അരേ, ആജ് വിഷു ഹൈ നാ !!

ജീവിതത്തിൽ ഇന്നേവരെ ബസിലും ട്രെയിനിലും കയറാത്തവരോട് ഒരു ദിവസം ഓഫീസിൽ എത്താനും തിരിച്ചു വീട്ടിലെത്താനും എത്ര മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ മനസ്സിലാകുമോ ? രാജൻ കിണറ്റിങ്കര എഴുതുന്ന നഗരത്തിലെ വിഷു വിശേഷങ്ങൾ.

0

നാളെ വിഷുവാണ് , തലേന്ന് തന്നെ ബോസിനോട് പറഞ്ഞു, നാളെ ലീവ് വേണം, വിഷുവാണെന്ന് . “വിഷു? വോഹ്‌ ക്യാ ഹൊത്തെ ?” ബോസ്സിന്റെ മറുചോദ്യം .

സാർ വിഷു, ഹമാരാ ന്യൂ ഇയർ . ”

ഓഹോ , തോ കൽ തുംഹാര ന്യൂ ഇയർ ഹായ് , ടീക് ഹായ് .”

ഓഹോ , എന്തൊരു ആശ്വാസം, വലിയ പങ്കപ്പാടൊന്നും ഇല്ലാതെ ഒരു ലീവ് ഒപ്പിച്ചു . വീട്ടിലേക്കും വിളിച്ചു പറഞ്ഞു, നാളെ ലീവെടുക്കാൻ ബോസ് സമ്മതിച്ചു എന്ന് .

നാളത്തെ ലീവിന്റെ ത്രില്ലിൽ അങ്ങിനെ അതുവരെ കാണിക്കാത്ത ആത്മാർഥത അഭിനയിച്ചുകൊണ്ട് ജോലിയിൽ മുഴുകി ഇരിക്കുമ്പോഴാണ് ബോസ്സിന്റെ വിളി . “അല്ലാ , വിഷു ഉച്ചക്കല്ലേ , രാവിലെ വന്നു കുറച്ചു URGENT വർക്ക് ഉണ്ട് , അത് തീർത്ത് നീ പൊക്കോ. ലഞ്ച് ആവുമ്പോഴേക്കും വീട്ടിൽ എത്താമല്ലോ . ജീവിതത്തിൽ ഇന്നേവരെ ബസിലും ട്രെയിനിലും കയറാത്ത അയാളോട് നമ്മൾ ഒരു ദിവസം ഓഫീസിൽ എത്താനും തിരിച്ചു വീട്ടിലെത്താനും എത്ര മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ മനസ്സിലാകുമോ? അതിനാൽ എതിർത്തൊന്നും പറഞ്ഞില്ല , ഇനിയിപ്പോൾ എതിർത്തു പറഞ്ഞിരുന്നെങ്കിൽ തന്നെ എന്താണ് പ്രയോജനം .?

രാത്രി ഇരുട്ടുംതോറും നാളത്തെ വിഷുക്കണിയുടെ ചിന്തകൾ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങി . കണിക്കുള്ള സാധനങ്ങൾ കിട്ടിയില്ലെങ്കിൽ പിന്നെ അതൊരു വർഷത്തെ ദുഷ്ഫലമാണ് സമ്മാനിക്കുക

അങ്ങിനെ വിഷുസംക്രമം തീർത്ത നിരാശയിൽ വൈകീട്ട് വീട്ടിലേക്ക് വച്ച് പിടിച്ചു . വഴികളിൽ പൂത്തു നിൽക്കുന്ന വിഷുക്കാഴ്ചകൾ . മുംബൈയിൽ ഇത്രയധികം മലയാളികൾ ഉണ്ടോ എന്ന് അത്ഭുതപ്പെടുന്നത് ഓണവും വിഷുവും വരുമ്പോഴാണ്. നിലവിളക്കും കണിപ്പൂവും കണിവെള്ളരിക്കയും തേൻവരിക്കയും കോടിമുണ്ടും കൃഷ്ണ വിഗ്രഹവും എല്ലാം പാക്കറ്റുകളിൽ റെഡി . കൊണ്ടുപോയി കത്തിക്കുകയെ വേണ്ടൂ . ചിലരൊക്കെ ഇപ്പോൾ എണ്ണവിളക്കിനു പകരം ഇലക്ട്രിക്ക് ബൾബുകൾ ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു . അലാറം വച്ച് കിടന്നാൽ ബൾബ് സമയമായാൽ താനെ കത്തിക്കൊള്ളും . ഒരു കാലത്ത് നമ്മൾ വീട്ടിലെ കുട്ടികളെ വിളിച്ചുണർത്തി കണി കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഭഗവാൻ നമ്മളെ വിളിച്ചുണർത്തും

വൈകിയെത്തിയ ലോക്കലിന്റെ കിതപ്പിൽ വണ്ടിക്കുള്ളിലെ ശ്വാസം മുട്ടലിന്റെ നെടുവീർപ്പുകൾ ആരും അറിഞ്ഞില്ല . ഒഴുകുന്ന ജനസമുദ്രത്തിൽ ഒരാളായി അടുത്തുകണ്ട മലയാളി കട ലക്ഷ്യമാക്കി നടന്നു. അവിടെ പൂഴിയിട്ടാൽ ഉതിരാത്ത ജനം . പുറത്ത് തന്റെ ഊഴം കാത്തു നിന്നു. കെട്ടിവച്ച നാക്കിലയിലും വെട്ടി വച്ച വരിക്ക ചക്കയിലും നോക്കിയും തൊട്ടുഴിഞ്ഞും തിരക്കൊഴിയാൻ കാത്തു നിന്നു . പക്ഷെ ആ നിൽപ്പിന് ഒരന്തവും ഉണ്ടാകാൻ പോകുന്നില്ലെന്ന് മനസ്സിലായി . ഉപ്പൂറ്റിയിൽ ഒന്ന് നിവർന്നു നിന്നു കടക്കാരനെ തന്റെ മുഖം കാണിക്കാൻ ഒരു പാഴ്ശ്രമം നടത്തി . ഇന്നലെ വരെ ചിരിച്ചും തമാശ പറഞ്ഞും നമ്മളെ സ്വീകരിച്ചിരുന്ന അയാൾക്ക് നമ്മളെ പണ്ട് കണ്ട പരിചയമേ ഇല്ല . എല്ലാവരും തങ്ങളുടെ സാധനങ്ങൾ വാങ്ങി സ്ഥലം വിടാനുള്ള തിരക്കിലാണ് .

ചിലരുടെ ഭാവം കണ്ടാൽ അവർ ആ കട മൊത്തമായി വാങ്ങാൻ വന്നവരാണെന്നു തോന്നും . അതിനിടയിൽ ഒരു ശകുനപ്പിഴപോലെ നമ്മളെ കണ്ട നീരസം മുഖത്ത് . രാത്രി ഇരുട്ടുംതോറും നാളത്തെ വിഷുക്കണിയുടെ ചിന്തകൾ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങി . കണിക്കുള്ള സാധനങ്ങൾ കിട്ടിയില്ലെങ്കിൽ പിന്നെ അതൊരു വർഷത്തെ ദുഷ്ഫലമാണ് സമ്മാനിക്കുക . അതിനാൽ തിരക്കിനിടയിലൂടെ നുഴഞ്ഞു ഒരു ഞെട്ട് കൊന്നപ്പൂ കൈക്കലാക്കി , കയ്യിലെടുത്ത് തൂക്കിയതും നല്ല പുഴമീൻ വായിലിട്ട് വലിച്ചപോലെ പൂവും തണ്ടും വെവ്വേറെ . ഒരാഴ്ച മുന്നേ വഴിയരികിലെ കൊന്നകളിൽ നിന്നും പൊട്ടിച്ചു കൊണ്ടുവരുന്ന പൂക്കളാണ് . പ്രസന്നമായ തന്റെ മുഖം പോലെ തന്നെ തൊട്ടാവാടിയും ആണ് കൊന്ന . അപ്രിയമായ ഒരു ചെറിയ പ്രവർത്തി മതി പെട്ടെന്ന് മുഖം വാടും .

പൂക്കൾ കൊഴിഞ്ഞപ്പോൾ കടക്കാരൻ ചൂടായി , “സംബാൽകെ ലേലോ ഭായി. ” പിന്നെ ക്രുദ്ധമായൊരു നോട്ടവും . ഹിന്ദിയിലാണ് ചീത്ത, താൻ മലയാളി ആണെന്ന് പോലും അയാൾ മറന്നിരിക്കുന്നു . ഇനി അവിടെ നിന്നാൽ ഇനിയും അനിഷ്ടങ്ങൾ ഉണ്ടാകും എന്ന് കരുതി എന്തൊക്കെയോ വാരിപ്പെറുക്കി എടുത്തു . അപ്പഴാണ് ഇതൊക്കെ കൊണ്ടുപോകാൻ സഞ്ചിയെടുത്തില്ലല്ലോ എന്ന കാര്യം ഓർത്തത് . പ്ലാസ്റ്റിക് നിരോധനമാണ് , കടക്കാരൻ കവർ തരില്ല . എടുത്ത സാധനങ്ങൾ ഒരു മൂലയിൽ ഇട്ട് സഞ്ചി കിട്ടുന്ന സ്ഥലം തേടി നടന്നു , അവിടെയും തിരക്ക് , എന്നെപ്പോലെ വേറെയും വിവരദോഷികൾ കയ്യും വീശി വന്നിരിക്കുന്നു സാധനം വാങ്ങാൻ . സഞ്ചിയും വാങ്ങി മലയാളി കടയിൽ വാങ്ങി വച്ച സാധനങ്ങളും പെറുക്കി വീട്ടിലേക്ക് വച്ച് പിടിച്ചു.

ഇൻക്രിമെന്റ് പോരെന്നു പറഞ്ഞു തന്റെ അടുത്ത് പരാതിയുമായി വന്ന ഓഫിസറെ മൈൻഡ് ചെയ്യാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന HR മാനേജരെപ്പോലെ പുള്ളി നിസ്സംഗനായി ഓടക്കുഴൽ വിളിച്ചുകൊണ്ടിരുന്നു .

രാത്രി തന്നെ ഉള്ള സാധനങ്ങൾ വച്ച് ഒരു കണി തട്ടിക്കൂട്ടി . നാളെ പുലർന്നാൽ വീണ്ടും ഓടണം ഓഫീസിലേക്ക് . ലീവാണെങ്കിൽ എല്ലാറ്റിനും ഒരു സമാധാനമുണ്ടായിരുന്നു , ഒരു ആശ്വാസമുണ്ടായിരുന്നു . രാവിലെ നാലുമണിക്ക് തന്നെ അലാറം വച്ച് ഉണർന്നെണീറ്റ് കണി കണ്ടു. താൻ ഈ കഷ്ടപ്പെട്ട് കണിയൊരുക്കിയതിന്റെ ഒരു സന്തോഷമോ പുഞ്ചിരിയോ ഒന്നും കണിതട്ടിൽ ഓടക്കുഴലും വിളിച്ച് നിൽക്കുന്ന കൃഷ്ണന്റെ മുഖത്ത് കാണാനില്ല , ഞാൻ പുള്ളിയുടെ ചെവിയിൽ പറഞ്ഞു “വളരെ പാടുപെട്ടാണ് ഇത്രയൊക്കെ ഒപ്പിച്ചെടുത്തത്, മനസ്സിലില്ലെങ്കിൽ വേണ്ട , മുഖത്തൊരു ചിരി വരുത്തിക്കൂടേ , മുംബൈയിലെ ഒരു രീതി അതാണല്ലോ , ശത്രുവിനെ കണ്ടാലും പുഞ്ചിരിക്കണം , പണി പിന്നെ കൊടുക്കും അത് വേറെ വശം . ഇൻക്രിമെന്റ് പോരെന്നു പറഞ്ഞു തന്റെ അടുത്ത് പരാതിയുമായി വന്ന ഓഫിസറെ മൈൻഡ് ചെയ്യാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന HR മാനേജരെപ്പോലെ പുള്ളി നിസ്സംഗനായി ഓടക്കുഴൽ വിളിച്ചുകൊണ്ടിരുന്നു .

പുള്ളിയോട് പരാതി പറഞ്ഞു നിന്നാൽ ഓഫീസിൽ എത്താൻ വൈകും. പെട്ടെന്ന് കുളിച്ചൊരുങ്ങി ഓഫീസിലേക്ക് വച്ച് പിടിച്ചു, ജോലി കഴിഞ്ഞിട്ട് വേണം ഊണിനു മുന്നേ വീട്ടിലെത്താൻ .

അങ്ങിനെ വിഷു പുലർച്ചെ വീണ്ടുമൊരോട്ടം . ഓഫിസിലെത്തിയതും ബോസ്സിന്റെ ക്യാബിനിലേക്ക് വച്ച് പിടിച്ചു . എന്തോ urgent പണി ഉണ്ടെന്നല്ലേ പറഞ്ഞത് , അത് പെട്ടെന്ന് തീർക്കാമല്ലോ . ഓഫീസ് മര്യാദയൊന്നും നോക്കാതെ വാതിൽ തള്ളി തുറന്നു അകത്തു ചെന്നപ്പോൾ പുള്ളിയുടെ കസേര ശൂന്യം . പുറത്തു വന്നു പ്യൂണിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം രാവിലെ മുതൽ ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണത്രെ . ഓ , നാശം , മനസ്സിൽ ശപിച്ചു സ്വന്തം സീറ്റിൽ ചെന്നിരുന്നു . ഒരു പന്ത്രണ്ടു മണി ആയപ്പോൾ പുള്ളി ക്യാബിനിലെത്തി എത്തിയതും വിളിച്ച് ജോലി തന്നു എന്നിട്ട് ഒരു ഉപദേശവും , “ജൽദി കരോ , തുംകൊ ജാനാ ഹായ് ന , തുമാര വിഷു ഹൈന ആജ്” (എന്തൊരു ഓർമശക്തി, എന്തൊരു കാരുണ്യം) . മണി ഇപ്പോൾ തന്നെ 12 ആയിരിക്കുന്നു , ഇനി ഈ ജോലിയും കഴിഞ്ഞു എപ്പോഴാണ് വീട്ടിലെത്തുക , നമ്മൾ മലയാളികൾ വിശേഷ ദിവസങ്ങളിൽ 12 മണിക്ക് ഭക്ഷണം തട്ടുന്നവരാണെന്നു ഇദ്ദേഹത്തിനറിയുമോ .

മുംബൈ മലയാളികളുമൊത്ത് മുരുകൻ കാട്ടാക്കട
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും

തന്ന പണി ചെയ്തു തീരാറായപ്പോൾ മണി ഒന്നര , അപ്പോളുണ്ട് ഇന്റർ കോമിലൂടെ ബോസ്സിന്റെ ഫോൺ . “അരേ, തും ഗയെ നഹി അഭി തക്, തുംഹാര വിഷു ഹായ് ന ആജ്” . പണി കഴിഞ്ഞിട്ടില്ല , ഒരു പത്തു മിനുട്ട് കൂടി എടുക്കും എന്ന് മനസ്സിൽ വന്ന ദ്വേഷ്യവും അമർഷവും ഒതുക്കി വിനയാന്വിതനായി പറഞ്ഞു . അപ്പോൾ അദ്ദേഹത്തിന്റെ മറുപടി “ആരെ കാം സബ് ചൽത്തേ രഹേഗാ , ആജ് നഹി തോ കൽ കാർലേനാ , തും ജാവോ അഭി , തുമാര വിഷു ഹായ് ന ”

ഇതിനായിരുന്നോ വിഷുവായിട്ട് പിടിപ്പിന് പണിയുണ്ടെന്നു പറഞ്ഞ് ഈ മനുഷ്യൻ എന്നെ വിളിച്ചു വരുത്തിയത് , ഇനിയിപ്പോൾ ഇറങ്ങിയാലും നാല് മണിയാവാതെ വീടെത്തില്ല , ഇവിടെ ഇരിക്കാനും ഈ മനുഷ്യൻ സമ്മതിക്കില്ല , മനസ്സില്ലാ മനസ്സോടെ ബാഗും തൂക്കി വീട്ടിലേക്ക് വച്ച് പിടിച്ചു , രാത്രിയിലെ ഭക്ഷണത്തിനെങ്കിലും എത്താമല്ലോ . അത് നീയെന്നും എത്തുന്നതല്ലേ എന്ന് മനസ്സിൽ ഇരുന്നാരോ ചോദിച്ചു . ചോദ്യങ്ങൾക്ക് മഹാനഗരത്തിൽ പ്രസക്തിയില്ലല്ലോ , എല്ലാവർക്കും വേണ്ടത് ഉത്തരമാണല്ലോ . അതിനാൽ മനസ്സിനെ ശാന്തമാക്കി കൊഴിഞ്ഞ ഒരു വിഷുവിന്റെ ഓർമ്മകളുമായി വീണ്ടും ആൾക്കൂട്ടത്തിൽ അലിഞ്ഞു ഞാൻ .

 

 


രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here