അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)

0

അംബർനാഥിലെ ഓർഡിനെൻസ് ഫാക്ടറി ഒരു കാലത്ത്  മുംബൈയിൽ ഉപജീവനം തേടിയെത്തുന്ന മലയാളികളുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു.  ഭാരത സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറിയിൽ  ഇന്നും നിരവധി മലയാളികൾ ജോലി ചെയ്യുന്നു. വിശാലമായ ഫാക്ടറി കോംപൗണ്ടിന് അകത്തു തന്നെയാണ് ജോലിക്കാർക്കുള്ള ക്വാർട്ടേസും. അങ്ങിനെ ഓർഡിനെൻസ് ഫാക്ടറിയിലെ മലയാളികൾക്ക് മാത്രമായി ഒരു സമാജം പോലും അംബർനാഥിൽ രൂപം കൊള്ളുകയുണ്ടായി. ഇവിടെ വർഷം തോറും നടത്തിയിരുന്ന അയ്യപ്പ പൂജയും വളരെ പ്രസിദ്ധമാണ്. ദൂര സ്ഥലങ്ങളിൽ നിന്ന് വരെ ധാരാളം ഭക്തരാണ് ഇവിടുത്തെ അയ്യപ്പ പൂജയിൽ പങ്കെടുക്കാനെത്തുന്നത്. അങ്ങിനെയാണ് ഫാക്ടറി കോംപൗണ്ടിന് തൊട്ടടുത്തുള്ള മലമുകളിലായി മുപ്പത് വർഷം മുൻപ് ഒരു അയ്യപ്പ ക്ഷേത്രം സ്ഥാപിതമാകുന്നത്.

 

മൂന്ന് ദശാബ്ദങ്ങൾപ്പുറം പണികഴിപ്പിച്ച ക്ഷേത്രം നവീകരിക്കാൻ തീരുമാനിക്കുമ്പോൾ കേരളീയ ക്ഷേത്ര ശില്പകലാവൈഭവത്തിന്റെ എല്ലാ ചൈതന്യവും ഉൾക്കൊള്ളണമെന്ന ആഗ്രഹമായിരുന്നു ക്ഷേത്ര സമിതിയുടെ മനസ്സിൽ. ഭക്ത ജനങ്ങളുടെയും പ്രദേശ വാസികളുടെയും അകമഴിഞ്ഞ സഹകരണം കൂടിയായപ്പോൾ കേരളീയ ക്ഷേത്ര സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയുള്ള മുംബൈയിലെ ആദ്യ ക്ഷേത്രമെന്ന ഖ്യാതി അംബർനാഥ്‌ അയ്യപ്പ ക്ഷേത്രത്തിന് സ്വന്തമായി.

കേരളത്തിന് സ്വന്തം എന്നഭിമാനിക്കാവുന്ന സകല വാദ്യ കലാവിദ്യകളുടെയും ഈറ്റില്ലം കേരള ക്ഷേത്രങ്ങളായിരുന്നു. അത്തരത്തിലൊരു ക്ഷേത്രം ചൈതന്യവത്തായതും ക്ഷേത്രത്തിനു അനുയോജ്യമായതുമായ സ്ഥലത്തു പടുത്തുയർത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ഭാരവാഹികളും ഭക്തജനങ്ങളും.

ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്‌ഠ മഹോത്സവം ബ്രഹ്മശ്രീ കണ്ഠര് രാജീവരു തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സമാപന ദിവസം തന്ത്രിയുടെ നേതൃത്വത്തിൽ പുണർതം നക്ഷത്രത്തിലായിരുന്നു പ്രതിഷ്‌ഠ.

ബ്രഹ്മശ്രീ കണ്ഠര് രാജീവ് തന്ത്രിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ആറന്മുള തന്ത്ര വിദ്യാപീഠത്തിലെ പ്രൊഫസ്സറും ക്ഷേത്രസ്ഥപതിയുമായ പ്രൊഫ.ശിവന്റെ ശാസ്ത്ര വൈദഗ്ധ്യത്തോടും, ക്ഷേത്ര ശില്പരചനയിൽ കഴിവ് തെളിയിച്ച സദാശിവൻ ആചാരി, രഘുആചാരി, അനന്തൻ ആചാരി എന്നിവരുടെ നേതൃത്വത്തിലുമാണ് നവീകരിച്ച ക്ഷേത്രം രൂപ കല്പന ചെയ്തത്. ശബരിമല പോലെയുള്ള ക്ഷേത്രത്തിന്റെ മാതൃകയിൽ പതിനെട്ടു പടികളോടെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത ശൈലി പോലെ തന്നെ കരിങ്കല്ലും തേക്കുതടിയും കൊണ്ട് പണി തീർത്ത മുംബൈയിലെ ആദ്യ ക്ഷേത്രം കൂടിയാകും ഈ അയ്യപ്പ ക്ഷേത്രം.

കേരളത്തിലെ ക്ഷേത്രത്തിന്റെ ശൈലിയിൽ മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും ശ്രീകോവിലും മണ്ഡപവും നിർമ്മിക്കുവാനും മൂന്നു മാസക്കാലമാണ് എടുത്തത്. ഭംഗിയാക്കി ചെയ്യുവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കേരളത്തിൽ നിന്നും വന്ന ആചാരിമാർ.

ദീർഘ ചതുരാകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിലേക്കും കിഴക്കും പടിഞ്ഞാറും മുഖപ്പുകളോടെയാണ്. മുൻവശത്തെ മുഖപ്പിലും, പടിഞ്ഞാറ് വശത്തെ മുഖപ്പിലും അയ്യപ്പൻറെ രൂപങ്ങൾ പ്രത്യേകം ദർശിക്കാൻ കഴിയും എന്നതാണ് മറ്റൊരു ചൈതന്യം. സമാപന ദിവസം വാദ്യമേളങ്ങളോടെ നടന്ന പുനഃ പ്രതിഷ്‌ഠ കർമ്മത്തിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.

Watch  highlights of the event in Amchi Mumbai (Video)


നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി
സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി

ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here