സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം 

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയവർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവർത്തകരും രംഗത്തു

1

പ്രശസ്ത എഴുത്തുകാരിക്കെതിരെ മുംബൈയിലെ ഒരു പ്രമുഖ സാഹിത്യകാരൻ നടത്തിയ തരം താഴ്ന്ന പരാമർശത്തെ മുംബൈ സാംസ്‌കാരിക ലോകം ഒന്നടങ്കം അപലപിച്ചു.സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നടക്കുന്ന സംവാദത്തോട് പ്രതികരിച്ചുകൊണ്ടാണ് മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

നിലപാട് കടുപ്പിച്ചു മുംബൈ സാഹിത്യ ലോകവും

 ::::::
രുഗ്മിണി സാഗർ : സ്ത്രീകളെകുറിച്ച് ഇത്രയും മോശമായി പറയുന്ന ഗ്രൂപ്പ്കളിൽ എങ്ങിനെയാണ് തുടരുക ? ഇത്തരം വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ ശക്തമായി അപലപിക്കുന്നു. ഒരെഴുത്തുകാരന്റെ സംസ്കാരം ഓർത്തു ലജ്ജിക്കുന്നു.
ടി എൻ ഹരിഹരൻ : ശക്തമായി അപലപിക്കണം.  ഈ വിധം സ്ത്രീ വിരുദ്ധതയും കൊണ്ട് നടക്കുന്ന ആളാണോ സാംസ്‌കാരിക നായകനെന്ന് അവകാശപ്പെടുന്നത്..ഇതാണോ അറിയപ്പെടുന്ന എഴുത്തുകാരന്റെ  സംസ്കാരം . ലജ്ജിക്കുന്നു.
ദീപക് പച്ച : ശക്തമായി  പ്രതിഷേധിക്കുന്നു. ഇതൊരു വ്യക്തിക്ക് നേരെയുള്ള അതിക്രമം മാത്രമല്ല മുഴുവൻ സ്ത്രീ സമൂഹത്തിനും നേരെയാണ്.
ജോജോ തോമസ്  : സ്ത്രീകളെ അപമാനിച്ചവർ ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. സാഹിത്യകാരന്മാർ ഒരേമനസ്സോടെ പ്രസ്താവന ഇറക്കണം. എന്റെ  പ്രതിഷേധം അറിയിക്കുന്നു. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നവരെ നിയന്ത്രിക്കാത്തതാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

താരവർമ്മ:  വിഷയം സ്ത്രീകൾക്കെതിരെയുള്ള അതിക്രമമായി കാണണം.  സ്ത്രീ ഒരു പുറമ്പോക്കോ .? സ്ത്രീകളോടുള്ള പ്രാഥമിക മര്യാദപോലും പാലിക്കാതെ സഭ്യതയുടെ എല്ലാ അതിർവരമ്പുകളും  ലംഘിച്ചുകൊണ്ട് ഒരു മുതിർന്ന എഴുത്തുകാരിയെ അതിലുപരി മുംബൈ  കലാ -സാംസ്‌കാരിക മേഖലകളിലെ നിത്യസാന്നിദ്ധ്യമായ എഴുത്തുകാരിയെ ഇത്തരത്തിൽ കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകളുപയോഗിച്ചു അപമാനിച്ച ഏതു കൃഷ്ണനാണെങ്കിലും പെണ്ണിന്റെ കൈക്കരുത്തു കാട്ടികൊടുക്കണം. സ്ത്രീകൾക്ക് നേരെയുള്ള ഈ കടന്നുകയറ്റത്തിനെതിരെ ഒരു സ്ത്രീ കലാകാരിയെന്ന നിലക്ക് ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.  സംഭവം നടന്നിട്ടു നാളിത്രയായിട്ടും ഒരക്ഷരം മിണ്ടാതെ മൗനം പാലിച്ച പ്രിയപ്പെട്ട എന്റെ സാംസ്‌കാരിക ലോകമേ നമിച്ചിരിക്കുന്നു.

ഹരികുമാർ മേനോൻ  : മുംബൈയിലെ മലയാളി സമൂഹം ആദരിക്കുന്ന എഴുത്തുകാരിയെ ഇത്രയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച വ്യക്തി ആരായാലും എതിർക്കപ്പെടേണ്ടതാണ്. മലയാളി സമൂഹത്തിനു തന്നെ നാണക്കേടാണ് ഈ സംഭവം.

സ്വപ്ന നായർ : നമുക്ക് ആശയങ്ങളെ എതിർക്കാം. വ്യക്തിഹത്യ അങ്ങേയറ്റം അപലപനീയമാണ്. ആരാണ് എന്നറിയില്ല . പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

ഗിരിജ മേനോൻ : സ്ത്രീയെ അസഭ്യവാക്കുകൾകൊണ്ട് അപമാനിക്കുന്ന  ഇത്തരം രീതികളോട് പ്രതിഷേധിക്കുക  മാത്രമല്ല ഇവർക്കെതിരെ നിയമപരമായിതന്നെ  മുന്നോട്ട് പോകണം..  മുംബൈ സാഹിത്യ ലോകത്തെയോർത്തു ലജ്ജിക്കുന്നു.  ഇത്തരം പോസ്റ്റുകൾ, ഭാഷ എന്നിവ വരുമ്പോൾ പ്രതിഷേധിക്കാതെ മാറിനിൽക്കുന്നത്  ശരിയല്ല.

നിഷ മധു : ഇത്തരം അപമാനങ്ങളും അവഹേളനങ്ങളും സ്ത്രീക്കും പുരുഷനും നേരെ ഉണ്ടാവരുത്.

പ്രകാശ് പടിക്കൽ : നിയമപരമായി ഇടപെടണം. ആരാണോ ഇതെഴുതിയത് ആ വ്യക്തി മാപ്പുപറയണം.

ബിന്ദു ജയൻ (ലോകകേരളസഭാംഗം) : സ്ത്രീകളെ അസഭ്യ വാക്കുകൾ കൊണ്ടപമാനിച്ചവർക്കെതിരെ ശക്തമായി പ്രതിഷേധിക്കണം.  മുഴുവൻ സ്ത്രീത്വത്തോടുമുള്ള ആക്രമണമാണ്.  ശക്തമായി പ്രതിഷേധിക്കുന്നു.

രാഖി സുനിൽ : സ്ത്രീകൾക്ക് നേരെയുള്ള ഈ കടന്നുകയറ്റതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.  കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ വേണം

പി.ഡി.ജയപ്രകാശ് (ലോകകേരളസഭാംഗം): മാതൃദിനം ആഘോഷിച്ചിട്ടും വനിതാ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുമെന്തു പ്രയോജനം.  സ്ത്രീത്വത്തിനെതിരെ നടത്തിയ ഈ മ്ലേച്ഛമായ  പരാമർശം മുംബൈ സാംസ്‌കാരിക രംഗത്തെ ആകമാനം ലജ്ജിപ്പിക്കുന്നു.  ഇനിഇതാരിൽ നിന്നും ആവർത്തിച്ചുകൂടാ.

സന്തോഷ് പല്ലശ്ശന :   ആ എഴുത്തുകാരൻ ചെയ്തത് വളരെ വലിയൊരു തെറ്റ് തന്നെയാണ്.  ദുഃഖകരമാണിത്.  ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.നിയമപരമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

അനിൽ പ്രകാശ് : എഴുത്തുകാർ ഭാഷാ പ്രയോഗത്തിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ് …ഇത്തരം പരാമർശങ്ങൾ ഒരെഴുത്തുകാരനിൽ നിന്നാകുമ്പോൾ കൂടുതൽ പ്രതിഷേധം അർഹിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു.

കെ.വി.സ് .നെല്ലുവായ് : പ്രശസ്ത സാഹിത്യകാരിക്കു നേരെയുള്ള ആക്ഷേപകരമായ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നു . വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. നിയമപരമായ നീക്കം തന്നെയാണ് വേണ്ടത്.

രാജൻ കിണറ്റിങ്കര : പ്രയോഗിച്ച ഭാഷ  ആരോടാണെങ്കിലും മലയാള ഭാഷക്ക് തന്നെ അപമാനം.  ആ മഹാന്റെ  കൃതികൾ അറിയാതെ പോലും വായിക്കാൻ ഇടവരരുതേ…സ്വകാര്യ ഇടങ്ങളിൽ പോലും ഒരു മലയാളി ഉരുവിടാൻ അറയ്ക്കുന്ന ഭാഷ .ശക്തമായി പ്രതിഷേധിക്കുന്നു.

സുമ മുകുന്ദൻ :  എന്ത്  വൈരാഗ്യമുണ്ടെങ്കിലും  സ്ത്രീകളെ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കരുത്.  അവളെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്.  അത് തെറ്റാണ്.

അഡ്വ.പ്രേമ മേനോൻ (ലോകകേരളസഭാംഗം) :: ലോകം കൂടുതൽ പരിഷ്കൃതമാകുന്തോറും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പ്രാകൃതമാകുന്നത് തികച്ചും അപലപനീയമാണ്. വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ പിഞ്ചു പെൺക്കുട്ടികളോടും, സ്ത്രീകളോടും പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന നരാധമന്മാർ കാട്ടി കൂട്ടുന്ന പൈശാചികത്വം ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. മുംബൈ സാഹിത്യ രംഗത്തെ അതികായൻ ഈയിടെ സ്ത്രീകൾക്കെതിരെ നടത്തിയ അശ്ലീല ഭാഷ്യങ്ങൾ സദാചാരത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ളതാണ്. വ്യക്തിപരമായും, സാമൂഹ്യ പ്രവർത്തക എന്ന പേരിലും ഇത്തരം അസാന്മാർഗ്ഗിക പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വേണ്ടിവന്നാൽ അഭിഭാഷക എന്ന നിലയിൽ ശക്തമായ നിയമനടപടിയെടുക്കുകയും ചെയ്യും. ഇനിയൊരാളും സ്ത്രീകൾക്കെതിരെ ഇത്തരം അശ്ളീല പദപ്രയോഗങ്ങളും, അക്രമങ്ങളും നടത്താതിരിക്കട്ടെ.

സുരേഷ് വർമ്മ :  ഞാൻ കൂടി അംഗമായ, ആദരണീയനായ ഒരു സുഹൃത്ത് അഡ്മിനായുള്ള ഒരു ഗ്രൂപ്പിൽ ഈ സ്ത്രീവിരുദ്ധ പരാമർശം കണ്ടപ്പോൾ, എഴുതിയതാരെന്നോ ആരെക്കുറിച്ചെന്നോ അറിയാതെ തന്നെ പ്രതികരിച്ചിരുന്നു. അതിവിടെയും പറയാം. ഈ ലോകത്തെ ഓരോ സ്ത്രീയും ഇന്നത്തെ അമ്മമാരോ നാളത്ത െ അമ്മമാരോ ആണ്. അവർ ആദരിക്കപ്പെടുക തന്നെ വേണം.

മോഹൻ കാക്കനാടൻ, പത്രാധിപർ, കാക്ക ത്രൈമാസിക  :  വ്യക്തിഹത്യ നടത്തുന്ന ഏതൊരു പ്രവൃത്തിയും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.പ്രത്യേകിച്ചും പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിൽ.  സ്ത്രീകളെ അസഭ്യം പറയുന്നത് ഒരു നല്ല പ്രവണതയല്ല.  പരസ്പര ബഹുമാനം പാലിക്കാൻ നമ്മൾ മറന്നു പോകുമ്പോൾ നമ്മുടെ സംസ്കാരം നാം മറക്കുന്നു.
മനോജ് മാളവിക : സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു  പൊതു സമൂഹത്തിൽ പാലിക്കേണ്ട മര്യാദയുടെ പ്രശ്നമാണ്. ഇനിയും ഇത്തരത്തിൽ ആരും ആരെയും അസഭ്യം പറയരുത്. ശക്തമായി പ്രതിഷേധിക്കുന്നു.
ഹരിനാരായണൻ (Pune) :  ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടു ” എന്നാണ് ആദ്യപ്രതികരണം.  അതേ സമയം ഈ പോസ്റ്റിൽ ആരെയും പേരെടുത്തുപറഞ്ഞിട്ടില്ല .അതുകൊണ്ടു തന്നെ “ഞാനാണ് അത് ,ഞാനാണതു “എന്ന് പറഞ്ഞു ഈ വിഷയം ഇത്രമേൽ ചർച്ച ചെയ്യേണ്ടിയിരുന്നില്ല.  ആർക്കെങ്കിലും അധിക്ഷേപമായി തോന്നിയിട്ടുണ്ടെങ്കിൽ സ്ത്രീ പുരുഷ സമൂഹത്തിന്റെ സഹവർത്തിത്വവും സാംസ്‌കാരിക നിലവാരവും കണക്കിലെടുത്തു നിർവ്യാജമായ ഖേദപ്രകടനം നടത്തി ഈ കാര്യം രമ്യമായി പരിഹരിക്കാനാണ് എഴുത്തുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ്മ ശ്രമിക്കേണ്ടത് ഇപ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും മുംബൈ മലയാളികൾ പല നിലപാടുകളിലാണ്
Keralahouse മുംബയ് മലയാളികളുടെ മാത്രമല്ല , മഹാരാഷ്ട്രയിലെ മുഴുവൻ മലയാളികൾക്കും പ്രയോജനപ്പെടേണ്ടതാണ്. അങ്ങിനെ ചിന്തിക്കാൻ ഒരുക്കമില്ലാത്തവരാണ് വിവാദങ്ങൾക്കു പിന്നിൽ ചൂട്ടു കത്തിച്ചു നടക്കുന്നത്

ഡിംപിൾ ഗിരീഷ് : സാമൂഹ്യ തിന്മകൾക്കെതിരെ ഒച്ചവെക്കുന്നത് സ്ത്രീയാണെങ്കിൽ അഹങ്കാരിയും പുരുഷനാണെങ്കിൽ അതിൽ സ്വാഭാവികതയും കാണുന്ന ഒരു വിഭാഗം ഏത് രംഗത്തും ഉണ്ടെന്നതിന് തെളിവാണ് എഴുത്തുകാരന്റെ ഈ വിലകുറഞ്ഞ പരാമർശം, സ്വന്തം നിലപാടുകൾ, സമൂഹ നീതിക്ക് എതിരാണെങ്കിൽ പോലും മനസ്സിൽ ഉള്ളത് തുറന്നു പറയാനും തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനുമുള്ള ആർജ്ജവം ഇന്നത്തെ സ്ത്രീയിൽ ഉണ്ട് എന്നത് അലോസരപ്പെടുത്തുന്ന ചിലരെങ്കിലും നമുക്കിടയിലുമുണ്ട്… ഒരു കലാകാരിയെന്ന നിലയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

ദിനേശ് കൊടക്കാട് : ഒരു മുതിർന്ന എഴുത്തുകാരൻ വാട്സ് ഗ്രൂപ്പിലൂടെ നടത്തിയ പരാമർശം സ്ത്രീ വിരുദ്ധമെന്നതിനേക്കാളുപരി പരുഷമായ പുരുഷബോധമാണ്. കൂത്തിച്ചി എന്ന വാക്ക് ഒരു അശ്ലീലം ആകുന്നത് ഒരു വർഗപരമായ അധിക്ഷേപമായത് കൊണ്ടാണ്, നിസ്വ വർഗത്തിന്റെ മേൽ ചാർത്തപ്പെട്ട അധികാര ശബ്ദമായത്കൊണ്ടാണ്. വാക്കുകളെ ഇത്തരത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഒരാൾ എഴുത്ത്കാരനല്ല, ചില ഉന്നത സാഹിത്യകാരൻമാരുമായുള്ള വ്യക്തി ബന്ധം വെച്ച് കളിക്കുന്ന ജാഡ മാത്രമാണ്.

യു എൻ ഗോപി നായർ . (ചെയർമാൻ ഫോമ) – പെണ്ണെഴുത്തുകാരുടെ മികച്ച കൃതികൾ കാണുമ്പോൾ ചില പുരുഷ കേസരികൾക്കുണ്ടാകുന്ന അസഹിഷ്ണുതയും ചാപല്യവുമാണ് പ്രതികരണത്തിലൂടെ പ്രകടമാകുന്നത്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നൊക്കെ പറയില്ലേ .. ഏതാണ്ട് അതൊക്കെ തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഇരക്ക് ഫോമയുടെ എല്ലാ പിന്തുണയും നൽകുന്നു.

വിക്രമൻ പി. എൻ: അങ്ങിനെ ഉള്ള ആളെയും സപ്പോർട്ട് ചെയ്യുന്നവരെയും ബഹിഷ്ക്കരിക്കുക. പൊതുപരിപാടിക ളിൽ പങ്കെടുപ്പിക്കരുത്. ആ ആൾ ഉള്ള ഗ്രൂപ്പിൽ നിന്നും സ്വയം out ആകുക. FB ൽ നിന്നും unfriend ചെയ്യുക. ഈ സംഗതി ചുമ്മാതെ സോഷ്യൽ മീഡിയയിൽ പറഞ്ഞ് ചർവ്വിത ചർവ്വണമാക്കി .

ഇന്ദിര കുമുദ് : വൈകിയാണ് വിവരം അറിഞ്ഞത്. തീർത്തും അപലപനീയവും മാപ്പർഹിക്കാത്തതുമായ ഒരു പ്രവർത്തിയാണ് അത്.. ഒരു ഫീൽഡിലുള്ള ഒരു സ്ത്രീക്കെതിരെയും ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല.. ആ വ്യക്തിക്ക് അർഹമായ ശിക്ഷ കിട്ടാൻ എന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവും ഉണ്ടാകുന്നതാണ്

മനോജ് ജോൺ : സ്ത്രീവിരുദ്ധ പ്രസ്താവന ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. മുംബൈ പ്രവാസി സമൂഹം എത്ര മാത്രം പുരുഷകേന്ദ്രീകൃതവും പുരുഷാധിപത്യപരവുമാണെന്നതിൻറെ തെളിവ് കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലരിൽ നിന്ന് വന്ന പ്രതികരണങ്ങൾ.

പ്രേമൻ ഇല്ലത്ത്‌ : ഈ വിഷയത്തിൽ അവ്യക്തത നന്നായി കാണുന്നുണ്ട്. സ്ത്രീ വിരുദ്ധമായ പോസ്റ്റ്‌ ആരാണിട്ടത്, എന്തായിരുന്നു അതിലെ സ്ത്രീ വിരുദ്ധത എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രം ഗൗരവമില്ലെന്നു തോന്നിയത് കൊണ്ടായിരിക്കുമല്ലോ അഡ്മിൻ ടി യാനെ നല്ല നടപ്പിന് പറഞ്ഞു വിട്ടത്. പിന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ മിക്കതും വാലും തലയുമില്ലാത്തതാണ്. തികച്ചും ആപേക്ഷികമാണ് അതിന്റെ അർത്ഥതലങ്ങൾ പോലും. ഓരോ വായനക്കാരനും ഓരോ അനുഭവം.

കർണാടകയിൽ 117അംഗങ്ങളുള്ള കൊണ്ഗ്രെസ്സ് മുന്നണിയാണ് ഭരിക്കേണ്ടതെന്നും അതല്ല 104അംഗങ്ങളുള്ള ബിജെപി യാണ് ഭരിക്കേണ്ടതെന്നും പോസ്റ്റുകൾ വന്നു. രണ്ടിനും ലൈക്കുകൾ നിറഞ്ഞു കവിഞ്ഞു.

ഇതൊരു പൂരപ്പറമ്പാണ്. ഇഷ്ടമുള്ളത് മാത്രമേ കേൾക്കാവൂ എന്ന് നിർബന്ധം പിടിക്കാനാവുമോ?. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരുന്നതിനു സൈബർ നിയമങ്ങളുണ്ട്. ഏതായാലും പോസ്റ്റ്‌ കാണാത്തതു കൊണ്ട് പൊതു അഭിപ്രായം പറഞ്ഞുവെന്ന് മാത്രം.

രവീന്ദ്രനാഥ്, ഡോംബിവിലി : പ്രസ്തുത പോസ്റ്റ് ചെയ്തത് ആരായാലും ശക്തമായി അപലപിക്കുന്നു. പോസ്റ്റ് ചെയ്ത ഗ്രൂപ്പിലെ അഡ്മിൻ തന്നെ പോലീസ് കംപ്ലൈന്റ്റ് ചെയ്യണമായിരുന്നു. ആൾ സാഹിത്യകാരനും പൊതുപ്രവർത്തകനും ആണെന്നറിഞ്ഞപ്പോൾ വെറുപ്പാണ് തോന്നിയത്. ഇങ്ങനെയുള്ളവരെ കുറഞ്ഞ പക്ഷം എല്ലാ മുഖ്യധാര പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തുകയും സാമൂഹ്യമായി ബഹിഷ്കരിക്കുകയുമെങ്കിലും ചെയ്യേണ്ടതാണ്. ഇവിടെ പക്ഷെ പല പ്രമുഖരും ഈ “മുഖ്യനെ” വെറുപ്പിക്കാതിരിക്കാനാണ് നോക്കുന്നതെന്നു തോന്നി. ഒപ്പം ഈ സംഭവം രണ്ടു സാഹിത്യകാരന്മാരുടെ വ്യക്‌തിപരമായ കാര്യമാക്കിത്തീർക്കാനും ആരൊക്കെയോ ശ്രമിച്ചപോലെ തോന്നി. ഒരു വനിതയോടും ഇത്തരം ഭാഷ ഉപയോഗിക്കരുത്.

വത്സൻ മൂർക്കോത്ത്‌ : പ്രസ്തുത പോസ്റ്റ് ഞാൻ കണ്ടിരുന്നു. വാട്സ് അപ്പ് പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത്തരം ഭാഷ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങൾ, വ്യക്തികൾക്കെതിരെ ആയാലും സമൂഹത്തിനെതിരെ ആയാലും പ്രതിഷേധാർഹമാണ്.  പോസ്റ്റിട്ട ആളെ മനസ്സിലായെങ്കിലും ആ പോസ്റ്റ് ആരെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തമല്ല. പിന്നീട് പല ഗ്രൂപ്പിലും നടന്ന ചർച്ചകൾ ഒരു വ്യക്തിയെ പരാമർശിച്ചിട്ടുണ്ട്. അത് മുഖവിലക്കെടുക്കാൻ കഴിയില്ല. ഒരു സ്ത്രീയെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാവുന്നുണ്ട്. ഏത് സ്ത്രീയെ എന്ന് പോസ്റ്റിൽ വ്യക്തമല്ല. അത് കൊണ്ട്  ഏത് തരത്തിലുള്ള നടപടിയാണു അയാൾക്കെതിരെ സ്വീകരിക്കാൻ കഴിയുക.? സാമൂഹ്യമായുള്ള കുറ്റ വിചാരണ ആവശ്യത്തിലധികം നടന്നു കഴിഞ്ഞു. അത് തന്നെയാവട്ടെ ഇത്തരക്കാർക്കുള്ള ശിക്ഷ എന്നു കരുതുന്നു. ഇനി അതിനപ്പൂറമുള്ള അർത്ഥവത്തായ നടപടികൾ ആഗ്രഹിക്കുന്നുവെങ്കിൽ പൂർണ്ണ പിന്തുണ.

സി. കെ. രമേഷ്, സാമൂഹിക പ്രവർത്തകൻ,ഡോംബിവിലി :  മുതിർന്ന എഴുത്തുകാരിക്ക്നേരെ സോഷ്യൽ മീഡിയയിൽ നടത്തിയ വളരെ മോശമായ പരാമർശത്തെ ശക്തമായി അപലപിക്കുന്നു.

ജി വിശ്വനാഥൻ : സ്ത്രീകൾക്കെതിരെയുള്ള സംസ്കാരശൂന്യമായ വാക്കുകളെ, പ്രയോഗങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ സാമൂഹ്യസാംസ്കാരിക രംഗം ജാഗ്രത പുലർത്തണം

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയവർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവർത്തകർ രംഗത്തു . പരാതിയുടെ തനിപ്പകർപ്പ് താഴെ കൊടുക്കുന്നു.

വിവാദപരവും അശ്ലീലവുമായ പോസ്റ്റിന്റെ ഉപജ്ഞാതാവിന്റെ ശ്രദ്ധക്ക്:
വിഷയം: ….8605116804 നമ്പറിൽ നിന്ന് …..11-5-2018 തിയ്യതിക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് –

Kaakka qwarterly / Gateway litfest എന്നീ whatsaap ഗ്രുപ്പുകളിൽ 11-5-2018…. തിയ്യതിക്ക് സ്ത്രീകളെ അപമാനപ്പെടുത്തി വന്ന അശ്ലീല പരാമർശങ്ങളാണ് ഈ പ്രതിഷേധത്തിന്നടിസ്ഥാനം. സോഷ്യൽ മീഡിയയിൽ വന്നതായ ഈ അസഭ്യ പ്രസ്താവന സ്ത്രീ സമൂഹത്തെയാകമാനം അപമാനിക്കുന്നു . ഈ അനീതിക്കെതിരെ പ്രതികരിക്കേണ്ടത് നീതിയിൽ വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമയാണ് . പൊതു ഇടങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദപോലും ലംഘിച്ചുകൊണ്ടുള്ള ഇത്തരമൊരു പോസ്റ്റ് തികച്ചും സ്ത്രീ വിരുദ്ധവും അസഭ്യങ്ങൾ നിറ ഞ്ഞതുമാണ് എന്നതാണ് ഇതിനെ ഏറെ പ്രതിഷേധാര്ഹമാക്കുന്നതു .ഇതിലുപയോഗിച്ചിരിക്കുന്ന മ്ലേച്ഛമായ ഭാഷ ആവട്ടെ മാന്യതയുടെ എല്ലാഅതിരുകളെയും കടത്തി വെട്ടി അറപ്പുളവാക്കന്നു.

അതിനാൽ ഒരു വ്യക്തിയിൽ നിന്നും ഉണ്ടായിട്ടുള്ള അടിസ്ഥാനം പറയാത്തതും തികച്ചും അപലപനീയവും ഏറെ വിവേചനപരവും, പ്രത്യക്ഷത്തിൽ തന്നെ അശ്ലീലവുമായ ഈ പോസ്റ്റിനെതിരെ പ്രതികരി ക്കേണ്ടത് സാമൂഹ്യ -സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രാഥമിക ചുമതലയായിത്തീരുന്നു . സഭ്യമായ രീതിയിൽ പെരുമാറാനറിയാത്തവരെ നിയന്ത്രിച്ചു നിലക്ക് നിർത്തുക എന്നത് ഒരു സമൂഹത്തിന്റെ ആവശ്യവും അവകാശവുമായതിനാൽ അശ്ലീലവും, വിവാദപരവുമായ ഈ പ്രസ്താവനയുടെ ഉപജ്ഞാതാവ് സമൂഹത്തോട് പ്രത്യേകിച്ച് സ്ത്രീകളോട് രേഖാമൂലം പൊതുവായി ക്ഷമാപണം ചെയ്ത് ഈ പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ പിൻവലിക്കാത്ത പക്ഷം ഈ പോസ്റ്റിന്റെ ഉപജ്ഞാതാവിനെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

മാനസി,എഴുത്തുകാരി
രുഗ്മിണി സാഗർ, മലയാളം മിഷൻ വൈസ് പ്രസിഡന്റ്
അഡ്വ.പ്രേമ മേനോൻ, നേഷനൽ ചെയർപേഴ്സൺ, എയ്മ വനിത വിഭാഗം & ലോക കേരള സഭ മെമ്പർ.
ഗിരിജ മേനോൻ
രാജശ്രീ മോഹൻ
പദ്മ ദിവാകർ (KKS Vice  president )
ബിന്ദു ജയൻ (ലോക കേരള സഭ )
രാഖി സുനിൽ (സെക്രട്ടറി ബോറിവല്ലി മലയാളി സമാജം
സുമ മുകുന്ദൻ
പ്രിയ വർഗീസ്


1 COMMENT

  1. ലോകം കൂടുതൽ പരിഷ്കൃതമാകുന്തോറും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പ്രാകൃതമാകുന്നത് തികച്ചും അപലപനീയമാണ്. വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ പിഞ്ചു പെൺക്കുട്ടികളോടും, സ്ത്രീകളോടും പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന നരാധമന്മാർ കാട്ടി കൂട്ടുന്ന പൈശാചികത്വം ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. മുംബൈ സാഹിത്യ രംഗത്തെ അതികായൻ ഈയിടെ സ്ത്രീകൾക്കെതിരെ നടത്തിയ അശ്ലീല ഭാഷ്യങ്ങൾ സദാചാരത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ളതാണ്. വ്യക്തിപരമായും, സാമൂഹ്യ പ്രവർത്തക എന്ന നിലയിലും ഇത്തരം അസാന്മാർഗ്ഗിക പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വേണ്ടിവന്നാൽ അഭിഭാഷക എന്ന നിലയിൽ ശക്തമായ നിയമനടപടിയെടുക്കുകയും ചെയ്യും. ഇനിയൊരാളും സ്ത്രീകൾക്കെതിരെ ഇത്തരം അശ്ളീല പദപ്രയോഗങ്ങളും, അക്രമങ്ങളും നടത്താതിരിക്കട്ടെ.

    അഡ്വ.പ്രേമ മേനോൻ
    ലോകകേരളസഭാംഗം

LEAVE A REPLY

Please enter your comment!
Please enter your name here