തൈക്കുടം വരുന്നു … സംഗീതയാത്രയുടെ മേൽപ്പാലവുമായി.

മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റിയാണ് മെഗാ ഷോയ്ക്ക് വേദിയൊരുക്കുന്നത്.

0

മലയാളിയുടെ സംഗീത ആസ്വാദന രീതിയെ നൂതനമായ ആലാപന ശൈലിയിലുടെയും അവതരണ മികവിലും ഇളക്കി മറിച്ച തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ മുംബൈയിൽ എത്തുന്നു. മുളുണ്ട് നായർ വെൽഫെയർ സൊസൈറ്റിയാണ് മെഗാ ഷോയ്ക്ക് വേദിയൊരുക്കുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശ്രദ്ധ നേടിയ സംഘടന മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങളിൽ വസിക്കുന്ന നിർദ്ധനരായ പെൺകുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു സഹായിച്ചാണ് മാതൃകയായത്. സ്ത്രീശാക്തീകരണത്തിന്റെ പ്രചാരണാർത്ഥം സംഘടന നടത്തുന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പരിപാടിയുടെ ഭാഗമായാണ് സഹായങ്ങൾ നൽകിയത്. കൂടാതെ അംഗൻവാടിയുടെ പുനരുദ്ധാരണം, സ്‌കൂളുകളിൽ ശൗചാലയങ്ങൾ നിർമ്മിച്ച് നൽകുക തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളും നായർ സമാജത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തികമാക്കിയിരുന്നു.

മുളുണ്ട് കാളിദാസ് നാട്യ മന്ദിറിലെ നവീകരിച്ച ഹാളിൽ ജൂൺ 30ന് വൈകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന ദി ബാൻഡ് എന്ന ലൈവ് മ്യൂസിക് ഷോ സംഗീത പ്രേമികൾക്ക് നൂതനാനുഭവമായിരിക്കും. പ്രശസ്ത സംവിധായകൻ ടി ഹരിഹരൻ മുഖ്യാതിഥിയായ ചടങ്ങിൽ സംവിധായകൻ കെ മധു, സൂര്യാ കൃഷ്ണമൂർത്തി കൂടാതെ ചലച്ചിത്ര താരം മനോജ് കെ ജയൻ തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജുകളിലൂടെ ആസ്വാദക മനസുകളെ ഇളക്കി മറിച്ച സംഗീത ബാൻഡാണ് തൈക്കുടം ബ്രിഡ്ജ്. ആഗോളവത്ക്കരണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികതയുടെ കാർണിവൽ സഞ്ചാരം പ്രാചീന സംസ്കൃതിയെ അതിന്റെതായ രൂപത്തിൽ പരിഷ്കരിച്ചു വിനിയോഗിക്കുന്നവരാണ് തൈക്കുടം. മാതൃകവത്കരിക്കപ്പെട്ട മലയാളീ സാംസ്കാരിക ദേശീയ ബോധത്തിന്റെ സാമൂഹിക ഘടനകൾക്കുള്ളിൽ നിന്നുകൊണ്ട് തനതായ ഒരു നാടകീയ സംഗീത കലാരൂപത്തെ വികസിപ്പിച്ചെടുക്കുമ്പോൾ തന്നെ തൈക്കുടം ബ്രിഡ്ജ് മറുനാടൻ മലയാളിയുടെ ഗൃഹാതുര മോഹങ്ങളോടും മാറുന്ന അഭിരുചികളോട് ഒരു തുറന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. മുംബൈയിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും നായർ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന ഈ സംഗീത രാവ്.


കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം
കേരളത്തെ കാത്തിരിക്കുന്നത് അഭിവൃദ്ധിയുടെ നാളുകളെന്ന് യുവ സംരംഭകൻ റിതേഷ്

LEAVE A REPLY

Please enter your comment!
Please enter your name here