മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

  ആംചി മുംബൈ സംഘടിപ്പിച്ച കാവ്യാലാപന മത്സരത്തിൽ ഒന്നാം സമ്മാനം ശ്യാംലാൽ നേടിയപ്പോൾ രണ്ടാം സമ്മാനം അശ്വതി മോഹൻ കരസ്ഥമാക്കി.

  0
  ആംചി മുംബൈ സംഘടിപ്പിച്ച മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ നവി മുംബൈ നെരൂൾ സ്വദേശിയായ ശ്യാം ലാൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സമ്മാനം ലഭിച്ചത് ഐരോളിയിൽ താമസിക്കുന്ന അശ്വതി മോഹനനാണ്. മൂന്നും നാലും സ്ഥാനത്തിന് അർച്ചന നായർ, വിഷ്ണു ഭട്ടതിരി എന്നിവർ അർഹരായി.
  വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ച പ്രകടനങ്ങളാണ് മത്സരാർഥികൾ കാഴ്ച വച്ചത്. അത് കൊണ്ട് തന്നെ വിജയികളെ തിരഞ്ഞെടുക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രാജീവ് കാറൽമണ്ണ അഭിപ്രായപ്പെട്ടു.

  അർപ്പണ ബോധവും സമർപ്പണവും മാത്രമല്ല ആനന്ദത്തോടെയുള്ള അവതരണവും ശ്യാംലാലിന് വിജയത്തിലേക്കുള്ള പടികൾ സുഗമമാക്കി

  എൻ കെ ദേശത്തിന്റെ പ്രകൃതിയെന്ന കവിതയാലപിച്ചാണ് ശ്യാംലാൽ വിജയം ഉറപ്പാക്കിയത്. അർപ്പണ ബോധവും സമർപ്പണവും മാത്രമല്ല ആനന്ദത്തോടെയുള്ള അവതരണവും ശ്യാംലാലിന് വിജയത്തിലേക്കുള്ള പടികൾ സുഗമമാക്കി. 286 മാർക്കാണ് ഫൈനൽ മത്സര റൗണ്ടിൽ ശ്യാംലാൽ കരസ്ഥമാക്കിയത്. സുഗതകുമാരിയുടെ പശ്ചിമ ഘട്ടമെന്ന കവിത പകർന്നാടിയ അശ്വതി മോഹൻ 282 തൊട്ടു പുറകിലെത്തി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഡി വിനയചന്ദ്രന്റെ കാട് എന്ന കവിതയാണ് അർച്ചനക്ക് 278 മാർക്ക് നേടി കൊടുത്തത്. കെ പി ശൈലജയുടെ പ്രകൃതിപർവ്വം എന്ന കവിത അവതരിപ്പിച്ച വിഷ്ണു ഭട്ടതിരിപ്പാട് നാലാം സ്ഥാനത്തെത്തിയപ്പോൾ 265 മാർക്കാണ് ലഭിച്ചത്. ഓരോ വിധികർത്താക്കളും നൂറിലാണ് മാർക്കിട്ടത്. മൊത്തം മുന്നൂറിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്.

  Click here to View Photo Gallery of Mayilpeeli Final

  മുംബൈ മലയാളി പ്രതിഭകൾക്കായി വിഭാവനം ചെയ്ത ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയിൽ വിധികർത്താക്കളായെത്തിയത് മലയാളത്തിലെ പ്രശസ്ത കവികളായ പി രാമൻ, ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ എന്നിവരാണ്. നീതി നായർ അവതാരകയായിരുന്നു. സെമി ഫൈനലിൽ ഇഷ്ട കവിതകൾ ആലപിച്ചും ഫൈനലിൽ പ്രകൃതി വിഷയമാക്കിയ കവിതകൾ ചൊല്ലിയുമാണ് മത്സരാർഥികൾ മാറ്റുരച്ചത്. അനിൽ പൊതുവാൾ ഇടക്കയിലും സിദ്ധാർഥ്‌ ഫ്ലൂട്ടിലും പശ്ചാത്തല സംഗീതമൊരുക്കി. മത്സരാർത്ഥികൾക്ക് ആലാപന രീതികളിലും ഉച്ചാരണശുദ്ധിയിലും കളത്തൂർ വിനയനും പടുതോൾ വാസുദേവൻ നമ്പൂതിരിയും പരിശീലനം നൽകി. സുമാ രാമചന്ദ്രൻ, സി പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ടീമാണ് നഗരത്തിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയുടെ സാക്ഷാത്ക്കാരത്തിനായി അണിയറയിൽ പ്രവർത്തിച്ചവർ.
  സ്പോട്ട് ഡബ്ബിങ്ങിലെ താരങ്ങളെ അനുമോദിച്ചു.
  ഡബ്‌സ്മാഷ് മത്സര വിജയികൾക്കും ചടങ്ങിൽ പുരസ്‌കാരം നൽകി. മുംബൈ മലയാളി പ്രതിഭകൾക്കിടയിൽ നിന്നുള്ള ഇരുപതിലധികം ഡബ് സ്മാഷുകളിൽ നിന്നാണ് ആംചി മുംബൈ ടോപ് ഡബ്‌സ്മാഷ് സമ്മാനത്തിനായി രണ്ടു മികച്ച സൃഷ്ടികൾ തിരഞ്ഞെടുത്തത്. മോഹൻലാലിന്റെ ചടുലൻ ഡയലോഗുമായി ഡോ സജീവ് നായരും പ്രശസ്ത സിനിമാ ടെലിവിഷൻ താരമായ സുരഭിയുടെ M 80 മൂസയിലെ പാത്തുമ്മയെ പകർന്നാടി ദിവ്യാ സന്തോഷുമാണ് മികച്ച ഭാവാഭിനയത്തിലും, സമയത്തിന്റെ കൃത്യതയിലും ഡബ് സ്മാഷുകളിൽ തിളങ്ങിയത്. മുംബൈ മലയാളി പ്രതിഭകളെ അംഗീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നൂതന സാങ്കേതിക ലോകത്തെ പ്രചാരമുള്ള ഡബ്‌സ്മാഷിൽ മികവ് പുലർത്തിയവർക്കായുള്ള പുരസ്‌കാരം ആംചി മുംബൈ ഏർപ്പെടുത്തിയത്.
  ചടങ്ങിൽ എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ, ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമായ ശ്രീധന്യ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ ഉമ്മൻ ഡേവിഡ്, സുധീഷ് കുമാർ, മോഹൻ നായർ, ബിന്ദു പ്രസാദ്, ഡോ സജീവ് നായർ, താര വർമ്മ, ബാല കുറുപ്പ്, ബിജു രാമൻ, പോൾ പറപ്പിള്ളി, അഡ്വക്കേറ്റ് പ്രേമാ മേനോൻ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ഇ പി വാസു, അജയകുമാർ, ജീവൻരാജ്, റാണി സന്തോഷ്, സി പി കൃഷ്ണകുമാർ, ടി ആർ ചന്ദ്രൻ, യു എൻ ഗോപി നായർ, പടുതോൾ വാസുദേവൻ, വിനയൻ, സുധാകരൻ, ഗിരീഷ് കുമാർ, ഡിംപിൾ ഗിരീഷ്, ചന്ദ്രശേഖരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. സാംസ്‌കാരിക പരിപാടികൾ ആശിഷ് എബ്രഹാം ഏകോപിച്ചു.

  മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ

  ജന്മനാടിനു കൈത്താങ്ങ്
  പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായാഭ്യർത്ഥനയുമായി സംഘടിപ്പിച്ച ‘ജന്മനാടിനു കൈത്താങ്ങ്’ എന്ന പ്രത്യേക ചടങ്ങിൽ നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്ന തീരുമാനം അറിയിച്ചു. ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനോടൊപ്പം ലഭിച്ച അവാർഡ് തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. മുരളി മാട്ടുമ്മൽ നിർമ്മിച്ച ഏദൻ എന്ന ചിത്രം മൊത്തം നാല് അവാർഡുകളാണ് കരസ്ഥമാക്കിയത് . മഹാനടൻ മോഹൻലാലിൻറെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റു വാങ്ങിയ പുരസ്‍കാരം തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും, പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ജന്മനാടിനെ സഹായിക്കുകയെന്ന സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടാണ് അവാർഡ് തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്നും മുരളി പറഞ്ഞു.
  വേദിയിൽ മുരളിയോടൊപ്പം സാമൂഹിക പ്രവർത്തകനായ കൃഷ്ണൻകുട്ടി നായർ കൂടാതെ വിവിധ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി.

  മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.

  LEAVE A REPLY

  Please enter your comment!
  Please enter your name here