മലയാളിയുടെ ഏകത്വത്തിലെ നാനാത്വം

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

മുംബൈയിൽ ഇത് കൂട്ടായ്മകളുടെ കാലമാണ് . കൂട്ടായ്മ എന്ന് കേട്ട് ഒരുമയും സഹവർത്തിത്വവും ആണെന്ന് കരുതി പെട്ടെന്നങ്ങു രോമാഞ്ചം കൊള്ളാനും സന്തോഷിക്കാനും വരട്ടെ . ഇത് നാനാത്വത്തിൽ ഏകത്വമല്ല , ഏകത്വത്തിൽ നാനാത്വം കാണുന്ന പുത്തൻ കാലമാണ് (പുത്തൻകലം എന്ന് തെറ്റി വായിക്കരുത്) . നാല് മലയാളി ഒത്തു കൂടിയാൽ അവിടെ ഒരു സമാജം എന്നതൊക്കെ പഴഞ്ചൻ പ്രയോഗമായിരിക്കുന്നു. ഇന്നിപ്പോൾ മലയാളി സമാജങ്ങൾക്കൊന്നും പ്രസക്തിയില്ല , അതിൽ നിന്നും ഉരുത്തിരിഞ്ഞ ബ്രാഞ്ചുകൾക്കാണ് പ്രസക്തി . രാഷ്ട്രീയത്തിൽ ദേശീയ പാർട്ടികളിൽ നിന്നും പൊട്ടി തെറിച്ച് രൂപം കൊണ്ട പ്രാദേശിക പാർട്ടികൾക്കാണല്ലോ പ്രസക്തിയും ശക്തിയും, അതുപോലെ മലയാളി എന്ന ഒരു കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട പ്രാദേശിക ജാതീയ സംഘടനകൾ . നായർ, നമ്പ്യാർ, മേനോൻ, വാരിയർ നമ്പൂതിരി, ഇളയത് , പിഷാരടി, ഈഴവ സമുദായങ്ങളെ കൂടാതെ കൃസ്ത്യൻ മുസ്‌ലിം സമുദായങ്ങളും അവയുടെ വകഭേദങ്ങളും പിന്നെ പേരറിയാത്തതും പേരിടാത്തതും ആയ സംഘടനകൾ വേറെയും , അവർക്കൊക്കെ അവരുടെ കൊടിയും നിറവും ഉണ്ട് . ചിഹ്നം മാത്രം ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടാത്തതു കൊണ്ട് ആരും നൽകിയിട്ടും ഇല്ല .

ഇതിലൊക്കെ അങ്ങ് നിൽക്കും എന്നും സംതൃപ്തിയടയും നമ്മുടെ മലയാളികൾ എന്നാശ്വസിച്ച് ഇരിക്കുകയായിരുന്നു . പക്ഷെ എവിടെ നിൽക്കാൻ? അതാ വരുന്നു , കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രാദേശിക കൂട്ടായ്മകൾ വേറെ . അതുകൊണ്ടൊരു ഗുണമുണ്ടായി , മുംബൈയിലെ ഒട്ടു മിക്ക മലയാളികളും ഏതെങ്കിലും ഒരു സംഘടനയുടെ ചെയർമാനോ പ്രസിഡന്റോ ഒക്കെ ആയിരിക്കും . അതെന്താ ചില്ലറ കാര്യമാണോ , , നാട്ടിലൊക്കെ ചെല്ലുമ്പോൾ താൻ വഹിക്കുന്ന പദവികളെക്കുറിച്ചൊക്കെ ചായക്കടയിലും അങ്ങാടിയിലും ഇരുന്നു നാട്ടുകാരെ പറഞ്ഞു കേൾപ്പിക്കുമ്പോൾ അവർ കോരിത്തരിക്കുന്നത് കാണണം . അവരുടെ മുന്നിലൂടെ മൂക്കൊലിപ്പിച്ച് വള്ളി ട്രൗസറും ഇട്ടു നടന്നിരുന്ന പീക്കിരി പയ്യനല്ല ഇവൻ എന്നവർ മനസ്സിൽ പറയും . എന്നാലും അവിടെയും ഇവിടെയും സ്ഥാനമാനങ്ങൾ ഒന്നും കിട്ടാതെ ചിലർ ഒറ്റക്കും തെറ്റക്കും ഉണ്ടായിരുന്നു , അവർ ഒത്തു ചേർന്ന് പരസ്പരം ദുഃഖങ്ങൾ പങ്കു വച്ചു, അങ്ങിനെ ഉരുത്തിരിഞ്ഞ ആശയമാണ് ജില്ലകളുടെ പേരിൽ രൂപം കൊണ്ട ഗ്രൂപ്പുകൾക്കുള്ളിൽ പഞ്ചായത്തോ താലൂക്കോ അടിസ്ഥാനത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുക , അങ്ങിനെ പൂങ്കുന്നം കൂട്ടായ്മ , ചാവക്കാട് കൂട്ടായ്മ , പട്ടാമ്പി കൂട്ടായ്മ , പൊന്നാനി കൂട്ടായ്മ തുടങ്ങിയ കൂട്ടായ്മകൾ രൂപം കൊണ്ടു, അതിന്റെ യൊക്കെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പ്രസ്താവനകൾ മുംബൈ പത്രങ്ങളിലെ മൂന്നാം പേജിൽ കണ്ടു അവർ സായൂജ്യം കൊണ്ടു . അതിന്റെ കട്ടിംഗുകൾ വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും ഊരു ചുറ്റി .

പക്ഷെ , മുംബൈയിലെ വീട്ടമ്മമാരായ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്ക് ചാർത്തി കിട്ടിയ പദവികളിൽ സന്തുഷ്ടരല്ല എന്നാണ് അറിയാൻ കഴിഞ്ഞത് . തിങ്കളാഴ്ച മുതൽ അവർ കാത്തിരിക്കുകയാണ് അടുത്ത ഞായറാഴ്ച ആവാൻ, എന്നും ജോലി കഴിഞ്ഞു പാതിരായ്ക്ക് വരുന്ന ഭർത്താവിനെ സൗകര്യം പോലെ ഒന്ന് അടുത്ത് കിട്ടാൻ . ഈ മനുഷ്യനാണെങ്കിൽ ഞായറാഴ്ച കുളിയും കുറിയും കഴിഞ്ഞു സെന്റും പൂശി ഇറങ്ങും, ആ കൂട്ടായ്മയുടെ മീറ്റിങ്ങുണ്ട് , ഈ സംഘടനയുടെ സമ്മേളനം ഉണ്ട് എന്നും പറഞ്ഞ് , പിന്നെ ഇരുട്ടിയേ വീട്ടിൽ കാലു കുത്തൂ . അതിനാലാണ് ഭാര്യമാർക്ക് നിരാശയും അമർഷവും . ചില ഉദാര മനസ്കരായ ഭർത്താക്കന്മാർ അതിനും പോംവഴി കണ്ടു പിടിച്ചിരിക്കുന്നു , അവർ സ്വന്തം സംഘടനയ്ക്ക് ഒരു മഹിളാ വിങ് ഉണ്ടാക്കി ഭാര്യയെ അതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച് ചുളുവിൽ ഒരു കുടുംബ കലഹത്തിൽ നിന്നും ഇടക്കാല ജാമ്യം നേടിയിരിക്കുന്നു . വേദിയിൽ നിന്നുകൊണ്ട് മൈക്കിന്റെ കൊങ്ങക്ക് പിടിച്ച് വലിയ വലിയ ആളുകൾ സ്ത്രീ ശാക്തീ കാരണം എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നത് കേട്ട് മഹിളകൾ അവരുടെ ഭർത്താക്കന്മാരെ മനസ്സുകൊണ്ട് സ്തുതിച്ചു .

മലയാളിയുടെ വലിയൊരു ദൗബല്യമാണ് മദ്യം എന്നാണ് പറയുന്നത് . കേരളം കുടിച്ച് തീർക്കുന്ന മദ്യത്തിന്റെ കണക്കെടുപ്പ് നടത്തിയപ്പോൾ മനസ്സിലായ ഒരു സത്യമാണ് . ഇതിന്റെ മണം കേട്ടാൽ പോലും പോയി കുളിക്കുന്നവർ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല . പക്ഷെ , അതിർത്തി കടന്നാൽ അവന്റെ ദൗർബല്യങ്ങൾ ഇതൊന്നും അല്ല അധികാരവും അലങ്കാരങ്ങളും ആണ് . മറ്റൊരു വീക്നെസ് ആണ് സ്റ്റേജ് . സ്റ്റേജിൽ ഇരിക്കണമെങ്കിൽ അധികാരം വേണം. ചില സംഘടനകൾ സ്റ്റേജിൽ ഇരിക്കണമെങ്കിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഒക്കെ പാസുകൾ ഇഷ്യൂ ചെയ്യുന്നുണ്ട് എന്നും കേട്ടു . കേട്ടത് വിശ്വസിക്കരുത് കണ്ടതേ വിശ്വസിക്കാവൂ എന്നാണ് പൊതുമതം . പക്ഷെ കേട്ടറിഞ്ഞല്ലേ നമ്മളൊക്കെ മുംബൈയിൽ മിക്ക പൊതു ചടങ്ങിലും പങ്കെടുക്കുന്നത്. അതുകൊണ്ട് ആ വിരട്ടൽ വേണ്ട . ഈ സ്റ്റേജിൽ ഇരിക്കുക എന്നതും സുഖമുള്ള ഒരു സംഭവം ആണ്. ചില അത്യന്താധുനികർ സ്റ്റേജിൽ ഇരിക്കുന്നത് പഴഞ്ചൻ സമ്പ്രദായം ആണെന്ന് കരുതി അതിഥികളെ നിർത്തി സ്വീകരിക്കുന്ന പുത്തൻ ആതിഥേയ സംസ്കാരം ആവിഷ്കരിച്ച് നടപ്പിലാക്കുവാനും തുടങ്ങിയിരിക്കുന്നു . പക്ഷെ പൊതുവെ അതിന് അത്ര അംഗീകാരം കിട്ടിയിട്ടില്ലാത്തതിനാൽ സ്റ്റേജിൽ കസേരയും മുന്നിൽ ഒരു മേശയും ഒക്കെയാണ് ഇപ്പോഴത്തെ വിപണിയിൽ നടന്നു കാണുന്നത്. ഈ സ്റ്റേജിൽ ഇങ്ങനെ ഇരുന്നു മുന്നിൽ ഇരിക്കുന്ന ജന സമുദ്രത്തെ കയ്യിലെയും തോളിലേയും മസിലൊക്കെ ഒന്ന് ഉരുട്ടി കയറ്റി ഗൗരവം വിടാതെ അങ്ങിനെ നോക്കുക, ഇടക്കൊക്കെ മുഖ്യാതിഥിയോട് ചെവിയിൽ അങ്ങേർക്കു പോലും ഒന്നും മനസ്സിലാകാത്ത തരത്തിൽ സ്വകാര്യം പറയുക , മുന്നിൽ ഇരിക്കുന്ന mineral ബോട്ടിലിന്റെ അടപ്പ് ടൈറ്റല്ലേ എന്ന് ഇടയ്ക്കിടെ ഉറപ്പു വരുത്തുക, ഇത്തരം കലാപരിപാടികളിൽ മുഴുകിയിരിക്കുന്നത് വേദി യിൽ ഇരിക്കുന്നവർക്ക് ഒരു സമയംകൊല്ലി വിനോദമാണ് .

ഈ പ്രസിഡന്റ് എന്നൊക്കെ പറയുന്നത് അത്ര ചില്ലറ കാര്യം ഒന്നും അല്ല , ഒരു മീറ്റിംഗിന്റെ ഫുൾ control ഈ പുള്ളിയുടെ കയ്യിലല്ലേ . ആര് നിൽക്കണം ആര് ഇരിക്കണം , ആര് പ്രസംഗിക്കണം എപ്പോൾ മീറ്റിംഗ് wind up ചെയ്യണം എന്നൊക്കെ ഇദ്ദേഹമാണ് തീരുമാനിക്കുക . ആര് പ്രസംഗിക്കുമ്പോഴും വിശിഷ്ടാതിഥിക്ക് പോലും സ്വാഗതം പറയും മുന്നേ പ്രസിഡന്റിനാണ് സ്വാഗതം ഓതുക . അപ്പോൾ ഇങ്ങിനെയുള്ള കാശുമുടക്കില്ലാത്ത സുഖലോലുപതയിൽ ഒരു ചെറിയ പ്രസിഡന്റൊക്കെ ആകാൻ ആരും കൊതിച്ച് പോകും . അതിനവരെ കുറ്റം പറയുന്നുണ്ടെങ്കിൽ അവർക്ക് അസൂയ കണ്ണുകടി തുടങ്ങിയ ചികിത്സ ഇല്ലാത്ത രോഗങ്ങൾ ആണെന്നെ ഞാൻ പറയൂ.

മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്

ഇതൊക്കെ വായിച്ച് ചിലരെങ്കിലും പിണങ്ങാൻ സാധ്യതയുണ്ട് , ഞങ്ങളുടെ സംഘടനയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് കരുതി . ഓർമ്മയില്ലാഞ്ഞിട്ടല്ല സുഹൃത്തേ , ഇതൊന്നും കൂടാതെ ചില സാംസ്കാരിക സംഘടനകളും ചാരിറ്റി ഓർഗനൈസേഷനുകളും അവരവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്യുകയും അവരും മീറ്റിംഗുകളും ആഘോഷങ്ങളും ആയി മുംബൈ മലയാളികളെ ആനന്ദത്തിൽ ആറാടിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതും അടിയൻ ഓർക്കുന്നു.
___________________________
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ

LEAVE A REPLY

Please enter your comment!
Please enter your name here