വയറും മനസ്സും നിറഞ്ഞ ഓണസദ്യ നൽകി റോയൽ റസോയ്

ഇതര ഭാഷക്കാരടക്കം ആയിരങ്ങൾക്ക് പരമ്പരാഗത സദ്യയൊരുക്കി മുഴുവൻ വിറ്റു വരവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയാണ് ഹോട്ടൽ റോയൽ റസൊയ് മാതൃകയായത്

0

നവി മുംബൈയിലെ പ്രമുഖ ഹോട്ടൽ ആയ റോയൽ റസോയ് ആണ് നന്മയുടെ ഓണസദ്യ ഒരുക്കിയാണ് മാതൃകയായത്‌. ആഘോഷ നാളിലെ ഉത്സാഹത്തിന് നിറം കെടുത്താതെയാണ് കനിവ് തേടുന്ന കേരളത്തോടൊപ്പം നിൽക്കാൻ റോയൽ റസോയ് മാനേജ്‌മന്റ് തീരുമാനിച്ചത്.

ഇതര ഭാഷക്കാരടക്കം നിരവധി പേരുടെ പ്രിയപ്പെട്ട ഹോട്ടലിൽ പതിവ് പോലെ ഇക്കുറിയും ഓണസദ്യ കഴിക്കാൻ നല്ല തിരക്കായിരുന്നു.

തിരുവോണ നാളിലെ വിറ്റു വരവ് മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാനാണ് തീരുമാനം. ഇതോടെ അന്യഭാഷക്കാരടക്കം ആയിരങ്ങളുടെ പങ്കാളിത്തത്തോടെ നന്മയുടെ ഓണസദ്യയൊരുക്കിയാകും ഈ മലയാളി സ്ഥാപനം വ്യത്യസ്ഥമാകുന്നത്.

കേരളത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്ന ചാരിതാർഥ്യത്തിലാണ് റോയൽ റസോയ് ഗ്രൂപ്പിന്റെ സാരഥി വി.കെ മുരളീധരൻ.

എട്ട് വർഷമായി ഇവിടെ ജോലിചെയ്യുന്ന ഉമേഷ് കുട്ടനാട്ടിലെ നെടുമുടി സ്വദേശിയാണ്. ഒരു നല്ല വീടുണ്ടാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി തന്റെ എട്ടു വർഷത്തെ വരുമാനത്തിൽ നിന്നും മിച്ചം വെച്ച തുകകൊണ്ട് പണിത വീടായിരുന്നു പ്രളയത്തിൽ തകർന്നു പോയത്. ദുഖത്തിനിടയിലും ജന്മനാടിനായി ഹോട്ടൽ മാനേജ്‌മന്റ് ചെയ്യുന്ന സത്കർമ്മത്തിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഉമേഷ് . ഉമേഷിനെ ദുരിതത്തിൽ നിന്നും കര കയറ്റാൻ സഹായിക്കുവാനുള്ള സന്നദ്ധതയും റസോയ് മാനേജ്‌മന്റ് പ്രകടിപ്പിച്ചു.

കേരള സർക്കാരിന്റെ ടുറിസം പ്രമോഷന്റെ കീഴിൽ വൈക്കം വടയാർ പഞ്ചായത്തിൽ നടത്തി വന്നിരുന്ന റെസ്റ്റോറന്റ് പ്രളയ ദുരന്തത്തിൽ പെട്ട് എല്ലാം നഷ്ടപെട്ടപ്പോഴും ജോലിക്കാർക്ക് കൈത്താങ്ങായി മുരളിയുണ്ടായിരുന്നു. കൂടാതെ 600 കുടുംബങ്ങൾക്ക് 10 ദിവസം കഴിയാനുള്ള ഫാമിലി കിറ്റുകൾ വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയെന്ന് മുരളി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടുള്ള കർമ്മ പരിപാടികൾ പുതിയ തലമുറക്കും വഴികാട്ടിയാകുകയാണിവിടെ. മുരളിയുടെ നന്മ നിറഞ്ഞ ഉദ്യമങ്ങൾക്ക് കൈത്താങ്ങായി സഹധർമ്മിണി ഇന്ദുവും മക്കളും കൂടെയുണ്ട്. കനിവ് തേടുന്ന കേരളജനതയെ സഹായിക്കുന്ന പദ്ധതിയിൽ സന്തുഷ്ടരാണ് വൈക്കം സ്വദേശിയായ ബിജു രവീന്ദ്രനും മാനേജർ ശശിയും.

ആദ്യമായി കേരളത്തിലെ ഓണസദ്യ കഴിച്ച സന്തോഷത്തിലാണ് ക്യാപ്റ്റൻ അരുൺ ചോപ്രയും കുടുംബവും. രുചിയുള്ള ഓണസദ്യയോടൊപ്പമുള്ള നന്മ നിറഞ്ഞ ഉദ്യമത്തിന് ബിഗ് സല്യൂട്ട് നൽകിയാണ് ക്യാപ്റ്റൻ പിരിഞ്ഞത്.

ഓണസദ്യയുടെ രുചിക്കൂട്ടുകൾ നുകരുന്നതോടൊപ്പം കൈരളത്തിന്  കൈത്താങ്ങാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വച്ചാണ് അതിഥികൾ യാത്ര പറഞ്ഞത്.


Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV


LEAVE A REPLY

Please enter your comment!
Please enter your name here