നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ

അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച പുരസ്‌കാരം ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നുവെന്ന് മലയാള സിനിമയിലെ മുതിർന്ന നടൻ രാഘവൻ

0

മുംബൈയിൽ ഷോ ഇന്ത്യ എന്റര്‍ടൈന്‍മെന്റിന്റെ തരംഗിണി അവാര്‍ഡ് നിശയാണ് താരങ്ങളുടെ വൈകാരിക പ്രകടങ്ങൾക്ക് സാക്ഷിയായത്. മുളുണ്ടിലെ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാ – ടെലിവിഷന്‍ രംഗത്തെ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥി ആയിരുന്നു. പ്രമുഖ നടന്‍ രാഘവന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു. അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച പുരസ്‌കാരം ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നുവെന്ന് മലയാള സിനിമയിലെ മുതിർന്ന നടൻ രാഘവൻ പറഞ്ഞു.

യുവ താരം ടൊവിനോ തോമസിന് നല്ല നടനുള്ള അവാര്‍ഡും മമ്ത മോഹന്‍ ദാസിന് നല്ല നടിക്കുള്ള അവാര്‍ഡും സമ്മാനിച്ചു. ആദ്യമായാണ് തനിക്ക് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നതെന്ന് ടോവിനോ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇതിനു മുൻപ് യൂത്ത് ഐക്കോൺ ആയും നല്ല സഹനടനായും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നല്ല നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ടോവിനോ പറഞ്ഞു. മനസ്സിൽ എന്നും കൊണ്ട് നടന്നിരുന്ന ആഗ്രഹമായിരുന്നു നല്ല നടനായി അംഗീകരിക്കപ്പെടുക എന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു.

ടെലിവിഷന്‍ രംഗത്ത് സായ് കിരണിന് മികച്ച നടനുള്ള പുരസ്‌കാരവും സുചിത്ര നായര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും നല്‍കി.

സ്വഭാവ നടനും നടിയുമായി വിജയരാഘവനും അനുശ്രീയും മികച്ച സംവിധായകനായി നാദിര്‍ഷയും നിർമ്മാതാവായി രാജീവ് നായരും സഹ നടനായി ചെമ്പന്‍ വിനോദും ചലച്ചിത്രരംഗത്തുനിന്നുള്ള പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി. ടെലിവിഷൻ മേഖലയിൽ നിന്നും ആദിത്യന്‍ (സംവിധായകന്‍), എം. രഞ്ജിത്ത് (നിര്‍മാതാവ്), ചിപ്പി (പ്രത്യേകജൂറി പുരസ്‌കാരം), നന്ദുപൊതുവാള്‍ (സ്വഭാവനടന്‍), ഉമാനായര്‍ (സ്വഭാവനടി), സീമാ ജി. നായര്‍, ബാലു മേനോന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്.

തുടർന്ന് തരംഗിണി അവതരിപ്പിച്ച പഴയ ഗാനങ്ങൾ കോർത്തിണക്കിയ ഓർമ്മകൾ എന്ന സംഗീത വിരുന്ന് ഹൃദ്യമായി. മുംബൈയിലെ പ്രമുഖ ഗായകരെ കൂടാതെ പ്രശസ്ത നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ നൃത്താവിഷ്കാരവും പ്രേക്ഷക പ്രീതി നേടി.


Watch most memorable moments shared by  Malayalam cinema television stars in

Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV

 

LEAVE A REPLY

Please enter your comment!
Please enter your name here