മഹാരാഷ്ട്ര ബന്ദിന് സമാധാനപരമായ തുടക്കം.   താനെ, നവി മുംബൈ പ്രദേശങ്ങളെ ഒഴിവാക്കി 

സമാധാനപരമായിരിക്കണമെന്നും അക്രമങ്ങളെ തടയുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.

0
മുംബൈ : ജൂലായിൽ  നടന്ന സംസ്ഥാന ബന്ദിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ നവി മുംബൈ, താനെ പ്രദേശങ്ങളെ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചു ബന്ദിൽ നിന്നും ഒഴിവാക്കിയാണ്   ഇന്നത്തെ  ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  താനെയിൽ ആറിടങ്ങളിൽ റാലി നടത്തും. കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചുമുണ്ടാവും. കഴിഞ്ഞ ബന്ദിൽ ഒരു യുവാവ് കൊല്ലപ്പെട്ട നവി മുംബൈയിൽ പ്രതിഷേധ പരിപാടികളൊന്നും വേണ്ടെന്നുള്ള തീരുമാനമാണ്  മറാഠാ ക്രാന്തിമോർച്ച എടുത്തിരിക്കുന്നത്.
 
മഹാരാഷ്ട്രയിലും മുംബൈയിലും ബന്ദ് പ്രഖ്യാപിച്ചതോടെ  സംസ്ഥാനത്ത് സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കയാണ്.  മുംബൈ നഗരത്തെ സ്തംഭിപ്പിക്കുമെന്ന് പ്രക്ഷോഭ രംഗത്തുള്ള സകാൽ മറാഠാ സമാജിന്റെ നേതാവ് അമോൽ ജാധവ്‌റാവു പറഞ്ഞു. മറാഠാ സംവരണം ആവശ്യപ്പെട്ടു  കൊണ്ടുള്ള ബന്ദ്  സമാധാനപരമായിരിക്കുമെന്നും അവശ്യ സാധനങ്ങൾ  തടസ്സപ്പെടുത്തില്ലെന്നും  അമോൽ വ്യക്തമാക്കി. പ്രക്ഷോഭത്തിനിറങ്ങിയ സംഘടനകൾ തമ്മിലുള്ള ഭിന്നാഭിപ്രായം അണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 
 
ബന്ദ് സമാധാനപരമായിരിക്കുമെന്ന് സംഘാടകർ ആവർത്തിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഏകോപനമില്ലാത്തതുകൊണ്ട് ചിലയിടങ്ങളിലെങ്കിലും അക്രമം അരങ്ങേറുമെന്ന ആശങ്കയിലാണ് അധികൃതർ. അക്രമം നേരിടുന്നതിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി സ്റ്റേറ്റ് റിസർവ് പോലീസുൾപ്പെടെ രണ്ടുലക്ഷം വരുന്ന സംസ്ഥാന പോലീസും രംഗത്തുണ്ടാവും.
 
ഔറംഗബാദ്, നന്ദേഡ് ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലുമാണ് പ്രധാനമായും കേന്ദ്രസേനയെ വിന്യസിക്കുക. അമരാവതിയിലും പുണെയിലും മുൻകരുതലെന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ചില സ്കൂളുകൾ അവധി നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ നിന്നും ആത്മഹത്യയിൽ നിന്നും വിട്ടു നിൽക്കാൻ ഹൈക്കോടതി  മറാഠാ പ്രക്ഷോഭകരോട്  ആവശ്യപ്പെട്ടിരുന്നു. ബന്ദ് സമാധാനപരമായിരിക്കണമെന്നും അക്രമങ്ങളെ തടയുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.
Attachments

LEAVE A REPLY

Please enter your comment!
Please enter your name here