നൂതനാനുഭവമായി ഷിർദ്ദി കേരളോത്സവം (Watch Video)

ഈ പരിപാടിയുടെ പ്രത്യേക സംപ്രേക്ഷണം ഞായറാഴ്ച രാവിലെ 7.30 ന് കൈരളി ടി വി യിൽ ഉണ്ടായിരിക്കുന്നതാണ് .

2
മഹാരാഷ്ട്രയിലെ ഷര്‍ദ്ദിയില്‍ സ്ഥിതി ചെയ്യുന്ന ഷിര്‍ദ്ദി ബാബ ക്ഷേത്രത്തില്‍ ഓരോ വര്‍ഷവുമെത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. ഹിന്ദു മതസ്ഥതര്‍ മാത്രമല്ല, ബാബ ഭക്തരായ മറ്റു മതവിശ്വാസികളും ഇവിടെയെത്തുന്നു.
മുന്‍പൊരുകാലത്ത് പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തൊരു ഗ്രാമമായിരുന്നു മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദ്ദിയെന്ന ഗ്രാമം. എന്നാല്‍ ഇന്ന് ഷിര്‍ദ്ദി അറിയപ്പെടുന്നത് സായി ബാബയുടെ പേരിലാണ്. ഇരുപതാം നൂറ്റാണ്ടിലെ ദൈവപുരുഷനായി കണക്കാകുന്ന സായി ബാബ അമ്പതോളം വര്‍ഷങ്ങളാണ് ഈ ഗ്രാമത്തില്‍ ചെലവിട്ടത്.
സായി ബാബയുടെ ജനനം, ജനനോദ്ദേശ്യം തുടങ്ങിയ പലകാര്യങ്ങളിലും പലഅഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്, പലകഥകളും തീര്‍ത്തും നിഗൂഡമായിത്തന്നെ നില്‍ക്കുകയാണിന്നും. ആദ്യമായി ഒരു വേപ്പുമരത്തിന് കീഴിലാണ് ആളുകള്‍ സായിയെ ആദ്യമായി കണ്ടത്, അത് അദ്ദേഹത്തിന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു. തന്റെ ജീവിതമത്രയും അദ്ദേഹം പാവപ്പെട്ടവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു.
വിവിധ മതസ്ഥര്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നരീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും. സബ്ക മാലിക് ഏക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം.
ആദ്ധ്യാദ്മിക ഗുരു ഷിര്‍ദി സായിബാബ മഹാ സമാധിയായതിന്റെ നൂറാം വർഷമാണ് 2018 . മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സായിബാബ സന്‍സ്താന്‍ ട്രസ്റ്റ് പദ്ധതിയിട്ടിരിക്കുന്നത് .
ഷിർദ്ദിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവം സായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിളക്കം കൂട്ടി. കേരളത്തിന്റെ സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളെ സ്നേഹാദരങ്ങളോടെയാണ് പ്രദേശവാസികളും സ്വീകരിച്ചത്.
സായി ബാബ  സന്നിധിയിൽ കേരള തനിമയുടെ പകിട്ടാർന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സമർപ്പിച്ചായിരുന്നു സായി ഭക്തരായ മലയാളികൾ ബാബയുടെ നൂറാം സമാധി വർഷത്തിന് സ്മരണാഞ്ജലി അർപ്പിച്ചത്.
രാവിലെ 8 മണിക്ക് മുഖദർശന ഹാളിൽ സോപാന സംഗീതത്തോടെ കേരളോത്സവത്തിന് തുടക്കം കുറിക്കുകയായിരുന്നു.
തുടർന്ന് 10 മണിയോടെ ദ്വാരകമയിക്ക് സമീപം സുനിൽ കുമാറും സംഘവും അവതരിപ്പിച്ച തായമ്പക ഇതര ഭാഷക്കാരായ സായി ഭക്തർക്കും നൂതനാനുഭവമായി. തായമ്പകയുടെ മേളവും താളവും സായി സന്നിധിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കിയെന്ന് പറയാം .
പതികാലത്തില്‍ തുടങ്ങിയ ഇരമ്പലായി കാലങ്ങള്‍ കൊട്ടിക്കയറി ഇടനിലയും ഇടവട്ടവും പിന്നിട്ട് ഇരികിടയിലെത്തുമ്പോഴേക്കും ഭാഷയും സംസ്കാരവും ഒന്നായലിഞ്ഞ അപൂർവ മുഹൂർത്തമായി. കെരളത്തിൽ നിന്നെത്തിയ വാദ്യ കലാകാരന്മാര്‍ മണിക്കൂറുകളോളമാണ് താളം പിഴയ്ക്കാതെയും, ചിട്ട തെറ്റാതെയും സായി സന്നിധിയിൽ വിസ്മയം തീർത്തത്. സായി ക്ഷേത്ര നടയിലെ ആദ്യാനുഭവം പങ്കിടുമ്പോൾ കേരളീയരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഹരം പകരുന്ന കലാകാരന്മാരുടെ വാക്കുകളിൽ ചാരിതാർഥ്യം.
തായമ്പകയിലെ മൂന്നാം ഘടമായ ഇടകാലത്തിന്റെ വരവോടെ പരിസരം മേള മയമായി. ഏക താളത്തില്‍ ‘ഇരികിട’ കൊട്ടി തുടങ്ങിയ ഇടകാലം മൂന്ന് ഖണ്ഡങ്ങളാക്കി തിരിച്ച് കൊട്ടിക്കയറിയതോടെ മേള പ്രേമികളോടൊപ്പം പ്രദേശവാസികളും കൊട്ടി കലാശത്തിന്റെ ലഹരി നുകർന്നു. നാസിക്കിൽ നിന്നെത്തിയ സുരേന്ദ്രനും സംഘവും വാദ്യഘോഷത്തിന് തിളക്കം കൂട്ടി

പ്രത്യേക സംപ്രേക്ഷണം കൈരളി ടി വിയിൽ –
കാണുക ആംചി മുംബൈ – ഞായറാഴ്ച രാവിലെ 7.30 ന്

 

വൈകീട്ട് 4 മണിക്ക് വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു മഹാ ഘോഷയാത്ര. കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ചു പരമ്പരാഗത വസ്ത്രമണിഞ്ഞാണ് മറുനാടൻ മലയാളികൾ അണി നിരന്നത്. നാടിന്റെ സംസ്കാരവും പൈതൃകവും പ്രകടമാക്കിയ ഘോഷയാത്രയും വലിയ വരവേൽപ്പോടെയാണ് പരിസരവാസികൾ സ്വീകരിച്ചത്. ഇരുപത്തി അഞ്ചോളം വാദ്യകലാകാരന്മാരെ അണി നിരത്തിയുള്ള പാണ്ടി മേളവും ചെണ്ട മേളവും മുത്തുകുടയുമെല്ലാം ആയിരങ്ങൾ അണി നിരന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്ക് തിളക്കം കൂട്ടി.
തുടർന്ന് നടന്ന സാംസ്‌കാരിക യോഗത്തിൽ മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അഹമ്മദ് നഗറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ ബാബു സേട്ട് ടയർവാലയെ പ്രത്യേകം ആദരിച്ചു. നാല് പതിറ്റാണ്ടായി മഹാരാഷ്ട്രയിൽ ജീവിക്കുന്ന ബാബു ഈ മണ്ണിൽ ജീവിതമാർഗം കണ്ടെത്തി വിജയം വരിച്ച മലയാളിയാണ്. നാനൂറോളം പേർ ജോലിക്കാരായ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന ഈ ചാലക്കുടിക്കാരൻ പ്രദേശവാസികൾക്കും സ്വീകാര്യനായ സാമൂഹിക പ്രവർത്തകനാണ്. സായി സന്നിധിയിൽ ആദ്യമായി അരങ്ങേറിയ കേരളോത്സവത്തിന്റെ സംഘാടകരെയും ചടങ്ങിൽ ആദരിച്ചു.
മലയാളി സമാജങ്ങളുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടികൾ ദൃശ്യാനുഭവമായി. ഓണക്കാലത്തെ വരവേറ്റ് മാവേലിയും, മാവേലിയെ സ്വീകരിക്കാൻ ആർപ്പ് വിളിയും തിരുവാതിര കളിയും അരങ്ങേറിയപ്പോൾ സായി സന്നിധി കൊച്ചു കേരളമായി മാറി. ഭാവ-രാഗ-താളങ്ങളുടെ ചുവടുവയ്പ്പുകളുമായി ഭരതനാട്യം പ്രേക്ഷക പ്രീതി നേടി . വൈവിധ്യമാർന്ന കലാ പരിപാടികൾ വേദിയെ സമ്പന്നമാക്കി. പഞ്ചവാദ്യത്തോടെ കേരളോത്സവത്തിന് കൊടിയിറങ്ങി.


Watch highlights on Sunday @ 7.30 am in KAIRALI TVരാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here