പ്ലാസ്റ്റിക് എന്നത് കേൾക്കും നേരം

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

പരിഷ്കൃത ലോകത്തെ ഏറ്റവും മഹത്തരമായ കണ്ടു പിടുത്തങ്ങളിൽ ഒന്നായിട്ടാണത്രെ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വാഴ്ത്തപ്പെടുന്നത്. അത് അറിഞ്ഞത് മുതൽ ആ പരിഷ്കൃത ലോകത്ത് ജനിച്ചതിന്റെ കുറച്ചൊരു അഹംഭാവത്തിൽ ഇങ്ങനെ നടക്കുകയായിരുന്നു ഞാനടക്കമുള്ള പലരും . അങ്ങിനെയിരിക്കുമ്പോഴാണ് സർക്കാർ പെട്ടെന്നൊരു ദിവസം പ്ലാസ്റ്റിക് എന്ന ഈ മഹത്തര സൃഷ്ടിയെ നിരോധിക്കാൻ തീരുമാനിച്ചത് . നിരോധിക്കുക മാത്രമല്ല , കൈവശം വച്ചാൽ പിഴ കൊടുക്കേണ്ടിയും വരും . ഒരൊറ്റ രാത്രികൊണ്ട് കടയായ കടകളിലെയെല്ലാം പ്ലാസ്റ്റിക് കവറുകൾ അപ്രത്യക്ഷമായി . വൈകീട്ട് രണ്ടു മണിക്കൂർ ലോക്കൽ ട്രെയിനിലെ കസർത്ത് കഴിഞ്ഞ് പച്ചക്കറി മാർക്കറ്റിലും പലചരക്കു കടയിലും ചെന്നവർ അന്തം വിട്ടു . വെണ്ടക്കയും തക്കാളിയും പരിപ്പും അരിയും ഒക്കെ തൂക്കി കടക്കാരൻ സഞ്ചിക്കു വേണ്ടി കാത്തുനിന്നു . ഇന്നലെ വരെ സാധനം വാങ്ങി ഒരു കവർ തരാൻ കടക്കാരനോട് ആവശ്യപ്പെട്ടിരുന്നവരോട് കടക്കാരൻ കവർ കാണിക്കാൻ ഇങ്ങോട്ട് ആവശ്യപ്പെടാൻ തുടങ്ങി. ഇതാണ് പണ്ട് പൂന്താനം പാടിയത് , “ഇന്നലെയോളമെന്തെന്നറിഞ്ഞീലാ , ഇനി നാളെയുമെന്തെന്നറിവീല “

പ്ലാസ്റ്റിക് കുപ്പികളിൽ സ്‌കൂളിലേക്കും കോളേജിലേക്കും വെള്ളം കൊണ്ട് പോയിരുന്നവർ ഇനി കളിമൺ കൂജകളുമായി റോഡിലൂടെ നടന്നു പോകുന്നത് ചിലപ്പോൾ കാണേണ്ടി വരും

പലരും താൻ പൊന്നുപോലെ പുറത്തും മാറിലും ഇട്ടു താലോലിക്കുന്ന ഓഫിസ് ബാഗിന്റെ ചെയിൻ തുറന്നു കാണിച്ചു കൊടുത്തു . പൊട്ടിയ തക്കാളിയും പുഴുവരിക്കുന്ന ക്യാ ബേജു കളും ബാഗിലെ ഓഫിസ് പേപ്പറുകൾക്കിടയിൽ സുഖ നിദ്രയിലാണ്ടു . ബാഗൊന്നും എടുക്കാതെ ഒരു ന്യൂസ്പേപ്പറുമായി സുഖ സവാരിക്കിറങ്ങുന്നവർ പച്ചക്കറികൾ പാന്റ്സിന്റെ പോക്കറ്റിൽ തിരുകിയും ന്യൂസ് പേപ്പറിൽ പൊതിഞ്ഞും കാര്യം സാധിച്ചു . സ്ത്രീകൾ സാരിത്തലപ്പിലും ചുരിദാർ ഷാളിലും സാധനങ്ങൾ കെട്ടി പൊതിഞ്ഞു വീടണഞ്ഞു . ജീൻസും ടോപ്പും ഇട്ടവർ പാരമ്പര്യത്തെ ഉപേക്ഷിച്ചതിന് സ്വയം ശപിച്ചു . പ്രധാനമന്ത്രിയുടെ നോട്ടു നിരോധനം വന്നപ്പോഴുണ്ടായ പോലെ അർധരാത്രി ആളുകൾ വഴികളിലും കടകളിലും പ്ലാറ്റുഫോമിലും നിന്ന് ചർച്ച ചെയ്തു. ചിലർ മൂക്കത്തു വിരൽ വച്ച് കഷ്ടം ഭാവിച്ചു . ചിലർ വിധിയെന്ന് കരുതി സമാധാനിച്ചു . മറ്റു ചിലർ ചേരി തിരിഞ്ഞു പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു .

വല്ലാത്തൊരു ജന്മമാണത്രെ ഈ പ്ലാസ്റ്റിക് . തല്ലി കൊന്നാലും ചാകില്ലത്രേ. അതിങ്ങനെ പെരുകി കൊണ്ടിരിക്കും . നാപ്കിൻ മുതൽ വിമാനം വരെ ഉണ്ടാക്കുന്നതിൽ പ്ലാസ്റ്റികിന്റെ ഉപയോഗം തള്ളപ്പെടാൻ കഴിയാത്തതാണല്ലോ . അതിന്റെ കുറച്ച് അഹങ്കാരവും കണ്ടാൽ വലിയ വെയിറ്റൊന്നും ഇല്ലാത്ത ഈ സാധനത്തിന് ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ . ഭീഷ്മർക്ക് പോലും സ്വച്ഛന്ദ മൃത്യു എന്ന വരമാണ് കിട്ടിയത്, അതായത് മരണം സ്വന്തം ഇഷ്ടപ്രകാരം മാത്രമേ സംഭവിക്കൂ . പക്ഷെ ഈ പ്ലാസ്റ്റിക്ക് എന്ന് പറയുന്ന കണ്ടാൽ നിർദോഷിയെന്നു തോന്നിക്കുന്ന ഈ സാധനത്തിന് ആരാണാവോ വരം കൊടുത്തത് , സ്വയം വിചാരിച്ചാലും ഇത് നശിക്കില്ലത്രേ . സ്വയം നശിക്കില്ലെങ്കിലും മാനവ രാശിയെ മുഴുവൻ നാശത്തിലേക്കു തള്ളാൻ ഈ സാധനത്തിന് കഴിവുണ്ടെന്നാണ് പുതിയ കണ്ടു പിടുത്തം . അത് തന്നെയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനെ നിയന്ത്രിക്കുവാനും കാരണമത്രേ.

പലരും ഒറ്റക്കും കൂട്ടമായും ഈ നിരോധനത്തെ എങ്ങനെ തരണം ചെയ്യണമെന്ന് തലപുകഞ്ഞാലിക്കാൻ തുടങ്ങി . ചിലർക്ക് സംശയം , ഇനി പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന മരുന്നുകളൊക്കെ എങ്ങനെ വാങ്ങും എന്നായിരുന്നു. അതിന് ഒരുവന്റെ മറുപടി , “ഇനി മരുന്നുകൾ എല്ലാം വലിയ ടാങ്കുകളിൽ ആക്കി കടകളിൽ സ്റ്റോർ ചെയ്തു വയ്ക്കും, മരുന്ന് കഴിക്കേണ്ടവർ കടയ്ക്കു മുന്നിൽ ചെന്ന് വായ് പൊളിച്ചു നിന്നാൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം രണ്ടു സ്പൂണോ മൂന്നു സ്പൂണോ എത്രയാണെന്ന് വച്ചാൽ കടക്കാരൻ അളന്നു വായിലോട്ട് ഒഴിച്ച് തരും “. അതൊരു കൊള്ളാവുന്ന ഐഡിയ ആണ് . ഇപ്പോൾ ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ പോലെ ഇറങ്ങേണ്ട സ്ഥലം എത്തിയാൽ അലാറം മുഴങ്ങുന്ന പോലെ മരുന്ന് കഴിക്കേണ്ടുന്ന സമയം ആയാൽ മെഡിക്കൽ സ്റ്റോറിലെ വയർലെസ്സ് സന്ദേശം രോഗിയുടെ മൊബൈലിൽ എത്തുകയും അലാറം മുഴങ്ങുകയും ചെയ്യും . അത് കൊണ്ട് മറ്റൊരു ഗുണവും ഉണ്ട്, രോഗി ഒരിക്കലും മരുന്ന് കഴിക്കാൻ മറക്കുന്നില്ല . അതും ആരോഗ്യ രംഗത്ത് ഒരു ചരിത്ര പ്രധാനമായ കാൽവയ്പ്പായി രേഖപ്പെടുത്താം . പ്ലാസ്റ്റിക് കുപ്പികളിൽ സ്‌കൂളിലേക്കും കോളേജിലേക്കും വെള്ളം കൊണ്ട് പോയിരുന്നവർ ഇനി കളിമൺ കൂജകളുമായി റോഡിലൂടെ നടന്നു പോകുന്നത് ചിലപ്പോൾ കാണേണ്ടി വരും.

ഇനി മുതൽ പാൽ കവറുകൾ തിരിച്ചു കൊടുത്താൽ അമ്പതു പൈസ refund കിട്ടുമത്രേ . ഇതറിഞ്ഞു ഇന്നലെ വരെ പാൽ കവറുകൾ കച്ചറ ഡബ്ബയിൽ ഇട്ടിരുന്നവർ നഷ്ടബോധത്താൽ വിങ്ങിപ്പൊട്ടി . ചിലർ ചുളുവിൽ വേസ്റ്റ് എടുക്കാൻ വരുന്നവരോട് അന്വേഷിച്ചു അയാൾ ഈ വേസ്റ്റ് ഒക്കെ എവിടെയാണ് കൊണ്ട് പോയി തള്ളുന്നതെന്ന് . പക്ഷെ അവരും പത്രം വായിക്കുന്നവർ ആയതുകൊണ്ട് അവരാരും സ്ഥലം പറഞ്ഞു കൊടുത്തില്ല എന്നാണറിഞ്ഞത് . മുംബയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പല പശുക്കളും പ്ലാസ്റ്റിക് വസ്തുക്കൾ തിന്നാറുണ്ടെന്നും അതിനാൽ അവയുടെ പാലിൽ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിരിക്കാമെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ഉട്ടോപ്പിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ വിവരങ്ങളും ചില പത്രങ്ങളിൽ വന്നിട്ടുണ്ട്. പ്ലാസ്റ്റിക് നശിക്കാത്ത സാധനമായതിനാൽ അതേ പ്ലാസ്റ്റിക് അകത്തേക്ക് ചെന്നാൽ മനുഷ്യനും അമരത്വം ലഭിക്കില്ലേ എന്നും ചില ബുദ്ധി ജീവികൾ സംശയം പ്രകടിപ്പിക്കാതിരുന്നില്ല .

പ്ലാസ്റ്റിക് നിരോധനത്തിന്റെ ആവശ്യകതയെപ്പറ്റി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുവാൻ സമാജങ്ങളും സംഘടനകളും ഓടി നടന്നു . പലരും തീയതി കിട്ടാതെ ആ ഉദ്യമം വേണ്ടെന്നു വച്ചു . 2019 മാർച്ച് വരെയുള്ള ശനിയും ഞായറും വിവിധ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ അവരുടെ കലാ(പ) പരിപാടികൾക്കായി ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു . ശനിയും ഞായറും അല്ലാത്ത ദിവസങ്ങളിൽ പ്രോഗ്രാം നടത്തിയാൽ സദസ്സിൽ സംഘാടകർ പോലും ഉണ്ടാവില്ലെന്നത് പ്ലാസ്റ്റിക് പോലെ സുതാര്യമായ സത്യം . ചില വേദികളിൽ സ്റ്റേജ് പങ്കിടുന്നവർക്ക് മുന്നിൽ മിനറൽ വാട്ടർ ബോട്ടിൽ വയ്ക്കാത്തതിന് മുഖ്യാതിഥി തന്റെ പ്രസംഗത്തിൽ സംഘാടകരെ വിമർശിച്ച്‌ സംസാരിച്ചു എന്നും അറിയാൻ കഴിഞ്ഞു . പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ചുള്ള സെമിനാറിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ വയ്ക്കുന്നതിന്റെ അനൗചിത്യം ആരോ ചൂണ്ടിക്കാട്ടിയെന്നും അയാളെ സമ്മേളനത്തിന്റെ ഭാരവാഹിത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു എന്നും അറിയാൻ കഴിഞ്ഞു .

ഏതായാലും പ്ലാസ്റ്റിക് യുഗം അവസാനിക്കാൻ പോകുകയാണ് , പ്ലാസ്റ്റിക്കിനെ റീസൈക്കിൾ ചെയ്ത് നശ്വരമായ മറ്റു ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത് . അങ്ങിനെ പതുക്കെ പതുക്കെ പ്ലാസ്റ്റിക് എന്ന വസ്തു തന്നെ ഭൂലോകത്തു നിന്ന് നീക്കം ചെയ്യപ്പെടും . പ്ലാസ്റ്റിക്കിന്റെ നിരോധനം അറിഞ്ഞു അതിന്റെ ബദ്ധശതുക്കളായ ഇരുമ്പും സ്റ്റീലും അലുമിനിയവും ഒക്കെ തെരുവിൽ ആഹ്ലാദം പ്രകടനം നടത്തുമ്പോൾ പ്ലാസ്റ്റിക് തിരഞ്ഞെടുപ്പിൽ തോറ്റ രാഷ്ട്രീയ പാർട്ടികളെപ്പോലെ പരാജയ കാരണങ്ങൾ വിലയിരുത്തുകയായിരുന്നു. ഒടുവിൽ രാഷ്ട്രീയക്കാരെ പോലെ അവരും എത്തിച്ചേർന്നത് “ഭരണവിരുദ്ധ വികാരം എന്നതിലായിരുന്നു ” . ജനം വീണ്ടും തങ്ങളെ സ്വീകരിക്കുമെന്നും ഒരു തിരിച്ചുവരവ് സാധ്യമാണെന്നും പ്ലാസ്റ്റിക് ഇപ്പോഴും കണക്കു കൂട്ടുന്നു .

  • രാജൻ കിണറ്റിങ്കര

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം; പിടിച്ചാൽ 25000 രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here