നിരോധനത്തിന് പിന്നിൽ അഴിമതിയെന്ന് രാജ് താക്കറെ. മുംബൈയിൽ സമ്മിശ്ര പ്രതികരണം

ബദൽ സംവിധാനമില്ലാതെ നിരോധനം ഏർപ്പെടുത്തിയതിനോട് പരക്കെ വിയോജിപ്പ്

0

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പണം സമാഹരിക്കാനുള്ള പരിപാടിയാണ് പ്ലാസ്റ്റിക് നിരോധനമെന്നും ഫാസ്റ്റ് ഫുഡ് ഭക്ഷ്യോൽപ്പനങ്ങൾക്കായി ഉപയോഗിക്കുന്ന കവറുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ ആരോപിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും ശരിയായ പ്രവർത്തനങ്ങൾ ഇല്ലാതെ തിരക്കിട്ട് ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്ന നടപടികളെ രാജ് താക്കറെ വിമർശിച്ചു.

ബദൽ സംവിധാനമില്ലാതെ നിരോധനം ഏർപ്പെടുത്തിയതിനോട് പരക്കെ വിയോജിപ്പ്

ബദൽ സംവിധാനമില്ലാതെ നിരോധനം ഏർപ്പെടുത്തിയതിനോട് വിയോജിപ്പുണ്ടെന്ന് പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കുന്ന സാമൂഹിക പ്രവർത്തകൻ വത്സൻ മൂർക്കോത്ത് പറഞ്ഞു. നിരോധനത്തിന് മുൻപ് ബോധവത്കരണം ആവശ്യമായിരുന്നുവെന്നും ഇതിന്റെ പേരിൽ ജനങ്ങളെ പിഴ ഈടാക്കി ദ്രോഹിക്കുന്നത് ഉചിതമല്ലെന്നും നാടക കലാകാരൻ കൂടിയായ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനനന്മയെ ലക്ഷ്യം വച്ചുള്ള നടപടിയെ പിന്തുണക്കുന്നുവെന്നും താൽക്കാലിക ബുദ്ധിമുട്ടുകൾ സഹിച്ചു നിരോധനത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നും സാമൂഹിക പ്രവർത്തകനായ മനോജ് കുമാർ പറഞ്ഞു. നടപടി സ്വാഗതാർഹമാണെന്നും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും ബദൽ സംവിധാനം ഒരുക്കാനും സർക്കാർ മുൻകൈ എടുക്കണമായിരുന്നുവെന്നും ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ട നിയമത്തെ പ്രതികൂല കാലാവസ്ഥയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് വിനയായതെന്നായിരുന്നു വിവേകാനന്ദന്റെ പ്രതികരണം.

പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനത്തിൽ ചില ഇളവുകൾ നൽകുന്ന നടപടികൾ കൈക്കൊള്ളാനുള്ള സർക്കാർ തീരുമാനം പരിഗണനയിലുണ്ട്. ഉപഭോക്താക്കളുടെ എതിർപ്പും ചെറുകിട കച്ചവടക്കാർ സമരത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പുമാണ് തൽക്കാലം മലക്കം മറിയാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ബേക്കറി സാധനങ്ങൾ ഈർപ്പം തട്ടി കേടാവുന്നതാണെന്നും കടലാസ്സിൽ പൊതിഞ്ഞു നല്കാനാകില്ലെന്നും ഇന്ത്യൻ ബേക്കറി അസോസിയേഷനും വേണ്ടപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. നിരോധനം നടപ്പിലാക്കാൻ മഴക്കാലം തിരഞ്ഞെടുത്തതും സർക്കാരിന് തിരിച്ചടിയായി. ആശുപത്രികളിൽ കിടക്കുന്ന രോഗികൾ, മൽസ്യ മാംസങ്ങൾ വാങ്ങുന്നവർ എന്നിവരാണ് ബദൽ സൗകര്യം ഇല്ലാത്തതിനാൽ പ്രതിസന്ധിയിലായത്.

പ്ലാസ്റ്റിക് കവറുകൾ പുനഃസംസ്കരിക്കാനുള്ള സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിർമ്മാതാക്കൾ ഏറ്റെടുക്കുകയാണെങ്കിൽ നിരോധനത്തിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നാണ് മന്ത്രി കദം പറയുന്നത്. ഈ നിർദേശങ്ങളാണ് ഉന്നതാധികാര സമിതിയുടെ പരിഗണയിലുള്ളത്. ഇതര പ്ലാസ്റ്റിക് കവറുകൾ ഉല്പാദിപ്പിക്കുന്നവർക്കും പിന്തുടരാവുന്ന രീതി ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് മേഖലയ്ക്കും ആശ്വാസമാകും.


മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം
മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here