ചരിത്രപ്രേമികളുടെ ഇഷ്ടനാട് .. തൃശൂർ

0

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പൂരങ്ങളുടെ നാടായ തൃശൂര്‍ ഉത്സവപ്രേമികളുടേയും ആനപ്രേമികളുടേയും ഇഷ്ട സ്ഥലമാണ്. പൂരങ്ങളും ക്ഷേത്രങ്ങളും കൂടാതെ തൃശൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കാണാനും അനുഭവിക്കാനും നിരവധി വിനോദ കേന്ദ്രങ്ങളുണ്ട് ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അണക്കെട്ടുകള്‍, വന്യജീവി സങ്കേതങ്ങള്‍, മ്യൂസിയങ്ങള്‍, ബീച്ചുകള്‍, കായലുകള്‍ എന്നിങ്ങനെ സഞ്ചാരികൾ തിരയുന്നതെല്ലാം തൃശൂരിലുണ്ട്. തൃശൂരിലെ പ്രധാനപ്പെട്ട ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

വടക്കുംനാഥ ക്ഷേത്രം :: മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രത്തെക്കുറിച്ചുള്ള വിശ്വാസം. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്

മ്യൂസിയം :: ചരിത്രപ്രേമികള്‍ക്ക് ആകര്‍ഷകമായ കാഴ്ചയായ തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം 1885 ലാണ് സ്ഥാപിക്കപ്പെട്ടത്. ഏകദേശം 13.5 ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം. കേരളത്തിന്റെ സാംസ്കാരികത്തനിമ തൊട്ടറിയാന്‍ പോന്ന കാഴ്ചകളാണ് തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണം.

ആറാട്ടുപുഴ ക്ഷേത്രം :: മൂവായിരം വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്ന, തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ആറാട്ടുപുഴ ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ആറാട്ടുപുഴ ക്ഷേത്രം. ദ്രാവിഡക്ഷേത്രമായിരുന്ന ആറാട്ടുപുഴ ക്ഷേത്രം പിന്നീട് ബൗദ്ധക്ഷേത്രമായി പരിണമിക്കുകയായിരുന്നു എന്നും കരുതപ്പെടുന്നു. പുരാതനവും പ്രശസ്തവുമായ ആറാട്ടുപുഴ പൂരം നടക്കുന്നത് ഈ ക്ഷേത്രത്തിലാണ്.

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം :: തൃശ്ശൂര്‍ ചെമ്പൂക്കാവിലാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1975 ലാണ് ആര്‍ക്കിയോളജികല്‍ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ലെങ്കിലും 1938 ല്‍ത്തന്നെ ഇവിടെ പുരാവസ്തുമ്യൂസിയം ഉണ്ടായിരുന്നതായി കരുതുന്നു

ബൈബിള്‍ ടവര്‍ :: ഇന്ത്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്‍ പള്ളിയായ പുത്തന്‍ പള്ളിയുടെ മൂന്ന് കൂറ്റന്‍ ടവറുകളിലൊന്നാണ് ബൈബിള്‍ ടവര്‍ എന്ന് അറിയപ്പെടുന്നത്. ഗോത്തിക് ശൈലിയിലാണ് ഈ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്

ചാവക്കാട് ബീച്ച്   ::  തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് ചാവക്കാട് ബീച്ച്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്

കേരള കലാമണ്ഡലം  ::  1930ല്‍ കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളര്‍ച്ചക്കായി മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സാംസ്‌കാരിക കേന്ദ്രമാണ് കേരള കലാമണ്ഡലം

പീച്ചി ഡാം :: തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്

ശക്തന്‍ തമ്പുരാന്‍ കൊട്ടാരം :: തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന അപ്പന്‍ തമ്പുരാന്റെ കൊട്ടാരമായിരുന്നു ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേക്കര കൊട്ടാരം എന്ന പേരിലും ഇത് അറിയപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വടക്കേക്കര കൊട്ടാരം. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവര്‍മ്മ തമ്പുരാന്‍ പുനര്‍നിര്‍മിച്ചു.

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം :: തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായാണ് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണനും തിരുവമ്പാടി ഭഗവതിയുമാണ് ഇവിടത്തെ പ്രതിഷ്ഠകള്‍

പാറേമേക്കാവ് ഭഗവതി ക്ഷേത്രം :: കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്

തിരുവില്ല്വാമല :: തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ശ്രീരാമ പ്രതിഷ്ഠയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത

പീച്ചി വന്യജീവി സങ്കേതം ::  പ്രകൃതിസ്‌നേഹികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് തൃശ്ശൂരിന് 23 കിലോമീറ്റര്‍ ദൂരത്തുള്ള പീച്ചി വന്യജീവി സങ്കേതം. പീച്ചി – വാഴാനി വന്യജീവി സങ്കേതം എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്

ചാര്‍പ്പ വെള്ളച്ചാട്ടം :: അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സഹോദരിയെന്ന്‌ ചാര്‍പ്പ വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കാം. ചാലക്കുടി പുഴയുടെ പോഷകനദി ചാലക്കുടി പുഴയുമായി ചേരുന്നതിന്‌ തൊട്ട്‌ മുമ്പാണ്‌ ഈ വെള്ളച്ചാട്ടം. 80 അടിയാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം.

പുന്നത്തൂര്‍ കോട്ട :: ഗുരുവായൂര്‍ ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്താം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം അറുപതോളം ആനകളാണ് ആനക്കൊട്ടിലില്‍ ഉള്ളത്

ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍ :: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ

ചേരമാന്‍ ജുമാ മസ്ജിദ് :: കേരളത്തിലെ 1400 വർഷം പഴക്കമുള്ള ആദ്യ മുസ്ലിംപള്ളിയാണ് ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്

കൂടല്‍മാണിക്യം ക്ഷേത്രം  ::  തൃശൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് പ്രതിഷ്ഠ

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം :: കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഈ ക്ഷേത്രത്തിന് 1800 ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ച ചേരന്‍ ചെങ്കുട്ടുവനാണ് കണ്ണകി പ്രതിഷ്ഠയുമായി ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ചരിത്രം. കൊടുങ്ങല്ലൂർ ഭരണി ഏറെ പ്രശസ്തമാണ്

തൃപ്രയാര്‍ ശ്രീരാമക്ഷേത്രം :: തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്റെ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ

തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം :: 2000ത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുവഞ്ചിക്കുളം ശിവക്ഷേത്രം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവേക്ഷേത്രമായാണ് ഗണിക്കപ്പെടുന്നത്

ചേറ്റുവ കായല്‍ :: തൃശൂര്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ചേറ്റുവ. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്.

ചിമ്മിണി വന്യജീവി സങ്കേതം :: തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചെരുവിലാണ് ഇതിന്റെ സ്ഥാനം. 1984ല്‍ ആണ് ഈ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്

പാമ്പുമേക്കാട്ട് മന :: പാമ്പുമേക്കാട്ട് മന ചാലക്കുടിക്ക് 11 കിലോമീറ്റര്‍ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് ഈ മന. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്

ആതിരപ്പള്ളി വെള്ളച്ചാട്ടം :: പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന്‌ അറിയപ്പെടുന്നു. ചാലക്കുടി പുഴ വാഴച്ചല്‍ വനമേഖലയിലൂടെയാണ്‌ ഒഴുകുന്നത്‌. 24 മീറ്ററാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം
___________________________
പൂരപ്പൊലിമയോടെ മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here