കണ്ടും മറ്റുള്ളവരെ ഗൗനിക്കാതിരിക്കാനാണ് ഭൂരിപക്ഷത്തിനും താല്പര്ട്യം. കുട്ടികളെ പോലും അതെ സംസ്കാരത്തിൽ കസ്റ്റമൈസ്‌ ചെയ്തെടുക്കാൻ പലരും പാട് പെടുന്നതും കാണാം. യാത്ര കഴിഞ്ഞിറങ്ങുമ്പോൾ ഒരു ബൈ പോലും കൈമാറാൻ കഴിയാതെ സ്വാർത്ഥത വേട്ടയാടിയിരിക്കയാണ് പുതിയ ലോകത്തെ

LEAVE A REPLY

Please enter your comment!
Please enter your name here